Logo Below Image
Wednesday, August 13, 2025
Logo Below Image
Homeഅമേരിക്കതിളക്കം കുറയാത്ത താരങ്ങൾ: (24) ' വിൻസെൻ്റ് ' ✍ തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

തിളക്കം കുറയാത്ത താരങ്ങൾ: (24) ‘ വിൻസെൻ്റ് ‘ ✍ തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

ഒരു കാലത്ത് മലയാള സിനിമയിൽ ആകർഷകമായ യുവത്വത്തിൻ്റെ, ജ്വലിക്കുന്ന അടയാളമായിരുന്നു വിൻസെൻ്റ് എന്ന നടൻ. അക്കാലത്ത് തിരശ്ശീലയിൽ തെളിയുന്ന സംഘട്ടന രംഗങ്ങളുടെ മികവും തികവും കൂടിയായിരുന്നു ഇദ്ദേഹം . മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ ആയി നിറഞ്ഞാടിയ ജയനു മുമ്പേ ആ പദവിയുടെ പൂർണതയിലേക്കുയർന്നില്ലെങ്കിലും സത്യത്തിൽ ആ ഒരു ശൈലിക്ക് , രീതിക്ക് അടിത്തറയിട്ടത് വിൻസെൻ്റാണ് എന്ന് പറയാം.

രണ്ട് പതിറ്റാണ്ടിലധികം നീണ്ട അഭിനയ ജീവിതത്തിനിടയിൽ ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ട വിൻസെൻ്റ് പ്രേംനസീർ എന്ന മലയാളത്തിലെ എക്കാലത്തേയും സുവർണതാരം സിനിമാലോകം അടക്കി ഭരിച്ച കാലത്താണ് ഈ രംഗത്തേക്ക് കടന്നു വരുന്നതും ചുവടുറപ്പിച്ചതും. അത് എടുത്തു പറയേണ്ട കാര്യം തന്നെ .ഒരു സാധാരണക്കാരനു വെറുതെ സ്വപ്നം കാണാനോ അതല്ലെങ്കിൽ വെറും ഭാഗ്യത്തിൻ്റെ പിൻബലം കൊണ്ട് പ്രതീക്ഷിക്കാനോ എത്തിപിടിക്കാനോ കഴിയുന്ന സ്ഥാനവും പദവിയുമായിരുന്നില്ല അദ്ദേഹം നേടിയത്. വിൻസെൻ്റിനു മാത്രമായി ഒരു കാലമുണ്ടായില്ല എന്നു വേണമെങ്കിൽ വാദിക്കാം. ഒരു പരിധി വരെ അത് സത്യമാണ് സമ്മതിക്കുകയും ചെയ്യാം. എന്നാൽ സിനിമയിൽ വിൻസെൻ്റും കൂടിചേർന്ന ശക്തമായ ഒരുകാലമുണ്ടായിരുന്നു. വിൻസെൻ്റ് ,സുധീർ, രാഘവൻ എന്നീ ത്രയങ്ങളുടെ ഒരു കാലം . അക്കൂട്ടത്തിൽ ഒന്നാമനുമായിരുന്നു വിൻസെൻ്റ്. മാറ്റി നിർത്താൻ കഴിയാത്ത വിധം പ്രേക്ഷക മനസ്സുകളിൽ ഈ നടൻ സ്വാധീനമുറപ്പിക്കുകയും ചെയ്തിരുന്നു.

1948 നവംബർ പതിനഞ്ചിന് വൈപ്പിൻ എടവനക്കാട് ജനനം. ഭാര്യ മേരി വിൻസെൻ്റ്.
മക്കൾ റോബി, റിച്ചാർഡ് .1991 ആഗസ്റ്റ് മുപ്പതിന് തൻ്റെ നാൽപ്പത്തിമൂന്നാം വയസ്സിൽ മരണം.

ശശികുമാറിൻ്റെ സംവിധാനത്തിൽ 1969-ൽ പുറത്തു വന്ന റസ്റ്റ് ഹൗസ് ആയിരുന്നു ആദ്യ ചിത്രം. ഇരുപത്തിയൊന്നാം വയസ്സിലെ ആ അരങ്ങേറ്റം മോശമായില്ല. ഒട്ടും താമസിയാതെ തന്നെ ഈ ചെറുപ്പക്കാരനും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി. അവസാന കാലത്ത് പ്രഭ അല്പം മങ്ങിയെങ്കിലും ലഭിക്കുന്ന വേഷങ്ങളുടെ പ്രാധാന്യം കുറഞ്ഞുവെങ്കിലും അകാലത്തിൽ ജീവിതത്തിൽ നിന്നും വിട പറയുംവരെ വിൻസെൻ്റ് സിനിമകളിൽ സാന്നിധ്യമറിയിച്ചു.

ഈ നടന് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യകതകൾ സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കാലത്തിന് മാറ്റം വരുത്താൻ കഴിയാതെ ആ നേട്ടങ്ങൾ എക്കാലത്തും നിലനിൽക്കുക തന്നെ ചെയ്യും. അതിലൊന്ന് പ്രേംനസീർ വില്ലൻ വേഷത്തിൽ വന്ന അഴകുള്ള സെലീനയിൽ “നായകനായിരുന്നു വിൻസെൻ്റ് എന്നതാണ്. 1973 ലാണ് കെ.എസ് സേതുമാധവൻ്റെ സംവിധാനത്തിൽ ഈ ചിത്രം വന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഈ ഒരേട് മാത്രം മതി വിൻസെൻ്റ് എന്ന നടനെ കാലത്തിനപ്പുറത്തും ഓർമയിൽ നിർത്താൻ . ഇന്ത്യൻ സിനിമയിൽ പിന്നീട് താരറാണിയായി മാറിയ ശ്രീദേവിയുടെ ആദ്യ സിനിമയായ “ആലിംഗനത്തിലെ ” നായകനും വിൻസെൻറായിരുന്നു എന്നത് മറ്റൊരു ചരിത്രം .1973 ൽ പ്രദർശനത്തിനെത്തിയ കാട് എന്ന ചിത്രത്തിൽ മധു ഒരു നല്ല വേഷത്തിലുണ്ടായിരുന്നുവെങ്കിലും പ്രധാന വേഷം വിൻസെൻ്റാണ് ചെയ്തത്. ഈ സിനിമയിലെ വീരൻ എന്ന ആദിവാസി യുവാവിൻ്റെ ആ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ കാലഘട്ടത്തിൽ നായകരായി തിളങ്ങിയിരുന്ന സുകുമാരൻ , സോമൻ, രവികുമാർ , ജോസ്, രവിമേനോൻ എന്നിവർക്കൊപ്പമെല്ലാം തുല്യ വേഷങ്ങളും പലപ്പോഴും അല്പം പ്രാധാന്യം കൂടിയ വേഷങ്ങളും വിൻസെൻ്റിനു ലഭിച്ചിരുന്നു.

മലയാള സിനിമയിൽ അതിമനോഹരമായ പുഞ്ചിരിയുള്ള നടനായും വിൻസെൻ്റ് ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും തെളിമയോടെ പ്രേക്ഷകർ അക്കാലത്ത് ഹൃദയത്തിലേറ്റു വാങ്ങിയിരുന്നു ഈ അതീവ സുന്ദരമായ ചിരി. ഹൃദ്യമായ ചിരിയുടെ പ്രത്യേകത നസീറിനും ജയനും അവകാശപ്പെടാ മെങ്കിലും ഇക്കാര്യത്തിൽ ഒരല്പം മുന്നിൽ തന്നെയായിരുന്നു വിൻസെൻ്റിനു സ്ഥാനം .

പോലീസ് വേഷങ്ങളിൽ പ്രേക്ഷകർ കാണാൻ ഏറെ ഇഷ്ടപ്പെട്ട നടൻ കൂടിയായിരുന്നു വിൻസെൻ്റ്. ജോഷിയുടെ ആദ്യ ചിത്രമായ ടൈഗർ സലിമിൽ സുധീർ ആണ് ടൈറ്റിൽ റോൾ ചെയ്തത് എങ്കിലും യഥാർത്ഥ നായകൻ വിൻസെൻ്റായിരുന്നു മലയാളത്തിൻ്റെ ജയിംസ് ബോണ്ട് എന്നറിയപ്പെട്ട വിൻസെൻ്റ് 1970 ൽ മധുവിധു എന്ന സിനിമയിൽ ഇരട്ടവേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.

പിന്നീട് മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകനായി മാറിയ ഐവി ശശി യുടെ ആദ്യ ചിത്രത്തിൽ നായക വേഷത്തിൽ വിൻസെൻ്റായിരുന്നു എന്ന് എടുത്തു പറയേണ്ടതു തന്നെയാണ്. ശശിയുടെ ആദ്യചിത്രദായ ഉത്സവം മുതൽ ഒരുപാട് ചിത്രങ്ങളിൽ നായക വേഷം വിൻസെൻ്റിനു ലഭിച്ചു. അനുഭവം, അഭിനന്ദനം, അയൽക്കാരി, അംഗീകാരം, ആലിംഗനം തുടങ്ങി ഒരുപാട് ഐ.വിശശി ചിത്രങ്ങളിൽ വിൻസെൻ്റ് നായകനായെത്തി. അടവുകൾ പതിനെട്ട്, ടാക്സിക്കാർ, പാവാടക്കാരി, സൂത്രക്കാരി ,പത്മവ്യൂഹം, ചന്ദനച്ചോല, രാത്രി വണ്ടി, ആനയും അമ്പാരിയും, പോക്കറ്റടിക്കാടി, പട്ടാളം ജാനകി, കനൽക്കട്ടകൾ പ്രവാഹം, സിന്ദൂരം മനുഷ്യപുത്രൻ, കാലചക്രം, കേണലും കളക്ടറും തുടങ്ങി വിൻസെൻ്റ് എന്ന പേരിനൊപ്പം ചേർത്തുവെക്കാൻ ചേർത്തു വായിക്കാൻ അദ്ദേഹം നായകനായും ഉപനായകനായും വേഷമിട്ട എത്രയോ ചിത്രങ്ങൾ.

മലയാളത്തിലെ ഒന്നാംനിര സംവിധായകരായി ഹിറ്റ് മേക്കർമാരായി ജോഷിയും ഐ.വി ശശിയും മാറിയപ്പോൾ ജോഷി ആദ്യ സിനിമയിലെ നായകന് പിന്നീട് വലിയ പരിഗണനയൊന്നും നൽകിയതായി കാണുന്നില്ല .എന്നാൽ മറിച്ചായിരുന്നു ഐ.വിശശി. തൻ്റെ സിനിമകളിൽ വിൻസെൻ്റിനെ ഉൾപ്പെടുത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. നായക വേഷങ്ങളിൽ നിന്നും മാറി നിൽക്കേണ്ടി വന്നപ്പോഴും വിൻസെൻ്റിനെ കൈവിട്ടില്ല ഐ.വി ശശി. ശശി ചിത്രങ്ങളിൽ വിൻസെൻ്റിന് അവസരങ്ങൾ കിട്ടി. പിന്നീടു വന്ന എത്രയോ ഹിറ്റു ചിത്രങ്ങളിൽ അദ്ദേഹം വിൻസെൻ്റിനെ ചേർത്തു നിർത്തി. അടിയൊഴുക്കുകൾ,
1921 എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ തന്നെ കൈകാര്യം ചെയ്യാൻ അവസരവും നൽകി. ഇന്നും വിൻസെൻ്റ് എന്ന നടനെ കുറിച്ച് പരാമർശിക്കുമ്പോൾ അടിയൊഴുക്കുകളിലെ കുമാരനും 1921 ലെ മുഹമ്മദും പരിഗണനയിൽ വരും.എം.ടിയുടേയും ടി.ദാമോദരൻ്റേയും ഈ കഥാപാത്രങ്ങളെ തനിക്ക് ലഭിച്ച മികച്ച വേഷങ്ങളായി വിൻസെൻ്റും ഉള്ളിൽ കൊണ്ടു നടന്നിട്ടുണ്ടാകണം.

അവാർഡിന് പലപ്പോഴും പരിഗണനയ്ക്കു വന്നെങ്കിലും ഈ നടന് ജനമനസ്സുകളിൽ ഉറപ്പിച്ച സ്ഥാനമല്ലാതെ മറ്റ്മികച്ച അംഗീകാരങ്ങൾ ഒന്നും നേടാനായില്ല. പക്ഷേ മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ആർക്കും മറന്നുകളയാനാവില്ല ഇദ്ദേഹത്തെ. ഒരു കാലഘട്ടത്തിലെ യുവത്വം നെഞ്ചിലേറ്റി കൊണ്ടു നടന്ന സുമുഖനും സുന്ദരനുമായ നായകൻ . അക്കാലത്ത് ആക്ഷൻ രംഗങ്ങളിൽ ഈ നടൻ പ്രകടമാക്കിയ ആത്മാർത്ഥത നിറഞ്ഞ ഉശിരാർന്ന പ്രകടനങ്ങളെ, ഗാനരംഗങ്ങളിൽ കാഴ്ചവെച്ച സുന്ദരഭാവങ്ങളെ ആ തലമുറ എങ്ങനെ മറക്കും

തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ