ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ച പേജറുകൾ ലെബനനിലുടനീളം ഒരേസമയം പൊട്ടിത്തെറിച്ച സംഭവത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ വിരുദ്ധ ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായ ദാഹിയെഹ് എന്നറിയപ്പെടുന്ന ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും കിഴക്കൻ ബെക്കാ താഴ്‌വരയിലും ഉച്ചകഴിഞ്ഞ് 3,30 ഓടെയാണ് സ്ഫോടനങ്ങൾ ആരംഭിച്ചത്.
സ്ഫോടന പരമ്പര ഒരു മണിക്കൂറോളം നീണ്ടുനിന്നുവെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വൈകുന്നേരം 4.30വരെയും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടിൽ പറയുന്നു.
ലെബനനിലേക്ക് ഇറക്കുമതി ചെയ്ത തായ്‌വാൻ നിർമിത ഇലക്ട്രോണിക് പേജറുകൾക്കുള്ളിൽ സ്‌ഫോടക 0വസ്തുക്കൾ ഒളിപ്പിച്ചാണ് ഇസ്രായേൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഓപ്പറേഷൻ നടത്തിയതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തായ്‌വാനിലെ ഗോൾഡ് അപ്പോളോയിൽ നിന്നാണ് ഹിസ്ബുള്ള ഈ പേജറുകൾ ഓർഡർ ചെയ്തതെന്നും റിപ്പോർട്ട് അവകാശപ്പെട്ടു. എന്നാൽ, ലെബനനിലെ സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച പേജറുകൾ കമ്പനി നിർമിച്ചിട്ടില്ലെന്ന് ഗോൾഡ് അപ്പോളോ സ്ഥാപകൻ ഹുസു ചിംഗ്-കുവാങ് പറഞ്ഞു.
പേജറുകൾ പൊട്ടിത്തെറിച്ച സംഭവത്തിൽ ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പ് നൽകി.