Logo Below Image
Monday, August 11, 2025
Logo Below Image
Homeഅമേരിക്കകുട്ടന്റെ സ്വപ്നം (കഥ) ✍ രത്ന രാജൂ

കുട്ടന്റെ സ്വപ്നം (കഥ) ✍ രത്ന രാജൂ

രത്ന രാജൂ

കുട്ടൻ മ്ലാനവദനനായി താടിക്ക് കൈകൊടുത്ത് സ്കൂളിന്റെ വരാന്തയിൽ കുത്തിയിരുന്നു.
ഉച്ചക്ക് ശേഷമുള്ള രണ്ടു പീരിയഡ് കഴിഞ്ഞിരിക്കുന്നു.വെളിക്കുവിട്ട സമയം കുട്ടികൾനാലുപാടും ചിതറി ഓടി.കുറേപ്പേർ വെള്ളം കുടിക്കാൻ പോയി.കുറച്ചുപേർ എന്തൊക്കെയോ കളികളിൽ ഏർപ്പെട്ടു.

എന്തോ കുട്ടന്റെ മനസ്സ് അതിലൊന്നും സന്തോഷം കണ്ടില്ല. എട്ടു വയസ്സുള്ള ആ കൊച്ചു മസ്തിഷ്കത്തിൽ ചൂടുപിടിച്ച എന്തോ ചിന്തകൾ പുകയുന്നുണ്ട്. പാവം എന്തൊക്കെയോ ദിവാ സ്വപ്നം കാണുകയാണ്.

തന്റെ കൂടെ പഠിക്കുന്ന ആഷിഫിനും, സൂരജിനും, കുമാരിക്കുമൊക്കെ എന്നും സന്തോഷത്തിന്റെ കഥകളേ പറയാനുള്ളൂ. ആഷിഫിന്റെ ബാപ്പ പോലീസ് ഉദ്യോഗസ്ഥനാണ്,അയാളുടെ തൊപ്പി വെച്ചുള്ള ഫോട്ടോ മിക്ക ദിവസവും പത്രത്തിൽ കാണാം. കള്ളന്മാരെ പിടിച്ചതും കഞ്ചാവുകാരേയും സ്വർണ്ണകള്ളക്കടത്തുകാരെയും പിടിച്ചതും; വിശിഷ്ട സേവാമെഡൽ വാങ്ങിയതും ഒക്കെയായ ഫോട്ടോകൾ.
സൂരജിന്റെ അച്ഛനും വായനശാലയുടെ സെക്രട്ടറിയായതുകൊണ്ട് മിക്കപ്പോഴും പത്രത്തിൽ
പടം വരും. കുമാരിയുടെ അച്ഛനാണെങ്കിൽ സ്ഥലത്തെ വാർഡ് മെമ്പറാണ്. അയാളുടെ ഫോട്ടോയും മിക്കവാറും പത്രത്തിൽ വരും.
ഹോ! അതൊക്കെ പറയുമ്പോൾ അവൾക്ക് എന്തൊരു ഗമയാണ്.ഫോട്ടോ വരുന്ന പത്രങ്ങൾമടക്കി ഭദ്രമായി ടീച്ചറെയും കുട്ടികളെയും കാണിക്കാൻ അവർ കൊണ്ടുവരും.അപ്പോഴൊക്കെ കുട്ടന്റെ കൊച്ചു ഹൃദയം നുറുങ്ങും.!
തനിക്കുമാത്രം ഒന്നും പറയുവാനും കാണിക്കാനുമില്ല. കൂലിവേലക്കാരനായ തന്റെ അച്ഛൻ എന്നും എന്തെങ്കിലും തൊഴിലിനു പോവുകയാണ് പതിവ്.
കിണർ കുത്താനും കണ്ടം കിളക്കാനും തെങ്ങിന്തടംകുഴിക്കാനുമൊക്കെ…
അതുതന്നെ എല്ലാ ദിവസവും ഇല്ലതാനും.

പണിയില്ലാത്ത ദിവസങ്ങളിൽ തന്റെ ഓലപ്പുരയുടെ ഇറയത്തുള്ള പലകബെഞ്ചിൽ അച്ഛൻ കിടന്നു മയങ്ങും. കൂടെ തന്റെ കുറിഞ്ഞിപ്പൂച്ചയും കണ്ണടച്ച് കിടക്കും. താൻ നാലുമണിക്ക് സ്കൂൾ വിട്ടു വരുമ്പോൾ തന്റെ കിങ്ങിണിപ്പൂച്ച “മ്യാവു, മ്യാവൂ” എന്ന് കരഞ്ഞുകൊണ്ട് ഓടി തന്റെ അടുത്തെത്തും.
എന്തൊരു സ്നേഹമാണവൾക്ക്. കാലിലും കയ്യിലും ഒക്കെ ഉമ്മ വയ്ക്കും അപ്പോൾ അച്ഛനുംഎണീറ്റിരിക്കും.തന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തരും.
അപ്പോഴേക്കും,കട്ടൻ കാപ്പിയും ഒരു കഷ്ണം തേങ്ങപ്പൂളുമായി തന്റെ പൊന്നമ്മച്ചി അടുക്കളയിൽ നിന്നും ഇറങ്ങി വരും. എല്ലാവരുംകൂടി ആ മുറ്റത്തിരുന്ന് കാപ്പി കുടിക്കും.വീട്ടുപണിക്ക് പോകുന്ന അമ്മച്ചി ചിലപ്പോൾ അവർ കൊടുക്കുന്ന പലഹാരങ്ങൾ കൊണ്ടുവരും അന്നുമാത്രം തനിക്ക് വയറു നിറയും!

രാത്രിയിൽ ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളുടെ കഥകൾ പറഞ്ഞ് അച്ഛൻ മാടിയുറക്കും ആ നെഞ്ചിന്റെ ചൂടേറ്റുറങ്ങാൻ എന്തൊരു സുഖമാണ്.
തന്റെ പുന്നാര അച്ഛൻ.
ഈ കാര്യങ്ങളൊക്കെ തന്റെ കൂട്ടുകാരോട് വലിയ ഗമയിൽ അവൻ പറയാറുണ്ട്.എന്നാൽ അവരൊക്കെ ഇത് കേട്ട് കുടുകുടെ ചിരിക്കും.
കളിയാക്കും.
“അയ്യേ ഫാനില്ലാതെ നീ എങ്ങനെ ഉറങ്ങുന്നു..?”
എന്നൊരാൾ,

” ഗുഡ് നൈറ്റ് വെച്ചില്ലെങ്കിൽ എന്നെ കൊതുക് കടിക്കും” എന്ന് മറ്റൊരാൾ.

“എനിക്കാണെങ്കിൽ ഒരു ഗ്ലാസ് ചൂട് പാല് കുടിച്ചാലേ ഉറങ്ങാൻ പറ്റൂ എന്ന് മൂന്നാമൻ…

ഇവർ ഈ പറഞ്ഞതൊക്കെ എന്താണെന്ന് ഇതുവരെ കുട്ടന് അറിയാൻ കഴിഞ്ഞിട്ടില്ല.

എങ്കിലും ഒന്ന് മനസ്സിലായി.,ഒരു ദിവസം അമ്മ പണിക്ക് പോകുന്ന വീട്ടിലെ ഉണ്ണിയുടെ പിറന്നാളിന് താനും അമ്മയോടൊപ്പം പോയിരുന്നു. അന്ന് അവിടത്തെ അമ്മ ഒരു ഓട്ടുമൊന്ത നിറച്ച് പാൽകാപ്പിയും; ശർക്കരയും തേങ്ങയും വച്ച് പുഴുങ്ങിയ മൂന്ന് കൊഴുക്കട്ടയും ഇലയിൽ വച്ചു തന്നു.
അന്നാണ് അമ്മ പറഞ്ഞത്…
“കുട്ടാ ഇതിൽ പാലൊഴിച്ചിട്ടുണ്ട്…..
അതാ ഈ നിറം,നല്ല രുചിയും ഇല്ലേ…”എന്ന്.
സന്തോഷത്തോടെ അവൻ തലയാട്ടി.
അതേ ആ പലഹാരത്തിനും, പാൽക്കാപ്പിക്കും
നല്ല രുചിയായിരുന്നു.ഹോ ഇപ്പോഴും ആ രുചി ഓർക്കുമ്പോൾ നാവിൽ വെള്ളം വരും.

” കുട്ടാ……കുട്ടാ…….കൂട്ടുകാർ നീട്ടി വിളിച്ചു…..
അവൻ ചിന്തയിൽ നിന്നുണർന്നു…

“ദാ നിന്നെ കൂട്ടാൻ ഒരാള് വന്നിരിക്ക്ണ്‌.”
കുമാരിയാണ് അത് പറഞ്ഞത്.
നാലു മണി ആയിട്ടില്ല സ്കൂൾ വിട്ടിട്ടില്ല പിന്നെ എന്താണ്….? അവൻ അമ്പരപ്പോടെ ചുറ്റും നോക്കി……..വെളിക്ക് വിട്ടപ്പോൾ താൻഇവിടെവന്നിരുന്നതാണ്.
ബെല്ല് അടിച്ചതുപോലും കേട്ടില്ലല്ലോ?
ക്ലാസ് ടീച്ചർ സ്നേഹത്തോടെ അവന്റെ തോളിൽ തടവി.
“കുട്ടൻ ഇയാളുടെ കൂടെ വീട്ടിൽ പൊയ്ക്കോളൂ. ട്ടോ..
അവന്റെ തുണിസഞ്ചിയും സ്ലേറ്റും പെൻസിലും പുസ്തകവും അവർ വന്നയാളുടെ കയ്യിൽ കൊടുത്തു.കൂടെ നടക്കുന്ന ആളെ അവൻ ഒന്ന് രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ട്.അച്ഛന്റെയൊപ്പം ഒന്ന് രണ്ടു വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഇയാളും വേറെ ഒരാളും,കൂടെ ഉണ്ടായിരുന്നു.
ആരാണെന്നറിയില്ല… അച്ഛന്റെ കൂട്ടുകാർ ആയിരിക്കും.

ഓലപ്പുരയുടെ അരികിലെത്തുമ്പോൾ തന്റെ പൊന്നമ്മച്ചിയുടെ ഉറക്കെയുള്ള കരച്ചിൽ കേൾക്കുന്നു .അമ്മച്ചിക്ക് എന്താണ് പറ്റിയത്? അസുഖം എന്തെങ്കിലുമാണോ..?അതോ ഏമാന്റെ വീട്ടിലെ ആ വലിയ പട്ടി കടിച്ചോ?
അമ്മ എപ്പോഴും പറയും അവിടെ വലിയ ഒരു പട്ടിയുണ്ടെന്ന്.അഴിച്ചു വിട്ടാൽ ഉറക്കെ
കുരച്ചുകൊണ്ട് എടുത്തു ചാടും.
ആരെങ്കിലും ഇരുമ്പ് ഗേറ്റ് തുറന്നാൽ അവരെ കടിക്കാൻ ചെല്ലും. വലിയ പൊക്കമുള്ള പട്ടിയാണ്.താനും ഒരിക്കൽ അതിനെ കണ്ടിരുന്നു.

കുമാരിയുടെ അമ്മയും വേറെ ഒന്ന് രണ്ടു പെണ്ണുങ്ങളും അമ്മയുടെ അടുത്തിരുന്ന് തൂത്തു കൊടുക്കുന്നുണ്ട്
“പോട്ടെ നാണീ കരയാതെ, എന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്.
അമ്മച്ചിക്ക് ക്ക് എന്തുപറ്റി? പനിയാണോ?
അതോ വയറു വേദനയോ?
അവന് ഒരെത്തുംപിടിയും കിട്ടിയില്ല.
സന്ധ്യ മയങ്ങിയപ്പോൾ മുറ്റത്ത് ആളുകൾ കൂടിക്കൂടി വന്നു.എല്ലാവരും അങ്ങേ കണ്ടത്തിൽ പണിയുന്നവരാണ്.
ഒരു കയറ്റുകെട്ടിലിൽ താങ്ങി പിടിച്ചുകൊണ്ട് ആരൊക്കെയോ ഇടവഴിയിൽ എന്തോ കൊണ്ടുവരുന്നു. എന്താണ്? അവൻ അത്ഭുതം കൂറി.
ചാണകം മെഴുകിയ തറയിൽ വലിയ വാഴയില ഇട്ട് അതിൽ അവർ തന്റെ അച്ഛനെ കിടത്തി. ഒരു നിലവിളക്ക് നിറച്ച് എണ്ണയൊഴിച്ച് തലയുടെ ഭാഗത്ത് കത്തിച്ചുവെച്ചു.അങ്ങേവീട്ടിലെ കാത്തുന്റെ വിളക്കാണ്.താനെന്നും സന്ധ്യയ്ക്ക് അത് കാണാറുണ്ട്. ഇന്നെന്താണ് അതിവിടെ കത്തിക്കുന്നത്?എന്തെങ്കിലും വിശേഷമുണ്ടോ.?

അച്ഛൻ എന്തിനാണ് ഇങ്ങനെ പുതച്ചു കിടക്കുന്നത്. ചെമ്മണ്ണ് പിടിച്ച പഴയ മുണ്ടല്ല,പുത്തൻ ഒരു മുണ്ടാണല്ലോ പുതച്ചിരിക്കുന്നത്. പനിയോ മറ്റോ ആണോ?ഇന്നെന്താ തന്നെ ഉറക്കാതെ അച്ഛൻ നേരത്തേ ഉറങ്ങിയത്? നക്ഷത്രങ്ങളുടെ കഥ പറഞ്ഞല്ലേ, എന്നും അച്ഛനും താനും അന്തിയുറങ്ങുന്നത്.?

അച്ഛന്റെ മാറത്തേക്ക് കയറി കമിഴ്ന്നു കിടന്നവൻ ഉറക്കെ വിളിച്ചു അച്ചാച്ച എണീക്ക്. കുട്ടന് കഥ കേൾക്കണം.
അവൻ അയാളുടെ മുഖത്തും കണ്ണിലും തട്ടി വിളിച്ചു.
ഒരു നിമിഷം…!!!!
എല്ലാ കണ്ണുകളും സ്തംഭിച്ചു പോയി.
അമ്മച്ചി ഉറക്കെ നിലവിളിച്ചു.
“എന്റെ കുട്ടാ എന്റെ മോനേ…. നിന്റെ അച്ഛൻ..
എന്റെ ദൈവമേ അയ്യോ… ഞാനിതെങ്ങനെ സഹിക്കും തമ്പുരാനേ…..,,
അമ്മച്ചി എന്തിനാണ് ഇത്രയും കരയുന്നേ? അവന് ദേഷ്യം വന്നു. ഇന്നാളൊരു ദിവസം അച്ഛന് ജ്വരം വന്നപ്പോഴും ഇങ്ങനെ പുതച്ചു കിടന്നുറങ്ങിയതല്ലേ..
അന്ന് അമ്മച്ചി ചൂടുകഞ്ഞി കോരി കുടിപ്പിച്ചത് താൻകണ്ടതാണല്ലോ? ഇന്ന് കഞ്ഞിയില്ലാഞ്ഞിട്ടാണോ അമ്മച്ചി ഇത്രയും കരയുന്നത്.
അന്നും കുട്ടന് ഒറ്റ കഥ പോലും പറഞ്ഞു തന്നില്ലല്ലോ.!

മനക്കലെ തമ്പ്രാൻ എന്നുപറയുന്ന ആൾ കുത്തുകല്ല് കയറിവന്നു. നേരിയത് പുതച്ചിട്ടുണ്ട്.കൂടെ കുറെ പേരും..!
നല്ല വെട്ടമുള്ള ഒരു റാന്തൽവിളക്ക് അവർ മുറ്റത്ത് കൊണ്ടുവന്നു വച്ചു…..

“ഹായ് എന്തൊരു വെട്ടം!

കുട്ടന് സന്തോഷമായി. എന്നും ഒരു കൊച്ചു മണ്ണെണ്ണവിളക്കിന്റെ കുഞ്ഞു വെളിച്ചമാണ് ഈ ഉമ്മറത്തുള്ളത്.ഇപ്പോൾ നിലവിളക്കും,വലിയ ചിമ്മിണി വിളക്കും!

അമ്മയപ്പോഴും കരച്ചിൽ നിർത്തിയില്ല.
ഈ അമ്മച്ചിക്കെന്താ?
“നമ്മുടെ വീട്ടിലും വെട്ടം വന്നമ്മച്ചീ…,
എന്നിട്ടും കരയുവാണോ? സന്തോഷിക്കണ്ടേ….നാളെ കൂട്ടുകാരോടൊക്കെ പറയണം എന്റെ വീട്ടിൽ നല്ല വെട്ടം ഉണ്ടായിരുന്നുവെന്ന്…!”

……………. അവൻ ഉണർന്നപ്പോൾ അമ്മച്ചി ഉറങ്ങുകയായിരുന്നു.അടുത്ത വീട്ടിലെ ഒന്ന് രണ്ട് ചേച്ചിമാർ അടുത്തിരിക്കുന്നു.മുറ്റത്ത് ഒരു കസേരയിൽ തമ്പ്രാൻ ഇരിക്കുന്നുണ്ട്. അഞ്ചാറു പേർ മാവിൻചോട്ടിലും മറ്റുമായി എന്തൊക്കെയോ പതുക്കെ പറയുന്നു.

“അമ്മച്ചി എനിക്ക് സ്കൂളിൽ പോണ്ടേ ? എണീക്ക്…എണീക്ക്,….’
അമ്മയെ കുലുക്കി അവൻ വീണ്ടും വീണ്ടും വിളിച്ചു.

“ഇന്ന് സ്കൂളീ പോണ്ട മോനേ അമ്മ ഉറങ്ങട്ടെ.’

കാത്തൂന്റെ അമ്മയാണത് പറഞ്ഞത്.
അച്ഛൻ രാവിലെ തന്നെ പണിക്കുപോയോ?
കുട്ടനോട് പറയാതെയാണല്ലോ പോയത്?

“മോൻ ഇത് കണ്ടോ?”
ഒരു പത്രം നിവർത്തി അവർ അവനെ കാണിച്ചു കൊടുത്തു.
“അതാ അവന്റെ അച്ഛൻ ആ പത്രത്തിൽ”!!
അവന് അതിരറ്റ സന്തോഷമായി.തന്റെ അച്ഛന്റെ പടവും പത്രത്തിൽ വന്നു.

“ദേ അമ്മേ നമ്മുടെ അച്ചാച്ചന്റെ പടവും പത്രത്തിൽ വന്നു….നോക്കമ്മേ നോക്ക്…”

അവന് സന്തോഷം അടക്കാനായില്ല.
ഇന്നെന്തായാലും തന്റെ കൂട്ടുകാരെയൊക്കെ ഇതൊന്നു കാണിക്കണം
ആഹാ അവരുടെയൊക്കെ അച്ഛന്മാരുടെ ഫോട്ടോ മാത്രം പത്രത്തിൽ വന്നാ പോരല്ലോ ഇപ്പോൾ തന്റെ അച്ഛന്റെ പടവും പത്രത്തിൽ വന്നു.
തനിക്കതുമതി.
പക്ഷേ എന്താണ് ആഷിഫിന്റെ ബാപ്പാടെയൊക്കെ ഫോട്ടോ പോലെ അല്ലല്ലോ അച്ഛന്റെ ഫോട്ടോ,
അച്ഛൻ കിടന്നുറങ്ങുമ്പോഴായിരിക്കും അവരിത് എടുത്തത്..!!
എന്തായാലും ഫോട്ടോ പത്രത്തിൽ വന്നല്ലോ?
അവന് മനസ്സമാധാനമായി.
” കാത്തൂന്റെ അമ്മേ ഈ പത്രം എനിക്ക് സ്കൂളിൽ ഒന്നു തന്നു വിടണം കേട്ടോ… ടീച്ചറെയും കുട്ടികളെയും കാണിച്ചിട്ട് ഞാൻ തിരികെ കൊണ്ടുവരാം…. ”
ആ പാവം കുട്ടിയുടെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു.
അവിടെ കൂടിയിരുന്ന മനുഷ്യരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അവർ ആത്മഗതം ചെയ്തു.
“കഷ്ടം! ഇന്നലെ കിണർ പണിക്കിടയിൽ കാലുതെറ്റി വീണ് തലയടിച്ചു മരിച്ച കേളുവിന്റെ കഥ ഇവന് അറിയില്ലല്ലോ… പാവം കുഞ്ഞ്…!!

രത്ന രാജൂ✍

RELATED ARTICLES

2 COMMENTS

Leave a Reply to Saji..T Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ