ഞാൻ ഉള്ളപ്പോൾ മാത്രമേ എനിക്ക് ഈ ലോകമുള്ളു. ഞാൻ ഇല്ലെങ്കിൽ എന്റെ ലോകവും ഇവിടെ ഇല്ല. ഒന്ന് ചിന്തിക്കൂ ഞാൻ കാണുന്ന ലോകകാഴ്ചകൾ അതേപോലെയല്ല നിങ്ങൾ കാണുന്നത്. ഞാൻ ആകാശത്ത് മേഘങ്ങൾ കാണുമ്പോൾ അതിൽ ഒരു മത്സ്യത്തെയും, മൃഗത്തെയും, ഒരു മനുഷ്യരൂപത്തെ പോലും കണ്ടെന്നിരിക്കും. എന്നാൽ ആ കാര്യം നിങ്ങളോട് പറഞ്ഞ് നിങ്ങൾ നോക്കുമ്പോൾ നിങ്ങൾക്ക് കാണുന്നത് ഒരുപക്ഷേ മേഘ കൂട്ടങ്ങൾ മാത്രമായിരിക്കും.
എൻ്റെ ശരി നിങ്ങൾക്ക് തെറ്റ് ആവാം. എൻ്റെ കാഴ്ച്ചയിൽ ഞാൻ കാണുന്ന വസ്തു, നിങ്ങളുടെ കാഴ്ച്ചയിൽ കാണാൻ കഴിയാതെ ഇരിക്കുന്നതുപോലെ. താങ്കൾ ഒന്നിൽ വിശ്വസിക്കുന്നതു പോലെ, ഞാനും വിശ്വസിക്കണമെന്നില്ല. എല്ലാ മനുഷ്യരും പലവിധത്തിലും തുല്യരല്ല. പല പല സ്വഭാവ വിശേഷങ്ങളുള്ള, മിടുക്കന്മാരും ,മിടുക്കികളും അങ്ങിനെയൊക്കെയുള്ള ഞാനും, നിങ്ങളും ഈ ഭൂമിയിൽ ജീവിക്കുന്നു. സഹോദര, സഹോദരിമാരെ പോലെ, മിത്രങ്ങളെപ്പോലെ , ഒരു ദേശത്തിന്റെ സന്തതികൾ ആയി എങ്ങിനെ ആ മഹാത്ഭുതം നടക്കുന്നു.
വിഭിന്നങ്ങളായ സ്വഭാവങ്ങളുള്ള ഒരു മനുഷ്യ കൂട്ടമാണ് നമ്മൾ. ഒരു വീട്ടിൽ പോലും ഒരേ ചിന്തയിൽ പരസ്പരം യോജിച്ച് പോകുന്നത് സ്വയം വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമ്പോൾ മാത്രമാണ്.
നമ്മൾ കൂട്ടുകാരുമായി ഒരു സിനിമ കാണാൻ പോകുന്നു. സിനിമ കണ്ടു കഴിഞ്ഞ് പരസ്പരം സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ, ഞാൻ കണ്ട കാഴ്ചകൾ അല്ല മറ്റൊരുവൻ കണ്ടത്. ഞാൻ സിനിമയിലെ നായകന്റെ പിന്നാലെ പോയപ്പോൾ, മറ്റൊരുവൻ നായികയ്ക്ക് പിന്നാലെ പോയി കാണും. മറ്റൊരുവൻ സിനിമയിലെ മറ്റ് പല കാഴ്ചകളും കണ്ടു കാണും. അതാണ് മനുഷ്യസഹജമായ കാഴ്ചകൾ.
ഒരാൾ പാട്ടുപാടുന്നു എന്നിരിക്കട്ടെ . ഒരാളുടെ ശ്രദ്ധ പാട്ടു പാടുന്ന ആളുടെ മുഖഭാവങ്ങളിൽ ആയിരിക്കാം. മറ്റൊരാൾ ശ്രദ്ധിക്കുന്നത് ചലനങ്ങൾ ആയിരിക്കാം. ശബ്ദം, അയാളുടെ വസ്ത്രധാരണം എല്ലാം അവരവരുടെ കാഴ്ചപ്പാടുകളോടെ ആയിരിക്കും കാണുകയും കേൾക്കുകയും ചെയ്യുന്നത്.
എല്ലാ മനുഷ്യർക്കും അവരുടെതായ കുറവുകളും കുറ്റങ്ങളും കാണും. അതോടൊപ്പം ഏതെങ്കിലും ഗുണ വിശേഷങ്ങളും കാണും. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വിധം ഒരു വിഷയത്തെ വിശകലനം ചെയ്ത് സംസാരിക്കുമ്പോൾ ആണ് കുറവിനെക്കാൾ ഏറെ ഗുണങ്ങൾ ഉള്ള മനുഷ്യനാണ് അയാൾ എന്നറിയുക.
ഓരോരുത്തരുടെ ജീവിതസാഹചര്യങ്ങൾ കൊണ്ട് മാത്രം കൂടെ കൂടിയതാണ് വിശ്വാസം. കാലത്തിനൊത്ത് ചിന്തിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ അറിയാനും, കാണാനും കഴിയും ഒരു പടുകുഴിയിൽ അകപ്പെട്ട പോലെയാണ് നമ്മുടെ സ്ഥിതി. അതിൽ നിന്ന് രക്ഷനേടാൻ നമ്മൾ തയ്യാറല്ലെങ്കിൽ അതിനു പാകപ്പെടുത്തും വിധം ആത്മാവ് പ്രവർത്തിക്കും. ഇതിനുമുമ്പ് പല തവണകളായി പല മനുഷ്യ ശരീരങ്ങ ളും തെരഞ്ഞെടുത്തെങ്കിലും അവരുടെ ജീവിതരീതികളിലെ പാക പിഴവുകൾ കൊണ്ട് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല.
ഓരോ മനുഷൃന്റേയും ജീവിതത്തെ ആശ്രയിച്ചാണ് ഓരോ ആത്മാക്കളും രക്ഷപ്പെടുക.ആത്മാവിനെ സംബന്ധിച്ചിടത്തോളംഒരു ശുദ്ധീകരണ ശാലയാണ് ഓരോ മനുഷ്യന്റെയും ജീവിതം.
നമ്മളിൽ വസിക്കുന്ന ആത്മാവ് യാത്ര ചെയ്യാൻ വിശ്വസ്തതയോടെ, തൽക്കാലത്തേക്ക് ഉപയോഗിക്കാൻ തിരഞ്ഞെടുത്ത ഒരു ടാക്സി കാർ മാത്രമാണ് നമ്മുടെ ഈ മനുഷ്യശരീരം. നാളെ ഈ കാർ ഉപേക്ഷിച്ച് മറ്റൊരു ടാക്സി കാറിൽ ലക്ഷ്യത്തിലെത്താനുള്ള യാത്ര തുടന്നുകൊണ്ടേയിരിക്കും. ജീവിതമാണ് ടാക്സി കാറിന്റെ ഡ്രൈവർ. ശരിയായ ദിശയിൽ കൂടി സഞ്ചരിച്ച് ആത്മാമാവുന്ന യാത്രക്കാരനെ ലക്ഷ്യത്തിലെത്താൻ സഹായിക്കുക എന്നുമാത്രമാണ് ജീവിതമെന്ന ഡ്രൈവറുടെ ചുമതല.
യാത്രക്കാരനെ ലക്ഷ്യത്തിൽ സുരിഷിതമായി എത്തിക്കണമെങ്കിൽ ശരിയായ രീതിയിൽ ഡ്രൈവ് ചെയ്യണം, അതായത് ശരിയായ രീതിയിൽ ഈ ഭൂമിയിൽ ജീവിക്കണം. ടാക്സി കാറില്‍ പുറപ്പെട്ട സ്ഥലവും എത്തിയ സ്ഥലവും രേഖപ്പെടുത്താൻ ഒരു പുസ്തകമുണ്ട്. ഓരോ യാത്ര കഴിയുമ്പോഴും അതുവരെ പിന്നിട്ട യാത്രകളെ കുറിച്ച് പരിശോധിക്കുമ്പോൾ അത് കാണാൻ കഴിയും. അപ്പോഴാണ് ശരിയായ രീതിയിൽ അല്ല അതുവരെ യാത്ര ചെയ്തത് എന്ന് കാണാൻ കഴിയുക.
ശുദ്ധീകരിച്ച ആത്മാക്കൾക്കു മാത്രമേ പിന്നെയും, പിന്നെയും മനുഷ്യശരീരം പ്രാപിക്കാതെ ലക്ഷ്യത്തിലേക്കു യാത്ര ചെയ്യാൻ കഴിയൂ.
നമ്മൾ ജീവിക്കുന്ന സാഹചര്യങ്ങൾ. അതിൽ പ്രധാനമാണ് നമ്മുടെ കുടുംബ പശ്ചാത്തലം. കൂട്ടുകാർ, വീട്ടുകാർ ,നാട്ടുകാർ എല്ലാം ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അതിലെ പങ്കാളികളാണ്. ഈ ലോകത്ത് ജീവിയ്ക്കണമെങ്കിൽ ജീവിക്കാനുള്ള അഭ്യാസങ്ങൾ പലതും പഠിച്ചിരിക്കണം.
പ്രതിസന്ധികളെ തരണം ചെയ്ത് ജീവിക്കുമ്പോഴും സത്യസന്ധത കൈവിടാതെ ജീവിക്കുക എന്നതാണ് ആത്മാവിനെ ശുദ്ധീകരിക്കാനുള്ള മാർഗം.
ജീവിതം ഒരു വെല്ലുവിളിയായി സ്വീകരിച്ച് , എന്തിനെയും ലാഘവത്തോടെ കൈകാര്യം ചെയ്ത് മറ്റുള്ളവർക്ക് ഒരു മാതൃകയെന്നോണം നിങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം ധന്യമായി എന്ന് പറയാം.
സ്വർണ്ണ കരണ്ടി വായിൽ വെച്ചിട്ടാണ് ജനിച്ചത് എന്ന് പറഞ്ഞാൽ കോടീശ്വര കുടുംബത്തിലാണ് ജനിച്ചത് എന്നാണ് അതിനർത്ഥം. എന്നാൽ ഇതിനു മുമ്പ് പല ജന്മങ്ങളിലും ദരിദ്രനിൽ ദരിദ്രനായി ജീവിച്ചിരുന്നു എന്ന് ഓർക്കുക. ധനത്തിൽ അഹങ്കരിക്കാതെ ജീവിതം ആസ്വദിക്കുന്നതോടൊപ്പം. ഈശ്വരന് നന്ദി പറഞ്ഞ് ജീവിതം മുഴുവനായി ഈശ്വരനിൽ അർപ്പിച്ച് കൊണ്ട് ജീവിക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ ജന്മം സഫലമായി.
ഈശ്വര പ്രകാശകിരണങ്ങളുടെ ഒരു ചെറിയ അംശം മാത്രമുള്ള, ജീവനെന്നും, ആത്മാവെന്നും വിശേഷിപ്പിക്കുന്ന ആ ചൈതന്യം ഈ ഭൂമിയിൽ പലരിലും
ജന്മമെടുത്ത് പാകപ്പെടുത്തി ഈശ്വരനിൽ എത്തിച്ചേരുക എന്ന ഒരേയൊരു ലക്ഷ്യത്തിൽ ജീവിച്ചു കൊണ്ടേയിരിക്കുന്നു.
ചിന്തനീയം