“ഉയരം കൂടുതോറും രുചി കൂടുന്ന ചായ’ – ഒരു ചായയുടെ പരസ്യത്തിൽ നമ്മുടെ പ്രിയ സിനിമാ നടനായ ലാലേട്ടന്റെ വാക്കുകളാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് തേയിലകൃഷിക്കായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സ്ഥലമാണ്, മൂന്നാർ. സമുദ്രനിരപ്പിൽ നിന്ന് 1600 -1800 മീറ്റർ ഉയരത്തിലാണിത്. അങ്ങോട്ടേക്കുള്ള യാത്രയിൽ ചായയുടെ രുചിയേക്കാളും ഞാൻ മനസ്സിലാക്കിയെടുത്തത് മറ്റൊന്നാണ്. പ്രാതൽ ഭക്ഷണത്തിന്റെ പൈസ കൊടുക്കാനായിട്ട്, കണ്ണട ഇല്ലാത്തതു കൊണ്ട് കണ്ണ് ചുളുക്കിയാണ് ബില്ലിലേക്ക് നോക്കിയത്. നോട്ടത്തിൻ്റെ സ്റ്റൈൽ ശരിയാവാത്തതു കൊണ്ടാവാം, “മലയാളികൾക്കുള്ള പൈസയെ എടുത്തിട്ടുള്ളൂ എന്ന് കടയുടമസ്ഥൻ. കാര്യമറിയാതെ അദ്ദേഹത്തെ ഒന്നുകൂടി നോക്കിയപ്പോൾ -‘ മെനു വിലെ പൈസ നോർത്ത് ഇന്ത്യക്കാർക്കും അറബികൾക്കുമുള്ളതാണ്”.
അതോടെ എത്ര ഉയരത്തിൽ ചെന്നാലും നമ്മുടെ മലയാളഭാഷയെ മറക്കരുതെന്ന് ഞാൻ മനസ്സിൽ പ്രതിജ്ഞയെടുത്തു. യാത്രകൾക്കിടയിലും നമ്മുടെ പോക്കറ്റും നമ്മൾ നോക്കണമല്ലോ.
കേരളത്തിലെ മനോഹരമായ ഹിൽസ്റ്റേഷനാണ് മൂന്നാർ. 9 ഡിഗ്രി ക്കും 26 ഡിഗ്രിക്കും ഇടയ്ക്കാണ് താപനില. ഓഗസ്റ്റ് മുതൽ മാർച്ച് വരെയാണ് വിനോദസഞ്ചാരികൾ കൂടുതൽ.
കാഴ്ചകളുടെ മായാലോകമാണ് മൂന്നാർ. മനോഹരമായ താഴ്വാരങ്ങളും തേയിലത്തോട്ടങ്ങളും മഞ്ഞും മലനിരകളുമൊക്കെയായി തദ്ദേശ വിദേശ സഞ്ചാരികളുടെ പറുദീസയാണവിടെ.
2000 ത്തിലാണ് കേരള സർക്കാർ മൂന്നാറിനെ ഒരു വിനോദ സഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചത്.ഒരു പക്ഷേ മൂന്നാറിനെ പറ്റി പലരും കേൾക്കുന്നത് അന്നു തൊട്ടായിരിക്കാം.എന്നാൽ എനിക്ക് അങ്ങനെയല്ല മൂന്നാറിൽ നിന്ന് 22 കി.മീ അകലെയായിട്ട് KSEBയുടെ സിമൻറ് ഇല്ലാതെ മണ്ണും കല്ലും കൊണ്ട് നിർമ്മിച്ച ആനയിറങ്കൽ ഡാമിലെ തുടക്കം മുതൽ ഒടുക്കം വരെ ആസൂത്രണത്തിലും നിർവ്വഹണത്തിലും മുഖ്യപങ്ക് വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അച്ഛൻ. അവരുടെ പേര് വിവരങ്ങൾ ഒരു ഫലകത്തിൽ അവിടെ ആലേഖനം ചെയ്തിട്ടുണ്ട്. അതിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അച്ഛൻ.
അച്‌ഛനോടൊപ്പം ഏകദേശം 45 മാസത്തോളം അവിടെ ചിലവഴിച്ച അമ്മക്ക്, വരുന്ന വഴികളിലും മറ്റും ഒറ്റക്കും കൂട്ടമായും ആനകളെ കാണുന്നതും അതുപോലെ മറ്റു മൃഗങ്ങളുടെ ശല്യങ്ങളും മൂടല്‍മഞ്ഞു കാരണം യാത്ര തുടരാതെ തിരിച്ച് വീട്ടിലേക്ക് തന്നെ പോകേണ്ടി വരുന്നതുമൊക്കെയായി നഗരത്തിൽ ജനിച്ച വളർന്ന അമ്മക്ക് പറഞ്ഞാൽ തീരാത്ത കഥകളാണുള്ളത്. എനിക്കിങ്ങനെയുള്ള സ്ഥലങ്ങളില്‍ താമസിക്കാനുള്ള അവസരം കിട്ടിയിട്ടില്ല. അപ്പോഴേക്കും അച്ഛന്‍റെ ജോലിയുടെ ഭാഗമായിട്ട് ഞങ്ങള്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. എന്‍റെ കുട്ടിക്കാലത്ത് അമ്മ പറയുന്ന ഇത്തരം കഥകളൊക്കെ കേൾക്കുമ്പോൾ ഞാന്‍ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല . അന്നൊക്കെ എല്ലാവരും ടൂർ പോയിരുന്നത് ബാംഗ്ലൂർ, ഊട്ടി, കൊടൈക്കനാൽ …. അങ്ങനെയുള്ള സ്ഥലങ്ങളിലായിരുന്നു.അവിടത്തെ വിശേഷങ്ങൾക്കായിരുന്നു കൂടുതൽ ആഭിമുഖ്യം. അല്ലേലും ‘മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ”.
കന്നിമല, നല്ല തണ്ണി, കുണ്ടല ആണ് എന്നീ മൂന്നു ആറുകൾ ചേരുന്ന സ്ഥലം എന്ന വിശേഷണത്തിൽ നിന്നാണ് മൂന്നാർ എന്ന പേരുണ്ടായത്. ഇരവികുളം നാഷണൽ പാർക്ക്, സ്‌പൈസ് ഗാർഡൻ, ആനയിറങ്കൽ ജലസംഭരണിയിലെ ബോട്ട് യാത്ര, കൊളുക്കുമല ……… മൂന്നാറിനും പരിസരപ്രദേശത്തുമായി പ്രധാന ആകർഷണകേന്ദ്രങ്ങൾ അങ്ങനെ നീണ്ടു കിടക്കുന്നു.
ആനയിറങ്കൽ ജലസംഭരണിയിലെ ബോട്ട് യാത്രക്ക് പകരം അണക്കെട്ടിലെ പുറകിലുള്ള കാടുകളിലൂടെയുള്ള യാത്രയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.Off road യാത്രയായതു കൊണ്ട് അവിടെയുള്ള ജീപ്പിലായിരുന്നു യാത്ര. അങ്ങോട്ടേക്ക് പോകാൻ പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ലെങ്കിലും അവിടെയുള്ളവരാണെങ്കിൽ വഴികളും ആനയെ കണ്ടാൽ എന്തു ചെയ്യണമെന്നറിയാം എന്നൊക്കെയാണ് ഡ്രൈവർ പറഞ്ഞത്. അവിടെ 38 ആനകൾ ഉണ്ട്. കാട്ടിലെ പല ഭാഗത്തും ക്യാമറ വെച്ചിട്ടുണ്ട്. അങ്ങനെ വനഉദ്യോഗസ്ഥന്മാർക്ക് അവരെ കുറിച്ച് അറിയാമെന്നാണ് പറയുന്നത്. കാടിന്റെയുള്ളിലൂടെയുള്ള യാത്ര ശരിക്കും ഒരു പുതിയ അനുഭവമാണ്. അത് ചെന്നെത്തുന്നത് ഒരു ജലാശയത്തിലാണ്. ചുറ്റും മലകളും പച്ചപ്പും നീലാകാശവും പഞ്ഞിക്കെട്ടുപോലത്തെ മേഘങ്ങളും …… കാൻവാസിൽ കോറിയ ചിത്രം പോലെ … നയനമനോഹരം. എതിർഭാഗത്തുള്ള ഒരു മലയിൽ നാലഞ്ചു ആനകളെ ഡ്രൈവർ കാണിച്ചു തന്നു. കൂട്ടത്തിൽ ഒരു കുട്ടിയാനയുമുണ്ടായിരുന്നു.ബൈനാ
ആദിവാസി കോളനിയിലേക്കായിരുന്നു അടുത്ത യാത്ര. അതും നല്ല ഒന്നാന്തരം off – road യാത്ര. ശരീരത്തിലെ എല്ലാ എല്ലുകളും ഇളകി ഒരു പരുവമായിട്ടുണ്ട്.ആനകളുടെ വരവ് അറിയാനായിട്ട് ഓരോ പറമ്പിനു ചുറ്റും ആനയുടെ പൊക്കത്തിൽ കയർ കെട്ടി ഗ്ളാസ് കുപ്പികൾ കെട്ടി തൂക്കിയിട്ടിരിക്കുന്നു. വഴിയിൽ കണ്ട ഏലയ്ക്ക എസ്റ്റേറ്റിന് ചുറ്റും വൈദ്യുതീകരിക്കപ്പെട്ട വേലികൾ കണ്ടിരുന്നു. എല്ലായിടത്തും ആനയാണ് വില്ലൻ. അവിടെയും വ്യൂ പോയിന്റ് ഉണ്ട്. പശ്ചിമഘട്ടത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ ഹിൽസ്റ്റേഷന് ‘തെക്കിന്റെ കാശ്മീർ’ എന്ന അപരനാമവുമുണ്ട്. മലകളുടെ നെറുകയിൽ നിന്ന് തണുത്ത കാറ്റിന്റെ അകമ്പടിയോടെ സുന്ദരമായ ഭൂമിയെ നോക്കി എത്ര നേരം വേണമെങ്കിലും നമ്മുക്ക് ചിലവഴിക്കാം.
വരയാടുകളും 12 വര്‍ഷം കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞിയുമാണ് ഇരവികുളം ഉദ്യാനത്തിലെ പ്രധാനപ്പെട്ടത്. കഴിഞ്ഞ സന്ദർശനത്തിൽ പോയിട്ട് വരയാടുകൾ എന്നത് പലരുടേയും മനോധർമ്മം അനുസരിച്ചുള്ള കാണൽ ആയിട്ടാണ് തോന്നിയത്. ഞാൻ യാതൊരുവിധത്തിലുള്ള ആടുകളെയും കണ്ടില്ല. മൂന്നാറിൽ നിന്ന് 15 കി.മീ ദൂരെയുള്ള അങ്ങോട്ടേക്ക് യാത്ര വേണ്ടെന്ന് വെച്ചു.
വൈകുന്നേരം 6 മണിയോടെ മൂടൽ മഞ്ഞ് അതിൻ്റെ പണി തുടങ്ങും അതോടെ തിരിച്ച് താമസ സ്ഥലത്ത് എത്തുന്നതു തന്നെ ബുദ്ധിമുട്ടാവും എന്നറിഞ്ഞതു കൊണ്ട് അന്നത്തെ യാത്രകൾ മതിയാക്കി. തിരിച്ചു താമസസ്ഥലത്തേക്ക് …….
Thanks