Wednesday, October 16, 2024
Homeപുസ്തകങ്ങൾപ്രിയ ശിഷ്യയ്ക്ക് അഭിനന്ദനങ്ങൾ (സിസ്റ്റർ വലൻസിയ)

പ്രിയ ശിഷ്യയ്ക്ക് അഭിനന്ദനങ്ങൾ (സിസ്റ്റർ വലൻസിയ)

സിസ്റ്റർ വലൻസിയ

“കേരളത്തിലെ പള്ളികൾ – പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര “എന്ന പുസ്തകത്തിലൂടെ പുണ്യ ദേവാലയങ്ങളുടെ ചരിത്രം ഏറ്റവും ഹൃദ്യമായി, ആകർഷണീയമായി എഴുതി ദൈവത്തിന് മുൻപിൽ മനുഷ്യഹൃദയങ്ങൾക്കായി സമർപ്പിക്കുന്നതിലൂടെ ദൈവകൃപയുടെ വറ്റാത്ത നീർച്ചാൽ പുസ്തക രചയിതാവായ മിസ്സിസ് ലൗലി ബാബുവിലും കുടുംബത്തിലും ഈ പുണ്യ ദേവാലയ ചരിത്രം വായിക്കുന്നവരുടെ ഹൃദയങ്ങളിലും നിറയട്ടെ എന്ന് പ്രാർത്ഥനാപൂർവ്വം ആശംസിക്കുന്നു. 12 ദേവാലയങ്ങളുടെ ചരിത്രം പുസ്തകമായി പ്രകാശനം ചെയ്തു കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു, അഭിനന്ദിക്കുന്നു.

12 മുതൽ 100 ഉൾപ്പെടെയുള്ള പുണ്യ ദേവാലയങ്ങളുടെ ചരിത്രം കൂടി എഴുതി ദൈവസമക്ഷത്തിലും ലോകജനതക്ക് മുൻപിലും സമർപ്പിക്കണം എന്ന ഉൽക്കടമായ ആഗ്രഹം 100 മേനി വിളഞ്ഞ് രണ്ടാം പുസ്തകമായി തീരുന്നതിന്, ദൈവത്തിൻറെ അനന്തമായ കൃപയുടെ വഴിത്താരയിലൂടെ ബുദ്ധിമുട്ടുകളും ക്ലേശങ്ങളും സാനന്ദം ഏറ്റെടുത്ത് പ്രതീക്ഷകളുടെ നിറവിൽ ആയിരിക്കുന്ന പുസ്തക രചയിതാവിന് ഏറെ സ്നേഹത്തോടെ അഭിനന്ദനത്തിന്റെ കുളിർമയുള്ള ആശംസകൾ നേരുന്നു.

പുണ്യദേവാലയങ്ങളുടെ ചരിത്രവും അതിലെ ദൈവകൃപ നിറഞ്ഞ വചനങ്ങളും മനുഷ്യഹൃദയങ്ങളെ ആധ്യാത്മികതയുടെ ഉയരങ്ങളിലേക്ക് വലിച്ചെടുപ്പിക്കട്ടെ എന്നും മിഴിവുറ്റ ഗ്രന്ഥങ്ങൾ ഇനിയും ഈ കരങ്ങളിലൂടെ രൂപം കൊള്ളട്ടെ എന്നും അഭിലഷിച്ച് ആശംസിക്കുന്നു.

എന്തുകൊണ്ട് ഞാൻ ഒരു ആശംസ, രചയിതാവ് മിസ്സിസ് ലൗലി ബാബുവിന് നൽകാൻ തൽപരയായി എന്ന് ഒരുപക്ഷേ ചിന്തിക്കുന്നവർ ഉണ്ടാകാo. അവരോട് ഏതാനും വാക്കുകൾ! 1988 ഏപ്രിൽ ഒന്നുമുതൽ 1991 മാർച്ച് 31 വരെ മുക്കാട്ടുകര ബെത്ലേഹേം ഗേൾസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ് ആയി സേവനം ചെയ്യാൻ ദൈവം നൽകിയ കാലഘട്ടം! ഹെഡ്മിസ്ട്രസ്സ് ആയി എൻറെ ആദ്യത്തെ നിയമനം, ഈ കാലയളവിൽ 1989 ജൂൺ മുതൽ 1991 മാർച്ച് 31 വരെയുള്ള രണ്ടു വർഷങ്ങളിൽ ആയി 8ലും 9ലും പഠിച്ചിരുന്ന ബാലികമാരിൽ ശ്രദ്ധേയമായ കഴിവുകൾ ഉള്ളവരിൽ ഒരാളായിരുന്നു ലൗലി എന്ന് ഞാൻ സന്തോഷത്തോടെ ഓർമിക്കുന്നു.

ഈടുറ്റ ഗുരുശിഷ്യ ബന്ധത്തിന്റെ സ്നേഹോഷ്മളത എന്നും പ്രകടമാക്കുന്ന എന്റെ സ്നേഹമുള്ള ശിഷ്യഗണത്തിന്റെ പ്രതിനിധി കൂടിയായ രചയിതാവ് ലൗലി ബാബുവിന് ഒരിക്കൽ കൂടി ഭാവുകങ്ങൾ നേരുന്നു .

സസന്തോഷം,

സിസ്റ്റർ വലൻസിയ

സി എച്ച് എഫ് ഹോളി ഫാമിലി കോൺഗ്രിഗേഷൻ,
കൃപജ്യോതി പ്രൊവിൻസ്, മൂവാറ്റുപുഴ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments