Wednesday, October 16, 2024
Homeസ്പെഷ്യൽഎന്റെ ഓർമ്മയിലെ തിരഞ്ഞെടുപ്പ് ആവേശങ്ങൾ (ഓർമ്മകുറിപ്പ്) ✍സി. ഐ. ഇയ്യപ്പൻ, ത്രിശൂർ

എന്റെ ഓർമ്മയിലെ തിരഞ്ഞെടുപ്പ് ആവേശങ്ങൾ (ഓർമ്മകുറിപ്പ്) ✍സി. ഐ. ഇയ്യപ്പൻ, ത്രിശൂർ

സി. ഐ. ഇയ്യപ്പൻ, ത്രിശൂർ

എന്റെ ചെറുപ്പകാലത്ത് തിരഞ്ഞെടുപ്പ്, എന്നാൽ, ഒരു ഉത്സവകാലത്തിനേക്കാൾ മേലെയാണ്. കാരണം വീടിന്റെ അടുത്ത് തിരഞ്ഞെടുപ്പ് കാലത്ത് വൈകും നേരങ്ങളിൽ റോഡുകളിൽ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ വരയ്ക്കും. അത് കാണാൻ വീട്ടിൽ നിന്ന് അനുവാദമുണ്ട്. സാധാരണ ഇരുട്ടാകുമ്പോഴേക്കും വീട്ടിലെത്തണമെന്ന നിയമത്തിന്റെ ഇളവ് ചെറുപ്പകാലത്ത് ഒരു വലിയ സംഭവമായിട്ടാണ് തോന്നിയിരുന്നത്. അന്ന് ഞാൻ കണ്ടിട്ടുള്ള തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ നുകം വെച്ച കാളകൾ, അരിവാളും താന്നിക്കതിരും, ആന മുതലായ ചിഹ്നങ്ങളാണ്. കാള പെട്ടി ,ആനപെട്ടി അങ്ങനെ പെട്ടികളായിരുന്നു. കോൺഗ്രസിന്റെ നുകം വെച്ച കാളകൾ വരച്ചിരുന്നത് കെ .വി. പൊറിഞ്ചു ചേട്ടനായിരുന്നു. പൊറിഞ്ചു ചേട്ടൻ വരണമെങ്കിൽ ജോലി ചെയ്തിരുന്ന പീടിക പൂട്ടണം അതുകൊണ്ട് നുകം വെച്ച കാളകളുടെ ചിഹ്നം ഒഴിച്ച് ബാക്കിയെല്ലാം എഴുതും. ആ കാലത്ത് പീടികകൾ വളരെ നേരം വൈകിയിട്ടാണ് പൂട്ടുക. വരയ്ക്കുന്നത് കാണാനാണ് ഞാൻ കാത്തു നിന്നിരുന്നത്. ഉറക്കം തൂങ്ങി അത് കാണാൻ കാത്തുനിൽക്കും. സൈക്കിളിൽ വരുന്ന പൊറിഞ്ചുചേട്ടനെ കണ്ടാൽ സന്തോഷമായി. ചേട്ടൻ ആദ്യം കാളകളുടെ തലയാണ് വരയ്ക്കുക വളരെ പെട്ടെന്ന് തന്നെ ചിഹ്നം മുഴുവൻ വരച്ചു കഴിയും.

മിഷ്യൻ ക്വാർട്ടേഴ്സ് ജംഗ്ഷനിലുള്ള പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി ഓഫീസ് തിരഞ്ഞെടുപ്പ് കാലത്ത് രാത്രിയിലും, പകലും സജീവമാണ്.ആകാത്ത് പോസ്റ്ററുകൾഅധിവും എഴുതുകയാണ് ചെയ്യുക. അങ്ങനെ എഴുതുന്നവരും തുണിയിൽബാനറുകൾ എഴുതുന്നവരും, അവിടെയുണ്ടാകും .ഞായറാഴ്ചകളിൽ കാലത്ത് പള്ളിയിൽ പോയി വന്നാൽ കാലത്തെ ഭക്ഷണം കഴിച്ച് വേഗം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് പോകും. അപ്പോഴേക്കും യുവാക്കളുടെ ഒരു പട തന്നെ അവിടെ വന്നിട്ടുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വീട് സന്ദർശനമാണ് പരിപാടി . 30 ഓളം യുവാക്കൾ ഉണ്ടാവും ആ കൂട്ടത്തിൽ. അതിന്റെ കൂടെ കുട്ടിയായ ഞാനും കൂടും. വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു കൊണ്ടുള്ള നോട്ടീസുമായി ഞാൻ ആദ്യം വീടുകളിൽ ചെല്ലും. ഗേറ്റ് തുറന്ന് വീടിന്റെ ബെല്ല് അടിച്ച് വീട്ടുകാര് വരുന്നതിനു പിന്നാലെ ചേട്ടന്മാരുടെ കൂട്ടം എത്തും. അങ്ങനെ പോകുന്ന യാത്ര വളരെ രസകരമാണ്.

തിരഞ്ഞെടുപ്പ് കാലമായാൽ കോളാമ്പി സ്പീക്കറുകൾ വച്ച് കെട്ടിയ വാഹനങ്ങളിൽ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങും. അന്നത്തെ കോളാമ്പികളിൽ നിന്നു വന്നിരുന്ന ശബ്ദം എന്തുകൊണ്ടും നമ്മളെ അസ്വസ്ഥരാക്കും. പിന്നീട് അത് നിരോധിച്ചത് എന്തുകൊണ്ടും നന്നായി.

നിയമസഭയിലേക്കും, പാർലിമെന്റിലേക്കും നടുക്കുന്ന തെരഞ്ഞെടുപ്പിനേക്കാൾ വാശിയും വീറും കൂടും നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ. വാർഡിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിച്ചുപോകുന്നു എന്നത് തന്നെയാണ് അതിൻറെ പ്രത്യേകത.

എന്റെ ചെറുപ്പകാലത്ത് പത്താം വാർഡിൽ നിന്ന് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നതും, ഭൂരിപക്ഷത്തോടെ ജയിച്ചിരുന്നതും എ .വി.ലോനപ്പൻചേട്ടനായിരുന്നു. ശാന്ത ശീലനായ നല്ലൊരു മനുഷ്യൻ. തിരഞ്ഞെടുപ്പുമായി എന്റെ ഓർമ്മയിലുള്ള ഒരു വിഷയം ഇവിടെ പങ്കുവെച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം.

60 വർഷങ്ങൾക്കു മുമ്പ് തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ നടന്ന തിരഞ്ഞെടുപ്പ് മത്സരത്തിനേക്കാൾ വാശിയോടെ നടത്തിയിരുന്ന ഒരു മത്സരമാണ് കൊടി ഉയർത്തൽ മത്സരം. തൃശൂർ തേക്കിൻകാട് മൈതാനത്ത് തെക്കേ ഗോപുരനടയുടെ അരികിലുള്ള മരത്തിൽ കമ്മ്യൂണിസ്റ്റുകാരനായ ഒരു ആൾ ഒരു കൊടി ഉയർത്തി. കോൺഗ്രസുകാരനായ ഒരു പ്രവർത്തകൻ അതിനേക്കാൾ കുറച്ച് ഉയരത്തിൽ ആ മരത്തിൽ കോൺഗ്രസിന്റെ കൊടികെട്ടി ഉയർത്തി. ദിവസങ്ങൾക്കകം കൊടി കെട്ടി ഉയർത്തൽ കോൺഗ്രസ് പാർട്ടിക്കാരും, കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരും ഏറ്റെടുത്തു. പിന്നെ അതൊരു മത്സരക്കാഴ്ചയായി. ഒരടി, അരയടി മാത്രം വ്യത്യാസമുള്ള ഉയർത്തൽ ആയതുകൊണ്ട് താഴെ നിന്ന് നോക്കുമ്പോൾ ആരുടേതാണ് ഉയർക്കുന്നു നിൽക്കുന്നത് എന്ന് അറിയാൻ പ്രയാസം അതു കാണാൻ ആളുകൾ കൂടി കൂടി വന്നു. മുളകൾ വെച്ചു കെട്ടി നടത്തിയിരുന്ന കൗതുക കാഴ്ച, പിന്നീട് അത് ചർച്ചാവിഷയമായി. നഗരമാകെ മത്സര ആവേശം പടർന്നു. കോൺഗ്രസ് പ്രവർത്തകർക്ക് പ്രോത്സാഹനവും, ആവശ്യത്തിന് പണവും നൽകി. മുഖ്യമായും സഹായിച്ചിരുന്നത് ഹൈറോഡിൽ പടക്കകച്ചവടം നടത്തിയിരുന്ന എരിഞ്ഞേരി റാഫേൽ ആയിരുന്നു. മിക്കവാറും ദിവസങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിയാണ് ഉയർന്നു നിന്നിരുന്നത്.

ആരോ പറഞ്ഞത് കേട്ടു മണ്ണുത്തിയിലെ ഒരു പറമ്പിൽ നല്ല ഉയരമുള്ള മുളകൾ ഉണ്ടെന്ന് . പറമ്പിന്റെ ഉടമസ്ഥൻ ഒരു കോൺഗ്രസുകാരൻ ആയിരുന്നു. നല്ല ഉയരവും വണ്ണവൂമുള്ള ഒരു മുള വെട്ടിക്കൊണ്ടു പോകാൻ അദ്ദേഹം അനുവാദം കൊടുത്തു. മുളക്കൂട്ടത്തിൽ നിന്ന് അത് വെട്ടിയെടുത്ത് വൃത്തിയാക്കാൻ കൂലി കൊടുത്ത് ആളെ ഏർപ്പാടാക്കി. ആ മുളയിൽ കൊടി ഉയർത്തണമെങ്കിൽ വലിയ കൊടി തന്നെ വേണം. അന്ന് അത് വാങ്ങാൻ കിട്ടാതെ വന്നപ്പോൾ ഖാദിയിൽ പോയി വലിപ്പമുള്ള കൊടി തൈക്കാനുള്ള തുണി വാങ്ങി തൈയ്പ്പിച്ചു .

മുള വെട്ടി വെടുപ്പാക്കി വന്നപ്പോഴേക്കും രാത്രിയായി. ആ ഭീമൻ മുളയുമായി നേരെ തൃശൂരിലെത്താൻ പല തടസ്സങ്ങളും നേരിടേണ്ടി വന്നു. വളരെയധികം ആളുകൾ ചുമന്നുകൊണ്ടു വന്നിരുന്ന മുള അവസാനം നെല്ലങ്കര വഴി യാത്ര തുടങ്ങി മുമ്പിൽ ഒരാൾ ഓല ചൂട്ട് കത്തിച്ച് മുന്നിൽ നടന്ന്പൂരപ്പറമ്പിൽ എത്തി. ഗോപുര നടയുടെ അരികിലുള്ള മരത്തിൽ ഈ ഭീമൻ മുളയെ ഉയർത്തി കെട്ടാൻ സാഹസികർ തന്നെ വേണം. മൈക്കിൾ, അല്ലേശ്, ഗോപാലകൃഷ്ണൻ എന്നീ യുവരക്തങ്ങൾ സാഹസ യജ്ഞത്തിനു മുതിർന്നു. കൊടി കെട്ടി മുള ഉയർത്താൻ ഒട്ടേറെ യുവാക്കൾ മരത്തിന് താഴെ നിന്നിട്ടും ഉയർത്താൻ കഴിഞ്ഞില്ല. അവസാനം മരത്തിൽ ഉയർത്തി കെട്ടാൻ മുള രണ്ടായി മുറിക്കേണ്ടി വന്നു. ആ കൊല്ലത്തെ കൊടി ഉയർത്തൽ മത്സരത്തോടെ ആ പരിപാടിക്ക് പിന്നെ ആരും മുതിർന്നില്ല

സി. ഐ. ഇയ്യപ്പൻ, ത്രിശൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments