Saturday, November 9, 2024
Homeപാചകംടേസ്റ്റീ & ഹെൽത്തി "ചിക്കൻ സൂപ്പ് " ✍ തയ്യാറാക്കിയത്: റീന നൈനാൻ വാകത്താനം

ടേസ്റ്റീ & ഹെൽത്തി “ചിക്കൻ സൂപ്പ് ” ✍ തയ്യാറാക്കിയത്: റീന നൈനാൻ വാകത്താനം

റീന നൈനാൻ വാകത്താനം (മാജിക്കൽ ഫ്ലേവേഴ്സ്)

ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് വളരെയധികം രുചികരവും ഗുണകരവും ആയ “ചിക്കൻ സൂപ്പ് ” ആണ്. വളരെ ക്ഷീണിച്ചിരിക്കുന്ന സമയത്ത് ചൂടോടുകൂടി ഒരു കപ്പ് സൂപ്പ് കഴിച്ചു കഴിയുമ്പോൾ ക്ഷീണം മാറി ഉന്മേഷം വീണ്ടെടുക്കുന്നു. ആഴ്ചയിൽ ഒരു തവണയെങ്കിലും കുട്ടികളും മുതിർന്നവരും ഒരു കപ്പ് സൂപ്പ് എങ്കിലും കഴിക്കുന്നത് വളരെ നല്ലതാണ് ആരോഗ്യത്തിന്. സൂപ്പ് ചൂടോടുകൂടി തന്നെ കഴിക്കണം എന്ന് മാത്രം. അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.

ആവശ്യമായ ചേരുവകൾ
………………………………………………

ചിക്കൻ – 250 ഗ്രാം നന്നായി കഴുകി കഷ്ണങ്ങളാക്കിയത്
വെള്ളം – ആറു കപ്പ്
സവാള – ഒന്ന്
സ്പ്രിംഗ് ഓണിയൻ – 6 എണ്ണം
ബീൻസ് – രണ്ട് ടേബിൾ സ്പൂൺ
ക്യാരറ്റ് – ഒന്ന് വലുത്
ക്യാബേജ് – അരക്കപ്പ് (ചെറുതായി അരിഞ്ഞത് )
ഇഞ്ചി – ചെറിയ കഷ്ണം
ക്യാപ്സിക്കം – 1ചെറുത്
വെളുത്തുള്ളി – 6 വലിയ അല്ലി
കുരുമുളക് ചതച്ചത് – ഒന്നര ടീസ്പൂൺ
മുട്ട – ഒന്ന്
കോൺഫ്ലവർ – 2 ടീസ്പൂൺ
സൺ ഫ്ലവർ ഓയിൽ – ഒരു ടേബിൾ സ്പൂൺ
സോയ സോസ് – ഒരു ടേബിൾ സ്പൂൺ
ചില്ലി സോസ് – ഒരു ടേബിൾ സ്പൂൺ
വിന്നാഗിരി – രണ്ടര ടീസ്പൂൺ
പഞ്ചസാര – അര ടീസ്പൂൺ
മല്ലിയില അരിഞ്ഞത് – ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
………………………………………………


ആദ്യമായി എടുത്തു വച്ച പച്ചക്കറികൾ എല്ലാം ചെറുതായി അരിഞ്ഞ് പകുതി ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. ബാക്കി പകുതി മറ്റൊരു പാത്രത്തിൽ മാറ്റിവെക്കുക. വലിയ പാത്രത്തിൽ എടുത്തു വച്ചിരിക്കുന്ന അരിഞ്ഞ പച്ചക്കറിയിലേക്ക് ആറ് കപ്പ് വെള്ളം ഒഴിച്ച്, എടുത്തുവെച്ച വെളുത്തുള്ളി, ഇഞ്ചി, സവാള, കുരുമുളകുപൊടി, ക്യാപ്സിക്കം ഇതിന്റെയെല്ലാം പകുതിവീതം ഇട്ടുകൊടുക്കുക.

അടുപ്പിൽ വച്ച് തിളച്ചു തുടങ്ങുമ്പോൾ ചിക്കൻ ചേർക്കുക. മൂടിവച്ച് നന്നായി വേവിക്കുക. പച്ചക്കറികൾ എല്ലാം നന്നായി വെന്ത് ഉടയണം.

പിന്നീട് തീ ഓഫ് ചെയ്തതിനു ശേഷം ഇത് അരിച്ച് വെള്ളം മാറ്റിയതിനു ശേഷം ചിക്കൻ അതിൽനിന്നും എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ഇനി ആറിയതിനു ശേഷം ചിക്കൻ കഷ്ണങ്ങൾ കൈകൊണ്ട് അടർത്തി ചെറിയ കഷണങ്ങളാക്കി മാറ്റിവെക്കുക.

ചിക്കൻ വേവിച്ച വെള്ളമാണ് സൂപ്പിന് രുചിയും ഗുണവും നൽകുന്നത്.

ഇനി ചുവട് കട്ടിയുള്ള ഒരു പാത്രം എടുത്ത് അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ബാക്കിവെച്ച വെളുത്തുള്ളി, ഇഞ്ചി ഇവ ചേർത്ത് ഗോൾഡൻ കളർ ആകുന്നത് വരെ വഴറ്റുക. ബാക്കി പച്ച കറികൾ എല്ലാം ചെറുതായി അരിഞ്ഞത് ഇതിലേക്ക് ഇട്ട് നല്ല തീയിൽ നന്നായി ഇളക്കി വഴറ്റുക. അതിനുശേഷം ഇതിലേക്ക് മാറ്റിവെച്ച ചിക്കൻ വെന്ത വെള്ളം ഒഴിച്ചു കൊടുത്തു തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ചിക്കൻ ചേർത്തിളക്കുക.

ഇതിൻ്റെ കൂടെ ഇതിലേക്ക് എടുത്തുവച്ച സോസ് രണ്ടും, വിന്നാഗിരി, കുരുമുളകുപൊടി, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക. ഒരു മുട്ട ബീറ്റ് ചെയ്ത് കുറേശ്ശെയായി ഇതിലേക്ക് ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക. കൊഴുപ്പ് കിട്ടുന്നതിനുവേണ്ടി 2 ടീസ്പൂൺ കോൺഫ്ലവർ നാല് ടീസ്പൂൺ വെള്ളത്തിൽ നന്നായി കലക്കി ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. തിളച്ചു കഴിഞ്ഞ് ഇതിലേക്ക് സ്പ്രിംഗ് ഓണിയൻ ബാക്കി ചേർത്തു കൊടുക്കുക. ഇളക്കി തീ ഓഫ് ചെയ്ത് സൂപ്പിലേക്ക് മല്ലിയില അരിഞ്ഞത് വിതറുക.

രുചികരമായ ചിക്കൻ സൂപ്പ് റെഡിയായി കഴിഞ്ഞു. ചൂടോടുകൂടി തന്നെ ഇത് ഉപയോഗിക്കുക.

റീന നൈനാൻ വാകത്താനം
(മാജിക്കൽ ഫ്ലേവേഴ്സ്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments