Saturday, November 9, 2024
Homeസ്പെഷ്യൽകോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജ് മലയാള വിഭാഗം മേധാവിയും നോവലിസ്റ്റും കവയിത്രിയും ചിത്രകാരിയുമായ ഡോ. ബി.ബിന്ദുവുമായി...

കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജ് മലയാള വിഭാഗം മേധാവിയും നോവലിസ്റ്റും കവയിത്രിയും ചിത്രകാരിയുമായ ഡോ. ബി.ബിന്ദുവുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം (അഭിമുഖ പരമ്പര -13)

ഡോക്ടർ തോമസ് സ്കറിയ

എല്ലാ ഉത്തരങ്ങളും ഉള്ളിലുണ്ട്;
വായിച്ചു നോക്കാനുള്ള
ഭയത്തിൽ നിന്നാണ്
ഓരോ യാത്രകളും

തിരിച്ചെത്തും വരെ
അതവിടെ ഭദ്രമാണ്,
ചെരുപ്പഴിച്ചു വെക്കും വരെ…

ശേഷമുള്ളതാണ്,
പൊള്ളിയടർന്ന
ഈ പാദങ്ങളും
പാദം നിലത്തോടമരുമ്പോഴുള്ള
വേദനകളും…

എല്ലാ ധ്യാനങ്ങൾക്കുമങ്ങേയറ്റം
വെന്തുപോയ പാടമാണ്…
ഒരിക്കലുണ്ടായിരുന്നുവെന്ന്
സൂര്യകാന്തികൾ പറയാനിടമുള്ള
ഇടങ്ങളിലെല്ലാം
ജീവിതം മായ്ക്കപ്പെട്ടിരിക്കുന്നു..

ഇങ്ങനെ ഡോ. ബി. ബിന്ദു കവിതയിൽ ജീവിതത്തെ കലർത്തുകയാണ്. സൂര്യൻ്റെ ഓരോ കിരണത്തെയും കവർന്നെടുത്ത് മണ്ണിൽ നിന്ന് ചെടികൾ പൊട്ടി വിടരുന്ന പോലെ കവിത പിറക്കുന്നു.

കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജ് മലയാള വിഭാഗം മേധാവിയും നോവലിസ്റ്റും കവയിത്രിയും ചിത്രകാരിയുമായ ഡോ. ബി.ബിന്ദുവുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം
(അഭിമുഖ പരമ്പര – 13)

കല , നമ്മളെ മനുഷ്യരെന്ന നിലയിൽ നവീകരിച്ചു കൊണ്ടിരിക്കും – 
ഡോ. ബി. ബിന്ദു

ചോദ്യം 1

ചെമ്പുമുക്ക് ഷാപ്പ് TS നമ്പർ 1 എന്ന നോവലിൻ്റെ ഭാഷയാണ് വായനക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്. വി.കെ.എൻ. എഴുത്തിൽ ഉപയോഗിച്ച വിദൂഷക വാചികത്തിൻ്റെ ഓർമ്മ ബിന്ദുവിൻ്റെ നോവൽ ഉണർത്തുന്നുണ്ട്. അത്തരമൊരു ഭാഷ സ്വീകരിക്കാനുണ്ടായ സാഹചര്യം ഒന്നു വിശദമാക്കാമോ?

ഉത്തരം: നോവലിൻ്റെ പ്രമേയത്തിൽ ജീവിതവും മരണാനന്തരജീവിതവുമുണ്ട്. ജീവിതം തന്നെ ഒരു പ്രഹേളികയാണല്ലോ. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾക്കും അതേ അവ്യക്തതയുണ്ട്. വൈരുദ്ധ്യാത്മകമായ അനേകം മനുഷ്യനിലപാടുകൾ ചർച്ച ചെയ്യാൻ അത്തരമൊരു ഭാഷയുടെ ഊർജ്ജം ആവശ്യമാണ് എന്നു തോന്നി. അധ്യായങ്ങൾക്കു ഞാൻ വരച്ച ചിത്രങ്ങളും ഭാഷയുടെ മറ്റൊരു സംവേദനതലമായി ഉപയോഗിച്ചതാണ്.

ചോദ്യം 2

നോവൽ കഥ പറച്ചിലിൻ്റെ ഒരാധുനിക രൂപമാണ്. എന്നാൽ ചെമ്പുമുക്ക് ഷാപ്പ് TS നമ്പർ 1 കേവലം കഥപറച്ചിലല്ല സാംസ്കാരികമായ ഒട്ടേറെ അടരുകൾ അതിലടങ്ങിയിട്ടുണ്ട്. അതിൻ്റെ പശ്ചാത്തലമെന്താണ്?

ഉത്തരം സാംസ്കാരിക ചരിത്രബോധത്തിൽ നിന്നു കൊണ്ടാണ് ഓരോ എഴുത്തുകാരും സംസാരിക്കുന്നത്.ദേശം, കാലം, സമയക്രമം എന്നിവയെ തെറ്റിച്ചു കൊണ്ട് കഥ പറയുന്ന രീതി പ്രമേയബദ്ധമായി സ്വീകരിച്ചതാണ്.

“അഹന്യഹനി ഭൂതാനി
ഗച്ഛന്തീഹ യമാലയം
ശേഷാ: സ്ഥാവരമിച്ഛന്തി
കിമാശ്ചര്യമത:പരം.”
(മഹാഭാരതം, വനപർവം,യക്ഷപ്രശ്ന: 116)

(ചുറ്റുമുള്ളവരുടെ മരണം കാണുമ്പോഴും താൻ മാത്രം മരിക്കില്ലെന്നു മനുഷ്യൻ വിചാരിക്കുന്നിടത്തോളം അതിശയകരമായത് ലോകത്തു മറ്റെന്തുണ്ട്?) നോവലിലെ യമനും പോത്തും സ്വർഗത്തിൽ അവർക്കു ചുറ്റുമുള്ള മരണാനന്തരമനുഷ്യരും ഈ ആശയത്തിൻ്റെ സന്ദേശവാഹകരാണ് എന്നു കാണാം.

ചോദ്യം 3

നോവലിൻ്റെ ഒരു പരിമിതിയായി എനിക്കു തോന്നിയിട്ടുള്ളത് അതിൻ്റെ പാഠാന്തരതയാണ്. അതാണതിൻ്റെ മേന്മയും മലയാള സാഹിത്യത്തെക്കുറിച്ച് സാമാന്യ ധാരണ ഉള്ള ഒരാൾക്കേ അത്തരമൊരു നോവൽ ആസ്വദിക്കാനൊക്കൂ. എന്താണഭിപ്രായം?

ഉത്തരം: ശരിയാണ്. ഉപനിഷത്ത്, പൗരസ്ത്യ – പാശ്ചാത്യ സാഹിത്യസൗന്ദര്യ ദർശനങ്ങൾ തുടങ്ങിയവയുടെ പ്രയോഗം നോവലിൽ വരുന്നുണ്ട്. അഭൗമമായ ഒരു മാന്ത്രികലോകം ആവിഷ്ക്കരിക്കുമ്പോൾ നാട്ടുവഴക്കങ്ങൾ, വിശ്വാസങ്ങൾ, സദാചാരമൂല്യങ്ങൾ എന്നിവയെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന tools ഉം വ്യത്യസ്തമായിരിക്കണം. അങ്ങനെയാണ് ഉപനിഷത്ത്, പൗരസ്ത്യ – പാശ്ചാത്യ സാഹിത്യസൗന്ദര്യ ദർശനങ്ങൾ, പുരാണകഥാപാത്രങ്ങൾ, കഥാസന്ദർഭങ്ങൾ, ഫാൻ്റസി തുടങ്ങിയവ നോവലിൽ വരുന്നത്. ജീവിതത്തിൻ്റെ നിസ്സഹായതയും അനിവാര്യതകളും ആവർത്തിച്ചുറപ്പിക്കുന്ന പാഠങ്ങൾ അവയിലുണ്ടല്ലോ.

ചോദ്യം 4

ചെമ്പുമുക്ക് ഷാപ്പ് TS No.1 ന് ഒരു തുടർച്ച ഉണ്ടാകുമോ? പുതിയ നോവലിൻ്റെ പണിപ്പുരയിലാണോ?

ഉത്തരം: FB യിലാണ് ഈ നോവൽ എഴുതിത്തുടങ്ങിയത് … പുസ്തകമാക്കാൻ അപ്പോൾ ഉദ്ദേശിച്ചിരുന്നില്ല … ഏതാനും അധ്യായങ്ങൾ കഴിഞ്ഞപ്പോൾ, അത് പുസ്തകമാക്കണമെന്ന സ്നേഹനിർദ്ദേശങ്ങൾ പലരിൽ നിന്നും വന്നു. എൻ്റെ ആദ്യ പുസ്തകം ഒരു കവിതാസമാഹാരമാണ്. നോവലിലേക്ക് യാദൃച്ഛികമായി പ്രവേശിച്ചതാണ്.ഒരേ സമയം ആനന്ദവും പീഡയുമാണ് അത്തരമൊരു വർക്ക്.വ്യാവഹാരികലോകത്തിൽ നിന്ന് അത് നമ്മെ പിടിച്ചു വലിച്ചുകൊണ്ടു പോവും.പ്രത്യേകിച്ച് ചെമ്പുമുക്കു ഷാപ്പ് TS No.1 ഫാൻ്റസിയുടെ ഒരു ലോകമാണല്ലോ. എഴുതിത്തീർന്നപ്പോൾ ആ ലോകം നഷ്ടമായതിൽ വേദന തോന്നി.

രണ്ടാം ഭാഗം എഴുതിത്തുടങ്ങിയിട്ടുണ്ട്. FB യിൽത്തന്നെയാണ്.

ചോദ്യം 5

ചിത്രം വരയ്ക്കുമല്ലോ. ചിത്രം വരയ്ക്കുന്നതിൻ്റെ ശൈലിയൊന്നു വിശദമാക്കാമോ?

ഉത്തരം: ചിത്രകല സാങ്കേതികമായി പഠിച്ചിട്ടില്ല. Illustrations ആയിരുന്നു ചെയ്തിരുന്നത്.കാരിക്കേച്ചറുകൾ ചെയ്യാൻ ഇഷ്ടമായിരുന്നു. നോവലിൽ ചെയ്തത് illustrations ആണ്. സുഹൃത്തുക്കളുടെ കൃതികൾക്ക് ചെയ്തു കൊടുക്കാറുണ്ട്. Painting പരീക്ഷിച്ചു തുടങ്ങിയത് അടുത്തയിടെയാണ്. അതും കലാകാരന്മാരായ സുഹൃത്തുക്കളുടെ നിരന്തരപ്രേരണയിൽ. Water Colour നേക്കാൾ സ്വതന്ത്രമായി ചെയ്യാൻ പറ്റുന്നത് Acrylic ലാണ്. Painting ൽ തുടക്കമായതിനാൽ പ്രത്യേകമായൊരു ശൈലിയിലേക്കൊന്നും എത്താറായിട്ടില്ല. വരയോട് വല്ലാത്ത അഭിനിവേശമുണ്ട് എന്നു മാത്രം. കൂടുതൽ പഠിക്കണമെന്നുണ്ട്. ശ്രമങ്ങൾ തുടരുന്നു.

ചോദ്യം 6

അധ്യാപനം സർഗ്ഗവ്യാപാരത്തിന് തടസ്സമാകാറുണ്ടോ? അധ്യാപനത്തോടാണോ എഴുത്തിനോടും വരയോടുമാണോ പ്രിയം?

ഉത്തരം: മൂന്നും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നേ പറയാനാവൂ. എത്രത്തോളം സർഗാത്മകമാണോ അത്രയും കാഴ്ചാസൗന്ദര്യം നമുക്കുണ്ടാവും. അത് നൽകുന്ന ലാവണ്യാത്മകത അനുഭവസ്ഥരായവർക്ക് ബോധ്യമുണ്ടാകും. കല, നമ്മളെ മനുഷ്യൻ എന്ന നിലയിൽ നവീകരിച്ചു കൊണ്ടേയിരിക്കും. അപ്പോൾ ക്ഷുദ്രസൗന്ദര്യങ്ങൾ നമ്മെ വ്യാമോഹിപ്പിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യില്ല. ആത്മബോധത്തിൻ്റെ ഉദാത്തധ്യാനതലമാണത്. സർഗവ്യാപാരങ്ങളിലേക്കുളള തുറവികൾ അധ്യാപനത്തെ കൂടുതൽ സുന്ദരമാക്കും എന്നാണനുഭവം.

ചോദ്യം 7

പുതിയ നോവലുകൾ
വായിക്കാറുണ്ടാകുമല്ലോ? പുതിയ എഴുത്തുകാരിൽ ആരിലാണ് വലിയ പ്രതീക്ഷ തോന്നുന്നത്?

ഉത്തരം: വായിക്കാറുണ്ട്… പുതിയ കാലത്തെ ചില പരീക്ഷണാത്മക എഴുത്തുകളുടെ വായനകൾ ചിലപ്പോൾ പാതിയിൽ മുറിഞ്ഞുപോകാറുണ്ട് … ഈടുള്ള എഴുത്തുകളാണ് മോഹിപ്പിക്കാറ്…എസ്.ഹരീഷിൻ്റെ ചരിത്രബോധവും എഴുത്തിലേക്കുള്ള ധ്യാനവും അത്ഭുതപ്പെടുത്താറുണ്ട്.

ഗംഭീരങ്ങളായ എടുപ്പുകൾ എന്ന നിലയിൽ സി.വി.രാമൻപിള്ള, വി.കെ.എൻ എന്നിവരോട് തികഞ്ഞ ആരാധനയാണ്.

ചോദ്യം 8

സമൂഹമാധ്യമങ്ങളിലും എഴുതാറുണ്ടല്ലോ . സമൂഹമാധ്യമങ്ങൾ സാഹിത്യത്തിന് ഏതെങ്കിലും തരത്തിൽ ദൂഷ്യമാകുന്നുണ്ടോ?

ഉത്തരം: Light Reading എന്ന് സമൂഹമാധ്യമങ്ങളിലെ വായനാഭിരുചിയെപ്പറ്റി അപഖ്യാതിയുണ്ടെങ്കിലും നല്ല എഴുത്തുകൾ ഉണ്ടാകുന്നുണ്ട്, നല്ല വായനക്കാരുമുണ്ട്. Filtering എവിടെയും ആവശ്യമാണല്ലോ, ജീവിതത്തിലെന്ന പോലെ. സമൂഹമാധ്യമങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന എത്രയോ പേരുണ്ട്. Print Media ക്കു പുറത്തും പ്രപഞ്ചം വളരുകയാണ്. രണ്ടും ഫലപ്രദമായി ഉപയോഗിക്കുന്ന എഴുത്തുകാരുണ്ടല്ലോ.അതിരുകൾ മായ്ച്ച് സൈബർലോകത്തിൻ്റെ ആകാശം എല്ലാവർക്കും ഇടം നൽകുന്നു. തെരഞ്ഞെടുക്കലിൻ്റെ സ്വാതന്ത്ര്യം നമ്മുടേതാണെന്നു മാത്രം.

ഡോക്ടർ തോമസ് സ്കറിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments