വേനലവധിക്കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രശ്നത്തിലാക്കിയേക്കാവുന്ന വാഹനാപകടങ്ങളെ ക്കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. മധ്യവേനലവധി തുടങ്ങി. കുട്ടികള്‍ വാഹനം ഓടിക്കാനും ഓടിച്ചു പഠിക്കാനും ഏറ്റവും സാധ്യതയുള്ള കാലം.മാതാപിതാക്കളേ ഒന്ന് ശ്രദ്ധിക്കൂ. ഡ്രൈവിംഗ് കുട്ടിക്കളിയല്ല.
നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ കുട്ടികള്‍ വാഹനം ഓടിക്കുമ്പോള്‍, അവനെ ഒരു വലിയ അപകടത്തിലേക്കാണ് തള്ളിവിടുക എന്നോർക്കുക. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കുക എന്നത് ഡ്രൈവിങ്ങിലെ അടിസ്ഥാന തത്ത്വമാണ്. മനസ്സും ശരീരവും പക്വതയെത്താത്ത കുട്ടികള്‍ എങ്ങനെ ഇത് നടപ്പിലാക്കും.
സെക്ഷൻ 199-A പ്രകാരം കുട്ടികള്‍ ചെയ്യുന്ന കുറ്റത്തിന്റെ പ്രതിസ്ഥാനത്ത് രക്ഷിതാവോ വാഹന ഉടമയോ ആണ്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹന മോടിച്ചാല്‍ ലഭിക്കുന്ന ശിക്ഷയോടൊപ്പം രക്ഷിതാവിന് അല്ലെങ്കില്‍ വാഹന ഉടമയ്ക്ക് മൂന്ന് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷയായി ലഭിക്കും.
വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരുവർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സ് വരെ ലേണേഴ്‌സ് ലൈസൻസോ ഡ്രൈവിംഗ് ലൈസൻസോ നേടുന്നതിന് അർഹതയുണ്ടായിരിക്കില്ല. കൂടാതെ മറ്റ് നാശനഷ്ടങ്ങള്‍ക്ക് രക്ഷിതാവ് ഉത്തരവാദിയായിരിക്കും.