തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് ഇനി രണ്ട് നാൾ കൂടി അവസരം. മാർച്ച് 25 വരെയാണ് വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ സാധിക്കുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന തീയതിയുടെ 10 ദിവസം മുൻപ് വരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ലഭിക്കുക. 18 വയസ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, വോട്ടർ ഹെല്‍പ് ലൈന്‍ ആപ്പ് ഉപയോഗിച്ചോ, ബൂത്ത് ലെവൽ ഓഫീസർ വഴിയോ വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്.
ഏപ്രിൽ 26നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. കേരളം ഉൾപ്പെടെ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാലാണ്. ഏപ്രിൽ അഞ്ചിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ട് ആയിരിക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെടുപ്പിന് ശേഷം ഫലപ്രഖ്യാപനത്തിനായി കേരളം 39 ദിവസമാണ് കാത്തിരിക്കേണ്ടത്.