Monday, May 20, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 23, 2024 ശനി

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 23, 2024 ശനി

കപിൽ ശങ്കർ

🔹കഴിഞ്ഞ വർഷം വെസ്റ്റേൻ പെൻസിൽവാനിയ ജയിലിൽ നിന്ന് രക്ഷപ്പെട്ട ഒരാളെ ഫിലാഡൽഫിയ ജിമ്മിൽ ജോലി ചെയ്യുന്നതിനിടെ കസ്റ്റഡിയിലെടുത്തു. 2023 ഡിസംബർ 3-ന് ബ്ലെയർ കൗണ്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം 33 കാരനായ ഇസയ്യ ടിൽഗ്മാൻ ഒളിവിലായത്.

🔹എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സെപ്റ്റ ബസ് സ്റ്റോപ്പിൽ വെടിവയ്പ്പ് നടത്തിയ സംഭവത്തിൽ അഞ്ചാമത്തെ പ്രതിയെ ഫിലാഡൽഫിയ പോലീസ് അറസ്റ്റ് ചെയ്തു . മാർച്ച് 6 ന് കൂട്ട വെടിവയ്പ്പ് നടത്താൻ മറ്റ് നാല് പേരെ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന 15 വയസ്സുള്ള ഒരു ആൺകുട്ടിയെ അറസ്റ്റ് ചെയ്തതായി ഒരു പത്രസമ്മേളനത്തിൽ പോലീസ് അറിയിച്ചു.

🔹ഫിലഡൽഫിയയിലെ അധ്യാപകനെ കൊലപ്പെടുത്തിയ കേസിൽ ഒരു പുരുഷനും സ്ത്രീയും കുറ്റക്കാരാണെന്ന് കണ്ടെത്തി. ജൂലി ജീൻ (35)നെയും സക്കീ അൽഹാക്കിമി(34)നെയും ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിനും, ഗൂഢാലോചനയ്ക്കുമാണ് ശിക്ഷിച്ചത്. കഴിഞ്ഞ ഏപ്രിലിൽ പായിലെ ചെൽട്ടൻഹാമിൽ ഒരു ഡങ്കിൻ ഡ്രൈവ്-ത്രൂവിൽ കാത്തുനിൽക്കുമ്പോളാണ് റേച്ചൽ കിംഗ്(35) തൻ്റെ 11 വയസ്സുള്ള മകൻ്റെ മുന്നിൽ വെടിയേറ്റത്.

🔹ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്ഇബി. അത്യാവശ്യമില്ലാത്ത എല്ലാ വൈദ്യുത വിളക്കും ഉപകരണങ്ങളും ഒരു മണിക്കൂര്‍ ഓഫ് ചെയ്യാനാണ് നിര്‍ദ്ദേശം.
ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ ,സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു.

🔹കാ​സ​ർ​കോ​ട്ട് നിരോധിച്ച ആ​റു​കോ​ടി തൊ​ണ്ണൂ​റ്റി ആ​റ് ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ ഇ​ന്ത്യ​ന്‍ ക​റ​ന്‍സി സൂ​ക്ഷി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍പോ​യ ര​ണ്ടു​പേ​രെ ബ​ത്തേ​രി പൊ​ലീ​സ് അതിസാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. കാ​സ​ര്‍കോ​ട് സ്വ​ദേ​ശി​ക​ളാ​യ പെ​രി​യ സി.​എ​ച്ച്. ഹൗ​സി​ൽ അ​ബ്ദു​ൽ റ​സാ​ക്ക് (49), മ​വ്വ​ല്‍ പ​ര​ണ്ടാ​നം വീ​ട്ടി​ല്‍ സു​ലൈ​മാ​ന്‍ (52) എ​ന്നി​വ​രെ​യാ​ണ് ബ​ത്തേ​രി എ​സ്.​എ​ച്ച്.​ഒ ബൈ​ജു കെ. ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

🔹ഡെലവെയർ വിൽമിംഗ്ടണിലെ Tax ഓഫീസിലെ അക്രമാസക്തമായ കവർച്ചശ്രമം അന്വേഷിക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ നോർത്ത് മാർക്കറ്റിലെയും ഈസ്റ്റ് 22-ാം സ്ട്രീറ്റിലെയും tax ഓഫീസിലാണ് സംഭവം. രണ്ട് പേർ ഓഫീസിനുള്ളിൽ വെച്ച് ഒരാളെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറയുന്നു.

🔹അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാള്‍. അരവിന്ദ് കെജ്രിവാള്‍ ജീവിക്കുന്നത് തന്നെ രാജ്യത്തിനു വേണ്ടിയാണെന്നും അധികാരമുള്ളതിന്റെ അഹങ്കാരമാണ് മോദി കാണിക്കുന്നത് എന്നും മുന്‍ ഐ ആര്‍ എസ് ഓഫീസര്‍ കൂടിയായ സുനിത കെജ്രിവാള്‍ പറഞ്ഞു.

🔹കലയുടെ അളവ് കോല്‍ തൊലിയുടെ നിറഭേദമല്ലെന്നും ഭാവങ്ങളാണെന്നും മറിച്ച് ചിന്തിക്കുന്നത് വംശീയമാണെന്ന വിമര്‍ശനവുമായി രമേശ് ചെന്നിത്തല. കലാമണ്ഡലം സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ അനാവശ്യവിവാദം അവസാനിപ്പിക്കുന്നതാണ് ഉചിതമായ കാര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

🔹തൃശ്ശൂരിലെ പ്രശസ്തമായ ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞു. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേര്‍ക്ക് തിരിഞ്ഞ രവികൃഷ്ണന്‍ പാപ്പാന്‍ ശ്രീകുമാറിനെ മൂന്നു തവണ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാന്‍ അത്ഭുതകരമായി പരിക്കുകളോടെ രക്ഷപ്പെട്ടു. പിന്നീട് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അര്‍ജുനന്‍ എന്ന ആനയെ കുത്തി. ആനയിടഞ്ഞതോടെ ചിതറിയോടി നിരവധി പേര്‍ക്ക് പരിക്കേറ്റു.

🔹ഡി എം കെ നേതാവ് കെ പൊന്മുടി തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയാണ് പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സര്‍ക്കാരുമായി ഏറെക്കാലമായി അകന്നുനിന്നിരുന്ന ഗവര്‍ണര്‍ ഇന്ന് മുഖ്യമന്ത്രിയടക്കമുള്ളവരുമായി സൗഹൃദ സംഭാഷണവും നടത്തി.

🔹സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന റഷ്യന്‍, യുക്രൈന്‍ മേഖലകളിലേയ്ക്ക് തൊഴിലന്വേഷിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും നോര്‍ക്ക റൂട്ട്സ് അധികൃതരും അറിയിച്ചു. ഈ മേഖലകളിലേക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ച് പോയ ചിലര്‍ തട്ടിപ്പിനിരയായ പശ്ചാത്തലത്തിലാണ് അറിയിപ്പ്.

🔹വോട്ട് ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തം തന്നെയാണെങ്കിലും ഇക്കാര്യത്തില്‍ ആര്‍ക്കും നിര്‍ബന്ധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. പോളിംഗ് ദിവസത്തെ അവധി എടുക്കുന്നവര്‍ വോട്ടിംഗ് സ്ലിപ് ഹാജരാക്കുന്നത് നിര്‍ബന്ധം ആക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി ഈ നീരീക്ഷണം നടത്തിയത്.

🔹ചെലവ് ചുരുക്കലിന്റെ ഭാഗമായി എജ്യൂടെക് കമ്പനിയായ ബൈജൂസിന്റെ രാജ്യത്തുടനീളമുള്ള 300 സെന്ററുകളില്‍ പകുതിയില്‍ അധികം അടച്ചുപൂട്ടാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. അടുത്ത മാസം മുതലാണ് ട്യൂഷന്‍ സെന്ററുകള്‍ അടയ്ക്കാന്‍ ബൈജൂസ് പദ്ധതിയിടുന്നത്.

🔹എയര്‍ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍. പൈലറ്റുമാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും കൃത്യമായ വിശ്രമം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പിഴ. ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ്, ഫ്ലൈറ്റ് ക്രൂവിന്റെ ഫാറ്റിഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് പിഴ ചുമത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

🔹ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആറ് വിക്കറ്റിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി. 15 പന്തില്‍ 37 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയാണ് ചെന്നൈക്ക് മികച്ച തുടക്കം സമ്മാനിച്ചത്. നാലോവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ 4 വിക്കറ്റെടുത്ത ബംഗ്ലാദേശുകാരനായ മുസ്റ്റാഫിസുര്‍ റഹ്‌മാനാണ് കളിയിലെ താരം.

🔹യാത്രയ്ക്കായി ഓണ്‍ലൈന്‍ മുഖാന്തരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ നിരവധിയാണ്. പലപ്പോഴും തിരക്കുള്ള ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ഇടം നേടേണ്ടി വരും. കൂടാതെ, വെയിറ്റിംഗ് ലിസ്റ്റിലുളള ടിക്കറ്റ് കാന്‍സല്‍ ചെയ്യുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുകയുമില്ല. ഇതുവഴി ഉയര്‍ന്ന വരുമാനമാണ് റെയില്‍വേ ലഭിക്കുന്നത്. ഇപ്പോഴിതാ റദ്ദ് ചെയ്ത വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റില്‍ നിന്നും ലഭിച്ച വരുമാന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. 2021 മുതല്‍ 2024 ജനുവരി വരെയുള്ള കാലയളവില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളില്‍ നിന്നും 1230 കോടി രൂപയാണ് വരുമാനമായി ലഭിച്ചിരിക്കുന്നത്. വിവരാകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്. 2021-ല്‍ മാത്രം 2.53 കോടി വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകളാണ് യാത്രക്കാര്‍ റദ്ദ് ചെയ്തിട്ടുള്ളത്. ഇതുവഴി റെയില്‍വേയ്ക്ക് ലഭിച്ച വരുമാനം 242.68 കോടി രൂപയാണ്. 2022-ല്‍ 4.6 കോടി വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതിലൂടെ 439.16 കോടി രൂപയുടെ വരുമാനവും നേടി. 2023-ല്‍ 5.26 കോടി ടിക്കറ്റുകളാണ് റദ്ദാക്കിയത്. 505 കോടി രൂപ ഇതിലൂടെയും നേടി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിരക്കിളവ് റെയില്‍വേ റദ്ദാക്കിയിരുന്നു. ഇതുവഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം അധിക വരുമാനമായി ലഭിച്ചത് 2,242 കോടി രൂപയാണ്.

🔹കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂര മർദനം. പേഴുംകവല സ്വദേശി സുനിൽകുമാറിനെയാണ് അതിദാരുണമായി മർദിച്ചത്. സ്ഥല തർക്കത്തിന്റെ പേരിലാണ് അയൽവാസികൾ മർദിച്ചത്. ആക്രമണം നടത്തിയ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയിൽ കട്ടപ്പന ഇരട്ടയാർ റോഡിലാണ് സംഭവം.
ഭാര്യയ്ക്കും മകൾക്കുമൊപ്പം ഓട്ടോയിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം നടന്നത്. കട്ടപ്പന സ്വദേശികളായ സാബു, സുരേഷ്, ബാബു, എന്നിവർ സുനിൽകുമാറിനെ വഴിയിൽ തടഞ്ഞു നിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. സുനിൽകുമാറിനെ റോഡിലേക്ക് തള്ളിയിട്ട ശേഷം വടി ഉപയോഗിച്ചായിരുന്നു മർദ്ദനം.
മർദനം തടയാൻ ശ്രമിച്ച ആളുകളെയും ആക്രമി സംഘം വിരട്ടിയോടിച്ചു. പ്രതികളായ മൂന്ന് പേരെയും കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.

🔹ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമയ്ക്ക് തിരിച്ചടി.1010000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.കണ്ണൂർ സബ് കോടതിയാണ് വിധി പറഞ്ഞത്.സ്വപ്ന സുരേഷുമായി ബന്ധപ്പെടുത്തിയായിരുന്നു വാർത്ത വന്നത്. കോവിഡ് കാലത്ത് ആണ് അപകീർത്തികരമായ വാർത്ത മനോരമ പ്രസിദ്ധീകരിച്ചത്

🔹25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീതജ്ഞന്‍ എആര്‍ റഹ്‌മാനുമായി ഒന്നിക്കാന്‍ പ്രഭുദേവ. ഇരുവരുടേയം ഇനീഷ്യല്‍സ് ചേര്‍ത്തുവെച്ച് എആര്‍ആര്‍പിഡി 6 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നു. പാട്ടുപാടുന്ന റഹ്‌മാന്റേയും ഡാന്‍സ് ചെയ്യുന്ന പ്രഭുദേവയുടേയും രൂപങ്ങളോടെയാണ് പോസ്റ്റര്‍. മനോജ് എന്‍എസ് കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ എആര്‍ റഹ്‌മാന്‍ തന്നെയാണ് സംഗീതം ഒരുക്കുന്നത്. പ്രഭുദേവയ്‌ക്കൊപ്പം യോഗി ബാബുവും ത്തില്‍ മലയാളം താരങ്ങളായ അജു വര്‍ഗീസും അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും. പ്രഭുദേവ- എആര്‍ റഹ്‌മാന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. 1994ല്‍ റിലീസ് ചെയ്ത കാതലനിലെ മുഖാബുല, ഉര്‍വശി, പെട്ട റാപ് ഗാനങ്ങളും ജെന്റില്‍മനിലെ ചിക്കു ബുക്ക് റെയ്‌ലെ എന്നീ ഗാനങ്ങള്‍ക്ക് ഇപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്നത് ആരാധകരേയും ആവേശത്തിലാക്കുകയാണ്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments