“ഇന്നെന്താ മാഷെ രാവിലേതന്നെ വീടിൻ്റെ ചുറ്റുമതിൽ കഴുകുവാനുള്ള പുറപ്പാടിലാണോ ?”
“മതില് കഴുകാനുള്ള ആഗ്രഹമൊന്നുമുണ്ടായിട്ടല്ല ലേഖേ , പക്ഷെ, കഴുകേണ്ടിവരുന്നതാണ് ”
” അതെന്താ മാഷേ ? മാഷിൻ്റെ സംസാരത്തിൽത്തന്നെ ഒരു ഇഷ്ടക്കേടുണ്ടല്ലോ ?”
” പിന്നല്ലാതെ ഞാനെന്ത് പറയണം. ഇല്ലാത്ത കാശുണ്ടാക്കിയാണ് രണ്ട് മൂന്ന് വർഷം കുടുമ്പോഴെങ്കിലും ചുറ്റുമതിലും ഗെയ്റ്റുമൊക്കെ ഒന്ന് പെയ്ൻ്റടിക്കുന്നത്. അപ്പോഴേക്കും തെരെഞ്ഞെടുപ്പിങ്ങെത്തും. പിന്നത്തെ കാര്യം പറയണ്ടല്ലോ, മതിലിൽ മുഴുവൻ സ്ഥാനാർത്ഥിമാരെക്കൊണ്ടങ്ങ് നിറയും.”
” പോസ്റ്റർ ഒട്ടിക്കാൻ വരുന്നവരോട് ഇവിടെ ഒട്ടിക്കരുതെന്ന് മാഷിന് പറയരുതോ ”
“ങ്ങഹാ, നല്ല കഥയായി. ഞാൻ പഠിപ്പിച്ച വിരുതൻന്മാരാണ് എല്ലാ പാർട്ടിയിലുമുള്ളത്. അതുകൊണ്ടുതന്നെ എല്ലാവർക്കും മാഷിൻ്റെ മതിലിൽ പോസ്റ്റർ ഒട്ടിക്കാൻ അവകാശമുണ്ടെന്നാണ് അവരുടെ പൊതുവായ അവകാശ വാദം. ”
“മാഷ് അവരുടെ നേതാക്കൻന്മാരോട് കാര്യം പറയ് എന്തെങ്കിലും പരിഹാരം ഉണ്ടാകും ”
“ആ ബെസ്റ്റ്, മുൻപൊരിക്കൽ ഇതുപോലെ പരാതി പറയാൻ ചെന്നിട്ടാണ് അവരുടെ തെരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്ലോരുതുക സംഭാവനയായി കൊടുക്കേണ്ടി വന്നത്. ”
“എന്നിട്ട്, പ്രയോജനം വല്ലതുമുണ്ടായോ മാഷേ ?”
“എന്ത് പ്രയോജനം? പോസ്റ്ററുകളുടെ എണ്ണം പതിവിലും കൂടീ . അല്ലാതെന്ത്?”
“അപ്പോ….. ഇനി, തെരെഞ്ഞെടുപ്പ് കഴിയുന്നതുവരെ മാഷിന് നല്ലൊരു പണിയായെന്ന് ചുരക്കം. ”
“അതിൽ സംശയമൊന്നുമില്ല . രാത്രിയുടെ മറവിൽ മതിലിൻ ഒട്ടിച്ചു വെയ്ക്കുന്ന പോസ്റ്ററുകൾ ഞാൻ പകലിൻ്റെ വെളിച്ചത്തിൽ നീക്കം ചെയ്യുന്നു. അതാണിപ്പോൾ ലേഖ കണ്ടുകൊണ്ടിരിക്കുന്ന കലാപരിപാടി”
“എന്തായാലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽപ്പിന്നെ ഈ ഉപദ്രവം കഴിയുമല്ലോ മഷേ ?”
” അതും വെറും തോന്നലാണ് ലേഖേ, തെരെഞ്ഞെടുപ്പ്കാലത്ത് ഉച്ചഭാഷിണി വെച്ചും പോസ്റ്റർ പതിച്ചും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർ തന്നെയാണ് ഇനിവരുന്ന അഞ്ചു വർഷം നമ്മുടെ നാട് ഭരിക്കേണ്ടത്. അന്നേരം അവരുടെ മുഖങ്ങളിൽ തെരെഞ്ഞെടുപ്പ് പോസ്റ്ററിലെ ശാന്തമായ പുഞ്ചിരി ഉണ്ടാകാറില്ല. പ്രവർത്തനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രസംഗത്തിൻ പറഞ്ഞിരുന്ന വാഗ്ദാനങ്ങളും ഉണ്ടാവില്ല. അതാണ് സത്യം.”