(സെന്റ്.മേരീസ് പള്ളി, കുടവെച്ചൂർ)
എറണാകുളം-അങ്കമാലി രൂപതയുടെ തെക്കേ അറ്റത്തായി തണ്ണീർമുക്കം-വെച്ചൂർ ബണ്ടിനും,ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയ കുമരകത്തിനും സമീപമായി ഈ ദേവാലയം സ്ഥിതി ചെയ്യുന്നു
🌻കുടവെച്ചൂർ ഗ്രാമം
വേമ്പനാട്ടുകായലും കടന്നുവരുന്ന മന്ദമാരുതന്‍റെ തലോടലും, ഇടതുര്‍ന്നുനില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളുടെ സമൃദ്ധിയും, കനകം വിളയുന്ന നെല്‍പ്പാടങ്ങളുടെ സൗന്ദര്യവും നിറഞ്ഞ വശ്യമനോഹരമായ ഗ്രാമമാണ് കുടവെച്ചൂർ.എറണാകുളം-അങ്കമാലി അതിരൂപതയുടെ തെക്കേ അറ്റത്തായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം കുടുതലും കൃഷിയിടങ്ങളായിരുന്നതിനാല്‍ കൃഷിയോടൊപ്പം പശുവളര്‍ത്താല്‍ ഒരു പ്രധാന തൊഴിലായിരുന്നു. അന്ന് ഇവിടെയുണ്ടായിരുന്ന സവിശേഷയിനം പശുക്കളാണ് പിന്നീട്, വെച്ചൂര്‍ പശുക്കള്‍, എന്ന പേരില്‍ ലോക പ്രശസ്തിയാര്‍ജ്ജിച്ചത്.
🌻പള്ളി ചരിത്രം
പള്ളിയുടെ ചരിത്രത്തെപ്പറ്റി ഇവിടെ സൂക്ഷിക്കപ്പെട്ടിട്ടുളള താളിയോലകളില്‍ നിന്നും നാളാഗമപുസ്തകത്തില്‍ നിന്നും നമുക്ക് അറിയുവാന്‍ സാധിക്കും. കുടവെച്ചൂര്‍ പള്ളിയില്‍ എഴുതി സൂക്ഷിച്ചിരിക്കുന്ന നാളാഗമപ്രകാരം പള്ളി സ്ഥാപിതമായത് ഏ.ഡി.1463-ല്‍(കൊല്ലവര്‍ഷം 639) ആണെന്ന് വിശ്വസിച്ചുവരുന്നു. കുടവെച്ചൂര്‍ ദേവാലയം സ്ഥാപിക്കുന്നതിന് മുന്പ് ഇന്നാട്ടിലെ ക്രിസ്ത്യാനികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റിപ്പോന്നിരുന്നത് പള്ളിപ്പുറം പള്ളി മുഖേനയായിരുന്നു. കുടവെച്ചൂര്‍ പള്ളി സ്ഥാപിക്കുമ്പോൾ ഇന്നത്തെ കൊതവറ, ഉല്ലല, ഇടയാഴം, അച്ചിനകം, കുമരകം, മണിയന്‍തുരുത്ത്. പെരുംതുരുത്ത്, കൊക്കോതമംഗലം, തണ്ണീര്‍മുക്കം, മുഹമ്മ, പാലൂത്തറ, തുടങ്ങിയ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ക്രൈസ്തവരെല്ലാവരും ഈ ഇടവകയില്‍ നിന്നാണ് ആത്മീയ ആവശ്യങ്ങള്‍ നടത്തിയിരുന്നത്. ഇന്നു കാണുന്ന ദേവാലയത്തിന്‍റെ പണി ആരംഭിച്ചത് 1864 – ല്‍ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ തറക്കല്ലിട്ടുകൊണ്ടാണ്. ഈ ദേവാലയം നാലാമത്തേതായി കരുതപ്പെടുന്നു.
വൈക്കത്തുനിന്നും 10 കിലോമീറ്റർ തെക്കുഭാഗത്തായി വേമ്പനാട്ട്കായലിന്റെ തീരത്ത്, കുടവെച്ചൂർ മുത്തിയുടെ ദേവാലയം സ്ഥിതി ചെയ്യുന്നു
🌻പള്ളി സ്ഥാപനം
എ.ഡി 1463ൽ ദൈവമാതാവായ വി.കന്യകാ മറിയത്തിന്റെ നാമത്തിൽ ഈ ദേവാലയം സ്ഥാപിതമായി.
1805ൽ വിശുദ്ധ ചാവറ അച്ചനെ ഈ പള്ളിയിലാണ് അടിമയിരുത്തിയത്.ഇപ്പോഴുള്ള ദേവാലയത്തിന്റെ ശിലാസ്ഥാപനം 1864ൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻ നിർവ്വഹിച്ചു.1909ൽ ആറ് നിലകളിലുള്ള മണിമാളിക നിർമ്മിച്ച്, ഫ്രാൻസിൽ നിന്ന് കൊണ്ടുവന്ന ശ്രുതിമധുരമായ മൂന്ന് മണികൾ സ്ഥാപിച്ചു.അഞ്ഞൂറ് വർഷം പഴക്കമുള്ളതാണ് അൾത്താരയിലെ തടിയിൽ തീർത്ത ചിത്രങ്ങളും ശില്പങ്ങളും.പേർഷ്യൻ വാസ്തുശില്പകലയിൽ തീർത്തതാണ് അൾത്താര. ദേവാലയത്തിന്റെ പ്രധാന അൾത്താരയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധ കന്യകമറിയത്തിന്റെ ചിത്രം അത്ഭുതകരമായി ചിത്രീകരിക്കപ്പെട്ടതായി വിശ്വസിച്ചുവരുന്നു.
🌻കന്യാമറിയത്തിന്റെ അത്ഭുതചിത്രം
ആ കാലഘട്ടത്തിലെ കേരളത്തിലെ ക്രിസ്ത്യാനികൾക്ക് വേണ്ടി അന്നത്തെ ഭരണാധികാരിയായിരുന്ന ആർച്‌ഡീക്കൺ പരിശുദ്ധ കന്യകമറിയത്തിന്റെ ഏഴ് ചിത്രങ്ങൾക്കായി പോർച്ചുഗീസുകാർക്കായി ഓർഡർ കൊടുത്തു.പോർച്ചുഗലിൽ നിന്നും കപ്പൽ പുറപ്പെടാൻ സമയമായപ്പോൾ അവയിൽ ആറെണ്ണം മാത്രമേ പൂർത്തിയായിരുന്നൊള്ളു.എങ്കിലും പശ്ചാത്തലം മാത്രം വരച്ച ഏഴാമത്തെ ചിത്രവും അതോടൊപ്പം കൊടുത്തുവിട്ടു.ഇവിടെ കൊണ്ടുവന്ന് പള്ളികൾക്ക് വിതരണം ചെയ്യാൻ നോക്കിയപ്പോൾ ഏഴും പൂർത്തീകരിച്ചതായി കണ്ടു അങ്ങനെ സ്വയം പൂർത്തീകരിക്കപ്പെട്ട ചിത്രമാണ് കുടവെച്ചൂർ പള്ളിയിലേതെന്ന് വിശ്വസിച്ചുപോരുന്നു.സുവിശേഷകന്മാരിൽ ഒരാളായ വി.ലൂക്കാവരച്ചത് ഇന്ന് റോമിലെ ‘ സാന്താമരിയ മജിയോരെ’ ബസ്സിലിക്കായുടെ ഉള്ളിലുള്ള ബോർശിസ്സ് ചാപ്പലിൽ സ്ഥാപിച്ചിട്ടുള്ളതുമായ കന്യകമറിയത്തിന്റെ ചിത്രത്തിന്റെ തനി പകർപ്പാണിത്.ഇതുപോലുള്ള ചിത്രങ്ങൾ കേരളത്തിലെ പുരാതന മരിയൻ തീർത്ഥാടനകന്ദ്രങ്ങളിൽ മാത്രം കാണാവുന്നതാണ്.
🌻കന്യാമറിയത്തിന്റെ ചിത്രത്തെ കുറിച്ചുള്ള ഐതിഹ്യങ്ങൾ
ടിപ്പു സുൽത്താന്റെ പടയോട്ടകാലത്ത് കുടവെച്ചൂർ പള്ളിയും അക്രമിക്കപ്പെടും എന്ന സൂചനയുടെ അടിസ്ഥാനത്തിൽ,പരിശുദ്ധ അമ്മയുടെ ചിത്രം അക്രമികളിൽ നിന്നും സംരക്ഷിക്കുന്നതിനായി കായൽമാർഗ്ഗം കൊച്ചി രാജ്യത്തുള്ള ഇടക്കൊച്ചി പള്ളിയിൽ താല്ക്കാലിക സൂക്ഷിപ്പിനായി ഏൽപ്പിച്ചു.അക്രമികൾ മടങ്ങിപ്പോയതിനുശേഷം അത്ഭുത ചിത്രം തിരികെ ചോദിച്ചപ്പോൾ ഇടക്കൊച്ചിക്കാർ ചിത്രം നൽകാൻ വിസമ്മതിച്ചു.അങ്ങനെ വഞ്ചിതരായ കൂടിവെച്ചൂരിലെ വിശ്വാസികളും ധീവര സമുദായത്തിൽപ്പെട്ട കായികബലമുള്ള ഏതാനും ചിലർ ചേർന്ന് ഓടി വള്ളങ്ങളിൽ ഇടക്കൊച്ചി പള്ളിയിൽ നിന്നും പരിശുദ്ധ അമ്മയുടെ ചിത്രം വീണ്ടെടുത്ത് കൊണ്ടുപോന്നു.ഇതറിഞ്ഞു പിന്നാലെ എത്തിയ ഇടക്കൊച്ചിക്കാർക്ക് വേമ്പനാട്ട് കായലിൽ വെച്ച് അപ്രതീക്ഷിതമായി ഉണ്ടായ കാറ്റും കോളും നിമിത്തം മടങ്ങിപോകേണ്ടി വരുകയും അതെ കാറ്റും കോളും കുടവെച്ചൂരിൽ നിന്നുള്ള വള്ളങ്ങളെ വേഗത്തിൽ പള്ളിക്കടവിൽ അടുക്കുവാൻ സഹായിക്കുകയും ചെയ്തു.ഇക്കാര്യങ്ങളിൽ സഹായിച്ച ധീവര സമുദായത്തിലെ പ്രമാണി അന്നുമുതൽ പള്ളിയിലെ പ്രധാന തിരുനാളിനുള്ള കൊടിക്കയർ നോമ്പുനോറ്റ് കൊടുത്തുകൊള്ളാമെന്ന് നേർച്ചനേരുകയും ചെയ്തു.തുടർന്ന് പള്ളിക്ക് സ്ഥിരമായ കൊടിമര സംവിധാനം ഉണ്ടാകുന്നതുവരെ പ്രസ്തുത അരയസമുദായ പ്രമാണിയുടെ അനന്തരവകാശികൾ ആഘോഷമായി കൊടിക്കയർ പള്ളിയിൽ എത്തിച്ചിരുന്നു.
മറ്റൊരു ഐതീഹ്യം പറയുന്നത് കുടവെച്ചൂർ പള്ളിയിലെ ചിത്രത്തിന്റെ പ്രത്യേകതയും അത്ഭുതസിദ്ധിയും അറിഞ്ഞു ഇടക്കൊച്ചിയിലെ ആളുകൾ ഒരുനാൾ പള്ളിയിൽ നിന്നും മാതാവിന്റെ അത്ഭുതചിത്രം മോഷ്ടിക്കുകയും അതുമായി കടന്നുകളയുകയും ചെയ്തു.ഉടൻ തന്നെ പള്ളിമണികൾ അത്ഭുതകരമായി മുഴങ്ങുകയും നാട്ടുകാർ ഓടിക്കൂടുകയും ചെയ്തു.ചിത്രം കൊണ്ടുപോയ അപഹർത്താക്കളെ നാട്ടുകാർ പിന്തുടർന്നു.കായലിൽവെച്ചുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ചിത്രം തിരികെ വാങ്ങുകയും ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നും പറയപ്പെടുന്നു.
🌻കുടവെച്ചൂർ പള്ളിയുടെ പ്രാധാന്യം
1599ൽ നടന്ന പ്രിസിദ്ധമായ ഉദയംപേരൂർ സുന്നഹദോസിൽ ദേവാലയത്തിൽ നിന്ന് പ്രധിനിധികൾ പങ്കുകൊണ്ടു.
1764 കലഘട്ടത്തിൽ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പൊലീത്തയായിരുന്ന മാർ ചാണ്ടി പറമ്പിലിന്റെ ആസ്ഥാനമായിരുന്നു ഈ ദേവാലയം.പിതാവ് ഈ പള്ളിമേടയിലാണ് താമസിച്ച് ശുശ്രൂഷ നിർവ്വഹിച്ചിരുന്നത്.
ഭക്തജനങ്ങള്‍ പരിശുദ്ധ അമ്മയെ ഭക്തിയാദരവോടെ വെച്ചൂര്‍ മുത്തി എന്നു വിളിച്ചുവരുന്നു. ദേവാലയത്തിന്‍റെ പ്രധാന അല്‍ത്താരയില്‍ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി പൂര്‍ത്തീകരിക്കപ്പെട്ടതാണെന്ന് വിശ്വസിച്ചുവരുന്നു. കൂടെ വച്ച് അത്ഭുതകരമായ വിധത്തില്‍ പൂര്‍ത്തിയായ ചിത്രം ലഭിച്ചുതുകൊണ്ട് ഈ പ്രദേശത്തിന് കുടവെച്ചൂര്‍ എന്ന പേരുണ്ടായത്
🌻കുടവെച്ചൂർ പള്ളി -ചരിത്രമുഹൂർത്തങ്ങൾ
1463 – പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയം സ്ഥാപിതമായി.
1599 – ഉദയം പേരൂർ സുനഹദോസിൽ ഈ ദേവാലയത്തിൽ നിന്നും പ്രധിനിധികൾ പങ്കെടുത്തു.
1601 – കുടവെച്ചൂർ പള്ളി കൊടുങ്ങല്ലൂർ രൂപതയുടെ ഭാഗമായി.
1806 – ചാവറയച്ചനെ ഈ ദേവാലയത്തില് മാതാവിന് അടിമയിരുത്തി.
1822 – ദർശന സമൂഹത്തിന്റെ ആരംഭം. ജൂലൈ 16, കർമ്മലമാതാവിന്റെ തിരുനാളിൽ നിന്നും സെപ്റ്റംബർ 8 മാതാവിന്റെ പിറവിതിരുനാൾ പ്രധാന തിരുനാളായി മാറ്റി.
1864 – ഇപ്പോഴുള്ള ദേവാലയത്തിന്റെ ശിലാസ്ഥാപനം. ചാവറകുര്യാക്കോസ് ഏലിയസച്ചൻ നിർവ്വഹിച്ചു.
1868 – ദേവാലയം കൂദാശചെയ്തു.
1896 – കുടവെച്ചൂർ പള്ളി ഏറണാകുളം രൂപതയുടെ ഭാഗമായി.
1963 – പള്ളിയുടെ 500-ാം വാര്ഷികം ആഘോഷിച്ചു.
1996 – മരിയൻ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു.
2005 – ദേവാലയത്തിന്റെ പുനരുദ്ധാരണം.
🌻പ്രധാന തിരുന്നാൾ
°പരി.കന്യകമറിയത്തിന്റെ പിറവി തിരുനാൾ സെപ്റ്റമ്പർ 8നും ഏട്ടാമിടം 15നും
ആഘോഷിക്കുന്നു.
മാതാവിന് അടിമവെയ്ക്കാനും, കൂടുതുറന്ന് കുർബാനയർപ്പിക്കുവാനും, കൊഴുക്കോട്ട നേർച്ച നടത്തുവാനും തിരുനാൾ ദിനങ്ങളിലെന്നപോലെ തന്നെ മറ്റു ദിവസങ്ങളിലും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിശ്വാസത്തിനും വർണ്ണത്തിനും, ഭാഷയ്ക്കും, കടലിനും അതീതമായി ദൈവമക്കൾ അമ്മയുടെ സന്നിധിയിലേക്ക് എത്തുന്നു.
പള്ളിയിൽനിന്നും കായലോരത്തെ കുരിശടിയിലേക്കാണ് പ്രദക്ഷിണം പുറപ്പെടുക. വിവിധ സെറ്റ് വാദ്യമേളങ്ങളും പൊൻ, വെള്ളി കുരിശുകളും മുത്തുകുടകളും മറ്റ് അലങ്കാരങ്ങളും പ്രദക്ഷണത്തിന് പ്രൗഢഭംഗി പകരുന്നു നേർച്ചകാഴ്ചകൾ അർപ്പിക്കുവാൻ എത്തുന്ന തീർഥാടകർക്ക് പ്രത്യേക സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പ്രദക്ഷിണത്തിനുമുമ്പായി കുർബാന ഉണ്ടാകും
എക്കാലത്തും മതസൗഹാര്‍ദ്ദത്തിന് ഊന്നല്‍ നല്‍കിയിട്ടുളള ഈ ദേവാലയം നാനാജാതി മതസ്ഥരുടെ ആശ്വാസകേന്ദ്രമായി ഇന്ന് നിലകൊള്ളുന്നു.അപേക്ഷിച്ചാൽ ഒരിക്കലും ഉപേക്ഷിക്കാത്ത പരിശുദ്ധയമ്മയുടെ സംരക്ഷണത്തിന് നമ്മെ സമർപ്പിക്കാം. അമ്മ നമുക്ക് എന്നും മധ്യസ്ഥയായിരിക്കട്ടെ