Thursday, November 21, 2024
Homeഅമേരിക്കലോക സാമൂഹിക നീതിദിനം .... ✍️അഫ്സൽ ബഷീർ തൃക്കോമല

ലോക സാമൂഹിക നീതിദിനം …. ✍️അഫ്സൽ ബഷീർ തൃക്കോമല

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ 2007 നവംബര്‍ 26 നു 62-ാമത് സെഷനില്‍ ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനമായി പ്രഖ്യാപിച്ചു. 2009 മുതൽ ഈ ദിനം ആചരിച്ചു തുടങ്ങി. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) 2008 ജൂണ്‍ 10-ന് സാമൂഹികനീതിയെക്കുറിച്ചുള്ള പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചു. 1919 ഭരണഘടനയ്ക്ക് ശേഷം അന്താരാഷ്ട്ര ലേബര്‍ കോണ്‍ഫറന്‍സ് സ്വീകരിച്ച തത്വങ്ങളുടെയും നയങ്ങളുടെയും മൂന്നാമത്തെ പ്രധാന പ്രസ്താവനയാണിത്.

2022-ലെ ലോക സാമൂഹ്യനീതി ദിനത്തിന്റെ പ്രമേയം ‘ഔപചാരിക തൊഴിലിലൂടെ സാമൂഹ്യനീതി കൈവരിക്കുക’ എന്നതായിരുന്നെങ്കിൽ , 2023 ൽ അത് ‘തടസ്സങ്ങളെ മറികടക്കുക, സാമൂഹ്യനീതിക്ക് അവസരങ്ങള്‍ അഴിച്ചുവിടുക’ എന്നതായിരുന്നു എന്നാൽ 2024-ലെ ലോക സാമൂഹ്യനീതി ദിനത്തിന്റെ പ്രമേയം “വിടവുകൾ നികത്തൽ, സഖ്യങ്ങൾ കെട്ടിപ്പടുക്കൽ”എന്നതാണ് .ലോകത്തിൻ്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സഹകരണത്തിൻ്റെയും പങ്കാളിത്തത്തിൻ്റെയും പ്രാധാന്യം എടുത്തു പറയുന്നതിനാണ് ഐക്യരാഷ്ട്രസഭ ഈ വര്ഷം ഈ വിഷയം തിരഞ്ഞെടുത്തത്.

സമൂഹത്തിലെ അധസ്ഥിത വർഗ്ഗത്തിന്റെയും ന്യൂന പക്ഷങ്ങളുടെയും ഉൾപ്പടെ സാമൂഹിക അനീതിക്കെതിരെ ശബ്ദമുയര്‍ത്തുകയും ,ദാരിദ്ര്യം, ലിംഗഭേദം, ശാരീരിക വിവേചനം, നിരക്ഷരത, മതപരമായ വിവേചനം… അങ്ങനെ നീളുന്ന സാമൂഹിക അനീതികൾക്കെതിരെ പ്രതികരിക്കേണ്ടത് ഓരോ വ്യക്തിയുടെയും സാമൂഹിക ബാധ്യതയാണ് .മാത്രമല്ല ഇന്ത്യ പോലെയുള്ള ബഹുസ്വര ജനാധിപത്യ രാജ്യത്ത് അങ്ങനെ ഒരു സാമൂഹിക അനീതിയും നടക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ ഭരണകൂടങ്ങൾക്കു ബാധ്യതയുമുണ്ട് .നിർഭാഗ്യവശാൽ ഭരണകൂട ഒത്താശയോടെ ഇത്തരം അനീതികൾ നമ്മുടെ രാജ്യത്തു വ്യാപകമാകുന്നത് രാജ്യത്തു അരാജകത്വവും അരക്ഷിതാവസ്ഥയും സാമൂഹികാതിക്രമങ്ങളും വർധിച്ചു വരുന്നതിനു കാരണമാകും, മാത്രമോ അന്താരാഷ്‌ട്ര തലത്തിൽ തലകുനിക്കേണ്ടി വരുന്നു എന്നത് ഏറെ ലജ്ജാകരമാണ് . ലോകമെമ്പാടും ഇത്തരം ദുഷ് പ്രവണത നാൾക്കുനാൾ വർധിച്ചു വരുന്നു എന്നത് കൊണ്ട് തന്നെയും അന്താരാഷ്ട്ര സമൂഹത്തില്‍ ഒന്നാകെ അസമത്വം നിലനിൽക്കുന്ന വർത്തമാന കാല സാഹചര്യങ്ങളിൽ അത് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഈ ദിനം ആചരിക്കുന്നതിലൂടെ മുന്നോട്ടു വെക്കുന്നത് .ഐക്യരാഷ്ട്രസഭയും അതിന്‍റെ വിവിധ സംഘടനകളും ഇതിനായി നടത്തുന്ന പരിശ്രമങ്ങള്‍ ചെറുതല്ല. സമത്വം പ്രചരിപ്പിക്കുന്നതിനൊപ്പം അനീതിയും വിവേചനവും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നിരവധി പരിപാടികളാണ് ഐക്യരാഷ്ട്രസഭ വിവിധ രാജ്യങ്ങളിൽ നടപ്പാക്കി വരുന്നത്.

കേരളത്തിൽ ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കി സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ഓരോരുത്തർക്കും സാമൂഹിക നീതി എന്ന ബ്രിഹത് ലക്ഷ്യത്തോടെ 1975 സെപ്റ്റംബര്‍ 9 മുതൽ സാമൂഹ്യനീതി വകുപ്പ് തന്നെ പ്രവര്‍ത്തനമാരംഭിച്ചത് ലോകത്തിനു തന്നെ മാതൃകയാണ് .വയോജനങ്ങള്‍, അംഗപരിമിതര്‍ , സമൂഹം മാറ്റി നിർത്തപ്പെട്ട വ്യക്തികള്‍, മുന്‍തടവുകാര്‍, തടവുകാര്‍,അഗതികള്‍, അനാഥര്‍ , അവഗണന അനുഭവിക്കുന്ന കുട്ടികള്‍ , സാമൂഹികമായി വേര്‍തിരിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കുവേണ്ടി ക്ഷേമപ്രവര്‍ത്തനങ്ങളും സേവനങ്ങളും സർക്കാർ സംവിധാനത്തിൽ ഈ വകുപ്പിനുകീഴില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട് .

“രാഷ്ട്രീയ, പാരിസ്ഥിതിക, സാമ്പത്തിക, അനിശ്ചിതത്വങ്ങളുടെ അഭൂതപൂർവ്വമായ ചൂഷണത്തിന് കാരണമായ ഒരു പ്രതിസന്ധിയേറിയ ലോകത്തിൽ എവിടെ ജീവിക്കുന്നവരാണെങ്കിലും സാമൂഹ്യ സുരക്ഷിതത്വം ഒരു മനുഷ്യാവകാശമാണ്”എന്ന ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ നിരീക്ഷണം
ഏറെ പ്രസക്തമാണ്.

ഏവർക്കും ലോക സാമൂഹിക നീതി ദിനാശംസകൾ ….

അഫ്സൽ ബഷീർ തൃക്കോമല✍

RELATED ARTICLES

Most Popular

Recent Comments