ഇത്രത്തോളം സഹായിച്ച ദൈവം (1 ശമു. 7:6-13)
“പിന്നെ ശമുവേൽ ഒരു കല്ലെടുത്ത് മിസ്പെക്കും ശേനിനും മദ്ധ്യെ നാട്ടി: ഇത്രത്തോളം യഹോവ സഹായിച്ചു എന്നു പറഞ്ഞ്, അതിന് ഏബൻ -ഏസെർ എന്നു പേരിട്ടു” (വാ.12).
എബൻ – ഏസെർ : “ഇത്രത്തോളം യഹോവ സഹായിച്ചു”. കഴിഞ്ഞ വർഷത്തെ
ജീവിതത്തെ ആകെയൊന്ന് അവലോകനം ചെയ്യുമ്പോൾ നമുക്കും പറയാൻ ആകുന്നത്: ധ്യാന ഭാഗത്ത് ശമുവേൽ പ്രവാചകനും യിസ്രയേൽ മക്കളും തങ്ങളുടെ പ്രയാണ വഴിയിൽ ഏറ്റു പറഞ്ഞ അതേ സാക്ഷ്യ വാചകം തന്നെ.
മുങ്ങി പോകും എന്നു തോന്നിയ സന്ദർഭങ്ങളിൽ, മറ്റാരും സഹായിക്കുവാൻ ഇല്ല എന്നു തോന്നിയ നിമിഷങ്ങളിൽ, നമ്മെ കരുതുവാനായി ഒടി എത്തിയ ദൈവത്തെ നമുക്കു നന്ദിയോടെ സമരിക്കാം? പിന്നിലേക്കു തിരിഞ്ഞു നോക്കി, ആനന്ദ അശ്രൂക്കളോടെ, സ്തുതി സ്ത്രോത്രങ്ങൾ അർപ്പിച്ചുകൊണ്ട്: “ഇത്രത്തോളം
യഹോവ സഹായിച്ചു; ഇത്രത്തോളം ദൈവം നടത്തി” എന്നു പറയുവാനോ, പാടുവാനോ അല്ലാതെ നമുക്കു എന്താണ് ചെയ്യുവാൻ ആകുക?
തെറ്റു ചെയ്ത യിസ്രയേൽ ജനം, അനുതാപത്തോടും പശ്ചാത്താപത്തോടും ആണ് മിസ്പയിൽ ഒന്നിച്ചു കൂടിയതും (വാ. 6) ഉപവസിച്ചതും. “ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു” എന്ന് അവർ ഏറ്റു പറഞ്ഞു (വാ. 6). യുദ്ധത്തിനായി
അവരോട് അടുത്തിരുന്ന ഫെലിസ്ത്യരുടെ കൈയ്യിൽ നിന്നും അവരെ രക്ഷിക്കുന്നതിനായി, ശമുവേൽ അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും, യഹോവ അവർക്ക് അത്ഭുതകരമായ വിടുതൽ നൽകുകയും ചെയ്തു (വാ.10). അതിന്റെ നന്ദിസൂചകം ആയിട്ടാണ്, ശമുവേൽ ഒരു കല്ലെടുത്ത് മിസ് പെയ്ക്കും ശേനിനും മദ്ധ്യെ നാട്ടി, “ഇത്രത്തോളം യഹോവ സഹായിച്ചു” എന്നു പറഞ്ഞ് അതിനു “ഏബെൻ – ഏസെർ” എന്നു പേരിട്ടത്.
ഈ വർഷാവസാനം നമുക്കും അങ്ങനെ ദൈവസന്നിധിയിൽ, നന്ദിയുടെയും സ്തോത്രത്തിന്റെയും പ്രതിജ്ഞയുടെയും പ്രതിഷ്ഠയുടെയും കല്ലുകൾ നാട്ടി, ദൈവത്തെ സ്തുതിച്ചു കൊണ്ട്, ദൈവത്തോടൊപ്പം, പുതു വർഷത്തിലേക്കു പ്രവേശിക്കാം? യിസ്രായേലിനെ മണലാരണ്യത്തിലൂടെ നടത്തി, കനാനിൽ എത്തിച്ചവൻ, നമ്മെയും തുടർന്നു വഴി നടത്തുവാനും, സ്വർഗ്ഗീയ കനാനിൽ എത്തിക്കുവാനും, മതിയായവൻ ആണെന്ന പൂർണ്ണ വിശ്വാസത്തോടെ, ദൈവത്തോടൊപ്പം നമ്മുടെ യാത്ര തുടരാം? ദൈവം കൂടെ ഇരിക്കുകയും, പ്രത്യാശയോടും പ്രതീക്ഷയോടും പുതു വർഷത്തിലേക്കു പ്രവേശിക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യട്ടെ? എല്ലാ മാന്യ വായനക്കാർക്കും സന്തുഷ്ടവും ഐശ്വര്യ പൂർണ്ണവുമായ പുതു വർഷം ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ?
ചിന്തയ്ക്ക്: ദൈവം ഇന്നും എന്നേക്കും നമ്മുടെ ദൈവം; അന്ത്യം വരെ നടത്തുവാൻ വിശ്വസ്തൻ തന്നെ.
പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍