🔹പുല്‍പ്പള്ളിയിലെ ഗതാഗത നിയന്ത്രണം പാലിക്കാതെ തര്‍ക്കിച്ചതിനു പോലീസ് കസ്റ്റഡിയിലെടുത്ത് കാല്‍ തല്ലിയൊടിച്ച സൈനികനെ കണ്ണൂര്‍ സൈനിക ആശുപത്രിയിലേക്കു മാറ്റി. പുല്‍പള്ളി വടാനക്കാവല സ്വദേശി പഴയംപ്ലാത്ത് അജിത്തിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മേജര്‍ മനു അശോകിന്റെ നേതൃത്വത്തില്‍ മുപ്പതോളം പട്ടാളക്കാര്‍ എത്തി സൈനിക ആശുപത്രിയിലേക്കു മാറ്റിയത്.
🔹ശബരിമല സന്നിധാനത്ത് ഫ്ളൈ ഓവറില്‍നിന്ന് ശ്രീകോവിലിനു മുന്നിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരി തകര്‍ന്നു. തീര്‍ടത്ഥാടകരുടെ തിരക്ക് മൂലമാണ് കൈവരി തകര്‍ന്നത്. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നു.
🔹നാലു വയസുള്ള സ്വന്തം മകനെ കൊന്നു പെട്ടിയിലാക്കിയ മൃതദേഹവുമായി ഗോവയില്‍നിന്നു കാറില്‍ ബാംഗ്ലൂരി ലേക്കു പോകുന്നതിനിടെ യുവതി അറസ്റ്റിലായി. ബാംഗ്ലൂരിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒയായ 39 വയസുകാരി സുചാന സേഥാണ് അറസ്റ്റിലായത്. ഗോവയിലെ ഹോട്ടല്‍ മുറി ശുചീകരിച്ച ജീവനക്കാര്‍ രക്തക്കറ കണ്ടതോടെ പോലീസില്‍ വിവരം അറിയിച്ചിരുന്നു.
🔹തമിഴ്നാട്ടില്‍ ദുരഭിമാനക്കൊല. തഞ്ചാവൂര്‍ സ്വദേശി ദളിത് യുവാവായ നവീനിനെ വിവാഹം ചെയ്ത 19 കാരി ഐശ്വര്യയെ ചുട്ടുകൊന്ന കേസിൽ അച്ഛന്‍ പെരുമാളിനേയും നാലു ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
🔹വിരിപ്പൂ കൃഷി കഴിഞ്ഞ് മാസങ്ങളായിട്ടും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കിട്ടാതെ കര്‍ഷകര്‍ ദുരിതത്തില്‍. പത്താം തിയ്യതി കോട്ടയം സപ്ലൈകോ ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്നു കര്‍ഷകര്‍.
🔹അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി. കാര്‍ ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു.സംഭവത്തെത്തുടര്‍ന്ന് ഡൗണ്‍ ടൗണ്‍ വാഷിംഗ്ടണ്‍ ഡിസി ഏരിയയിലെ വൈറ്റ് ഹൗസിന് സമീപമുള്ള റോഡുകള്‍ അടച്ചു. സംഭവസമയത്ത് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥലത്തുണ്ടായിരുന്നില്ല.
🔹വാടക ഗര്‍ഭധാരണം നിരോധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെതിരാണ് വാടക ഗര്‍ഭധാരണം. വാടക ഗര്‍ഭധാരണം ആഗോളതലത്തില്‍ നിരോധിക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.
🔹യുവനായകന്‍ ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ കമല്‍ ഒരുക്കുന്ന ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 19 ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.
🔹ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം തമിഴ് പിന്നണി ഗായകന്‍ പി.കെ. വീരമണി ദാസന്. ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് 15 നു രാവിലെ എട്ടിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍v സമ്മാനിക്കും.
🔹സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയ കണ്ണൂര്‍ ജില്ലയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിനന്ദിച്ചു.
🔹കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം പുഷ്പയെ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ബെള്ളൂരില്‍ ഒരു ക്വാര്‍ട്ടേഴ്സിനടുത്താണ് മൃതദേഹം കണ്ടത്. ഹൃദയസ്തംഭനം മൂലമാണു മരണമെന്നാണു നിഗമനം.
🔹തമിഴ്നാട് സര്‍ക്കാര്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ ആഗോള നിക്ഷേപ സംഗമത്തിലൂടെ തമിഴ്നാടിനു ലഭിച്ചത് ഏഴ് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം. ആഗോളതലത്തിലെയും രാജ്യത്തെയും വന്‍കിട കമ്പനികള്‍ അമ്പരപ്പിക്കുന്ന നിക്ഷേപമാണ് രണ്ട് ദിവസങ്ങളിലായി തമിഴ് നാട്ടില്‍ പ്രഖ്യാപിച്ചത്. ആഗോള നിക്ഷേപ സംഗമം വമ്പന്‍ വിജയമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.
തയ്യാറാക്കിയത്: കപിൽ ശങ്കർ