അവൻ രക്ഷപെടാൻ തീരുമാനിച്ചാൽ ഇല്ലാതാക്കുക അസാധ്യം
അവൻ ലക്ഷ്യം നേടാൻ തീരുമാനിച്ചാൽ തടയുക അസാധ്യം
റെക്സ് റോയിയുടെ പുതിയ നോവൽ ആരംഭിക്കുന്നു
” അസാധ്യം”
അധ്യായം 1 – പടയൊരുക്കം
“ഒരാൾ ഷാർപ്പ് ഷൂട്ടറാണ്. ഒന്നാന്തരം സ്നൈപ്പർ. രണ്ടാമത്തവൻ മിക്സഡ് മാർഷൽ ആർട്സ് വിദഗ്ധൻ. മൂന്നാമത്തവൻ സ്ഫോടന വിദഗ്ധൻ. ഏതുതരം ബോംബും നിർമ്മിക്കും. നാലാമത്തെവൻ ഒരു റിട്ടയേർഡ് എൻകൗണ്ടർ സ്പെഷലിസ്റ്റ്.” സ്ക്രീനിൽ തെളിഞ്ഞ ഓരോരുത്തരുടെയും ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് നന്ദൻ അഭിമാനത്തോടെ പരിചയപ്പെടുത്തി.
കുമരകത്തെ റീജൻസി ഹോട്ടലിലെ ഒരു സ്വീറ്റ് റൂമിലെ ലോഞ്ചിലായിരുന്നു നന്ദനുമായുള്ള കൂടിക്കാഴ്ച ഒരുക്കിയിരുന്നത്. ലോഞ്ചിലെ 120 ഇഞ്ച് സ്മാട്ട് ടി വി യിൽ നന്ദൻ ആ നാല് പേരുടെ ഫോട്ടോ ഒന്നൊന്നായി പ്രദർശിപ്പിച്ചു.
ത്രീ പീസ് സ്യൂട്ട് ധരിച്ച് രാജകീയമായ സോഫയിൽ നിരന്നിരുന്ന ആ അഞ്ചു പേരും പരസ്പരം ഒന്നു നോക്കി. രാജ്യത്തെ ഏറ്റവും പ്രമുഖമായ അഞ്ചു ഫാർമസ്യൂട്ടിക്കൽ കമ്പിനികളുടെ തലവന്മാരായിരുന്നു അവർ.
” നമ്മൾ പാക്കിസ്ഥാനുമായി യുദ്ധത്തിനു പോകുകയൊന്നുമല്ലല്ലോ?” അതിലൊരാൾ ചോദിച്ചു,
” അവൻ അതിവിദഗ്ധനാണ്. അങ്ങനെയൊന്നും ഒതുക്കാൻ പറ്റില്ല.” മറ്റൊരാൾ പറഞ്ഞു.
” എന്നാലും ഇത്രയും പേരെയൊക്കെ കൂട്ടി ചെല്ലാൻ മാത്രം ഭയങ്കരനാണോ അവൻ?” ആദ്യത്തെ ആൾ ചോദിച്ചു.
രണ്ടാമത്തെ ആളുടെ ചുണ്ടിൽ ഒരു പരിഹാസ ചിരി വിടർന്നു. “താങ്കൾ പലവട്ടം ശ്രമിച്ചതല്ലേ ? എന്നിട്ട് എന്തായി ?”
” എന്നാലും ഇത് അല്പം ഓവർ അല്ലേ ?” ആദ്യത്തെയാൾ ചോദിച്ചു.
കൂടെയിരുന്ന മറ്റു മൂന്നുപേരും അത് ശരിയല്ലേ എന്ന മട്ടിൽ രണ്ടാമത്തെ ആളെ നോക്കി.
” ഇനി ഒരു ചാൻസ് കൊടുക്കാനൊക്കില്ല. വീ ഹാവ് റീച്ഡ് അവർ ലിമിറ്റ്സ്സ്.” രണ്ടാമത്തെ ആള് പറഞ്ഞു.
മറ്റു മൂന്നു പേരും അതും ശരിയാണല്ലോ എന്ന മട്ടിൽ നോക്കി കൊണ്ടിരുന്നു.
” സീ, നന്ദൻ” രണ്ടാമത്തെയാൾ പറഞ്ഞു തുടങ്ങി ” ഈ ഓപ്പറേഷന്റെ മുഴുവൻ ഉത്തരവാദിത്വം നന്ദനാണ്. ഇതിൻെറ പിന്നിൽ ഞങ്ങൾ ആണെന്നുള്ളത് നന്ദനല്ലാതെ മറ്റാരും അറിയാൻ പാടില്ല. ഈ നാലു പേരു പോലും. എന്തെങ്കിലും ചോദിച്ചാൽ നന്ദന്റെ എന്തെങ്കിലും പേഴ്സണൽ ആവശ്യം ആണെന്ന് പറഞ്ഞോണം.”
” സർ , ദൈയാർ ടൂ പ്രൊഫഷണൽസ്സ്. ഒരു ചോദ്യവും ചോദിക്കില്ല. പറയുന്ന പണി ചെയ്തിട്ട് കാശും വാങ്ങി പൊക്കോളും.”
” ഗുഡ് ”
” സർ , പിന്നെ , കൂടെയുള്ള ആ ഡോക്ടർ പെണ്ണിനെ കൂടെ അങ്ങ് തീർത്തേക്കട്ടെ ?”
” സീ നന്ദൻ, നമ്മുടെ പ്രൈം ടാർഗറ്റ് അവനാണ്. അവനെ മാത്രം ഫോക്കസ് ചെയ്ത് വേണം കാര്യങ്ങൾ നീക്കാൻ. ഹി ഈസ് സോ ഡേഞ്ചറസ് . മറ്റവൾ കൂടെ തീരുന്നെങ്കിൽ തീർന്നോട്ടെ. ഇല്ലെങ്കിലും നമുക്ക് പിന്നെ തീർക്കാം. പക്ഷേ രണ്ടുപേരെയും കൂടെ ഫോക്കസ് ചെയ്തുകൊണ്ട് നീങ്ങിയാൽ ചിലപ്പോൾ പണി പാളും. സോ കോൺസെൻട്രേറ്റ് ഓൺ ഇമ്മാനുവൽ.”
ബാക്കിയുള്ള നാലു പേരും അതാണ് ശരി എന്ന മട്ടിൽ തല കുലുക്കി. ” അപ്പോൾ ശരി , നന്ദൻ , കീപ്പ് അസ് അപ്ഡേറ്റഡ്.” അവർ ഓരോരുത്തരായി നന്ദന് കൈകൊടുത്ത് പിരിഞ്ഞു.
നന്ദൻ അഥവാ നന്ദകിഷോർ. ബിസിനസ് മാഗ്നെറ്റുകളുടെ ഇടയിൽ കോൺട്രാക്ടർ എന്ന് അറിയപ്പെടുന്നു. ലോക്കൽ വാടക ഗുണ്ടകൾ മുതൽ അതിപ്രഗൽഭരായ പ്രൊഫഷണൽ കില്ലേഴ്സ് വരെയുണ്ട് നന്ദന്റെ ലിസ്റ്റിൽ. ഒരു പണി ഏൽപ്പിച്ചാൽ നൂറു ശതമാനം കൃത്യതയോടെ ചെയ്തു തീർക്കും. കോടീശ്വരന്മാർക്ക് മാത്രമേ നന്ദൻ്റെ ഫീസ് താങ്ങാനാവു എന്ന് മാത്രം. എന്നാൽ ഈ ശതകോടീശ്വരന്മാർക്ക് നന്ദന്റെ ഫീസ് വെറും തുച്ഛമായ തുക മാത്രം.
ഇമാനുവൽ ജോൺ – ഒരു ഇൻഡസ്ട്രിയൽ സ്പൈ . വ്യവസായ രംഗത്തെ രഹസ്യങ്ങൾ അതിവിദഗ്ധമായി ചോർത്തിയെടുക്കുന്ന പ്രഗൽഭനായ ചാരൻ.
എന്തിനാണ് ആ അഞ്ചുപേർ ഇമ്മാനുവേലിനെ കൊന്നൊടുക്കുവാൻ പാടുപെടുന്നത് ?