നേരിന് ഒരു പാടർത്ഥങ്ങളുണ്ട്.
നീർത്തുള്ളികൾ പോലെ നിർമ്മലമായ
നേർത്ത തങ്കത്തിൽ പൊതിഞ്ഞ
മുത്തുകൾ.
ഒരുവൻ്റെ നേര് മറ്റൊരുവന്
നേരാവണമെന്നില്ലെന്നറിയുക.
നേരം പോലെ നേരും മാറുന്നുണ്ട്.
നേർക്കാഴ്ച്ചകൾ പലതും നേരാണോ?
കൺകെട്ടു ജാലം കാട്ടി മറച്ചു –
പിടിക്കും തെറ്റുകൾ നേരെന്നോതി
മാറോടണച്ചു സ്നേഹിക്കുന്നുണ്ട്.
എൻ്റെ തെറ്റുകൾ നീ ചികയുമ്പോഴും
നിൻ്റെ തെറ്റുകൾ ഞാൻ
ചികയുമ്പോഴും
ഞാൻ ശരിയെന്നെനിക്കുറപ്പുണ്ട്.
നീ ശരിയെന്നു നിനക്കു മുറപ്പ്
നിൻ്റെ നേരുകളെനിക്കു തെറ്റാകാം
എൻ്റെ നേരുകളെ നീ വെറുത്തിടാം
ശരികളങ്ങനെത്തന്നെയാണെന്നേ.
ഓരോരുത്തർക്കം ഓരോരോ നേര്.
മറ്റൊരുവന് ദോഷമില്ലാത്ത
നേരിൻ്റെ കൂടെ നടന്നിടാമെന്നും
അതു തന്നെയായിരിക്കാം നേർവഴി –
എന്നു കരുതി മുന്നോട്ടാഞ്ഞിടാം.