ഇന്നലെ മടങ്ങുമ്പോൾ പൂവേ
ഞാനാത്മഗതം ചെയ്തത്
കുറ്റബോധ നിമഗ്നമായത്
നീ തന്ന നറുംചിരിയിൽ
ഇത്തിരിയേ തിരിച്ചേകിയിതെന്ന്
ചിരിക്കാനും പഠിച്ചില്ലിതുവരെയെന്ന് !
മണ്ണിൽ മയക്കമാർന്നതാം
കിനാക്കളെ
ഹരീതിമയിലെടുപ്പവളേ
നിർന്നിദ്ര നിറകൺചിരിയേ
ഇന്നലെതൻ ചില്ലയിൽ നിന്നൊരു
നിറചിരിഞാൻ തന്നു നിറഞ്ഞേ !
ആ നിത്യ സപര്യയറിഞ്ഞേ ഞാൻ !
പ്രകൃതിതൻ അന്തർ നിമന്ത്രണങ്ങൾ
അറിഞ്ഞറിഞ്ഞ നിൻ ദൗത്യങ്ങൾ.
മനുഷ്യൻ നേരുരയ്ക്കും മുഹൂർത്തങ്ങളുണ്ട് !
ആത്മാവിലേയ്ക്കിറങ്ങും
നിമിഷങ്ങളുണ്ട്
ചില നേരം തുളുമ്പാതെ
കണ്ണീർത്തുള്ളികളെ
തീഗോളങ്ങളാക്കാതെ
കാലവർഷക്കടലായിരമ്പാതെ
ഗദ്ഗദങ്ങളിൽ ശകലിതമാവാതെ
ഊമക്കളി കളിക്കാറുണ്ട് !
ഒരു നാൾ സ്കൂട്ടറിൽ
രണ്ടാം ഗിയറിൽ
ഓരം ചേർന്നങ്ങനെ ഞാൻ.
വഴിയോര ബിവറേജ്ക്യൂവിൽ
കടലയും കൊറിച്ചൊരുവൻ
പിൻകാലാൽ തട്ടിയകറ്റെ
തെറിച്ചെൻ സ്കൂട്ടറിലിടിച്ചത്
കൊറ്റില്ലാ പേക്കോല നായ
പിടയ്ക്കും നായ്ക്കെന്നന്ത്യോദകം.
കടലക്കൊറിയൻ നേർക്കെൻ
ലാവാകലാപം
പൊടുന്നനെയെങ്ങനെ
ഉറഞ്ഞു പോയ്!!
കുളികഴിഞ്ഞുടുപ്പിട്ട് പുറത്തിറങ്ങെ
മനസ്സിന്നറകൾ പൂട്ടുവതെന്തേ ഞാൻ
മൊഴികളിൽ ചിന്തേരിട്ട്
നെയ്യിട്ടു സുസ്നിഗ്ദ്ധമാക്കി
ഒരു ദിനമെങ്കിലും പേശാത്തതെന്തേ
ഞാൻ !
എതിരെ വടികുത്തിയെത്തും
അമ്പിളിച്ചിരി ഗാന്ധിയെ
അകമേ കൊല്ലുന്ന
ക്രൂരനാം ഗോഡ്സെയോ ഞാൻ!
മറു മുഹൂർത്തത്തിൽ
മാർക്കറ്റിൽ പിടയുന്ന
മീനുകളെ വാങ്ങി
കായലിൻ കുളിരിളം
കരളിങ്കലേകുന്ന
ബുദ്ധനും ഞാനുമെന്നൊ?
ശ്രാദ്ധത്തറയിലെ
കാകർക്കു പിണ്ഡവും
വീട്ടിലെ കോഴിക്കിന്നപുന്നാരമായ്
അന്നവുമേകി ഞാൻ
അകലെയാ നഗരത്തിൽ
ചപ്പാത്തി പൊരികോഴി
ജ്യൂസും ചെലുത്തി
സുവിശേഷമോതുന്നു !!
‘വേദവും അഹിംസയും ‘
വിഷയത്തിൽ തിസീസു
സമർപ്പിത ധന്യനാവുന്നു !
എന്നുടെ ചൂഴവെ സദാ
എത്ര പേർ വാഴുന്നിന്ന്
പുറമേയുള്ളയീ ഞാൻ
അകമേയില്ലില്ല തെല്ലും !