ആരുമായും ഒരു പരിചയവുമില്ലാത്ത നഗരത്തിൽ എത്തിയിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ദിവസവും രാവിലെ നടക്കാൻ പോകുന്ന ഒരു മധ്യവയസ്കന്റെ പുഞ്ചിരി മാത്രമായിരുന്നു മധുവിന്റെ ഏക പരിചയം.
ദിവസവും ഏഴു മണിക്കടുത്ത സമയത്ത് ഒരു വടിയുമായി താൻ കാവൽ നിൽക്കുന്ന ഗേറ്റിനു മുന്നിലൂടെ പോകുന്ന അയാളുടെ വേഷം കൈലിയും ടീഷർട്ടുമായിരുന്നു.
“കണ്ടിട്ട് ഏതോ ഉദ്യോഗസ്ഥനെന്നാണ് തോന്നുന്നത്,പക്ഷേ പ്രഭാതസവാരിക്കിറങ്ങുമ്പോൾ ഒരു പാന്റോ ട്രാക്ക് സ്യൂട്ടോ ഉപയോഗിച്ചു കൂടെ ‘?”
എന്ന ചിന്ത മധുവിന്റെയുള്ളിൽ പലതവണ ചോദ്യച്ചിഹ്നമായ് വരികയും ചെയ്തു.
ഒരാഴ്ച ആയപ്പോഴേക്കും പതിയെ ഒരു പരിചയം കൂടി മുളപൊട്ടി.
ദിവസവും രാവിലെ 6.45 ആകുമ്പോഴേക്കും സൈക്കിളിൽ കാപ്പിയുമായി വരുന്ന അണ്ണാച്ചിയായിരുന്നു അത്.
പൊതുവേ അന്തർമുഖനായിരുന്ന മധുവിന് അവരോടുള്ള പരിചയം വെറും പുഞ്ചിരിയിൽ മാത്രമായി ഒതുങ്ങി.
നാട്ടിലും ആരുമായുമധികം ചങ്ങാത്തമോ സഹകരണമോ അവനുണ്ടായിരുന്നില്ല. അന്തർമുഖനായതിനാൽ
വീട്ടിലും അത്യാവശ്യത്തിനു മാത്രമേ അവൻ സംസാരിച്ചിരുന്നുള്ളു.
ബന്ധങ്ങളും പരിചയങ്ങളും കൂടുമെന്നതിനാൽ
മധുവിന് സ്വന്തമായി ഒരു മൊബൈൽ ഫോൺ പോലുമില്ലായിരുന്നു.
കുട്ടിക്കാലത്ത് ഭർത്താവ് ഉപേക്ഷിച്ചപ്പോൾ അമ്മ ജോലി ചെയ്തും പലഹാരങ്ങളുണ്ടാക്കി വിറ്റുമാണ് മധുവിനെ പഠിപ്പിച്ചിരുന്നത്. പഠനത്തിൽ മികവൊന്നുമില്ലാത്ത അവൻ അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ, വളരെ ശാഠ്യം പിടിച്ചപ്പോൾ അമ്മ വാങ്ങിക്കൊടുത്ത തന്റെ ചായപ്പെൻസിലുകൾ കൂട്ടുകാർ മോഷ്ടിച്ചപ്പോൾ അവൻ മ്ളാനനായി.
ഏഴാം ക്ളാസിൽ ആയപ്പോൾ കോമ്പസ്സും സ്കെയിലും രണ്ടു തവണയായി നഷ്ടമായപ്പോൾ വിരളമായ സൗഹൃദത്തിൽ നിന്നും അവൻ ഉൾവലിഞ്ഞു..
പരിചിതമായ മുഖങ്ങളെക്കാൾ അപരിചിതർക്കിടയിൽ നിൽക്കാൻ അഗ്രഹിച്ചു തുടങ്ങിയത് അന്നു മുതൽക്കാണ്.
ഒൻപതാം ക്ളാസിൽ ഓട്ടമത്സരത്തിനു ഒന്നാമനായപ്പോൾ പത്മകുമാരി ടീച്ചർ വാത്സല്യപൂർവ്വം തന്ന ഹീറോ പേന ക്ളാസിൽ നഷ്ടമായപ്പോൾ വിരളമായ സൗഹൃദങ്ങളെല്ലാം ഉപേക്ഷിച്ച് തീർത്തും അന്തർമുഖനായി മാറുകയായിരുന്നു.
തനിക്കും തനിക്കു ചുറ്റുമുള്ളവരുടെയും ഇടയിൽ മൗനം വളർത്തിയ എറിഞ്ഞുടയ്ക്കാൻ പറ്റാത്ത കണ്ണാടിമറ നിലനിർത്തുന്നതു തന്നെയാണ് നല്ലതെന്ന ചിന്തയിൽ തുടർന്ന് മധു ഏകാന്തതയെ ഇഷ്ടപ്പെട്ടു തുടങ്ങി.
മോഷണക്കാരെ നിലയ്ക്കു നിർത്തുന്ന പോലീസ് ആകുക എന്നത് മധുവിന്റെ സ്വപ്നമായതിനാൽ രാത്രിയിൽ ഇടവിട്ട് റാങ്ക് ഫയൽ വായിച്ചു കൊണ്ടിരിക്കും.
സന്ധ്യയുടെ നിഴലു വീണ പാതയിലൂടെ ജോലി സ്ഥലത്തേക്കു വരുമ്പോഴും തിരക്കുകൾ അറിയാതെ ശൂന്യമായ നീണ്ടു നിവർന്ന ഇടനാഴിയിലൂടെ നടക്കുന്നതു പോലെയായിരുന്നു മധുവിന് അനുഭവപ്പെടാറ്.
ദിവസങ്ങൾ ചെല്ലുന്തോറും മധുവിന് പകൽ ബോറടിച്ചു തുടങ്ങിയിരുന്നു.
ആരുമില്ലാത്ത ദ്വീപിലെത്തിയ പ്രതീതിയിൽ മുന്നോട്ടു പോകവേ ഒരു ലൈബ്രറിയിലാേ മറ്റോ അംഗത്വമെടുത്താൽ നന്നായിരുന്നുവെന്ന ചിന്ത അവനിൽ നിറഞ്ഞു.
പതിവുപോലെ പ്രഭാതങ്ങളിൽ സവാരി നടത്തുന്ന തനിക്കു നേരെ പുഞ്ചിരി തൂകുന്ന മനുഷ്യനെ പരിചയപ്പെടാൻ മധു തീരുമാനിച്ചു.
“സാർ… ഒന്നു നിൽക്കുമോ ..?”
അടുത്ത ദിവസം രാവിലെ അയാൾ മുന്നിലെത്തിയപ്പോൾ മധു മടിച്ചു മടിച്ചു ചോദിച്ചു.
“മ്… എന്താ ?”
അയാളുടെ മറുപടി
“ഒന്നു പരിചയപ്പെടാനാണ് സാർ, ഞാനിവിടെ പുതിയ ആളാണ്. പേര് മധു ”
താഴ്മയായി പറഞ്ഞു നിർത്തിയപ്പോൾ അയാളൽപ്പം ഗൗരവത്തിൽ
“ഞാൻ ബേസിൽ ജോസ്, പോലീസിലാണ് ” എന്നു മറുപടി പറഞ്ഞു.
മധു അറിയാതെയൊരു സല്യൂട്ടടിച്ചു.
താനയാളുടെ കീഴിലെ കോൺസ്റ്റബിളാണെന്നതുപോലെ മധുവിന് തോന്നി.
“എന്താവശ്യമുണ്ടേലും പറഞ്ഞാൽ മതി.. ഞാൻ ശരിയാക്കിത്തരാം” എന്നു പറഞ്ഞിട്ട് കൈലി മടക്കിക്കുത്തി കൈയ്യിലെ വടിയും ചെറുതായി കറക്കി ഒരു പോലീസ് ഓഫീസറുടെ ഗൗരവത്തിൽ അയാൾ മെല്ലെ നടന്നു നീങ്ങി.
പിന്നെ പിന്നെ രാവിലെ അയാൾ നടക്കാനിറങ്ങി തന്റെ മുന്നിലെത്തുമ്പോൾ കാലുയർത്താതെ ചെറിയതായി ഒരു സല്യൂട്ടടിച്ച് ഗുഡ് മോർണിങ്ങ് പറയുക പതിവായി.
ആരുമായും ചങ്ങാത്തം കൂടാൻ ഭയക്കുന്ന മനസ്സുമായി ജീവിക്കുന്ന, സംസാരിക്കാൻ തന്നെ മടിയുള്ള തനിക്ക്
ഒരു പരിചയവുമില്ലാത്ത നഗരത്തിൽ വന്ന് രണ്ടു പേരുമായി ചങ്ങാത്തം സ്ഥാപിച്ചതിൽ മധുവിന് സന്തോഷം തോന്നി.
വളരെ യാദൃശ്ചികമായാണ് മധു ഈ ജോലിയിൽ എത്തപ്പെട്ടത്. അന്വേഷിച്ച് നടന്നിട്ടൊന്നും പ്രതീക്ഷിച്ച ജോലി കിട്ടാതിരുന്നതിന്റെ നിരാശയയിൽ ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ആകസ്മികമായി മധുവിന് സുഹൃത്തും അകന്ന ബന്ധുവുമായ രാജീവന്റെ അമ്മയുടെ ഫോൺ വന്നത്.
ഓടിട്ട വീടിന്റെ മുകളിൽ മുറ്റത്തു നിൽക്കുന്ന മരങ്ങളുടെ കരീലകൾ നിറഞ്ഞത് കണ്ട് അമ്മയുടെ നിർദ്ദേശപ്രകാരം അത് വാരിക്കളയാൻ മധു തീരുമാനിച്ചു. ചെറിയ കുട്ടയുമായി അവൻ ഏണി വെച്ച് പതുക്കെ വീടിനു മുകളിലേക്ക് കയറി. സാവധാനത്തിൽ കരീല തൂത്തു കൊണ്ടിരിക്കുമ്പോഴാണ് താഴെ ഫോണിൽ ബെല്ലടിച്ചത്. ശ്രദ്ധയൊന്ന് അതിലേക്ക് പോകവേ ഒരു പശവൻ പക്ഷി ചിലച്ചു കൊണ്ട് പറന്നു പോവുകയും അതു കേട്ട് അയൽവീട്ടിലെ മീനാക്ഷിയമ്മ ഉച്ചത്തിൽ “പട്ടിക്കഴുവേറീടെ മോനേ… ” എന്നു തുടങ്ങി നാടൻ ഭാഷയിലൊരു തെറിവിളിച്ചതും അതു കേട്ട് ശ്രദ്ധ മാറിയ മധു ഓടും പൊട്ടിച്ച് കൊട്ടയും ചൂലും കളഞ്ഞ് താഴേക്ക് നിരങ്ങിവീണതും ഒരുമിച്ചായിരുന്നു.
ചാനലുകാരന്റെ മുന്നിൽ തന്റെ വീരസ്യം മുഴക്കി നടന്നു പോകുന്ന രാഷ്ട്രീയക്കാരന്റെ ഗമയിൽ മീനാക്ഷിയമ്മ വീട്ടിനുള്ളിലേക്ക് നടക്കുമ്പോൾ
അധികമുയരമില്ലാത്തതിനാൽ കാര്യമായ പരിക്കൊന്നും പറ്റാതിരുന്നതിനാൽ മധു എഴുന്നേറ്റ് പോയി ഫോൺ എടുത്തു.
തിരക്കേറിയ പട്ടണത്തിൽ ഒരു കമ്പനിയിലെ രാത്രികാല സെക്യൂരിറ്റിയായി ജോലി ചെയ്തു വരികയായിരുന്നു രാജീവൻ.വാഹനാപകടത്തെത്തുടർന്നുള്ള ചികിത്സയിൽ നാലുമാസക്കാലം വീട്ടിൽ വിശ്രമമിക്കാനുള്ള ഡോക്ടറുടെ നിർദ്ദേശം പാലിക്കുന്നതിനാൽ രാജീവന് പകരം ആ ജോലി ഏറ്റെടുക്കാമോയെന്നറിയാനായിരുന്നു അവർ വിളിച്ചത്.
” നാലു മാസത്തേക്കല്ലേ.. എന്തായാലും പോയേക്കാം”
എന്ന തീരുമാനമായിരുന്നു അവന്റെ മനസ്സിൽ തെളിഞ്ഞത്.
സംസാരിക്കാൻ വരെ ബുദ്ധിമുട്ടുള്ള രാജീവന്റെയടുത്ത് ചെന്ന് കാര്യങ്ങൾ തിരക്കിയ ശേഷം താത്കാലികമായിട്ടുള്ളതെങ്കിലും ആ ജാേലി സ്വീകരിക്കാൻ മധു തയ്യാറായി.
ഇടുക്കിയിലെ ഉൾഗ്രാമം വിട്ട് എങ്ങും പോയിട്ടില്ലാത്തതിനാൽ മധുവിന് ഒരു ഉൾഭയവുമുണ്ടായിരുന്നു. ആരെയും പരിചയമില്ലാത്ത നഗരത്തിലെങ്ങനെ ജീവിക്കുമെന്ന ചോദ്യമൊക്കെ മനസ്സിലുയർന്നെങ്കിലും അവൻ പട്ടണത്തിലേക്ക് വണ്ടികയറി. കമ്പനിയ്ക്കടുത്ത് കമ്പനി വക ഒരു ലോഡ്ജിൽ താമസത്തിനൊരു മുറി സൗജന്യമായി ലഭിച്ചിരുന്നു. അതിന്റെ താഴത്തെ നിലയിൽ ഒരു റെസ്റ്റോറന്റ് പ്രവർത്തിക്കുന്നതിനാൽ ഭക്ഷണം അവിടെ നിന്നു കഴിക്കുകയും ചെയ്യാം.
പകലുറങ്ങാം. സന്ധ്യയ്ക്ക് ആറു മുതൽ രാവിലെ 8 വരെയായിരുന്നു ഡ്യൂട്ടി സമയം.
രാത്രിയിൽ
ഗേറ്റിനടുത്തുള്ള ഒരു കസേരയും മേശയും മാത്രമുള്ള ചെറിയ മുറിയിലിരിരിക്കുമ്പോഴെല്ലാം
പകൽ സമയം പോകാനായി പോലീസുകാരനോട് പറഞ്ഞ് പരിചയമുള്ള വായനശാലയിലെവിടെയെങ്കിലും ഒരു അംഗത്വം സംഘടിപ്പിക്കാൻ ശ്രമിച്ചാലോ എന്ന ചിന്ത മധുവിൽ നിറഞ്ഞു.
ഒഴിവു സമയം മുഴുവൻ ഉറങ്ങുന്നതിന് അവന്റെ മനസ്സനുവദിച്ചില്ല.
പിറ്റേന്ന് പ്രഭാതത്തിൽ കാപ്പിയുമായി അണ്ണാച്ചിയെത്താൻ സ്വൽപ്പം താമസിച്ചു.
കാപ്പി വാങ്ങിക്കൊണ്ടിരുന്നപ്പോഴാണ് പ്രഭാതസവാരിക്കായി തന്റെ ആദ്യപരിചയക്കാരൻ വരുന്നത് കണ്ടത്.
വേഷം പതിവുപോലെ കെെലിയും ടീഷർട്ടും തന്നെ.
അയാളടുത്തെത്തിയപ്പോൾ ചെറുതായി കൈയ് ഉയർത്തി സല്യൂട്ട് ചെയ്തു കൊണ്ട്
“ഗുഡ് മോണിങ് ബേസിൽ സാർ, ഒരു കാപ്പി കുടിക്കുന്നോ ?” എന്നു ചോദിച്ചു.
എന്നാൽ മറുപടി പറയാതെ അണ്ണാച്ചിയെ ഒന്നു പാളി നോക്കിയിട്ട് തിടുക്കത്തിൽ അയാൾ നടന്നു നീങ്ങി.
“സാർ.. ബേസിൽ സാർ…”
ഉച്ചത്തിലുള്ള മധുവിന്റെ വിളിയൊന്നും ശ്രദ്ധിക്കാതെ അയാൾ വേഗം നടന്നു.
“ബേസിൽ സാറോ….? ഇന്ത പെെത്യക്കാരനോ…?
അണ്ണാച്ചി പൊട്ടിച്ചിരിച്ചു..
“അതെ.. അദ്ദേഹമൊരു പോലീസ് ഓഫീസറല്ലേ…. അങ്ങനെയാണല്ലോ പറഞ്ഞത്…”
മധു ചോദ്യഭാവത്തിൽ പറഞ്ഞു.
“അന്തയാളോ… പോലീസോ..!
അവൻ വട്ടൻ ഭാസിയാ.., സ്ഥിര ബുദ്ധി കുറവാ.., പോലീസെന്നു പറഞ്ഞു നീങ്കളെ ഏമാത്തിയിരിക്ക്….
മലയാളവും തമിഴും ചേർത്തായിരുന്നു അയാളുടെ മറുപടി.
” മുതലിൽ ഇന്ത ഊരിൽ വന്ത നാൾ ഒരു വാരം കാപ്പി വാങ്കി കുടിച്ചതിന്റെ കാശ് ഇന്തനിമിഷം വരേക്കും കിടയ്ക്കാതെ.
അതിനാല് എന്നെ അന്തയാൾക്ക് ഭയമിരിക്ക്.”
അത് കേട്ടപ്പോൾ മധു ചൂളിപ്പോയി.
” ഇയാൾ വട്ടനാണെന്ന് തോന്നുകയേയില്ലല്ലോ .. ”
മധുവിന് അത്ഭുതം.
കയ്യിലുള്ള പണമെല്ലാം കൊടുത്ത് ലോട്ടറിയെടുത്തെടുത്ത് സമ്മാനം അടിക്കാതായപ്പോഴുണ്ടായ മാനസിക വിഭ്രാന്തിയാണിതെന്ന് അണ്ണാച്ചി പറയുമ്പോഴും
ഈ വട്ടനെയാണല്ലോ ഞാൻ ദിവസവും സല്യൂട്ടടിച്ച് സാറേന്ന് വിളിച്ചതെന്നോർക്കുകയായിരുന്നു മധു.
അണ്ണാച്ചി പൈസയും വാങ്ങിപ്പോകുമ്പോഴും അയാളെപ്പറ്റിത്തന്നെയായിരുന്നു മധുവിന്റെ ചിന്ത. സല്യൂട്ടടിച്ചതിനെപ്പറ്റി ഓർത്തപ്പോൾ അവന് വല്ലാത്ത ജാള്യം തോന്നി.
അതിനേക്കാളുപരി അവിടെ തന്റെ ആകെയുള്ള പരിചയത്തിൽ രണ്ടിലൊന്ന് നഷ്ടമായതിലുള്ള വ്യസനമാണ് അവന്റയുള്ളിൽ നിറഞ്ഞത്. അന്തർമുഖത്വം തന്നെയാണ് തനിക്ക് അനുയോജ്യമെന്ന ചിന്തയോടെ
ഗദ്ഗദവും പൊഴിച്ച് കുനിഞ്ഞ മുഖത്തോടെ അകത്തേക്ക് കയറി കസേരയിലിരിക്കുമ്പോൾ അണ്ണാച്ചി നൽകിയ കാപ്പി മതിലിൽ അനാഥമായിരിപ്പുണ്ടായിരുന്നു.