ജ്യോതിശാസ്ത്രം മുഖ്യമായും ഒരു വാനനിരീക്ഷകന് (പ്രപഞ്ചത്തെ നോക്കി കാണുന്നവന്) അനുഭവമായ ഗോളത്തിലുള്ള അതിവവിദൂര സ്ഥമായ, സ്ഥിരമായ നക്ഷത്ര മണ്ഡലങ്ങളേയും അവയിലൂടെ സഞ്ചരിക്കുന്ന താരതമ്യേന സമീപസ്ഥമായ നവഗ്രഹങ്ങളേയും ആധാരപ്പെടുത്തിയാണ് ഫലപ്രവചനം ചെയ്യുന്നത്. ഈ ചലനങ്ങളെല്ലാം ഗണിതശാസ്ത്രമനുസരിച്ച് കൃത്യമായി ഗണിച്ചെടുക്കുന്നതിൽ പാശ്ചാത്യ ലോകത്തിനുപോലും അത്ഭുതാവഹമായ വിധം നമ്മുടെ പൗരാണികാചാര്യന്മാർ തികച്ചും വിജയിച്ചിരുന്നുവെന്ന് പറഞ്ഞാൽ അവരുടെ പ്രപഞ്ചശാസ്ത്ര വിജ്ഞാനത്തിൻ്റെ മികവ് നമുക്ക് ഊഹിക്കാൻ കഴിയും.
എന്നാൽ അതിനെ ഇന്നത്തെ ജ്യോതിർഗണിത (Astronomy) ത്തിൻ്റെ പൗരാണികരൂപമായി അവർ അംഗീകരിക്കുകയും മറിച്ച് ജ്യോതിശാസ്ത്രത്തിൻ്റെ ഫലഭാഗത്തിൻ്റെ യുക്തി അവരുടെ ഇന്നത്തെ ശാസ്ത്രയുക്തിയ്ക്ക് അതീതവും തദ്വാര ദുർഗ്രഹവുമായതിനാൽ ജ്യോതിഷത്തിൻ്റെ ഫലഭാഗത്തെ തികഞ്ഞ അന്ധവിശ്വാസമായി അവർ പരിഗണിയ്ക്കുകയും ചെയ്യുന്നു. അവരുടെ ചുവട്പിടിച്ച് ഇന്ന് ആർഷസന്താനങ്ങളായ ഭാരതീയരിൽ തന്നെ പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ചവരിൽ ചിലർ ജ്യോതിഷത്തെ പുച്ഛിച്ചുതള്ളുന്നു. അത്തരക്കാരെ ഒട്ടാകെസമാധാനിപ്പിക്കുവാൻ ഇന്നത്തെ ജ്യോതിഷികൾ ഉന്നയിക്കുന്ന സിദ്ധാന്തമാണ് രശ്മികളുടെ സിദ്ധാന്തം. സൂര്യാദിഗോളങ്ങളിൽനിന്നും പ്രവഹിക്കുന്ന രശ്മി സമൂഹങ്ങൾ ഭൂമിയേയും അതിലെ ജീവജാലങ്ങളേയും ബാധിയ്ക്കുന്നുവെന്നാണ് ആ സിദ്ധാന്തത്തിൻ്റെ മർമ്മഭാഗം. പക്ഷേ, ഈ സിദ്ധാന്തം പൂർണ്ണമായും യുക്തിയ്ക്കു നിരക്കുന്നതല്ല. ഈ ഗ്രഹങ്ങളിൽ നിന്നും പ്രവഹിയ്ക്കുന്ന രശ്മികൾ അങ്ങേയറ്റം മനുഷ്യരുടെ ശാരീരികാവസ്ഥകളെ ബാധിച്ചേയ്ക്കുമെന്ന് വേണമെങ്കിൽ പറയാം. പക്ഷേ അവരുടെ ഭാഗ്യത്തിനും നിർഭാഗ്യത്തിനും ആ രശ്മികൾ എങ്ങനെ കാരണക്കാരാകുമെന്ന് ഈ സിദ്ധാന്തം കൊണ്ട് വിശദീകരിയ്ക്കാനാവുകയില്ല. മാത്രമല്ല നവഗ്രഹങ്ങളിൽപ്പെട്ട രാഹുകേതുക്കൾ, സൂര്യൻ്റെയും ചന്ദ്രൻ്റേയും ഭ്രമണപഥങ്ങളുടെ സംപാത(കൂട്ടിമുട്ടുന്ന) സ്ഥാനങ്ങൾ മാത്രമാണ് ഗണിതശാസ്ത്രം. ഇതിനെ ഇതേരീതിയിൽ കണ്ടുകൊണ്ടാണ് അവയെ ഗണിച്ചെടുക്കുന്നത്. അത്തരം ഒരു ഭ്രമണപഥരേഖയോ അവയുടെ സംപാതസ്ഥാനമോ വാസ്തവത്തിൽ ഖഗോളത്തിൽ ഭൗതിക വസ്തുവായി രേഖപ്പെടുത്താത്ത സംഗതികളാണ്.അത്തരം ഭാവനാപരം മാത്രമായ ബിന്ദുക്കളിൽ നിന്ന് എങ്ങിനെയാണ് രശ്മി പ്രവാഹം ഉണ്ടാവുകയെന്ന ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടെത്തുവാൻ വിഷമമാണ്.അങ്ങനെ ജ്യോതിശാസ്ത്രത്തിൻ്റെ ഫലഭാഗം ഇന്നും യുക്ത്യാനുസൃതമായ ഒരു വിശദീകരണം കിട്ടാതെ കിടക്കുകയാണ്.
(തുടരും)
(അടുത്തത്:- ഖഗോള സ്ഥിതിയും മനുഷ്യദേഹവും)