ചെടിച്ചട്ടിയിലെ ചെടികൾക്ക് വെള്ളം ഒഴിക്കുമ്പോൾ, വെള്ളം കുടിക്കാനായിട്ട് എവിടെ നിന്നോ എത്തുന്ന പച്ചനിറത്തിലുള്ള ആ കുഞ്ഞു പക്ഷി, ചിലപ്പോൾ വെള്ളം കുടിച്ചിട്ട് റെസ്റ്റ് എടുക്കുന്നത് ചെടികളിലെ ഇലയിലും . ആരേയും അതിശയിപ്പിക്കുന്ന ആ കുഞ്ഞൻ പക്ഷിയുടെ കൂടുതൽ വിശേഷങ്ങൾ അറിഞ്ഞപ്പോൾ അത് അതിലും അതിശയകരം. ആള് മറ്റാരുമല്ല നമ്മുടെ തുന്നൽ പക്ഷി !
സാധാരണയായി സസ്യജാലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ലജ്ജാശീലരായ പക്ഷികളാണെങ്കിലും, അവയുടെ ഉച്ചത്തിലുള്ള വിളികൾ പരിചിതമാണ്.
തുന്നൽപ്പക്ഷികൾക്ക് അവയുടെ കൂട് നിർമ്മിച്ചിരിക്കുന്ന രീതിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. ഇലകള്‍ കൂട്ടിത്തുന്നിയാണ് ഇവർ കൂടുണ്ടാക്കുന്നത്.
മുട്ടയിടാറായാല്‍ വീതിയേറിയ ഇലകളുള്ള ചെറിയ മരങ്ങള്‍ കണ്ടെത്തുന്നു. ഏതാനും മീറ്റര്‍ ഉയരമുള്ള തേക്കിന്‍ തൈ, കൂവ, മഞ്ഞള്‍ മുതലായ ചെടികള്‍ കൂട് നിര്‍മിക്കാനായി തിരഞ്ഞെടുക്കുന്നു. വലിയ ഇലയില്ലെങ്കില്‍ ചെറിയ ഇലകളുടെ രണ്ടരികിലും തുന്നലിട്ട് സഞ്ചി പോലുള്ള കൂട് നിര്‍മിക്കുന്നു.
ഇലയുടെ രണ്ടരികിലും ഇടവിട്ട് കൊക്കു കൊണ്ട് ചെറിയ ദ്വാരങ്ങള്‍ ഇടും. പിന്നീട് എവിടെ നിന്നെങ്കിലും ശേഖരിച്ച അല്‍പം പഞ്ഞിയോ ചിലന്തിവലയോ ഇലയുടെ ഒരരികിലെ ദ്വാരത്തിലൂടെ കടത്തുന്നു. മറ്റേ അരിക് വളച്ചെടുത്ത് പഞ്ഞിയുടെ മറ്റേയറ്റം ആദ്യത്തേതിന് എതിരെയുള്ള ദ്വാരത്തിലൂടെ കടത്തുന്നു. ഇങ്ങനെ നിരനിരയായി തുന്നലുകള്‍ ഇടുന്നതോടെ ഇല സഞ്ചി പോലെയാകുന്നു. അതിനകത്ത് ഒരു കപ്പിന്റെ ആകൃതിയില്‍ പഞ്ഞിനാരു നിറയ്ക്കും. നനുത്ത തൂവല്‍ക്കഷണങ്ങളോ പഞ്ഞിയോ കൊണ്ടു വന്ന് വിരിക്കുന്നതോടെ തുന്നല്‍ക്കാരന്റെ കൂട് പൂര്‍ത്തിയാകുന്നു.
ഏഷ്യയിലുടനീളം ഇവർ കാണപ്പെടുന്നു. ഈ ചെറിയ പക്ഷികൾക്ക് ഏകദേശം 10-14 സെന്റീമീറ്റർ നീളവും 6-10 ഗ്രാം ഭാരവുമുണ്ട്. ചാരനിറമോ പച്ചയോ ഉള്ള മുകൾ ഭാഗങ്ങളും തലയിൽ തവിട്ടുകലര്‍ന്ന ചുവപ്പു നിറ വും ഉള്ളവയാണ്.ഇവർക്ക് ചെറിയ വൃത്താകൃതിയിലുള്ള ചിറകുകളും ചെറിയ വാലുകളും ശക്തമായ കാലുകളും നീളമുള്ള വളഞ്ഞ കൊക്കുകളുമുണ്ട്.
ആൺ-പെൺ തുന്നൽപ്പക്ഷികൾ തമ്മിലുള്ള ഒരേയൊരു വ്യത്യാസമെന്നത് അവയുടെ വാലിന്റെ നീളമാണ്.
തുറസ്സായ വനപ്രദേശങ്ങളിലും കുറ്റിച്ചെടികളിലും പൂന്തോട്ടങ്ങളിലുമാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. സാധാരണ തയ്യൽ പക്ഷികൾ പ്രധാനമായും പ്രാണികൾ, വണ്ടുകൾ കീടങ്ങൾ… ഒക്കെയാണ് പ്രധാന ഭക്ഷണം. അതുപോലെ പൂക്കളിലേക്ക് വരുന്ന പ്രാണികളേയും മാമ്പഴ പൂങ്കുലകളും ഇഷ്ടം .
ഇൻകുബേഷൻ കാലയളവ് ഏകദേശം 12 ദിവസമാണ്. ആണും പെണ്ണും കുഞ്ഞുങ്ങളെ പോറ്റുന്നു.ഏകദേശം 14 ദിവസത്തിനുള്ളിൽ കുഞ്ഞു പക്ഷികൾ പറന്നുപോകും.
എലി, പൂച്ച, കാക്ക, പല്ലി, …. പ്രധാന ശത്രുക്കൾ . മറ്റു പക്ഷികളെ അപേക്ഷിച്ച് മുട്ടകളുടെയും കുഞ്ഞുങ്ങളുടെയും മരണനിരക്ക് കൂടുതലാണ്.
തയ്യൽ പക്ഷി, തുന്നൽ പക്ഷി, പാട്ടു പക്ഷി …. എന്നിങ്ങനെ പല പേരിലറിയപ്പെടുന്ന ഇവർ ഉണ്ടാക്കുന്ന ആ കൂട് കാണാൻ എനിക്ക് സാധിച്ചിട്ടില്ല. നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?
മറ്റൊരു പറവ വിശേഷവുമായി അടുത്താഴ്ച…
Thanks