തൃശ്ശൂർ വടക്കാഞ്ചേരി തിരുത്തിക്കാട് കനാൽ പറമ്പിനു സമീപത്തുള്ള മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്. തിരുത്തിപറമ്പ് പ്ലാപറമ്പിൽ രതീഷ് എന്ന മണികണ്ഠൻ, അരവൂർ സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂർ പൂമലയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.
ബുധനാഴ്ച രാത്രി എട്ടുമണിക്ക് ശേഷമാണ് സംഭവമുണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രതീഷ്, ശ്രീജിത്ത് എന്നിവർ മോഹനന്റെ വീട്ടിലെത്തി ശ്യാമിനെ ആക്രമിക്കുകയായിരുന്നു. ശ്യാമിനെ വെട്ടാൻ ശ്രമിച്ചത് തടുക്കുന്നതിനിടെയാണ് അച്ഛൻ മോഹനന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
വെട്ടിയ രതീഷും വെട്ടേറ്റ മോഹനനും മുമ്പ് അയൽവാസികളായിരുന്നു. അന്നുതൊട്ട് ഇവർക്കിടയിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നിലവിൽ വീട് നിർമ്മാണത്തിന്റെ ഭാഗമായി മോഹനൻ കുടുംബവുമായി മറ്റൊരു ഇടത്താണ് താമസിക്കുന്നത്. പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് വടക്കാഞ്ചേരി സ്വദേശിയായ രതീഷ്.