തിരുവനന്തപുരം :-കെ പി സി സി പുതിയ അധ്യക്ഷനായി സണ്ണി ജോസഫ് എം എല്‍ എ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ ഒമ്പതരയ്ക്ക് ഇന്ദിരാ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കെ സുധാകരന്‍ അദ്ദേഹത്തിന് ചുമതല കൈമാറും.
യു ഡി എഫ് കണ്‍വീനറായി അടൂര്‍ പ്രകാശും കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ്മാരായി പി സി വിഷ്ണുനാഥും എ പി അനില്‍കുമാറും ഷാഫി പറമ്പിലും ചുമതല ഏറ്റെടുക്കും. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന. സെക്രട്ടറി ദീപ ദാസ് മുന്‍ഷിക്ക് പുറമേ പ്രവര്‍ത്തക സമിതി അംഗങ്ങളും മുന്‍ പി സി സി അധ്യക്ഷന്മാരും ചടങ്ങില്‍ പങ്കെടുക്കും.
സുധാകരന് പകരം അവസാന നിമിഷം വരെ പരിഗണിച്ചിരുന്ന ആന്റോ ആന്റണിയെ അട്ടിമറിച്ചാണ് സണ്ണി ജോസഫ് അധ്യക്ഷ പദവിയില്‍ എത്തിയത്. ഇത് സംബന്ധിച്ച തര്‍ക്കം ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുകയാണ്. വിഷയത്തില്‍ ആന്റോ ആന്റണിയുടെ നീരസം ഇപ്പോഴും തുടരുകയാണ്. തന്റെ വഴിമുടക്കിയത് കെ മുരളീധരനാണ് എന്ന സൂചന നല്‍കി ആന്റോ ആന്റണി കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് സോഷ്യല്‍ മീഡിയയില്‍ തന്നെ കെ മുരളീധരനും മറുപടി നല്കി
സഹകാരികളെ വഞ്ചിച്ച് പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ തന്റെ പേരില്‍ ഒരു ആരോപണവും കേള്‍ക്കേണ്ടി വന്നിട്ടില്ലെന്നാണ് ആന്റോ ആന്റണിയെ ഉന്നംവച്ചുള്ള കെ മുരളീധരന്റെ മറുപടി. വട്ടിയൂര്‍കാവിലും നേമത്തും വടകരയിലും തൃശൂരിലും പോരാട്ടത്തിന് ഇറങ്ങിയത് അധികാരത്തിനു വേണ്ടി ആയിരുന്നില്ലെന്നും ആന്റോ ആന്റണിയുടെ വിമര്‍ശനത്തിന് എഫ് ബി പോസ്റ്റിലൂടെ കെ മുരളീധരൻ മറുപടി നല്‍കിയിട്ടുണ്ട്.