Wednesday, November 27, 2024
Homeകേരളംജൂൺ ഒന്നുമുതൽ ലോക്കോ പൈലറ്റുമാരുടെ സമരം

ജൂൺ ഒന്നുമുതൽ ലോക്കോ പൈലറ്റുമാരുടെ സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്കോ പൈലറ്റുമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധത്തിലേക്ക്. 2016ൽ അംഗീകരിച്ച നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച മുതൽ ലോക്കോ പൈലറ്റുമാർ പ്രത്യക്ഷ പ്രതിഷേധം നടത്തും. ജോലിയിൽ നിന്ന് വിട്ടുനിൽക്കാതെയാകും പ്രതിഷേധം. കൃത്യമായ വ്യവസ്ഥകൾ പാലിച്ച് ജോലിയിൽ നിന്ന് വിട്ടുനിൽക്കാതെ പ്രതിഷേധിക്കാനാണ് ലോക്കോ പൈലറ്റുമാരുടെ തീരുമാനം. തൊഴിൽ – വിശ്രമ വേളകളെക്കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകൾ പാലിച്ചുള്ള അവകാശ പ്രഖ്യാപന പ്രതിഷേധമാണ് ലോക്കോ പൈലറ്റുമാർ നടത്തുക. വ്യവസ്ഥകൾ പാലിക്കാതെ തുടർച്ചയായി ഡ്യൂട്ടി എടുപ്പിക്കുന്നതടക്കമുള്ള കാരണങ്ങളാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്

പാർലമെൻ്റ് 1973ൽ പാസാക്കിയതാണ് പത്ത് മണിക്കൂർ ഡ്യൂട്ടി സമയമെന്ന തീരുമാനമെന്ന് ലോക്കോ പൈലറ്റുമാർ പറഞ്ഞു. ഇപ്പോൾ 14 മണിക്കൂർ ജോലി ചെയ്യാനാണ് സമ്മർദ്ദമുണ്ടാക്കുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകും. ജൂൺ ഒന്നാം തീയതി മുതൽ 10 മണിക്കൂർ ജോലി കഴിഞ്ഞാൽ ഡ്യൂട്ടി അവസാനിപ്പിക്കുമെന്ന് ലോക്കോ പൈലറ്റുമാർ വ്യക്തമാക്കി.

തുടർച്ചയായി പത്തുമണിക്കൂറിലധികം ജോലി ചെയ്യാൻ സാധിക്കില്ല, ആഴ്ചയിൽ 46 മണിക്കൂർ വിശ്രമം, തുടർച്ചയായി രണ്ടിലധിലം നൈറ്റ് ഡ്യൂട്ടി ചെയ്യാനാകില്ല, 48 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം ഹെഡ് ക്വാർട്ടേഴ്സിലേക്ക് മടങ്ങുമെന്നതടക്കമുള്ള തീരുമാനങ്ങൾ പാലിച്ചാകും നിലവിലെ പ്രതിഷേധം നടത്തുകയെന്ന് എഐഎൽആർ എസ്എസ് അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം പിഎം സോമൻ അറിയിച്ചു. ഈ വ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടതാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ട്രെയിൻ യാത്രകളുടെ സുരക്ഷയും മികച്ച സൗകര്യങ്ങളും കണക്കിലെടുത്താണ് നിർദേശങ്ങളുണ്ടായതെന്ന് ജീവനക്കാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ 2012ൽ ചർച്ചകൾ ആരംഭിക്കുകയും 2016ൽ അംഗീകരിക്കുകയും 2020 മുതൽ നിർദേശങ്ങൾ നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ നിർദേശങ്ങൾ നടപ്പായില്ല. ഈ വ്യവസ്ഥകളും നിർദേശങ്ങളും നടപ്പാക്കാൻ പ്രതിഷേധം ആവശ്യമാണെന്ന് ലോക്കോ പൈലറ്റുമാർ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments