Tuesday, November 5, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | മാർച്ച് 30 | ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

“ഇന്നത്തെ ചിന്താവിഷയം” 2024 | മാർച്ച് 30 | ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പുതു തീരം തേടിയുള്ള യാത്ര.
————————————————-

കടലോരത്തെ ജീവികളെല്ലാം, തിരകൾ വരുമ്പോൾ, പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ചു കിടക്കുമായിരുന്നു. എന്നാൽ, ഒരു ജീവിക്കു മാത്രം ഇതത്ര രസിച്ചില്ല. അവൻ പറഞ്ഞു: “ഞാൻ മടുത്തു. ജനിച്ചപ്പോൾ തുടങ്ങി, ഇതേ പണി. തിരമാലയ്ക്കൊപ്പം പോയാൽ, എന്താണു കുഴപ്പം?” കൂടെയുള്ളവർ എതിർത്തു: “തിരവരുമ്പോൾ, ഇവിടെ പിടിച്ചു നിൽക്കാതിരുന്നാൽ, വല്ല പാറക്കെട്ടിലും ചെന്നു, തല തല്ലി മരിക്കും”, അവർ പറഞ്ഞു.

അതു കേൾക്കാതെ, അടുത്ത തിരയ്ക്കൊപ്പം യാത്രയായ അവൻ, കടലിൻ്റെ അതുവരെ കാണാത്തൊരു തീരത്തെത്തി. അവിടെയുള്ള ജീവികൾ അവനെക്കണ്ടിട്ട് അത്ഭുതത്തോടെ പറഞ്ഞു: “ഒരു പുതിയ ജീവി വന്നിട്ടുണ്ട് . കാഴ്ചയിൽ നമ്മേപ്പോലെയാണെങ്കിലും, അവൻ വ്യത്യസ്ഥനാണ്. ഒരു പക്ഷെ, അവൻ നമ്മുടെ രക്ഷകൻ ആയിരിക്കും ”

“ഞാൻ രക്ഷകനൊന്നുമല്ല. തിരയ്ക്കൊപ്പം യാത്ര ചെയ്ത് ഇവിടെ എത്തി എന്നു മാത്രം”, അവൻ പറഞ്ഞു. നമ്മുടെ ജീവിതം, പര്യടനത്തിനും, സാഹസീകതയ്ക്കും വേണ്ടി കൂടി ഉള്ളതാണ്. നിങ്ങളെന്തിനാണിവിടെത്തന്നെ, ഇങ്ങനെ കിടക്കുന്നത്?”, അവൻ ചോദിച്ചു. അപ്പോഴേക്കും അടുത്ത തിര വന്നു. അതിനൊപ്പം അവൻ യാത്രയായി!

ഒരേ കാഴ്ചകളും, ഒരേ അനുഭവങ്ങളും, ജീവിതത്തിൻ്റെ സാധ്യതകളെയും, സാഹസികതയേയും ഇല്ലാതാക്കും. ഒന്നിലും ഒരു പുതുമയും പരീക്ഷിക്കാത്തവർ, തികച്ചും വിരസരായിരിക്കും. തങ്ങൾ ശീലിച്ചതും, ചെയ്യുന്നതും മാത്രമാണ് ശരിയെന്നും, മറ്റെല്ലാം അപകടങ്ങളിലേക്കുള്ള വഴിയാണെന്നുമായിരിക്കും, അവരുടെ ചിന്ത. ശരികൾ പലതുമുണ്ടാകും. അവയെ പരീക്ഷച്ചറിയണമെന്നും മാത്രം.

ശീലങ്ങൾ, അടിമത്തത്തിലേക്കുള്ള വഴിയായിരിക്കരുണ്. മറ്റുള്ളവർ പറയുന്നതു മാത്രം കേട്ടു ജീവിക്കുന്നവർക്ക് ഒരു സാഹസീകതയും അനുഭവിക്കാനാകില്ല. വളർച്ചക്കനുസരിച്ചുള്ള വിവേകം ഇല്ലെങ്കിൽ, ആരുടെയെങ്കിലും അജ്ഞാനുവർത്തികളായി, നാം ജീവിതം അവസാനിപ്പിക്കേണ്ടി വരും. എടുത്തെറിയപ്പെടുന്നതെല്ലാ, ദുരന്തത്തി ലേക്കായിരിക്കണമെന്നില്ല. അല്പം ധൈര്യവും സാഹസികതയും കൈമുതലായി ഉണ്ടെങ്കിൽ, ആരും ചെന്നെത്താത്ത, അത്ഭുതദ്വീപുകളിലെത്തിച്ചേരാൻ നമുക്കായെന്നു വരും. ദൈവം സഹായിക്കട്ടെ.. എല്ലാവർക്കും നന്മകൾ നേരുന്നു… നന്ദി, നമസ്ക്കാരം

✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments