കണ്ണൂർ മാതമംഗലം കൈതപ്രം വായനശാലയ്ക്കു സമീപം പണി പൂർത്തിയാകാത്ത വീട്ടിൽ ഗൃഹനാഥൻ വെടിയേറ്റു കൊല്ലപ്പെട്ടു.മാതമംഗലം പുനിയംകോട് സ്വദേശി കെ.കെ.രാധാകൃഷ്ണനാണ് (51) മരിച്ചത്. പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നെഞ്ചിലാണു രാധാകൃഷ്ണനു വെടിയേറ്റത്. ഗുഡ്സ് ഓട്ടോ ഡ്രൈവറാണു മരിച്ച രാധാകൃഷ്ണൻ.
വീടുനിർമാണ കരാറിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണു കൊലപാതകമെന്നാണു പ്രാഥമിക നിഗമനം.കൊലപാതകത്തിന് മുമ്പ് പ്രതി സന്തോഷ് ഫേസ്ബുക്കിൽ കൂടി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തു.ഇതിൽ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു.
വെടിയൊച്ച കേട്ട് പ്രദേശവാസികൾ വീടിനടുത്തേക്ക് പോയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാധാകൃഷ്ണന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്.