മലയാള സാഹിത്യത്തിലെ പ്രശസ്തനായ എം. ടി. വാസുദേൻ നായർ
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയായിരുന്നു മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭാ പുരസ്കാരം മുതലായ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
എം. ടി. യുടെ വാനപ്രസ്ഥം എന്ന ഈ കഥാസമാഹാരത്തിൽ നാലു കഥകളാണ് ഉള്ളത്. ചെറിയ ചെറിയ ഭൂകമ്പങ്ങൾ, സുഹൃദം, പെരുമഴയുടെ പിറ്റേന്ന്, വാനപ്രസ്ഥം എന്നിങ്ങനെ നാലുകഥകൾ. 1992 ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഓടക്കുഴൽ പുരസ്‌കാരം ഈ സമാഹാരത്തിന് ലഭിച്ചിട്ടുണ്ട്. എം. ടി. യുടെ ഏറ്റവും മികച്ച കഥകളിൽ ഒന്നാണ് വാനപ്രസ്ഥം. കണ്ണൻ എന്ന ഒരു സംവിധായകൻ ഇതു സിനിമയാക്കിട്ടുണ്. M. T. അതിന് തീർത്ഥാടനം എന്ന പേരിൽ തിരക്കഥ
ഒരുക്കിയിട്ടുണ്ട്.
വാനപ്രസ്ഥം എന്ന കഥ മലയാള ചെറുകഥയിലെ ഒരു ഭാവഗാനം പോലെ സുന്ദരമായ കഥയാണ്.
ഗതകാല പ്രണയത്തിന്റെ നഷ്ടപ്പെട്ടുപോയ അനുരാഗത്തിന്റെ സ്മരണകൾ അനുരണം ചെയ്യുന്ന ഓർമ്മകളുടെ സ്പന്ദനമുള്ള കാലത്തിന്റെ ആഴത്തിലുള്ള അടയാളമുള്ള കഥയാണ് വാനപ്രസ്ഥം. ഒരു അദ്ധ്യാപകന്റെയും വിനീത ശിഷ്യയുടേയും പ്രണയമാണ് ഇതിലെ പ്രമേയം.
പക്ഷെ അതു പൂവണിയാതെ വിടരും മുമ്പേ കൊഴിഞ്ഞുപോയ ഒരു പ്രണയമായിരുന്നു അത്.
ആ പ്രണയം മുപ്പത്തിയാറു വർഷങ്ങൾക്കു ശേഷം പ്രണയിതാക്കളുടെ വാർദ്ധക്യത്തിൽ കാരുണ്യമായി മാറുന്നതാണ് ഇതിന്റെ കാതൽ. ഇതിന് പശ്ചാത്തലമൊരുക്കുന്നത് ക്ഷേത്രവും, ഭക്തിയും, തീർത്ഥാടനവും ഒക്കെയാണ്.
കരുണാകരൻ മാസ്റ്ററുടെയും വിനോദിനിയുടേയും സമാഗതത്തോടെയാണ് കഥ ആരംഭിക്കുന്നത്.
കഥാതന്തു :-
വിഷുവിന്റെ അടുത്തയാഴ്ച്ച മൂകാംബിക ക്ഷേത്രത്തിൽ ചിലപ്പോൾ എത്തിയേക്കാം എന്ന വിനോദിനിയുടെ കത്ത് കിട്ടിയപ്പോൾ ബന്ധുവായ കുമാരൻ കുട്ടിയുടെ കൂടെ മൂകാംബികയിലേക്ക് വന്ന കരുണാകരൻ മാസ്റ്റർ തന്റെ പൂർവ്വ വിദ്യാർത്ഥിയായ വിനോദിനിയെ ക്ഷേത്ര പരിസരത്ത് തിരയുന്നിടത്താണ് കഥ ആരംഭിക്കുന്നത്.
അറുപത്തിയൊന്നു വയസ്സുള്ള മാസ്റ്റർ മുപ്പത്തിയാറു വർഷത്തെ ഇടവേളക്കുശേഷം വിനോദിനിയെ കാണാൻ എത്തുന്നു.
ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ഒരു ലീവ് വേക്കൻസിയിൽ പട്ടാമ്പിയിലെ ഒരു ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്താണ് വിനോദിനി മാഷുടെ ശിഷ്യയാകുന്നത്.
ആദ്യ കാഴ്ചയിൽ തന്നെ വെള്ളാരങ്കല്ലു പോലെ കണ്ണുകളുള്ള ആ സുന്ദരി മാഷിന്റെ മനസ്സിൽ കയറിപ്പറ്റി.
പ്രതാപിയും പ്രമാണിയുമായ അവളുടെ അച്ഛന്റെ മുമ്പിൽ പോയി വിവാഹമാലോചിക്കാൻ മാസ്റ്റർക്ക് ധൈര്യം ഇല്ലായിരുന്നു. ഒരിക്കലും പുറലോകം കാണാതെ ആ ഇഷ്ടം മാഷുടെ മനസ്സിൽ മാത്രം ഒതുങ്ങികൂടി. അദ്ദേഹത്തിന്റെ താല്പര്യം വിനോദിനിക്ക് മനസ്സിലായെങ്കിലും അവളും അത് പ്രകടമാക്കിയില്ല.
വളരെ അപൂർവ്വമായി മാത്രം കത്തുകളിലൂടെ അതും കുറഞ്ഞ വരികളിൽ അവർ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.
മാഷ് വിവാഹം കഴിച്ചു മക്കളും പേരക്കുട്ടികളുമായി ജീവിതം മുന്നോട്ട് പോയപ്പോഴും ഓർമ്മകളുടെ എവിടെയോ ഒരു കോണിൽ വിനോദിനി ഉണ്ടായിരുന്നു.
ശുദ്ധജാതകകാരിയായ വിനോദിനിക്ക് വിവാഹം ഒത്തുവന്നില്ല എന്ന് മാത്രമല്ല അച്ഛന്റെ പ്രതാപമെല്ലാം നഷ്ടപ്പെട്ട് അവൾക്ക് പഠനം പോലും പൂർത്തി കരിക്കാൻ കഴിഞ്ഞില്ല. മദ്രാസിൽ കുറഞ്ഞ ശമ്പളത്തിൽ എവിടെയോ ജോലി നോക്കുകയായിരുന്നു.
മാസ്റ്റർ നീണ്ട മുപ്പതു വർഷത്തിനു ശേഷം മൂകാംബിക ക്ഷേത്ര ദർശനത്തിന്നായി വീട്ടിൽ നിന്നും പുറപ്പെടുകയാണ്. ഇതിനു മുമ്പ് അയാൾ പോയിട്ടുള്ളത് തന്റെ മകൾ രാധികയ്ക്ക് ചോറ് കൊടുക്കാമായിരുന്നു.
നീണ്ട മുപ്പതു വർഷത്തിനു ശേഷം വീണ്ടും മൂകാംബിക സന്ദർശിക്കാനുള്ള കാരണം വിനോദിനിയുടെ കത്താണ്.
അതിൽ അവൾ മൂകാംബികയിൽ വരുന്നുണ്ടെന്നും മാഷും കൂടി വന്നാൽ കാണാൻ തരപ്പെടും എന്നും എഴുതിയിരുന്നു.
എന്നാൽ തന്റെ ശിഷ്യയുടെ ക്ഷണം ഭാര്യ അമ്മാളുവിൽ നിന്നും മക്കളിൽ നിന്നും മറച്ചു വെയ്ക്കുന്നു. ഒരു നിഗൂഢമായ സമാഗമനത്തിന്റെ സാഹസികതയുടെ ആനന്ദം മാഷ് ഇതിൽ അനുഭവിച്ചിട്ടുണ്ട്.
അങ്ങിനെ വായോധികനായ മാഷ് കൃഷ്ണൻ കുട്ടിയേയും കൂട്ടി മൂകാംബിക സന്നിധിയിൽ എത്തുന്നു. അവിടെയെല്ലാം അയാൾ തന്റെ ശിഷ്യയെ തിരയുന്നു. പക്ഷേ കാണുന്നില്ല. ഒരു പക്ഷെ വന്നില്ലായിരിക്കും എന്ന മാഷുടെ നിരാശ കലർന്ന ആത്മഗതം ഈ കഥയുടെ തുടക്കത്തിൽ കാണാം.
പിന്നീട് ഒരു കടയിൽ പ്ലാസ്റ്റിക് ഡപ്പക്ക് വില പറഞ്ഞു നിൽക്കുന്ന വിനോദിനിയെ മാഷ് കാണുന്നു. അവരുടെ ആഹ്ലാദപൂർവ്വമായ സംഗമം.
അവിടെ നിന്ന് അവർ രണ്ടുപേരും തങ്ങളുടെ പൂർവ്വകാല അനുഭവങ്ങളെ കുറിച്ചും ഭൂതകാലത്തെ കുറിച്ചും ആ പ്രണയാതുരമായ കാലത്തെ കുറിച്ചും ഒക്കെ ഓർക്കുകയാണ്.
അവിടെനിന്നും അവർ കുടജാദ്രിയിലേയ്ക്ക് പോകാൻ തീരുമാനിക്കുന്നു. അവിടെ രാത്രി താമസിക്കുന്നു. ഹഡിഗയുടെ വീട്ടിൽ വെച്ച് ദമ്പതികൾ ആണെന്ന് തെറ്റിദ്ധരിച്ച് അവർക്കു വേണ്ടി അയാൾ ദമ്പതിപൂജ നടത്തുന്നു. അവർ ദമ്പതികൾ അല്ല എന്നുള്ളത് അവർ തിരുത്താനും ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
മുജ്ജന്മത്തിൽ അങ്ങിനെ ഒരു ഭാഗ്യം ഉണ്ടായിരിക്കാം എന്ന് വിനോദിനി മാഷോട് ആശ്വാസത്തോടെ പറയുകയും ചെയ്യുന്നുണ്ട്. രാവിലെ അവരവരുടെ സ്ഥലത്തേയ്ക്ക് യാത്ര തിരിക്കുന്നു.
വളരെ പക്വമായ ഒരു ഇഷ്ടത്തിന്റെ കഥയാണ് എം. ടി. പറഞ്ഞു വെക്കുന്നത്. ഒരിക്കലും മാഷോ വിനോദിനിയോ അനാവശ്യമായി രണ്ടു പേരുടേയും ജീവിതത്തിൽ ഇടപെടുന്നില്ല. എം. ടി. യുടെ കഥകളിൽ സാരഥി ഒരു പ്രധാന കഥാപാത്രമാണ്. വാനപ്രസ്ഥത്തിലെ ഡ്രൈവർ ആയ ചെറുപ്പക്കാരൻ, പെരുമഴയിലെ നിത്യത്തിലെ ടാക്സി ഡ്രൈവർ ആയ ഹംസ, എന്നിവരെക്കുറിച്ചും പറയുന്നുണ്ട്. എം. ടി. യുടെ കഥകളുടെ പ്രത്യേകത അതു വായനക്കാരനെ തന്റെ സഹയാത്രികൻ ആക്കുന്നു എന്നതാണ്.
ഈ കഥയിലൂടെ നമ്മൾ സഞ്ചരിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം നമ്മൾ മൂകാംബികയിൽ കുടജാദ്രി യാത്ര ചെയ്യുന്ന അനുഭവമാണ് നമുക്ക് തോന്നുക.
മാഷുടെ ഭാര്യ അമ്മാളുവിനേയും മക്കളേയും ചിലയിടത്ത് പരമാർശിക്കുന്നുണ്ട്. ദൈവനിശ്ചയങ്ങളുടെ കഥയാണ് വാനപ്രസ്ഥം. മാസ്റ്ററുടെയും വിനോദിനിയുടേയും സങ്കല്പത്തിൽ പടുത്തുയർത്തിയ ജീവിതം കുടജാദ്രിയുടെ ഒരു രാവിൽ അനാസക്തമായ സഹശയനത്തിൽ മാത്രം പൂർത്തീകരിക്കാനുള്ളതാണ് എന്നാണ് ആ നിശ്ചയങ്ങളിൽ ഒന്ന്.
ജീവിതം മുഴുവൻ അവർ സൂക്ഷിച്ച രഹസ്യത്തിനു മുകളിൽ മറ്റൊരു രഹസ്യം കൂടി അവർക്ക് കൈവരുകയാണ്. മാംസാധിഷ്ഠിതമല്ലാത്ത രാഗത്തിന്റെ കഥ കൂടിയാണ് ഇത്. വിചാരിച്ച പോലെ ഒന്നും ഇവിടെ വരാൻ പറ്റില്ല എന്നാണ് രചയിതാവ് വരച്ചു കാട്ടുന്നത്. ഭഗവതി വിളിക്കുമ്പോഴേ നമുക്ക് പോകാൻ പറ്റു. നമ്മള് കണക്കു കൂട്ടിയിട്ടൊന്നും കാര്യമില്ല എന്നാണ് രചയിതാവിന്റെ നിഗമനം. അതു ശരിയാണ് താനും. രചയിതാവ് വളരെ ഭംഗിയായി മൂകാംബിക യാത്രയെ ചിത്രീകരിച്ചു ഈ കൃതി അനുവാചക ഹൃദയങ്ങളെ മൂകാംബികയി ലേയ്ക്കും കുടജാദ്രിയിലേക്കും കൂട്ടി കൊണ്ടുപോകുന്ന തരത്തിലാണ്.