Thursday, December 26, 2024
Homeപുസ്തകങ്ങൾ'പുസ്തക ആസ്വാദനകുറിപ്പ്':- റാഫേൽ ടി .ജെ എഴുതിയ “സൈബർ സെക്യൂരിറ്റി” ...

‘പുസ്തക ആസ്വാദനകുറിപ്പ്’:- റാഫേൽ ടി .ജെ എഴുതിയ “സൈബർ സെക്യൂരിറ്റി” (എന്താണ് സൈബർ സെക്യൂരിറ്റി) ആസ്വാദനം: മേരി ജോസി മലയിൽ, തിരുവനന്തപുരം.

മേരി ജോസി മലയിൽ, ‘മലയാളി മനസ്സ്’ എഡിറ്റോറിയൽ ബോർഡ് മെമ്പർ, തിരുവനന്തപുരം.

“പുസ്തകങ്ങൾ ശാന്തരും എന്നും കൂടെ നിൽക്കുന്നതുമായ നല്ല സുഹൃത്തുക്കളാണ്. എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ബുദ്ധിയുള്ള ഉപദേശകരും, ക്ഷമാശീലം ഉള്ള അധ്യാപകരുമാണ്. (ചാൾസ് W. ഏലിയറ്റ് )

തുറന്ന കണ്ണുകളിലൂടെ നിറമുള്ള സ്വപ്നങ്ങൾ കാണിക്കുന്ന വായനയെ, പുസ്തകങ്ങളെ നമുക്ക് നമ്മുടെ ഉയർച്ചയ്ക്കായി പ്രണയിക്കാം.

ദിനപത്രവും ആനുകാലികങ്ങളും കഥയും നോവലും മാത്രം വായിക്കാൻ ഇഷ്ടപ്പെടുന്ന എൻറെ എഴുത്തു മുറിയിൽ അവിചാരിതമായി കടന്നുവന്ന ഒരു പുസ്തകം ആയിരുന്നു ശ്രീ ടി.ജെ. റാഫേലിന്റെ “എന്താണ് സൈബർ സെക്യൂരിറ്റി” എന്ന 37 പേജുള്ള പുസ്തകം. ഒരു ഉറങ്ങുന്ന സുന്ദരിയുടെ സ്വപ്നത്തിൽ വരുന്ന മാലാഖയുടെ ആകർഷകമായ കവർ പേജുള്ള ഈ പുസ്തകം കയ്യിൽ കിട്ടിയപ്പോൾ ഒന്നു തുറന്ന് വായിക്കാം എന്ന് കരുതി.

അടുത്ത വർഷം ആകുമ്പോഴേക്കും സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ജോലികൾക്ക് 15 ലക്ഷം പേരുടെ തൊഴിൽ സാധ്യത വന്നേക്കും എന്ന രചയിതാവിന്റെ ആദ്യ പേജിൽ തന്നെയുള്ള അവകാശവാദം അടുത്ത പേജുകളും വായിക്കാൻ എന്നെ നിർബന്ധിതയാക്കി. കാരണം കാലാകാലങ്ങളിൽ വരുന്ന ഇലക്ഷൻ മാനിഫെസ്റ്റോയിൽ ലക്ഷം…. ലക്ഷം….. പേർക്ക് തൊഴിൽ സാധ്യതയുണ്ട് എന്ന് പറയുന്നതല്ലാതെ അതൊന്നും നടപടിയിൽ വരുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതൊക്കെ ഒരു ‘തള്ള്’ മാത്രമായി അവശേഷിക്കാറാണ് പതിവ്.

12 ഭാഗങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. അമേരിക്കയിലെ ഫിലഡൽഫിയയിൽ നിന്നിറങ്ങുന്ന ‘മലയാളി മനസ്സ് ഓൺലൈൻ പത്രം’ ആദ്യമായി ഇത് ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നപ്പോൾ വായിച്ചതായി ഓർക്കുന്നുണ്ട്.

കമ്പ്യൂട്ടർ ആധികാരികമായി സ്കൂളിലോ കോളേജിലോ പഠിക്കാത്തത് കൊണ്ട് തന്നെ എനിക്ക് ഈ പുസ്തകത്തിലെ അറിവുകൾ വളരെ പ്രയോജനപ്പെട്ടു എന്ന് പറയാം. കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിച്ചു തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടുവെങ്കിലും അതിനു പുറകിലെ ഗുട്ടൻസ്കൾ പിടികിട്ടിയത് ഈ പുസ്തകം വായിച്ചപ്പോൾ മാത്രമാണ്.

ഇന്നത്തെ ഇൻറർനെറ്റ് യുഗത്തിൽ കമ്പ്യൂട്ടറും മൊബൈലും എന്ന് വേണ്ട നമ്മുടെ ചിന്താധാരകൾ പോലും ഒന്നിനോടൊന്ന് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാത്തിന്റെയും സുരക്ഷയും വളരെ പ്രധാനമാണല്ലോ?

അവസാന അധ്യായങ്ങളിൽ ഹാക്കർമാർ നമ്മളെ ചൂഷണം ചെയ്യുന്നത് എങ്ങനെയെന്ന് വിശദമായി രചയിതാവ് തുറന്നുകാണിക്കുന്നു. നമ്മെ ആക്രമിക്കാനായി ശ്രമിക്കുന്ന ഹാക്കറിനെ തടയാനുള്ള ഫയർവാളിനെ(Fire Wall)കുറിച്ച് പ്രതിപാദിക്കുന്നു. ഭാവിയിൽ ഹാക്കർ അറ്റാക്ക് വരുന്നതിന് മുമ്പ് തന്നെ തടയാൻ സഹായിക്കുന്ന കാര്യങ്ങളാണ് അടുത്ത അധ്യായങ്ങളിൽ.

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അല്ലേ മുൻകരുതലുകൾ എടുത്ത് രോഗം വരാതെ നോക്കുന്നത് എന്ന് പറയുന്നതുപോലെ!

കമ്പ്യൂട്ടർ നിർമ്മാണ സമയത്ത് തന്നെ ഉണ്ടായ പിഴവുകളിലൂടെ നാശം വിതയ്ക്കാൻ ഉള്ള വഴികൾ തുറന്നു വച്ചിരിക്കുന്നവരെ റിസ്ക് അനാലിസിസ് നടത്തുന്നതിലൂടെ തുരത്തുക.

പുസ്തകം മുഴുവൻ വായിച്ചില്ലെങ്കിൽ പോലും വായനക്കാർ വായിച്ചിരിക്കേണ്ടതാണ് അദ്ധ്യായം 11 എന്നാണ് എൻറെ വ്യക്തിപരമായ അഭിപ്രായം. കാരണം ‘സാധാരണക്കാരനും സൈബർ സെക്യൂരിറ്റിയും ‘ എന്ന പതിനൊന്നാം ഭാഗത്തിൽ അക്കമിട്ട് നിരത്തി ഓൺലൈൻ സുരക്ഷയ്ക്ക്‌ വേണ്ടി IDRBT നൽകിയ 20നിർദേശങ്ങൾ ഇതിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.

‘ദൃശ്യം’ സിനിമയിൽ ലാലേട്ടൻ കൊലപാതക കുറ്റത്തിൽ പിടിക്കപ്പെടാതിരിക്കാൻ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുമ്പോഴും അതിലും ബുദ്ധികൂർമത പ്രയോഗിച്ച് പോലീസ് സേന അദ്ദേഹത്തിൻറെ പുറകെ ഉണ്ട്. അതുപോലെ നമ്മുടെ എല്ലാ സുരക്ഷാ കവചങ്ങളും കടത്തിവെട്ടാൻ മറ്റുള്ളവരും ശ്രമിച്ചു കൊണ്ടേയിരിക്കും എന്ന തിരിച്ചറിവ് വേണമെന്നാണ് ഗ്രന്ഥകർത്താവ് ഇതിലൂടെ ഊന്നി പറയുന്നത്.

സൈബർ സെക്യൂരിറ്റി എന്ന് കേൾക്കുമ്പോൾ അത് എന്താണ് എന്ന് അറിയാൻ ആകാംക്ഷയുള്ള ഒരു തുടക്കക്കാരിക്ക് എളുപ്പം മനസ്സിലാകുന്ന അത്ര ലളിതമായാണ് കഥാകൃത്ത് ഇവിടെ സൈബർ സെക്യൂരിറ്റിയെക്കുറിച്ച് വിവരിച്ചിരിക്കുന്നത്.

സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ചീഫ് ജനറൽ മാനേജർ ശ്രീ ടി. ജെ.റാഫേലിന്റെ ഈ ആദ്യ ഉദ്യമം പ്രശംസനീയം ആണെന്ന് പറയാതെ വയ്യ!

പുസ്തകം മുഴുവൻ വായിച്ചു കഴിയുമ്പോൾ സൈബർ സെക്യൂരിറ്റിയെക്കുറിച്ച് മലയാളികൾക്ക് ഒരു അവബോധം സൃഷ്ടിക്കാൻ കഴിയും എന്നത് രചയിതാവിന്റെ വിജയം തന്നെ.

ലളിതവും മനോഹരവുമായ ആഖ്യാന ശൈലി. മികച്ച വായനാനുഭവവും പ്രദാനം ചെയ്യുന്നു. അഭിനന്ദനങ്ങൾ!

അനീഷ് കോലോത്തിന്റെ ആകർഷകമായ കവർ ചിത്രവും പുസ്തകത്തിൻറെ കെട്ടും മട്ടും ഉന്നത നിലവാരം പുലർത്തുന്നു.

പ്രണയവും വിരഹവും വൈകാരികതയും ഇട കലർന്നുള്ള കാൽപ്പനിക ഭാവങ്ങൾ ആരും ഈ പുസ്തകത്തിൽ പ്രതീക്ഷിക്കരുത്. ഒരു പാഠപുസ്തകം വായിച്ചു പഠിക്കുന്നതുപോലെ വായിച്ചു മനസ്സിലാക്കുക.

ഇനിയുമിനിയും ഇതുപോലെ ഇൻഫർമേറ്റീവ് ആയ പുസ്തകങ്ങൾ റാഫേലിന്റെ തൂലികയിൽനിന്ന് നമുക്ക് സമ്മാനിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട്. നന്ദി! നമസ്കാരം!

മേരി ജോസി മലയിൽ,

‘മലയാളി മനസ്സ്’ എഡിറ്റോറിയൽ ബോർഡ് മെമ്പർ,
തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments