ന്യൂ യോർക്കിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐനാനി) നഴ്സുമാർക്ക് വേണ്ടി സൂം വഴി ‘അബ്സ്ട്രാക്ട്’ എഴുതുന്നതിനും പ്രേസേന്റ്റേഷനുമുള്ള ശിക്ഷണ-പരിശീലന ക്‌ളാസ് നടത്തുന്നു. നോർത്ത് വെൽ ഹെൽത്തിൽ നേഴ്സ് സയന്റിസ്റ്റും അഡൽഫൈ യൂണിവേഴ്സിറ്റിയിൽ അസ്സോസിയേറ്റ് ക്ലിനിക്കൽ പ്രൊഫെസ്സറുമായ ആയ ഡോ. ആനി ജേക്കബും ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷനിൽ ജെക്കോബി ആൻഡ് നോർത്ത് സെൻട്രൽ ബ്രോങ്ക്സ് ഒക്യുപേഷണൽ ഹെൽത് ഡയറക്റ്ററുമായ ഡോ. സോളിമോൾ കുരുവിളയുമായിരിക്കും ക്‌ളാസ് എടുക്കുകയെന്ന് ഐനാനിയുടെ എജുക്കേഷൻ ആൻഡ് പ്രൊഫെഷണൽ ഡെവലൊപ്മെന്റ് ചെയർ ആന്റോ അയ്നിങ്കൽ അറിയിച്ചു. ഡോ. ആനി ജേക്കബ് അബ്സ്ട്രാക്റ്റും ഡോ. സോളിമോൾ കുരുവിള പ്രേസേന്റ്റേഷനുമായിരിക്കും വിഷയങ്ങളായെടുക്കുന്നത്. അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമുള്ളവർക്ക് പങ്കെടുക്കത്തക്കവിധം സൂം വഴിയായിരിക്കും ഈ പരിശീലന ക്‌ളാസ്.
ശാസ്ത്രീയവും പണ്ഡിതോചിതവുമായ ലേഖനങ്ങൾ എഴുതുന്നതിനും പോഡിയം അല്ലെങ്കിൽ പോസ്റ്റർ പ്രേസേന്റ്റേഷനുകൾക്കുമുള്ള ആപ്ളിക്കേഷൻ സമർപ്പിക്കുമ്പോളും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ആബ്സ്ട്രാക്ട്. ലേഖനങ്ങളുടെയും പ്രെസെന്റേഷനുകളുടെയും വിലയിരുത്തലും സ്വീകാര്യതയ്ക്കുള്ള അർഹതയും നിശ്ചയിക്കുന്നത് മിക്കവാറും എല്ലായ്‌പ്പോഴും അബ്സ്ട്രാക്റ്റിന്റെ അടിസ്ഥാനത്തിലാണ്. ആരോഗ്യപരിപാലന രംഗത്തെ നേതൃത്വത്തിലും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും ഇന്ത്യൻ നഴ്സുമാരുടെ വർധിച്ചു വരുന്ന സാന്നിധ്യം പുതുതായി വരുന്ന നഴ്‌സുമാരിൽ സ്വാധീനവും പ്രചോദനവും നൽകുന്ന ഒരു സാഹചര്യമാണ് ഇപ്പോളുള്ളത്. പ്രാദേശീയവും ദേശീയവുമായ കൊണ്ഫറന്സുകളിൽ ഇന്ത്യൻ നഴ്സുമാരുടെ പ്രെസന്റേഷനുകൾ അഭിമാനകരമായി വർധിച്ചുവരുന്നുണ്ടെങ്കിലും ആ നിലയിൽ എങ്ങനെ എത്താമെന്ന് പലർക്കും സംശയമാണ്. പലരുടെയും ആവശ്യം കണക്കിലെടുത്തുകൊണ്ടാണ് ഈ പരിശീലന ക്‌ളാസ് ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടാതെ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നഴ്സിംഗ്
രംഗത്തുള്ളവർക്കും മറ്റു മേഖലകളിൽ താല്പര്യമുള്ളവർക്കും ഈ ക്‌ളാസ് വളരെ പ്രയോജനപ്പെടുമെന്ന അവബോധമാണ് ഈ സംരംഭത്തിന് പിന്നിൽ.
ന്യൂ യോർക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ പരിപാലന ശൃംഖലയായ നോർത്ത് വെൽ ഹെൽത്തിലെ ഇരുപത്തിയൊന്നു ഹോസ്പിറ്റലുകളിൽ തെളിവിൽ അധിഷ്ഠിതമായ നഴ്സിംഗ് പ്രാക്ടീസ് ഉറപ്പു വരുത്തുവാനുള്ള ഉത്തരവാദിത്വമാണ് നേഴ്സ് സയന്റിസ്റ്റ് ആയ ഡോ. ആനി ജേക്കബിനുള്ളത്. ഓരോ ഹോസ്പിറ്റലിലും നഴ്സിംഗ് ഇടപെടലുകളുടെ നിലവാരം വർധിപ്പിക്കുന്നതിന് ഡോ. ജേക്കബിന്റെ പങ്ക് വളരെയുണ്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും യൂറോപ്പിലും ഏഷ്യയിലും ആയി അനേകം പ്രെസൻറ്റേഷനുകൾ നടത്തിയിട്ടുള്ള ഡോ. ജേക്കബ് നോർത്ത് വെൽ ഹെൽത് നടത്തിയിട്ടുള്ള വിവിധ കോണ്ഫറന്സുകളിൽ അനേകമനേകം അബ്സ്ട്രാക്റ്റുകൾ അവലോകനം ചെയ്ത് വിലയിരുത്തി, അതേ ആരോഗ്യശൃംഘലയിൽ തന്നെ അബ്സ്ട്രാക്ട് നിർമ്മാണ വർക്ക് ഷോപ്പുകൾ നടത്തിയിട്ടുള്ള ഒരു പ്രൊഫെഷണലത്രേ. പണ്ഡിതഗണത്തിൽ ഒരാളാണ്. ഐനാനിയിലെ റിസേർച് ആൻഡ് ഗ്രാന്റ്സ് കമ്മിറ്റിയുടെ ചെയർ കൂടിയാണ് ഡോ. ആനി ജേക്കബ്.
അമേരിക്കൻ അക്കാദമി ഓഫ് നഴ്സിങ്ങിന്റെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ള വിരലിലെണ്ണാവുന്ന ഇന്ത്യൻ നഴ്‌സുമാരിൽ ഒരാളാണ് പ്രേസേന്റ്റേഷനെ കുറിച്ചു ക്‌ളാസ് എടുക്കുന്ന ഡോ. സോളിമോൾ കുരുവിള. ശാസ്ത്രീയമായ പഠനങ്ങൾ നടത്തുകയും അവയെ വിവിധ പ്രൊഫഷണൽ കോൺഫെറെൻസുകളിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള അവർ ആ രംഗത്തെ ഒരു വിദഗ്ധയാണ്. അനേകം നഴ്സിംഗ് കോണ്ഫറന്സുകളിൽ നഴ്സിംഗ് സംബന്ധവും ഒക്യുപേഷണൽ ഹെൽത് സംബന്ധവുമായ പ്രെസെന്റേഷനുകൾ നടത്തിയിട്ടുള്ള ഇവർ അനേകം നഴ്സുമാർക്ക് ഉന്നതവിദ്യാഭ്യാസത്തിനും പ്രേസേന്റ്റേഷനുകൾക്കുള്ള തെയ്യാറെടുപ്പിനു മെന്റോർ ആയും സേവനം ചെയ്തിട്ടുണ്ട്. നഴ്സിംഗ് സ്കോളർ സൊസൈറ്റിയുടെ ‘ലൈഫ് ടൈം അച്ചീവ്‌മെന്റ്’ അവാർഡ് ലഭിച്ചിട്ടുള്ള ഡോ. കുരുവിള അമേരിക്കയിൽ പിഎച് ഡി എടുത്ത ആദ്യത്തെ ഇന്ത്യൻ നഴ്‌സുമാരിൽ ഒരാളാണ്. ഐനാനിയുടെ സെക്രട്ടറിയും വൈസ് പ്രെസിഡന്റും നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്കയുടെ പ്രെസിഡന്റും ആയി നഴ്സിംഗ് കമ്മ്യൂണിറ്റിക്കു പ്രചോദനമായ ഡോ. കുരുവിള അനുഭവ സമ്പത്തുള്ള ഒരു നഴ്സ് പ്രാക്ടീഷണറാണ്.
ഹോസ്പിറ്റലുകളിലും മറ്റു ആരോഗ്യപരിപാലനസ്ഥലങ്ങളിലും നടക്കുന്ന പഠനങ്ങളിലും എവിഡൻസ്-ബേസ്ഡ്-പ്രാക്ടീസ് പ്രൊജെക്ടുകളിലും പങ്കെടുക്കുന്ന നഴ്സുമാർക്ക് അവരുടെ ശ്രമങ്ങൾ പ്രൊഫെഷണൽ കോൺഫെറെൻസുകളിൽ സമർപ്പിക്കുന്നതിനും വിജയകരമായി അവതരിപ്പിക്കുന്നതിനും ഈ ക്‌ളാസ്സിലെ രണ്ടു ഭാഗങ്ങളും വളരെയധികം പ്രയോജനം ചെയ്യുമെന്നതിനു സംശയമില്ല എന്ന് ഐനാനി എജുക്കേഷൻ കമ്മിറ്റി അവകാശപ്പെടുന്നു. ജൂൺ ആറ് വ്യാഴാഴ്ച വൈകീട്ട് 8 മുതൽ 9 വരെ (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) യുള്ള ഈ സൂം ക്‌ളാസ് ഐനാനി
അംഗങ്ങൾക്കും അംഗങ്ങൾ അല്ലാത്തവർക്കും സൗജന്യമായി പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://us06web.zoom.us/meeting/register/tZlvdOurrjopGtCTukCw-OrmzotB2052Zfu9
സംബന്ധമായ മറ്റെന്തെങ്കിലും വിവരങ്ങൾക്ക് ആന്റോ അയ്നിങ്കൽ aayininkal@gmail.com