മനുഷ്യാനുഭവങ്ങളുടെ വൈവിധ്യം നിറഞ്ഞ കഥകളാണ് സുജാത കെ. പിള്ള എഴുതുന്നത്. അതിഭാവുകത്വത്തിൻ്റെ പിടിയിലകപ്പെടാതെ നിഗൂഢതകളേതും കൂടാതെ അവർ കഥകളെഴുതുന്നു. പെണ്ണു പൂക്കുന്നിടം എന്ന കഥാസമാഹാരത്തിനു പുറമെ തിരസ്കൃത എന്ന കവിതാ സമാഹാരവും അവരുടേതായുണ്ട്.
ദേവസ്വം ബോർഡിൻ്റെ ഹൈസ്കൂളുകളിൽ
ഗണിതാധ്യാപികയായിരുന്ന
സുജാത കെ.പിള്ളയുമായി
ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം.
“ഉൾക്കണ്ണിൻ്റെ കാഴ്ച ആവിഷ്‌കരിക്കാനുള്ള ഉപാധിയാണ് എഴുത്ത്. “
സുജാത കെ. പിള്ള
ചോദ്യം 1
ഗണിതാധ്യാപികയായിരുന്നല്ലോ സുജാത. കെ.പിള്ള .പിന്നെ സാഹിത്യലോകത്തിലേക്ക് പ്രവേശിച്ചു. വിരമിച്ചതിനു ശേഷമാണോ സാഹിത്യ രംഗത്തു പ്രവർത്തിച്ചു തുടങ്ങിയത്?
അതെ, ഗണിതാധ്യാപിക യായിരുന്നെങ്കിലും മലയാള സാഹിത്യത്തോട് എന്നും താൽപര്യമുണ്ടായിരുന്നു. ചെറുപ്രായത്തിൽത്തന്നെ വായനഎന്റെഇഷ്ടപ്പെട്ട വിനോദമായിരുന്നു. മലയാളം എന്റെ ഇഷ്ടവിഷയവുമായിരുന്നു .യഥാർത്ഥത്തിൽ കണക്ക് എനിക്ക് വഴിതെറ്റി വന്ന ഒരിടം ആയിരുന്നു. സാഹിത്യലോകം എനിക്ക് ഒരു വീണ്ടെടുപ്പ് കൂടിയാണ്. അധ്യാപകവൃത്തി ഉത്തരവാദിത്വപൂർവ്വം നിർവഹിക്കുന്നതോടൊപ്പമാണ് ഞാൻ സാഹിത്യത്തിലും മുഴുകിയത്. ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ട് അക്കാര്യം ഇപ്പോഴും തുടരുന്നു.സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുൻപുതന്നെ കഥയും കവിതയും വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.
ചോദ്യം 2
ആദ്യകവിതാ സമാഹാരത്തിൻ്റെ ശീർഷകം തിരസ്കൃത എന്നായിരുന്നല്ലോ.കവിതയിൽ ഏകാകിത്വത്തിൻ്റെ സൂചനകൾ കാണാം. തിരക്കേറിയ ജീവിതത്തിൽ ഇത്തരം ഏകാകിത്വത്തിൻ്റെ അനുഭവങ്ങളെ എങ്ങനെ കണ്ടെടുക്കുന്നു?
എഴുത്തുകാർക്ക്, അവർ സ്ത്രീയായാലും, പുരുഷനായാലും രണ്ട് ലോകമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.ഒന്ന് അവരവർക്ക് മാത്രം സ്വന്തമായ ഏകാകിത്വത്തിൻ്റെ ലോകം,മറ്റൊന്ന് വീട്ടിടങ്ങളിലെയോ തൊഴിലിടങ്ങളിലെയോ സംഘർഷങ്ങളുടെ ലോകം. എന്നെ സംബന്ധിച്ച് എത്ര തിരക്കിലും എൻ്റെ പ്രിയ നിമിഷങ്ങളിൽ നിന്നും കഥയോ, കവിതയോ പിറവി കൊള്ളുന്നതിനുള്ള പ്രചോദനങ്ങൾ, ആത്മപ്രേരണകൾ ലഭിക്കുന്നു,അപ്പോൾ ഞാൻ എഴുതുന്നു.അല്പം സർഗാത്മകതയും, ഭാഷയും, പദസമ്പത്തും, ഭാവനയും,അത്തരം മറ്റ് ഘടകങ്ങളും, അനുകൂലതകളും, എല്ലാം എൻ്റെ എഴുത്ത് ജീവിതത്തിന് ചൈതന്യം പകരുന്നുണ്ട്. സമൂഹത്തെക്കുറിച്ചുള്ള അവബോധം എഴുത്തിൻ്റെ മേഖലയിൽ തീർച്ചയായും എൻ്റെ ഉത്കണ്ഠകളിൽ പ്രധാനവുമാണ്.ഉള്ളിൽ തട്ടുന്ന അനുഭവങ്ങളെ, അനുഭൂതികളെ ആവിഷ്കരിക്കാൻ ഒരു മാധ്യമം ആവശ്യമായി വരുമ്പോൾ , അത് വല്ലാതെ അലട്ടുമ്പോൾ എഴുതാൻ നിർബന്ധിതയാകും. മനസും, ചിന്തകളും അപരലോകം തേടുകയും ചെയ്യും. ഔദ്യോഗികകാലത്തും അനേകം യാത്രകൾ ചെയ്തിരുന്നു. അക്കാലങ്ങളിൽ നിരീക്ഷണബുദ്ധിയോടെ സമാഹരിച്ച അനുഭവസഞ്ചയം എനിക്ക് എഴുത്തിൽ ഊർജ്ജം പകർന്നു.തിരക്കുള്ള ജീവിതമാണ് എഴുത്തുകാർക്ക് നല്ലത്. അത് എന്നെ സംബന്ധിച്ച് എഴുത്തിനുള്ള വിഭവങ്ങൾ സമ്മാനിക്കുന്നുണ്ട്.
ചോദ്യം 3
കഥയാണോ കവിതയാണോ പ്രിയപ്പെട്ട മാധ്യമം? എന്തുകൊണ്ട്?
കഥയും, കവിതയും ഒരേപോലെ പ്രിയമുള്ളതാണ്. കവിത ചില നിമിഷങ്ങളിൽ മിന്നൽപോലെ പിറക്കുന്നു എന്നതാണ് എൻ്റെ അനുഭവം. കവിതയാണ് മാധ്യമം എങ്കിൽ ആശയസംവേദനത്തിന് വലിയ വിശദീകരണം വേണ്ട, അർത്ഥതലങ്ങളെക്കുറിച്ച് വരികളിലൂടെ ധ്വനിപ്പിക്കാം. അതായത് കവിത വിശദാംശങ്ങൾ ആവശ്യപ്പെടുന്നില്ല. ഒരാശയത്തെ മർമ്മസ്പർശിയാക്കാൻ ഒന്നോ, രണ്ടോ വരികൾ കൊണ്ടു കവിതയ്ക്കാകും.
“യുദ്ധവും സമാധാനമാണ്.
ചോരയിൽ മുക്കി മാംസം ഭക്ഷിക്കുന്നവർക്ക്”
എന്ന് ഒരു കവി എഴുതുമ്പോൾ യുദ്ധത്തിൻ്റെ തീവ്രതയും ദുരന്തവും എത്ര അനായാസമായി ആശയപ്രകാശനം സാധ്യമാക്കിയിരിക്കുന്നു.
“ചിന്തയുടെ അതിരുകല്ലുകൾ
ശക്തമായടച്ച്
ഭക്തിക്ക് കീഴ്പ്പെടുന്നത്
ഭ്രാന്തല്ലാതെയെന്ത്?”
എന്ന എൻ്റെ ‘ഭക്തി ‘എന്ന കവിതയിലെ വരികളും ഇത്തരം ഒരുദാഹരണമാണ്.
കഥകൾ എഴുതുമ്പോൾ വിശദമായ ഒരു ക്യാൻവാസിൽ അവതരണത്തിന് വഴിതുറക്കപ്പെടുന്നു. കാല്പനികത, ബിംബരൂപീകരണം, നർമ്മപ്രകാശനം, എന്നിവയ്ക്കെല്ലാം കുറേക്കൂടി അവസരമുണ്ടാകുന്നു.
ഒരു സാഹിത്യസൃഷ്ടി, കഥയായാലും, കവിതയായാലും വിമലീകരണം രചയിതാവിന് അനുഭവമാക്കിത്തീർക്കുന്നു. ഉൾക്കണ്ണിൻ്റെ കാഴ്ച ആവിഷ്‌കരിക്കാനുള്ള ഉപാധിയാണ് എഴുത്ത്. സൂക്ഷ്മദൃഷ്ടിയും, അപരത്വത്തിലേക്കുള്ള പ്രയാണവും എഴുത്തിനെ നവ്യമാക്കുന്നു.
ചോദ്യം 4
കഥകളിൽ നവോത്ഥാന ചിന്തകൾ കടന്നു വരുന്നുണ്ട്. അതിൻ്റെ രസതന്ത്രം എന്താണ്?
നവോത്ഥാനം എന്നത് ഒരുകാലത്ത് മാത്രം സംഭവിക്കേണ്ട ഒന്നല്ല. യൂറോപ്യൻ നവോത്ഥാനം, അതിൻ്റെ ആശയങ്ങൾ ഇന്ത്യയിലേക്ക് പ്രവേശിച്ച ചരിത്രം നമുക്കറിയാം. എന്നാൽ ബംഗാളിലെ നവോത്ഥാന ഇടപെടലുകളും കേരളത്തിലെ നവോത്ഥാനകാല പ്രവണതകളും വ്യത്യസ്തമാണ്. ജീവൽ സാഹിത്യം നവോത്ഥാനത്തിൻ്റെ ഒരു തലമാണ്. തകഴിയുടെയും മറ്റും കഥകളിൽ സാധാരണ മനുഷ്യജീവിതങ്ങൾ അടയാളപ്പെട്ടു. റിയലിസമാണ് അന്ന് കഥയുടെ അടിസ്ഥാനം. ഇസങ്ങൾ മാറി വന്നേക്കാം. മനുഷ്യൻ അപ്പോഴും ജീവിക്കുകയാണ്. ഞാൻ ജീവിക്കുന്ന കാലത്തിലും നവോത്ഥാനം, അതായത് നവ്യമായ ഉണർച്ച ആവശ്യമാണ്. ഞാൻ ജനിച്ചുവളർന്ന ചുറ്റുപാടുകൾ ധാരാളം വായിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും സ്ത്രീപുരുഷതുല്യത അനുഭവിക്കുവാനും അവസരം തന്നു. കുട്ടിക്കാലത്ത് ധാരാളം വായിക്കുവാൻ പ്രോത്സാഹനം നൽകിയിരുന്നു. സമൂഹത്തിലെ നീതിനിഷേധങ്ങളെ എതിർക്കുവാനുള്ള ആർജ്ജവം ആ വഴിക്ക് കൈവന്നതാണ്. അതുകൊണ്ട് സാഹിത്യത്തിലും നവോത്ഥാന ചിന്തകൾക്ക് പ്രാമുഖ്യം വന്നുചേർന്നു. ഒരു തരത്തിലുമുള്ള വിഭാഗീയതകൾ സമൂഹത്തെ ബാധിക്കരുത് എന്ന ആത്മാർത്ഥമായ ആഗ്രഹം എന്നും എൻ്റെ ഉള്ളിലുണ്ട്. അത് എൻ്റെ എഴുത്തിലും കടന്നുവരുന്നു. നാം ജീവിക്കുന്ന സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്ന എത് നവചിന്തകളേയും ഉൾക്കൊള്ളുവാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഒരുശാസ്ത്രീയ യുക്തിയുമില്ലാത്ത അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും മനുഷ്യൻ അടിപ്പെട്ടു പോകുന്നതിനെ എഴുത്തിലൂടെ ബോധവൽക്കരിക്കാൻ ഞാൻ കഴിവതും ശ്രമിക്കും, അങ്ങനെയൊരു വർക്ക് കൂടിയാണ്, ‘പെണ്ണുപൂക്കുന്നിടം’എന്ന എന്റെ ചെറുകഥാസമാഹാരം.
ചോദ്യം 5
പെണ്ണു പൂക്കുന്നിടം എന്ന കഥാസമാഹാരത്തിൻ്റെ ശീർഷകം സൂചിപ്പിക്കുന്നതുപോലെ സ്ത്രീപക്ഷകഥകളാണ് സുജാത.കെ.പിള്ള എഴുതുന്നത്. സ്ത്രീപക്ഷ ആശയങ്ങൾ സ്വാധീനിച്ചിട്ടുണ്ടോ?
ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ എൻ്റെ ജീവിതം പെണ്ണെന്നുള്ള അവഗണന അനുഭവിക്കാത്ത ഒന്നായിരുന്നു. എന്നാൽ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അസമത്വം എന്നും എൻ്റെ ചിന്തയ്ക്ക് വിഷയമായിട്ടുണ്ട്. സ്ത്രീപക്ഷം എന്ന് മുൻകൂട്ടി ഉറപ്പിച്ച ശേഷം എഴുതിയതല്ല എൻ്റെ കഥകൾ. ഒരു വായനക്കാരന് അങ്ങനെ തോന്നുന്നുവെങ്കിൽ അത് ഒരു ആയിത്തീരലാണ് എന്ന് പറയാനാണ് എനിക്കിഷ്ടം. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് കൂടുതൽ പരിചിതമായ തലങ്ങൾ സ്വാഭാവികമായും എൻ്റെ കഥകളിൽ വന്നുചേർന്നെന്നിരിക്കും. അനുഭവങ്ങൾ ഏറെയുള്ള സ്ത്രീജീവിതങ്ങൾ കഥകൾക്ക് കൂടുതൽ വിഷയമായേക്കാം. പുരുഷനായാലും, സ്ത്രീ ആയാലും എഴുതുമ്പോൾ അവരുടെ ആത്മാശം എഴുത്തിലേക്കു കടന്നുകയറ്റം നടത്തും. ഞാൻ എഴുതുമ്പോഴും പുരുഷന്മാരുടെ പശ്ചാത്തലമുള്ള കഥകൾ എഴുതാറുണ്ട്. സ്ത്രീയും, പുരുഷനും പരസ്പരം അകലാതെയും അസ്തിത്വം നഷ്ടപ്പെടാതെയും നിലനിൽക്കണം. സ്ത്രീയും, പുരുഷനും ഇല്ലാതെ പ്രകൃതിയും, പ്രപഞ്ചവും നിലനിൽക്കില്ലല്ലോ?
എൻ്റെ കഥാസമാഹാരത്തിന് അവതാരിക എഴുതിയ ഡോ. സി.രാവുണ്ണി പറഞ്ഞത് പോലെ സ്ത്രീക്ക് സ്വയംനിർണയാവകാശം ഉണ്ടാകണം എന്നുതന്നെയാണ് എൻ്റെ മുദ്രാവാക്യം. പെണ്ണുപൂക്കുന്നിടം എന്ന് പുസ്തകത്തിന് പേര് നൽകിയതും ആ മനോഭാവത്തോടെയാണ്. സമ്പത്തികസ്വാതന്ത്ര്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മെച്ചപ്പെടലുകൾ നവകാലത്തെ സ്ത്രീകൾക്ക് നൽകുന്ന ഊറ്റവും, ഊർജ്ജവും അത്ര ചെറുതല്ല എന്നത് സ്ത്രീകൾ തന്നെ തിരിച്ചറിയണം. പെണ്ണുപൂക്കുന്നിടം എന്ന
എൻ്റെ കഥയിലെ അനുശാന്തി സ്ത്രീ സമൂഹത്തിന് വ്യക്തവും ശക്തവുമായ ഒരു പാഠം പകർന്നുനൽകുന്നുണ്ട്. അത് വായിച്ചുതന്നെ ഓരോരുത്തരും അറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
ചോദ്യം 6
പുതിയ കാലത്തെഴുതപ്പെടുന്ന സ്ത്രീ എഴുത്തുകാരുടെ കഥകൾ ചില തുറന്നെഴു ത്തലുകളാണ്. സുജാതയുടെ നിലപാടെന്താണ്? എൻ്റെ ജനിതകക്കൂട്ടിൽ മാധവിക്കുട്ടിയുടെ ജനിതകക്കൂട്ടില്ലെന്ന് സുജാത എഴുതിയിട്ടു മുണ്ട്. അങ്ങനെ എഴുതാൻ കാരണം?
പുതിയ തലമുറയിൽ പെട്ട പല എഴുത്തുകാരികളും തുറന്നെഴുത്തുകാരാണ്. സ്ത്രീകളുടെ തുറന്നെഴുത്തുകൾ സമൂഹം എന്തിന് ഭയക്കണം.? അങ്ങനെയെങ്കിൽ ആണധികാരം രൂപപ്പെടുത്തിയ സാമൂഹ്യവ്യവസ്ഥിതിയാണ് അതിന് കാരണം. മാധവിക്കുട്ടി എഴുതിയ കാലവും,സാറാ ജോസഫ് എഴുതുന്ന കാലവും രണ്ടും രണ്ടാണ്. സാഹിത്യത്തിലെ കുലപതികൾ മാധവിക്കുട്ടിയുടെ തുറന്നെഴുത്തിൽ സ്തബ്ധരായിട്ടുണ്ടാവാം. ആത്മാനുഭവങ്ങളെ ആവിഷ്കരിച്ച് സ്വയം ശാന്തി അനുഭവിച്ച എഴുത്തുകാരിയാണ് അവർ. എന്നാൽ പിന്നാലെ വന്നവർ എഴുത്തിനൊപ്പം പ്രതികരണവും ശീലമാക്കി. പലരുടെയും എൻ്റെ കഥകൾ പിറക്കുന്ന ഈ കാലത്ത് സ്ത്രീസമൂഹത്തിൻ്റെ ജീവിതസാഹചര്യവും മാറ്റപ്പെട്ടിരിക്കുന്നു. തുറന്നെഴുത്ത് എന്ന വാക്കിന് പഴയ കാലത്തിൻ്റെ അർഥതലമല്ല ഇന്നുള്ളത്. അത് കൂടുതൽ ശക്തവും ആശയസമ്പുഷ്ടവും ആയി മാറിയിരിക്കുന്നു. എൻ്റെ കഥകളിൽ ഈ വിശാല വീക്ഷണം പുലർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആർക്കും അവരവരുടെ സ്വരത്തിന് ഒരിടം കണ്ടെത്താൻ കഴിയുന്ന ബഹുസ്വരതയുടെ കാലമാണല്ലോ ഇത്. പാഠത്തിനുള്ളിൽ പാഠത്തെ സൃഷ്ടിക്കാൻ ഏത് എഴുത്തുകാരികൾക്കും, എനിക്കും അവസരം തരുന്ന കാലം എൻ്റെ ജനിതകക്കൂട്ടിൽ മാധവിക്കുട്ടിയുടെ ജനിതകക്കൂട്ടില്ല എന്ന് എഴുതാൻ കാരണം സാഹിത്യ തറവാടുകളുടെ പാരമ്പര്യമല്ല സ്വതന്ത്രമായ പരിശ്രമമാണ് എന്നെ എഴുത്തുകാരിയാക്കുന്നത് എന്നതുകൊണ്ടാണ്. ലളിതമായ ഭാഷയിൽ പറഞ്ഞാൽ എഴുത്തിൻ്റെ ജീൻ മുൻതലമുറകളിൽ നിന്ന് എന്നിലേക്ക് പകർന്നുകിട്ടിയതല്ല എന്നുതന്നെ.
ചോദ്യം 7
കുടുംബത്തിൽ നിന്നുള്ള പിന്തുണ ഒരെഴുത്തുകാരിയ്ക്ക് ആവശ്യമുണ്ടോ? സുജാതയ്ക്കത് കിട്ടുന്നുണ്ടോ? കുടുംബ പശ്ചാത്തലം ഒന്നു വിശദീകരിക്കുമല്ലോ?
ജീവിക്കുന്ന കുടുംബം എപ്പോഴും നമുക്കെല്ലാ പിന്തുണയുംനൽകുന്ന ഇടമായിരിക്കണം. എൻ്റെ കാര്യത്തിൽ ഞാൻ തികച്ചും സംതൃപ്തയാണ്. എൻ്റെ
അമ്മ മലയാളം അധ്യാപിക ആയിരുന്നു. അമ്മയുടെ വാത്സല്യവും, പ്രേരണയും എന്നിലെ വായനക്കാരിയെയും, എഴുത്തുകാരിയെയും വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കോട്ടയം സിഎംഎസ് കോളേജിൽ നിന്ന്ഗണിതത്തിൽ ബിരുദവും, ഒറ്റപ്പാലം എൻഎസ്എസ് കോളജുകളിൽ നിന്ന് ബിരുദാനന്തരബിരുദവും, ബി.എഡും നേടിയശേഷം ഞാനും ഒരു അധ്യാപികയായി. ഗണിതശാസ്ത്രമായിരുന്നു വിഷയമെങ്കിലും കുടുംബ പശ്ചാത്തലം സമ്മാനിച്ച സാഹിത്യ തൽപരത കൈവിടാതെ തുടർന്നു. വിവാഹിതയായ ശേഷവും സാഹിത്യപ്രവർത്തനം തുടരാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ഭർത്താവ് ശ്രീ. സുരേന്ദ്രനാഥൻ നായർ വിദേശത്തെ ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ചു. രണ്ട് മക്കളാണ് ഞങ്ങൾക്ക് ഉള്ളത്. മൂത്ത മകൾ ദന്തൽ സർജനായ പ്രറ്റി നായർ കുടുംബമായി യു.എസ് ലെ ടെക്സാസിൽ താമസിക്കുന്നു. മകൻ മെക്കാനിക്കൽ എൻജിനീയറായ പ്രതീക് നായർ കുടുംബമായി യുഎഇ യിൽ താമസിക്കുന്നു. എല്ലാ അർത്ഥത്തിലും എൻ്റെ സാഹിത്യജീവിതത്തിന് നിറഞ്ഞ പിന്തുണയാണ് എൻ്റെ കുടുംബാംഗങ്ങൾ നൽകിവരുന്നത്. എൻ്റെ സ്വദേശം കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കടുത്ത് മാടപ്പള്ളിയാണ്.
ചോദ്യം 8
ഇഷ്ടപ്പെട്ട കഥാകൃത്തുക്കളാരാണ്.? കഥകൾ ഏത്? അവരുടെ സ്വാധീനം ഉണ്ടായിട്ടുണ്ടോ?
ഇഷ്ടപ്പെട്ട കഥാകൃ ത്തുക്കൾ പലരുണ്ടെങ്കിലും വായനയുടെ തുടക്കം എം.ടി കഥകളിലാണ്. ടി.പദ്മനാഭൻ ,മാധവിക്കുട്ടി, ഒ.വി. വിജയൻ,മുകുന്ദൻ എന്നിവരുടെ ഒക്കെ രചനകൾ ഇഷ്ടപ്പെട്ട് തന്നെ വായിച്ചവയാണ് പള്ളിവാളും കാൽചിലമ്പും,
പ്രകാശം പരത്തുന്ന പെൺകുട്ടി, നഷ്ടപ്പെട്ട നീലാംബരി, കടൽത്തീ രത്ത് എന്നിങ്ങനെ പല കഥകളും എന്നും മനസ്സിൽ സൂക്ഷിക്കുന്നവയാണ്. അഷിതയുടെ കഥകൾ ഏറെ ഇഷ്ടപ്പെടുന്നു. അഷിതക്കഥകളിലെ സത്യബോധം ഏറെ സ്വാധീനിച്ചിട്ടുണ്ട്. സാറാ ജോസഫിൻ്റെ രചനാരീതി ഇഷ്ടപ്പെടുന്നു. അശോകൻ ചരുവിൽ, സുഭാഷ് ചന്ദ്രൻ, സുസ്മേഷ് ചന്ത്രോത്ത്, സന്തോഷ് എച്ചിക്കാനം , ഇ.സന്തോഷ്കുമാർ, കെ.ആർ.മീര , കെ. രേഖ, മനോജ് കുറൂർ, തുടങ്ങിയ എഴുത്തുകാരുടെ രചനകൾ ഒക്കെ വായിക്കാറുണ്ട്. വായനയാണ് എനിക്ക് എഴുത്തിനേക്കാൾ ഇഷ്ടവും.സ്വാധീനം പലരുടെ കൃതികളിൽ നിന്നും ഉണ്ടായിട്ടുണ്ടെങ്കിലും അനുകരണത്തിന് മുതിരാത്ത സ്വതന്ത്ര ബുദ്ധിയും, ശൈലിയും പിന്തുടരാനാണ് എഴുതുന്ന വേളകളിൽ എൻ്റെ ശ്രമം.
ഓരോ എഴുത്തുകാർക്കും അവരുടെ ദേശവും കാലവും ജീവിതപരിസരവും എല്ലാം എഴുത്തിൽ പ്രതിഫലിക്കും. അത് എൻ്റെ കാര്യത്തിലും അങ്ങനെതന്നെ.
ചോദ്യം 9
പെണ്ണുപൂക്കുന്നിടം എന്ന കഥാസമാഹാരത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥകൾ ഏതെല്ലാമാണ്? തിരസ്കൃത എന്ന കവിതാ സമാഹാരത്തിലെ കവിതകളെ എങ്ങനെ സ്വയം വിലയിരുത്തുന്നു?
അതിലെ എല്ലാ കഥകളും എനിക്ക് ഇഷ്ടപ്പെട്ടവ തന്നെ.എങ്കിലും ” സൂസന്നയുടെ നവോത്ഥാന പരീക്ഷണങ്ങൾ” ഇഷ്ടപ്പെട്ട ഒരു കഥയായി പ്രത്യേകം എടുത്ത് പറയാം.. അതിന്റെ കാരണം ആത്മകഥാംശങ്ങളും, ഭാവനയും,ഇഴചേർത്തുള്ള ഒരു ശിൽപമാണ് അതിനുള്ളത് എന്നതാണ്.
” ഏത് പ്രത്യയശാസ്ത്രത്തിൻ്റെ പേരിലായാലും തെറ്റ് തെറ്റുതന്നെയാണ്, നീതി നിഷേധം എനിക്ക് സഹിക്കാനാവില്ല,അനുസരണയുടെയോ, അനുസരണക്കേടിൻ്റെയോ പ്രശ്‌നമല്ലിവിടെ, ശരിതെറ്റുകളുടെ പ്രശ്നമാണ്.ഞാനാണ് ശരിയെങ്കിൽ എല്ലാവരും എനിക്കൊപ്പം എത്തും” എന്ന സൂസന്നയുടെ അഭിപ്രായമാണ്
ആ കഥയുടെ സ്വഭാവവും ശക്തിയും.അതിലൂടെ എന്റെ രാഷ്ട്രീയവും വ്യക്തം.
പെൺ രസതന്ത്രങ്ങൾ, ലക്ഷ്മി ട്രാവൽസ്, കെണി, പെണ്ണുപൂക്കുന്നിടം, ആൻ്റപ്പൻ്റെ പ്രത്യയശാസ്ത്രങ്ങൾ, ഓർമ്മയുടെ നിറക്കൂട്ട് എന്നിവയും ശ്രദ്ധേയമായ കഥകൾ തന്നെ എന്നാണ് എൻ്റെ അഭിപ്രായം. കവിതകൾ ധാരാളം എഴുതാറുണ്ടെങ്കിലും ആദ്യമായി പ്രസിദ്ധീകരിച്ചത് “തിരസ്കൃത” യാണ്. ഇതേ പേരിലുള്ള കവിത ആ പുസ്തകത്തിൽ ഉണ്ട്. നിരാകരിക്കപ്പെടുന്ന പെണ്ണിൻ്റെ പ്രതിബിംബങ്ങളെ ഈ കവിതയും മറ്റു കവിതകളും വെളിപ്പെടുത്തുന്നു.
“മൗനത്തിൻ്റെ കൊളുത്തിട്ട
മനസുമായി ജീവിക്കാനാവില്ലെനിക്ക്
താനേ തുറന്നുപോകും
ഉള്ളിലെ ഊർജ്ജപ്രവാഹത്താൽ”
എന്നും
” ഭക്തിയും ഭ്രാന്താണ്
മൈനർ ഭ്രാന്ത്”
എന്നുമൊക്കെ കവിതകളിൽ എഴുതിപ്പോകുന്നത് അദൃശ്യമായ ഏതോ ഉൾപ്രേരണകളാൽ തന്നെയാണ്.
ചോദ്യം 10
സാഹിത്യ ജീവിതത്തിലെ പുതിയ പരിശ്രമങ്ങൾ എന്തെല്ലാമാണ്?
എൻ്റെ ധാരാളം എഴുതപ്പെട്ട കഥകളും കവിതകളും പ്രകാശിപ്പിക്കേണ്ടതായിട്ടുണ്ട്. കൂടാതെ കാലാനുസൃതമായ രചനകൾ നിർവഹിക്കുകയും വേണം.ഒരു പുതിയ നോവൽ എഴുതുകയാണ്. അതും പ്രസിദ്ധീകരിക്കണം. വായന വിട്ടൊഴിയാത്ത പ്രകൃതമാണ്. അത് ശക്തമായി തുടരണം.സാഹിത്യത്തിലെ ഭാവുകത്വ പരിണാമങ്ങളെ നിരീക്ഷിച്ചറിഞ്ഞ് പുതുകാല പ്രവണതകളെ വിമർശനാത്മകമായി വിലയിരുത്തി എൻ്റെ രചനാജീവിതം ശാക്തീകരിക്കണം എന്നതാണ് എൻ്റെ സ്വപ്നം.