Wednesday, June 12, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 11) 'ചുരുളഴിയുന്നു'

റെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 11) ‘ചുരുളഴിയുന്നു’

റെക്സ് റോയി

(ഭാഗം – 11)

‘ചുരുളഴിയുന്നു’

ഇത്രയും അധികം ചാരിറ്റബിൾ ട്രസ്റ്റുകളോ ? ഞാൻ വിചാരിച്ചത് ഗൗതം മുതലാളി അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത ഒരു ബിസിനസുകാരൻ ആണെന്നാണ്. ലാഭം മാത്രം നോക്കുന്ന ആൾ. ഇതിപ്പോൾ എന്തുമാത്രം ചാരിറ്റബിൾ ട്രസ്റ്റ് ആണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത് ! എന്തുമാത്രം പണമാണ് ദാനം നൽകുന്നത് ! എത്ര അനാഥമന്ദിരങ്ങളും വൃദ്ധസദനങ്ങളുമാണ് അദ്ദേഹം നടത്തുന്നത്.
നാൻസി ഇന്നലെ ഏൽപ്പിച്ച ഡോക്കുമെന്റ്സ് നോക്കി ഞാൻ അന്തം വിട്ടുനിന്നു. മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടോ ? മെഡിക്കൽ റിസർച്ചുമായി ഒരു മദ്യ വ്യവസായിക്ക് എന്തു ബന്ധം ?
” ടക്ക് ”
ആരോ വാതിൽ തുറക്കാൻ ശ്രമിക്കുന്നു. അദ്ദേഹം തിരിച്ചെത്തിയോ ?
” ഹായ് നാൻസിയായിരുന്നോ ? ഞാൻ വിചാരിച്ചു മുതലാളി ആയിരിക്കുമെന്ന് .”
” എന്തിനാ നിങ്ങളെ കൊല്ലാനോ ? ഹഹഹ”
” അല്ല നാൻസി. എനിക്ക് അദ്ദേഹത്തെപ്പറ്റിയുള്ള പല തെറ്റിദ്ധാരണകളും മാറി വരുന്നു. അദ്ദേഹം ബേസിക്കലി ഒരു മനുഷ്യസ്നേഹിയാണ് അല്ലേ ? നോക്കൂ , എന്തുമാത്രം പണമാണ് ദാനമായി ചെലവഴിക്കുന്നത് ?”

നാൻസി പൊട്ടിച്ചിരിച്ചു.

” എന്താ നാൻസി, എന്നെ കളിയാക്കുകയാണോ ? ഞാൻ നാൻസി തന്ന രേഖകൾ വെച്ചിട്ട് പറഞ്ഞതാണ്.”
” സോറി സോറി, എനിക്ക് ചിരിക്കാതിരിക്കാൻ പറ്റിയില്ല. നിങ്ങൾ കാര്യങ്ങൾ പ്രസന്റ് ചെയ്ത രീതി കണ്ടിട്ടാണ് ഞാൻ ചിരിച്ചത്.”

ഒന്നു നിർത്തിയിട്ട് അവൾ തുടർന്നു ” ചാരിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് ! തോമസ്, അതെല്ലാം അലക്കു കേന്ദ്രങ്ങളാണ്. അലക്കി വെളുപ്പിക്കുന്ന കേന്ദ്രങ്ങൾ.”
” യൂ മീൻ കള്ളപ്പണം വെളുപ്പിക്കാൻ?”
” ഒഫ് കോഴ്സ്, യാ” നൃത്തം ചെയ്യുന്നതുപോലെ ആംഗ്യം കാണിച്ചുകൊണ്ടാണ് അവളത് പറഞ്ഞത്.
” ആ കേന്ദ്രങ്ങളിൽ ഞങ്ങളുടേയും മറ്റു പലരുടേയും സമ്പാദ്യങ്ങൾ കിടന്നുറങ്ങുന്നു. സമയമാകുമ്പോൾ അവയെല്ലാം വൈറ്റ് മണിയായി ഉയർത്തെഴുന്നേൽക്കും.”
” മറ്റു പലരുടേയുമോ ?”
” പിന്നല്ലാതെ. രാഷ്ട്രീയക്കാർ, മത നേതാക്കന്മാർ, ഗവൺമെൻറ് ഉദ്യോഗസ്ഥർ…. അദ്ദേഹം ഒരു വേൾഡ് ബാങ്ക് ആണ് . പണം ഇടുകയും പിൻവലിക്കുകയും ചെയ്യാം. പക്ഷേ കോടികളായിരിക്കണമെന്ന് മാത്രം.”
” അദ്ദേഹത്തിൻ്റെ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂഷനുകളും പണം വെളുപ്പിക്കാനുള്ള സംരംഭങ്ങൾ ആയിരിക്കുമല്ലോ?”
” അത് അടുത്ത ലെവൽ?”
“അടുത്ത ലെവലോ ?”
” അവയവ കടത്ത്, മനുഷ്യരിലുള്ള മരുന്ന് പരീക്ഷണങ്ങൾ, ആയുധ കള്ളക്കടത്ത്?”
” ആയുധ കള്ളക്കടത്തോ ? മെഡിക്കൽ റിസർച്ചുമായി ആയുധക്കടത്തലിന് എന്ത് ബന്ധം ?”
” ആധുനിക മെഡിസിനിൽ റേഡിയോ ആക്ടീവ് മെറ്റീരിയലുകൾക്ക് ഉള്ള പ്രാധാന്യം തോമസിന് അറിയാമോ ? റിസർച്ചിന്റെ പേരിൽ അതൊക്കെ നമുക്ക് സംഭരിക്കാം. മരുന്നു മാത്രമല്ല ആറ്റംബോംബും അതുവെച്ച് ഉണ്ടാക്കാം.”
” ഇതൊക്കെ ആര് ? … എന്തിനുവേണ്ടി ?…..”
” നമ്മുടെ തീരദേശത്തെ കരിമണലുകളിൽ ധാരാളം റേഡിയോ ആക്ടീവ് പദാർത്ഥങ്ങളുണ്ട്. മെഡിക്കൽ റിസർച്ചിന്റെ മറവിൽ അതെല്ലാം വേർതിരിച്ച് എടുത്ത് വിൽക്കാം.”
” ആരാ ഇതൊക്കെ വാങ്ങുന്നത് ?”
” ചെറുകിട രാജ്യങ്ങൾ, തീവ്രവാദ ഗ്രൂപ്പുകൾ, ആവശ്യക്കാർ ഒരുപാടുണ്ട് തോമസ്. ആറ്റം ബോംബ് ഉണ്ടാക്കാൻ മാത്രമല്ല കറൻ്റുണ്ടാക്കാനും, അണു നശീകരണത്തിനും, മറ്റു പലവിധ ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക്കും ആണവ പദാർത്ഥങ്ങൾ ആവശ്യമാണ്. നേരായ മാർഗ്ഗത്തിലൂടെ അവ സംഘടിപ്പിക്കാൻ ഒരുപാട് നൂലാമാലകളും ഭീമമായ ചെലവും വരും.”

ഒരു ഉൾകിടിലത്തോടെയാണ് ഞാൻ ഇതെല്ലാം കേട്ടിരുന്നത്. രാഷ്ട്രീയക്കാർ, അധോലോക നായകർ, തീവ്രവാദികൾ, രാഷ്ട്ര തലവന്മാർ എന്നിവർ അടങ്ങുന്ന വലിയ നെറ്റ്‌വർക്കിന്റെ ഒരു കണ്ണിയാണ് ഗൗതം മുതലാളി. ചുമ്മാതല്ല ആത്മകഥ എഴുതാൻ വന്നവരെല്ലാം കണ്ടം വഴി ഓടി രക്ഷപെട്ടത്.
എന്നിട്ടിപ്പോൾ ആ വലയുടെ കണ്ണി പൊട്ടിച്ച് വെളിയിൽ ചാടാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അതിന് കയ്യാളായി എന്നെയും കൂട്ടിയിരിക്കുന്നു. വലയുടെ ഒരു കണ്ണി പൊട്ടിയാൽ മുഴുവനും പൊട്ടിത്തകരും. അത് സംഭവിക്കുന്നതിനു മുമ്പ് ഗൗതം മുതലാളിയെയും കൂടെ എന്നെയും അവർ ഇല്ലാതെയാക്കും. ഉറപ്പ്.

ഗൗതം മുതലാളിക്ക് ഇത് എന്തുപറ്റി? എന്തിനാണ് അദ്ദേഹം ഇങ്ങനെയൊക്കെ ചെയ്യുന്നത് ? ചെയ്തുകൂട്ടിയ അതിക്രമങ്ങളിൽ മനസ്സുമടുത്തിട്ടോ ? വല്ല ആത്മീയതയിലും ചെന്ന് പെട്ടോ?
ഞാൻ കമ്പ്യൂട്ടർ സ്ക്രീനിലേക്കു നോക്കി അന്തംവിട്ടു നിന്നു.

ഇതിനുമുമ്പുള്ള കാര്യങ്ങൾ മുഴുവൻ ഒരുതരത്തിൽ എഴുതി വെളുപ്പിച്ചെടുത്തു. എൻെറ ക്രിയേറ്റീവ് കഴിവിൽ അഭിമാനവും ഒട്ടൊരു അഹങ്കാരവും എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. പക്ഷേ ഇതെങ്ങനെ ഞാൻ ….. ?എന്നെ കുറേശ്ശെ വിയർക്കാൻ തുടങ്ങി. ലോകം മുഴുവൻ പടർന്നു കിടക്കുന്ന, പല രാഷ്ട്രതലവന്മാർ വരെ ഉൾപ്പെട്ട വലിയൊരു ക്രിമിനൽ നെറ്റ്‌വർക്കിന്റെ ഒരറ്റത്ത് കുടുങ്ങിക്കിടക്കുന്ന നത്തോലി. എന്തു ചെയ്യും ?
” എന്ത് ആലോചിച്ചു കൊണ്ടിരിക്കുകയാ തോമസ് ?”
” ങേ ” ഞാൻ ഞെട്ടി നാൻസിയുടെ മുഖത്തേക്ക് നോക്കി ” അല്ല ….ഞാൻ”
” എനിക്കറിയാം തോമസെ, ഇതൊക്കെ കുറച്ചു പാടാണ് . പക്ഷേ ചെയ്തല്ലേ പറ്റൂ. ”

അതെ ! ചെയ്തല്ലേ പറ്റൂ !

” ഇതൊക്കെ ഞാൻ എങ്ങനെ എഴുതി ശരിയാക്കും.”
” ഇതുവരെ എഴുതിയില്ലേ ? അതുപോലെതന്നെ എഴുതണം. എത്ര എഴുതി വെളുപ്പിച്ചാലും എന്നെങ്കിലും ഒരിക്കൽ ആരെങ്കിലും ഇതിന്റെ വാലേൽ പിടിച്ചു വരും.”
” അതെ നാൻസി, അതു തന്നെയാണ് ഞാനും പറയുന്നത്. ഇത് അവനവന്റെ കുഴി സ്വയം തോണ്ടുന്നതുപോലെയല്ലേ ?”
” അങ്ങനെയൊന്നും വരില്ല തോമസ് . പൊതുസമൂഹത്തിൽ തന്നെക്കുറിച്ചുള്ള പ്രതിച്ഛായ അദ്ദേഹത്തിന്ഒന്ന് നന്നാക്കണം. എന്നിട്ട് മോനെ ബിസിനസുകൾ ഏൽപ്പിക്കണം.”
” അത് ചുമ്മാ അങ്ങ് ഏൽപ്പിച്ചാൽ പോരെ ?”
” പോരാ തോമസ് . ഇപ്പോൾ അദ്ദേഹത്തിന് ചുറ്റും വട്ടമിട്ടു പറക്കുന്ന കഴുകന്മാർ , അവർ മോന്റെ പുറകെയും കൂടും.”
” പക്ഷേ ഇത്രയും വലിയൊരു അധോലോക ശക്തിക്ക് നടുവിൽ നിന്ന് ….എങ്ങനെ ….?”
” എങ്ങനെ ?”
” എങ്ങനെ രക്ഷപെടും.”
” ആര് രക്ഷപെടുന്നു തോമസ്. ഒരിക്കൽ പെട്ടാൽ പെട്ടതാണ്. പുറത്തു പോകാൻ ഒക്കില്ല.”
എന്താണ് അവൾ പറഞ്ഞതിന്റെ അർത്ഥം? എല്ലാംകൂടി കൂട്ടി വായിക്കുമ്പോൾ ….
” നാൻസി, ചോദിക്കുന്നതുകൊണ്ട് മറ്റൊന്നും തോന്നരുത്. എന്റെ മനസ്സിലെ ആധി കാരണം ചോദിക്കുന്നതാണ്. എല്ലാ കാര്യങ്ങളും കൂടെ കൂട്ടി വായിക്കുമ്പോൾ …. അതായത്, പുറത്തു പറയാൻ കൊള്ളാവുന്ന എല്ലാ ബിസിനസ്സുകളും മകനെ ഏൽപ്പിച്ചിട്ട് മറഞ്ഞിരുന്ന് അദ്ദേഹത്തിന് അധോലോക ബിസിനസുകൾ നിയന്ത്രിക്കാനുള്ള പ്ലാൻ അല്ലേ ? ഞാനിത് ചുമ്മാ ചോദിച്ചതാണ്. എന്നെ ഒറ്റിക്കൊടുക്കരുത്.”

ഒരു വശ്യമനോഹരമായ ചിരിയായിരുന്നു നാൻസിയുടെ മറുപടി.

റെക്സ് റോയി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments