Sunday, November 24, 2024
Homeകായികംഡല്‍ഹിയെ തകര്‍ത്തു, തുടര്‍ച്ചയായ 5-ാം ജയം; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ആര്‍സിബി.

ഡല്‍ഹിയെ തകര്‍ത്തു, തുടര്‍ച്ചയായ 5-ാം ജയം; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ആര്‍സിബി.

ബെംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ 13 കളികളില്‍ നിന്ന് 12 പോയന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്തെത്തി. ആര്‍സിബി ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19.1 ഓവറില്‍ 140 റണ്‍സിന് ഓള്‍ഔട്ടാകുയായിരുന്നു.

ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിന് മാത്രമാണ് ഡല്‍ഹി നിരയില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെയ്ക്കാനായത്. 39 പന്തുകള്‍ നേരിട്ട അക്ഷര്‍ മൂന്നു സിക്‌സും അഞ്ച് ഫോറുമടക്കം 57 റണ്‍സെടുത്തു. 16-ാം ഓവറില്‍ അക്ഷര്‍ മടങ്ങിയതോടെ ഡല്‍ഹിയുടെ ജയപ്രതീക്ഷ അവസാനിച്ചു.

188 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡല്‍ഹിക്ക് ആദ്യ ഓവര്‍ മുതല്‍ തന്നെ തിരിച്ചടിയേറ്റു. നാലാം പന്തില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (1) പുറത്ത്. പിന്നാലെ അഭിഷേക് പോറെലും (2) മടങ്ങിയതോടെ തുടക്കം പാളി. വമ്പനടികളുമായി തുടങ്ങിയ ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക് (21) തൊട്ടടുത്ത പന്തില്‍ റണ്ണൗട്ടായതോടെ ഡല്‍ഹി പതറി. പിന്നാലെ കുമാര്‍ കുശാഗ്രയും (2) പുറത്തായതോടെ 3.3 ഓവറില്‍ നാലിന് 30 റണ്‍സെന്ന നിലയിലായി ഡല്‍ഹി.

അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച അക്ഷര്‍ – ഷായ് ഹോപ്പ് സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും 10-ാം ഓവറില്‍ ഹോപ്പിനെമടക്കി ലോക്കി ഫെര്‍ഗൂസന്‍ ആ ഹോപ്പും ഇല്ലാതാക്കി. 23 പന്തില്‍ നിന്ന് നാല് ബൗണ്ടറിയോടെ 29 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സും (3) റണ്ണൗട്ടായതോടെ ഡല്‍ഹി കൈവിട്ട നിലയിലായി. അക്ഷര്‍ പട്ടേലിന്റെ ചെറുത്തുനില്‍പ്പില്‍ മാത്രമായിരുന്നു പ്രതീക്ഷ. എന്നാല്‍ 16-ാം ഓവറില്‍ യാഷ് ദയാലിനു മുന്നില്‍ അക്ഷറും വീണതോടെ ഡല്‍ഹിയുടെ പ്രതീക്ഷ അവസാനിച്ചു.

റാസിഖ് ദാര്‍ സലാം (10), മുകേഷ് കുമാര്‍ (3), കുല്‍ദീക് യാദവ് (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ആര്‍സിബിക്കായി യാഷ് ദയാല്‍ 20 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. ഫെര്‍ഗൂസന്‍ രണ്ടു വിക്കറ്റെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തിരുന്നു. രജത് പാട്ടിദാര്‍, വില്‍ ജാക്ക്സ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ ഇന്നിങ്സുകളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

32 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 52 റണ്‍സെടുത്ത പാട്ടിദാറാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. 29 പന്തുകള്‍ നേരിട്ട ജാക്ക്സ് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 41 റണ്‍സെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 88 റണ്‍സാണ് ആര്‍സിബി ഇന്നിങ്സിന്റെ നട്ടെല്ല്.

ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ (6) നഷ്ടമായിരുന്നു. എന്നാല്‍ ഒരറ്റത്ത് ബാറ്റിങ് വെടിക്കെട്ട് തുടര്‍ന്ന വിരാട് കോലി സ്‌കോര്‍ ഉയര്‍ത്തി. 13 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 27 റണ്‍സെടുത്ത കോലിയെ ഒടുവില്‍ നാലാം ഓവറില്‍ ഇഷാന്ത് ശര്‍മ പുറത്താക്കി.

24 പന്തില്‍ നിന്ന് രണ്ടു സിക്സും ഒരു ഫോറുമടക്കം 32 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് സ്‌കോര്‍ 187-ല്‍ എത്തിച്ചത്.

മഹിപാല്‍ ലോംറോര്‍ (13), ദിനേഷ് കാര്‍ത്തിക്ക് (0), ഇംപാക്റ്റ് പ്ലെയര്‍ സ്വപ്നില്‍ സിങ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദും റാസിഖ് ദാര്‍ സാലമും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments