Friday, November 22, 2024
Homeകഥ/കവിതബീ പ്രാക്ടിക്കൽ (നോവൽ - അദ്ധ്യായം - 3) ✍സുരേഷ് തെക്കീട്ടിൽ

ബീ പ്രാക്ടിക്കൽ (നോവൽ – അദ്ധ്യായം – 3) ✍സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

പട്ടണത്തിൽ നിന്നകലെ പച്ചപ്പു നിറഞ്ഞ പാടവും തെളിഞ്ഞാഴുകുന്ന തോടും എല്ലാം പിന്നിട്ട് ഞവരക്കാട്ട് തറവാടിന്റെ മുറ്റത്ത് ചെന്ന് നിൽക്കുകയാണ് ശ്രീകുമാറിൻ്റെ ഓർമ്മകൾ.

വിശാലമായ പാടത്ത് നിന്നും വീതിയേറിയ വലിയ വരമ്പ് നേരെ ചെന്നവസാനിക്കുന്നത് ഞവരത്തോടിനു മുന്നിൽ. പന്ത്രണ്ടടിയിലധികം വീതിയുള്ള ഞവരത്തോടിനു കുറുകെ നിർമ്മിച്ച ചെറിയ കോൺക്രീറ്റു പാലം, കൈവരികൾ, പടിപ്പുര എല്ലാം അയാൾക്കു മുന്നിൽ തെളിഞ്ഞു വന്നു. പടിപ്പുര കടന്നാൽ പിന്നെ ഉമ്മറമുറ്റത്തേക്ക് അമ്പതടിയിലധികം വഴി. വെട്ടുകല്ലു കൊണ്ട് അരികു കെട്ടിയ വലിയ മുറ്റം . ഞവരക്കാട് തറവാട് എന്ന പേരുകേട്ട മൂന്നു നില കെട്ടിടം .വാഴയും തെങ്ങും കവുങ്ങും നാടൻ മാവുകളും, പ്ലാവും മറ്റു മരങ്ങളും എല്ലാം ഇടതൂർന്നു നിൽക്കുന്ന രണ്ടരയേക്കർ വരുന്ന തൊടി. വീടിന്റെ കിഴക്ക് ഭാഗത്ത് വലിയകുളം. മുറ്റത്തോട് ചേർന്ന് പടിഞ്ഞാറു ഭാഗത്ത് ‘കളം ‘ എന്ന് പേരിട്ടു വിളിക്കുന്ന കെട്ടിടവും സിമന്റിട്ട പ്രത്യേക മുറ്റവും. തെളിച്ചം മങ്ങാത്ത ആ ചിത്രങ്ങളിൽ പതിയേ
രൂപങ്ങൾ നിറഞ്ഞു വന്നു. മുറിച്ചു മാറ്റാൻ കഴിയാത്ത രക്തബന്ധങ്ങളുടേയും ആത്മബന്ധങ്ങളുടേയും മുഖങ്ങൾ. നിറഞ്ഞ സ്നേഹം പകർന്നു നൽകിയിരുന്ന, കാലത്തിനപ്പുറത്തേക്കും പതിഞ്ഞു കിടക്കേണ്ടതായ മുഖങ്ങൾ.

പൂമുഖത്ത് ചാരുകസേരയിൽ മുൻ അധികാരി പത്മനാഭ പണിക്കർ ഗൗരവത്തോടെ പുസ്തകം വായിക്കുന്നു .എഴുപതു
വയസ്സിന്റെ ക്ഷീണം ഒട്ടും ബാധിക്കാത്ത മനസ്സിന്റെ ധൈര്യം മുഖത്ത് നിറയുന്നുണ്ട്. കട്ടിക്കണ്ണട ഊരി പുസ്തകം ടീപ്പോയിൽ വെച്ച്.കൈ രണ്ടും തലയ്ക്കു പിന്നിൽ കൊടുത്ത് ഒരു കിടത്തം. ആ കിടപ്പു കിടന്ന് ദൂരേക്ക് കണ്ണ് പായിച്ചു കൊണ്ട് കുറേനിമിഷം. പിന്നേ “എച്ചുട്ടീ”എന്ന ഉച്ചത്തിലുളള വിളി.ആറടിയോളം ഉയരമുള്ള വെളുത്തു തടിച്ച ശരീരമുള്ള കഷണ്ടിത്തലയുള്ള ആ മനുഷ്യന്റെ ആജ്ഞാശക്തിയുള്ള വിളികേട്ട് അടുക്കളയിൽ നിന്ന് പൂമുഖത്തേക്ക് വന്ന റിട്ടേർഡ് ഹെഡ് ടീച്ചർ അറുപത്തിരണ്ടുകാരി ലക്ഷ്മിക്കുട്ടി ടീച്ചറുടെ മുഖത്തും മോശമല്ലാത്ത ഗൗരവവും കാര്യപ്രാപ്തിയും.ചായ കുടിച്ച് ടീപ്പോയിൽ വെച്ചിരുന്ന ഗ്ലാസ്സ് എടുത്ത് ആ ഗൗരവക്കാരി അകത്തേക്ക്.രണ്ടു പേരുടേയും ഗൗരവവും കാര്യബോധവും കാര്യമായി കിട്ടിയിട്ടില്ലാത്ത അവരുടെ രണ്ടാമത്തെ മകൻ രാമാനന്ദൻ മാഷ് എന്ന മുപ്പത്തിമൂന്നുകാരൻ സ്കൂള് കഴിഞ്ഞെത്തി മുറ്റത്തെ പൈപ്പിൽ നിന്ന് കൈയും കാലും കഴുകി പൂമുഖത്തേക്ക് കയറുകയാണ്.

രാമാനന്ദനോടായി പത്മനാഭൻ പണിക്കരുടെ ശബ്ദമുയരുന്നു.

“രാമാനന്ദാ നീ ചായ കുടിച്ച് വലിയ വളപ്പിലേക്ക് ഒന്ന് ചെല്ല്. നാളികേരം
ഇടുന്നുണ്ട്. എനിക്ക് മിനിഞ്ഞാന്ന് വടക്കേ മുറ്റത്തെ ആ വീഴ്ച ലേശം കാര്യായി പറ്റിയ പോലെയാണ് .വേദന വിടുന്നില്ല.”

“ഞാമ്പറഞ്ഞതല്ലേ അച്ഛനോട് ഡോക്ടറെ കാണാംന്ന്.”

“ഏയ് അത്രയ്ക്കൊന്നും ഇല്ലെടോ. ചെറിയൊരു വിഷമം. ഇന്നും കൂടെ നോക്കട്ടെ ഇല്ലെങ്കിൽ കുഞ്ഞൻ വൈദ്യരെ ങ്ങട്ട് വരുത്താം.”

”മേലേ വളപ്പിൽക്ക് ശങ്കരൻ പോയിട്ടില്ലേ ?”

“ണ്ട്. ഇല്ലാഞ്ഞിട്ടല്ല പോരാഞ്ഞിട്ടുമല്ല.പ്പൊ കഴിഞ്ഞിട്ടുണ്ടാവും. ന്നാലും നാളികേരം ഇട്ട് പെറുക്കിക്കൂട്ടണതൊക്കെ ഒന്ന് നോക്കാൻ. മാത്രല്ല ശങ്കരനൊപ്പം കുട്ടി പോയിട്ട്ണ്ട്. ”

“ഉവ്വോ?”

“ഉവ്വ്.അതോണ്ടുകൂടിയാ നിന്നോട് ചെല്ലാൻ പറഞ്ഞത്.അവൻ ശങ്കരനെ ഒരു വകയ്ക്ക് സമ്മതിക്കില്ല .”

“ഏയ് അവൻ ശങ്കരൻ പറഞ്ഞാ അനുസരിക്കും .ജീവനാ. അങ്ങോട്ടുമിങ്ങോട്ടും. ശങ്കരനോട് വാശി പിടിക്കില്ല .ന്നാലും ഞാനിതാ പോവാം.”

രാമാനന്ദൻ മാഷ് അകത്തേക്ക് ചെന്ന് ബാഗ് മുറിയിൽ വെച്ചു.വെള്ളമുണ്ട് മാറ്റി ഒരു ലുങ്കിയും ഉടുത്ത് ഊണു മുറിയിലേക്ക് നടക്കവേ “മാലിനീ ” എന്നൊന്ന് വിളിച്ചു. ആ ഒരു വരവിന് സമയ ക്ലിപ്തതയുള്ളതിനാലാവണം
ഭാര്യ മാലിനി ചായയുമായി തന്നെയാണ് വന്നത്. അത് വാങ്ങി കുടിച്ച് ഗ്ലാസ്സ് തിരിച്ചു കൊടുക്കവേ ചോദ്യം.

“വലിയ വളപ്പില് നാളികേരം
ഇട്ണ് ണ്ടല്ലേ?”

“ഉവ്വ് അയ്യപ്പുണ്ണീം വേലുക്കുട്ടീം.പിന്നെ നാല് പെണ്ണ്ങ്ങള്ണ്ട്. ശാന്തേം, സാവിത്രീം വേറെ രണ്ടാളും.”

“കഴിഞ്ഞിട്ടുണ്ടാവും ഏതായാലും ഞാൻ പോയി നോക്കട്ടെ.ശ്രീക്കുട്ടൻ ശങ്കരന്റൊപ്പം പോയി അല്ലേ?”

”ഉവ്വ്..”

“എന്തിനാ പറഞ്ഞയച്ചത്.ശങ്കരന് നാളികേരം ഇടുന്നത് നോക്കാൻ തന്നെ നേരം കാണില്ല.”

“ഞാൻ പറഞ്ഞയച്ചതല്ല. കരഞ്ഞ് വാശി പിടിച്ചപ്പൊ
കൊണ്ടു പൊയ്ക്കോളാൻ അച്ഛൻ പറഞ്ഞു.”

” ആയിക്കോട്ടെ കുഴപ്പണ്ടായിട്ടല്ല .നമ്മള് നോക്കണേക്കാളും നന്നായി ശങ്കരൻ ശ്രദ്ധിക്കും. പക്ഷേ പണിതിരക്കില് ബുദ്ധിമുട്ടാവണ്ട എന്ന് കരുതി പറഞ്ഞതാ.
ആര്യ എവടെ? പഠിക്കുകയാണോ?”

“അതെ .”

“ശരി എന്നാൽ ഞാൻ
വലിയ വളപ്പിലേക്ക് പോണു .”

രാമാനന്ദൻ മാഷ് വീട്ടിൽ നിന്നിറങ്ങി.മാലിനി വീണ്ടും അടുക്കളയിലേക്ക് കയറി. രാമാനന്ദന്റെ ഭാര്യയാണ് ഇരുപത്തൊമ്പതുകാരിയായ മാലിനി. രാമാനന്ദന്റെ സ്വഭാവത്തിനു പറ്റിയ സ്ത്രീ തന്നെ. വെളുത്ത് വലിയ ഉയരമില്ലാതെ അല്പം തടിച്ച് ഒരു പരമസാധു. ആര്യ രമാനന്ദൻ മാഷുടെ ഏക സഹോദരി .പട്ടണത്തിലെ പേരുകേട്ട കോളേജിൽ ബിരുദപഠനം രണ്ടാം വർഷം ആണ് . എന്നും ക്ലാസ്സ് കഴിഞ്ഞ് മൂന്നര മണിക്കെത്തും.ഞ വരക്കാട്ടെഐശ്വര്യം തന്നെയാണ് ആര്യ എന്ന് ആരും സമ്മതിച്ചു പോകും. അത്രമേൽ ചന്തം.ഒരു വട്ടം കണ്ടവർ മറക്കില്ല ആര്യയെ .ആ തലമുടി, നിറം, ചിരി എല്ലാം മനസ്സിൽ പതിഞ്ഞു നിൽക്കും.

പത്മനാഭ പണിക്കരുടെ മൂന്നു മക്കളിൽ മൂത്തയാൾ ദേവാനന്ദൻ. എറണാകുളത്ത് ജോലി. അവിടെ ഭാര്യവീടിനടുത്ത് തന്നെയാണ് താമസം. പഠിക്കുന്ന കാലത്തേ മിടുക്കനായിരുന്നു ദേവാനന്ദൻ. പാടാക്കര യു .പി സ്കൂളിലും, പിന്നെ ഹൈസ്ക്കൂളിലുമെല്ലാം എത്രയോ കാലങ്ങൾക്ക് ശേഷമാണ് ദേവാനന്ദൻ്റെ മാർക്ക് റെക്കാർഡ് മറികടക്കപ്പെട്ടത്. പ്രീഡിഗ്രി കഴിഞ്ഞ് എഞ്ചിനീയറിങ്ങ് കോളേജിലും ദേവാനന്ദൻ ആ സ്ഥാനം നിലനിർത്തി.പാടാക്കരയിലെ ആദ്യത്തെ എഞ്ചിനീയറും ദേവാനന്ദൻ തന്നെ. ഒരു കണക്കിന് ദേവാനന്ദനെ ശൈലയ്ക്കു വേണ്ടി ഭാര്യ വീട്ടുകാർ വിലയ്ക്കെടുത്തു എന്നു പറഞ്ഞാലും തെറ്റില്ല.സ്വന്തം തീരുമാനങ്ങൾ ഉണ്ടെങ്കിലും അതിലൊന്നും ഒരു വിട്ടുവീഴ്ചയും ആരോടും ഇല്ലെങ്കിലും ബിസിനസ്സുകാരായ, ഭാര്യയുടെ അച്ഛനും, അളിയൻമാരുമൊക്കെ അയാൾക്ക് പ്രധാനമാണ്. അതിന് ജീവിതത്തിൽ അതിന്റേതായ മെച്ചവുമുണ്ട് എന്ന് സമ്മതിച്ചേ പറ്റൂ. കാര്യങ്ങളിലും കണക്കുകളിലും കാഴ്ച്ചപ്പാടുകളിലും പത്മനാഭ പണിക്കരുടെ അതേ സ്വഭാവക്കാരനാണ് ദേവാനന്ദൻ. അല്പം കൂടി കർശനക്കാരൻ എന്നു പറയാം. പണിക്കരുടെ അതേ രൂപം .മുറിച്ച മുറി.അതേ ഗൗരവം. രാമാനന്ദനേക്കാൾ വെറും നാലു വയസ്സിൻ്റെ വ്യത്യാസമേ ഉള്ളുവെങ്കിലും ദേവാനന്ദൻ്റെ വാക്കുകൾക്ക് ഞവരക്കാട്ട് പത്മനാഭ പണിക്കരുടെ വാക്കുകളോളം തന്നെ വിലയുമുണ്ട്.

വെളുത്തു മെലിഞ്ഞ് സൗമ്യനായ, പഠനത്തിൽ എന്നും ശരാശരിക്കാരനായിരുന്ന എന്നാൽ നല്ല വായനയുള്ള കലയും ,സാഹിത്യവും ഹൃദയത്തോട് ചേർക്കുന്ന
രാമാനന്ദനെ അദ്ധ്യാപകനാക്കിയതും പണിക്കരുടെ ദീർഘദൃഷ്ടി തന്നെ. അവനതാ നല്ലത് എന്ന ശരിയായ തീരുമാനം.

രാമാനന്ദനും മാലിനിക്കും ഒറ്റ മകൻ ശ്രീകുമാർ എന്ന ശ്രീക്കുട്ടൻ . നാല് വയസ്സുകാരൻ.

പാടത്തിനക്കരെയുള്ള നാല് ഏക്കർ തെങ്ങിൻ തോട്ടമാണ്
ഞവരക്കാട്ടെ വലിയ വളപ്പ്. രാമാനന്ദൻ മാഷ് വളപ്പിലേക്കെത്തുമ്പോൾ അയ്യപ്പുണ്ണിയും ,വേലുക്കുട്ടിയും നാളികേര മിട്ടു കഴിഞ്ഞിരുന്നു.അവർ ഒഴിഞ്ഞിരുന്ന് ബീഡി വലിച്ച് വർത്തമാനം പറയുന്നു. കറുത്തു തടിച്ച വലിയ കൊമ്പൻ മീശയുള്ള അയ്യപ്പുണ്ണി എന്തൊക്കെയോ വലിയ വർത്തമാനം പറയുന്നുണ്ട് ചിരിക്കുന്നുണ്ട്.മെലിഞ്ഞ് നീണ്ട് പൊതുവേ സംസാരിക്കാത്ത സാധു പ്രകൃതമുള്ള വേലുക്കുട്ടി ഇരുന്ന് കേൾക്കുന്നുമുണ്ട്.
നാല് സ്ത്രീകളാകട്ടെ നാളികേരം പെറുക്കിക്കൂട്ടുകയാണ്. ഏതാണ്ട് അവസാന ഘട്ടം. മേൽനോട്ടം വഹിച്ച് നിൽക്കുന്ന ശങ്കരൻ എന്ന ഞവരക്കാട്ടെ വിശ്വസ്തനായ കാര്യസ്ഥന്റ സമീപം ശ്രീക്കുട്ടൻ എന്ന നാല് വയസ്സുകാരനും .ഇളനീർ വെട്ടി കൊടുത്ത് അതിന്റെ കഴമ്പ് പൂണ്ട് ശ്രീക്കുട്ടന് കൊടുത്തു കൊണ്ടിരിക്കുകയാണ് ശങ്കരൻ. മുപ്പത് വയസ്സിനടുത്തേ പ്രായമുള്ളൂ. ഉയരം അധികമില്ലാത്ത എന്നാൽ നല്ല ആരോഗ്യമുള്ള ഇരുനിറക്കാരൻ.നിറം കുറവെങ്കിലും കാണാൻ ഒരു പ്രത്യേക ഭംഗിയൊക്കെയുളള ശങ്കരൻ കുട്ടിക്കാലം തൊട്ടേ ഞവരക്കാട്ടെ വിശ്വസ്തൻ.
സ്നേഹസമ്പന്നൻ.ശങ്കരന്റെ അച്ഛൻ പിഞ്ചുണ്ണിയെഴുത്തച്ഛനും മരണം വരെ ഞവരക്കാട്ടെ കാര്യസ്ഥനായിരുന്നു. അയൽവാസി കൂടിയായതിനാൽ പിഞ്ചുണ്ണിക്കൊപ്പം കുട്ടിക്കാലം തൊട്ടേ ശങ്കരനും ഞവരക്കാട്ടുണ്ടാവും.

രാമാനന്ദൻ മാഷെ കണ്ടതും ശ്രീക്കുട്ടൻ “അച്ഛാ ” എന്ന് നീട്ടി വിളിച്ചു. മാഷെ കണ്ട ശങ്കരൻ ഒരു ഇളനീരെടുത്തു വെട്ടാൻ ഒരുങ്ങിയെങ്കിലും “വേണ്ട ശങ്കരാ ” എന്ന് പറഞ്ഞ് രാമാനന്ദൻ ശങ്കരനെ തടഞ്ഞ് ശ്രീകുട്ടനെ എടുത്തു. പിന്നെ ശ്രീകുട്ടന്റെ തലയിൽ തലോടി കൊണ്ട് ശങ്കരനോടായി ചോദിച്ചു.

”എങ്ങനെയുണ്ട്?”

” തരക്കേടില്ല. എന്നാലും പോരാ.കൂലീം ചെലവും കഴിഞ്ഞ് എന്ത് കിട്ടാനാ. ദേവേട്ടൻ പറയണത് ഒരു കണക്കില് സത്യാണ്. ഇതൊക്കെ പൊട്ടത്തരം തന്നെ .മുറിച്ചു കളഞ്ഞ് റബ്ബറു വെക്കണതാ ലാഭം.”

” ദേവേട്ടന്റെ കണക്ക് വേറെയാണ് ശങ്കരാ. അത് കണക്ക് കൊണ്ടു മാത്രമുള്ള കളിയാ. അത് മുഴുവനായും നമുക്ക് പറ്റില്ല. നാട്ടിലൊട്ടും പറ്റില്ല. നാടൻ മാവൊക്കെയെന്തിനാ നാട്ടുകാർക്ക് തിന്നാനോ എന്നാ കഴിഞ്ഞ വരവിന് ചോദിച്ചത്.”

”അത് ശരിയാ ”
ശങ്കരൻ ചിരിച്ചു കൊണ്ട് ആ അഭിപ്രായം ശരിവെച്ചു.

✍സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments