ലണ്ടൻ: ഇംഗ്ലണ്ടിലെ വ്യവസായിയാണ് ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്തത്. ലൈംഗികത്തൊഴിലാളികൾക്ക് അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിട്ടും ഭാര്യ കണ്ടതിനെ തുടർന്ന് ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്ത് യുവാവ്. തന്റെ ഐഫോണിൽ നിന്ന് അയക്കുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത സന്ദേശങ്ങളാണ് വീട്ടിലെ ഐമാക്കിൽ നിന്ന് ഭാര്യ കണ്ടെത്തിയത്. തൻ്റെ ഐഫോണിൽ നിന്ന് എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്തെന്ന് അദ്ദേഹം വിശ്വസിച്ച സന്ദേശങ്ങൾ ഭാര്യ കണ്ടെന്നും സംഭവം വിവാഹമോചനത്തിൽ കലാശിച്ചെന്നും ഇയാൾ ആരോപിച്ചു
ലൈംഗികത്തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ ഇയാൾ ഐമെസേജ് ഉപയോഗിച്ചിരുന്നു. ഫോണിലെ ഐഡി ഉപയോഗിച്ച് വീട്ടിലെ ഐമാക്കിൽ ഫോണിലെ വിവരങ്ങൾ ലഭിക്കും. ഒരു ഉപകരണത്തിൽ ഒരു സന്ദേശം ഡിലീറ്റ് ചെയ്യുമ്പോൾ ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ ഡിവൈസുകളിൽ നിന്നും അത് നീക്കം ചെയ്യില്ലെന്ന് ആപ്പിൾ ഉപയോക്താക്കളെ അറിയിച്ചിട്ടില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു. ഒരു സന്ദേശം ഡിലീറ്റ് ചെയ്താൽ അത് പൂർണമായി ഇല്ലാതായെന്ന് ഉറപ്പാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇയാൾ പറഞ്ഞു.
ഭാര്യ ഇയാളുടെ സന്ദേശങ്ങൾ കണ്ടെത്തിയതോടെ വിവാഹമോചനത്തിന് അപേക്ഷ നൽകി. കേസിന് അദ്ദേഹത്തിന് 50 ലക്ഷം പൗണ്ടിലധികം ചെലവായി. വിവാഹമോചനം വേദനാജനകമായിരുന്നെന്ന് ഇയാൾ പറഞ്ഞു. സന്ദേശങ്ങൾ കണ്ടെത്തിയില്ലെങ്കിൽ വിവാഹ മോചനം ഉണ്ടാകില്ലായിരുന്നെന്നും ഇയാൾ പറയുന്നു.