പ്രവാസികൾക്ക് അവധികാലം ഉത്സവകാലമാണ് . എങ്ങനെ ആഘോഷിച്ചു തീർക്കണമെന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുതൽ ചിന്തിച്ചു തുടങ്ങും. മലയാളികൾ ഒരുമയോടെ ജീവിക്കുന്ന കാലമാണ് പ്രവാസകാലം . ഞങ്ങൾ കുറച്ചു കുടുംബങ്ങൾ അവധികാലം ഒരുമിച്ചു നാട്ടിൽ ചിലവഴിക്കും. സ്ഥലങ്ങൾ കാണുക എന്നത് തന്നെയാണ് മുഖ്യ ഉദ്ദേശം .
അങ്ങിനെയാണ് 2015 ൽ ‘ചിതറാൾ’ എന്ന സ്ഥലം തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്ത സ്ഥലം പാഴായിപ്പോയില്ലയെന്ന് പിന്നീട് ഉറപ്പിച്ചു . അവിടെയുള്ള ജൈനക്ഷേത്രത്തിലേക്ക് ഒരു യാത്ര തീരുമാനിച്ചു . തിരുവനന്തപുരത്തുള്ള സുഹൃത്തിൻറെ വീട്ടിൽ ഞങ്ങൾ അഞ്ചു കുടുംബങ്ങൾ ഒത്തുകൂടി . പിന്നീട് കുട്ടികളടക്കം 20 പേരുടെ സംഘം ചിതറാൾ എന്ന മനോഹര സ്ഥലത്തേക്ക് യാത്ര തിരിച്ചു.
തിരുവനന്തപുരം- കന്യാകുമാരി ദേശീയപാതയിലെ’ മാർത്താണ്ഡം’ എന്ന സ്ഥലത്ത് നിന്നും ഏകദേശം 6 കിലോമീറ്റർ അകലെയാണ് ചിതറാൾ എന്ന ഗ്രാമം.’ മലൈ കോവിൽ’ എന്ന് നാട്ടുകാർ വിളിക്കുന്ന ജൈനക്ഷേത്രത്തിലേക്കാണ് യാത്ര. കരിങ്കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ഗുഹാക്ഷേത്രം ആണത് . ഒമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചു എന്ന് ചരിത്രകാരന്മാർ പറയുന്നു .വിക്രമാദിത്യ വരഗുണൻ എന്ന രാജാവിൻ്റെ കാലത്താണ് പണിതതെന്നും പറയപ്പെടുന്നു . ക്ഷേത്രത്തിലേക്ക് ആയതുകൊണ്ട് ഒരു തീർത്ഥാടനം കൂടിയായിരുന്നു ആ യാത്ര .
ചിതറാൾ മലയുടെ താഴെവരെ വാഹനങ്ങൾ ചെല്ലും ,അവിടെ വണ്ടികൾ പാർക്ക് ചെയ്യാം . ശുചിമുറികളുമുണ്ട്. ഞങ്ങൾ യാത്ര ചെയ്ത് മിനിബസ് പാർക്കിംഗിൽ ഇട്ടു. എല്ലാവരും യാത്രയുടെ ക്ഷീണമൊക്കെ മറന്ന് നടക്കുവാൻ തയ്യാറായി . ക്ഷേത്രത്തിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഒരു പ്രവേശന കവാടം അവിടെയുണ്ട്. അവിടെ നിന്നും അൽപ ദൂരം സഞ്ചരിച്ചാൽ ക്ഷേത്രത്തിലേക്കുള്ള നടവഴിയാണ് . പ്രവേശന കവാടത്തിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ, ചെത്തിയെടുത്ത കരിങ്കൽ പാകിയ നടവഴിയാണ് . അതിലൂടെ മുകളിലേക്ക് കയറി ചെല്ലുമ്പോൾ ക്ഷേത്രത്തിന് അടുത്തെത്തും. ഇരുവശങ്ങളിലും ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന നടപ്പാതയിലൂടെ , ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഞങ്ങൾ നടന്നു.
രാവിലെ 8 .30 മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത് .ക്ഷേത്രനട 4 .30ന് അടക്കും. മൂന്ന് മണിയോടെ തന്നെ ഞങ്ങൾ അവിടെ എത്തിപെട്ടത് കൊണ്ട് ക്ഷേത്രത്തിൽ കയറാൻ കഴിയുമെന്ന ആശ്വാസം എല്ലാവരുടെയും മുഖത്ത് കാണാം . ക്ഷേത്രത്തിനു പിറകിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന അരയാൽ കണ്ടപ്പോൾ കുട്ടികളെപ്പോലെ മുതിർന്നവർക്കും ആഹ്ലാദമായി. അല്പനേരം അവിടെ വിശ്രമിച്ചപ്പോൾ ക്ഷീണമൊക്കെ ഓടിമറഞ്ഞു. അവിടെനിന്നും വീണ്ടും മുകളിലേക്ക് കയറി. അവിടെ നിന്നു നോക്കിയാൽ ക്ഷേത്രത്തിൻറെ മുകൾ ഭാഗവും, ദൂരെ ‘താമ്രപർണി നദിയും’ കാണുവാനാകും.
ക്ഷേത്രത്തിലേക്ക് കയറാൻ ആദ്യം ചെറിയ കവാടങ്ങളിലൂടെ നടക്കണം . പിന്നീട് ,ക്ഷേത്ര കവാടത്തിലൂടെ കടന്നു പാറയിടുക്കിലൂടെ താഴേക്ക് നടക്കണം. മനോഹരമായ വാസ്തു വിദ്യയുടെ മാസ്മരികത അവിടെ കാണുവാനാകും . ഒരുപാട് ശില്പങ്ങൾ കൊത്തിവെച്ചിട്ടുണ്ട് . ഇരുപത്തിനാല് തീർത്ഥാങ്കരുടെയും ശിൽപ്പങ്ങൾ അവിടെയുണ്ട് . വീണ്ടും മുന്നോട്ടു പോകുമ്പോൾ പ്രധാന ക്ഷേത്രത്തിലെത്തും .പാറ തുരന്ന് കൊത്തിയെടുത്ത , പതിനാറ് തൂണുകളോടെ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം ഒരു വിസ്മയം തന്നെയാണ്. ക്ഷേത്രത്തിൽ മൂന്ന് ഗർഭഗൃഹങ്ങളുണ്ട്. അവസാനത്തെ തീർത്ഥങ്കരനായ വർദ്ധമാന മഹാവീരൻ്റെയും , പാർശ്വനാഥൻ്റെയും , പത്മാവതി യുടെയും പ്രതിഷ്ഠകൾ അവിടെ ഉണ്ട്. വട്ടെഴുത്ത് ലിപിയിലാണ് തൂണുകളിൽ എഴുതിയിട്ടുള്ളത്. ക്ഷേത്രപരിസരത്തുള്ള ചെറിയ തടാകം ഒരു അത്ഭുതം തന്നെയാണ്. കടുത്ത വേനലിൽ പോലും അവിടെ വെള്ളം വറ്റാറില്ലെന്നും പറയപ്പെടുന്നു .മീനുകളെ നോക്കി കുട്ടികൾ കുറച്ചുനേരം നിന്നു . പിന്നീട് അടുത്തുള്ള പാറയിൽ നിന്ന് പ്രകൃതി ഭംഗി ആവോളം ആസ്വദിച്ചു. തണുത്ത കാറ്റും ശുദ്ധവായുവും എല്ലാവരിലും നിറഞ്ഞു. മനസ്സും ശരീരവും ശുദ്ധമായതു പോലെ . തിരിച്ചുവരുമ്പോൾ പ്രകൃതിഭംഗി മാത്രമായിരുന്നില്ല ചിന്ത, നൂറ്റാണ്ടുകൾക്കുമുമ്പ് നിർമിച്ചെടുത്ത അത്ഭുത വാസ്തുവിദ്യയെ കുറിച്ച് കൂടിയായിരുന്നു . കല്ലിൽകൊത്തിയ വിസ്മയം മറക്കാനാവാത്ത അനുഭവമായി ഇന്നും ഓർമയിൽ തിളങ്ങുന്നു.