പറയാനുള്ളത് നാളെത്തെ ദിവസത്തേക്കുറിച്ചാണെങ്കിലും, പറഞ്ഞ് തുടങ്ങേണ്ടത് ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപേ നിന്നാണ്. കൃത്യമായി പറഞ്ഞാൽ; എനിക്ക് ഭ്രാന്ത് വരുന്നതിനും രണ്ടാഴ്ച്ച മുൻപേ നിന്ന്!
അന്ന് ഇരുപത്തിയേഴ് വയസ്സാണ് പ്രായം. എന്റെ വിവാഹം കഴിഞ്ഞിരുന്നു. മോൾക്ക് ഒരു വയസ്സുണ്ട്. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റൊൻപത് ജനുവരി രണ്ടാണ് അവളുടെ ജന്മദിനം. രണ്ടായിരമെന്ന അത്ഭുതം പിറക്കാൻ ഇനി ഒരാഴ്ച്ച കൂടി മാത്രം. അതായത് മോളുടെ പിറന്നാളിന് ഇനി ഒരാഴ്ച്ചയും രണ്ട് ദിവസവും കൂടി മാത്രം!
വെള്ളൂർ ഗ്രാമത്തെ രണ്ടായി പകുത്തുകൊണ്ട് തോട് ഒഴുകിയിരുന്നു. തോടിന് ഇരു കരകളിലുമായി ഗ്രാമം പടർന്നിരുന്നു. തോടിന് മറുകരയുൾപ്പെടുന്ന പ്രദേശത്താണ് വെണ്ണിമല ക്ഷേത്രമുള്ളത്. മധ്യതിരുവിതാംകൂറിലെ വിവിധ നാട്ടുരാജ്യങ്ങളിൽ കോട്ടയം രാജാക്കന്മാർ പ്രാധാന്യം കൽപ്പിച്ചിരുന്ന സ്ഥലമാണത്! ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമാണ് നാടിന് പറയാനുള്ളത്.
കപിലമഹർഷി തപസ് ചെയ്തതായി വിശ്വസിക്കപ്പെടുന്ന ഗുഹയും, ഷഡ്കാല ഗോവിന്ദമാരാർ വസിച്ചിരുന്ന ഇടവുമൊക്കെ നാടിന്റെ പെരുമയുണർത്തുന്ന ചരിത്രസ്മാരകങ്ങളായിരുന്നു!
അതിനും താഴെയായി ചൂളമരങ്ങൾ ഇടതൂർന്ന് വളർന്ന് അതിരിടുന്ന ഒരു ബംഗ്ലാവുണ്ടായിരുന്നു. ഈ വീടിനെയും ആ പ്രദേശങ്ങളെയും ചുറ്റിപ്പറ്റി ഭീതി നിറഞ്ഞ കഥകൾ പ്രചരിച്ചിരുന്നു! എന്റെ കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് സൈക്കിളിൽ ഈ ബംഗ്ലാവ് കാണാൻ പോകുന്നത് ഒരു പതിവായിരുന്നു. ബംഗ്ലാവിന് മുന്നിലൂടെയുള്ള വഴിയിലൂടെ രണ്ട് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ, കോട്ടയം കുമളി റോഡിലുള്ള തിരുമേനിപ്പടിയിലെത്താം.
അവിടെ നിന്നും, കിഴക്കോട്ട് ഒരു കിലോമീറ്റർ യാത്ര ചെയ്ത് വലത്തോട്ടുള്ള വഴിയിലേക്ക് തിരിഞ്ഞ് പടിഞ്ഞാറ്റു കര പാലം കയറി കുറച്ച് ദൂരം മുന്നോട്ട് പോകുമ്പോൾ ‘വാള് കഴുകിക്കുളം’ എന്ന് പഴമക്കാർ പറഞ്ഞിരുന്ന സ്ഥലത്തെത്തും.
പണ്ട് കാലത്ത് യുദ്ധം കഴിഞ്ഞെത്തുന്ന പടയാളികൾ ചോര പുരണ്ട തങ്ങളുടെ വാൾ കഴുകിയിരുന്നതാണിവിടെയെന്ന് പറയപ്പെടുന്നു! എഴുതി വയ്ക്കപ്പെട്ട ചരിത്രങ്ങളല്ലായിരുന്നതിനാൽ പഴയ തലമുറയിൽപ്പെട്ടവർ വാമൊഴിയായി പറഞ്ഞു കൈമാറിയ ചരിത്രങ്ങളാണിതെല്ലാം!
രാത്രിയായിക്കഴിഞ്ഞാൽ വഴിയുടെ ഇരുവശവുമുള്ള കൊക്കോത്തോട്ടങ്ങളിൽ ഇരുട്ട് കുമിഞ്ഞുകിടക്കും. ഇവിടങ്ങളിലൊക്കെ കൂട്ടുകാരുമൊത്ത് സൈക്കിളിൽ യാത്ര ചെയ്യുന്നത് കുട്ടിക്കാലത്ത് പതിവായിരുന്നു. വളവും ഇരുട്ടും സംഗമിക്കുന്ന ഇവിടങ്ങളിലെത്തുമ്പോൾ വെളിച്ചം അണഞ്ഞു പോകുന്നതും, സൈക്കിളിന്റെ ചെയിൻ തെറ്റുന്നതും പതിവ് തന്നെ! പേടിയകറ്റാൻ ഉച്ചത്തിൽ പാട്ടുപാടുകയും കൂട്ടുകാർ പരസ്പരം ഉറക്കെ സംസാരിക്കുകയും ചെയ്യുകയെന്നത് അത്ര മോശമല്ലാത്ത ഒരു ആശയവുമായിരുന്നു!
നാടിന്റെ ചരിത്രം കൗതുകമായി ചൂഴ്ന്ന് നിന്നതിനാലാകാം ബിരുദത്തിന് ചരിത്രം തെരഞ്ഞെടുക്കാൻ എനിക്ക് പ്രേരണയുണ്ടായത്. പുരാവസ്തു വകുപ്പിൽ ജോലി ലഭിച്ചതും ചരിത്രത്തോടുള്ള എന്റെ പ്രണയം കൊണ്ടു തന്നെ!
തോടൊഴുകും വഴികളിലെല്ലാം ഓരോരോ പേരുകളായിരുന്നുണ്ടായിരുന്നത്. പടിഞ്ഞാറ്റുക രത്തോട്, ഒരപ്പാനിത്തോട്, വെള്ളൂർത്തോട് എന്നിങ്ങനെ പല പേരുകളിലൂടെയാണ് തോട് വളരുന്നത്. തോടൊഴുകി ഒരപ്പാനിയിലെത്തുമ്പോൾ, ഇരു കരകളും കുന്നു പോലെയുയർന്നും, പലയിടങ്ങളിലും കാടുപിടിച്ചും, പാറക്കല്ലുകളിൽ തട്ടി പ്രതിധ്വനിച്ചൊഴുകുന്ന തോട് ഭീതി ജനിപ്പിച്ചിരുന്നു. രാത്രിയിൽ സ്ത്രീകൾ തുണിയലക്കുന്ന ശബ്ദം അവിടെ നിന്നും കേട്ടിരുന്നുവെന്നതാണ്, ഞങ്ങൾ കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കപ്പെട്ട ഒരു കഥ!
പടിഞ്ഞാറ്റുകരത്തോടിന്റെ ഇക്കരയായിരുന്നല്ലോ എന്റെ വീട് സ്ഥിതി ചെയ്തിരുന്നത്. എന്റെ വീട്ടിൽ നിന്നും നാല് വീടുകൾക്കപ്പുറത്തു കൂടിയാണ് തോടൊഴുകിയിരുന്നത്. അതിലൊരു വീട് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ ആയിരുന്നു.
തോടിന്റെ ഓരത്ത് തഴച്ചെടികൾ വളർന്ന് നിന്നിരുന്നു. അതിന്റെ ഇലയുടെ വശങ്ങളിലും പുറത്തും മുള്ള് നിറഞ്ഞിരുന്നു. മുള്ള് മൂർച്ചയുള്ള കത്തികൊണ്ട് അരിഞ്ഞ് കളഞ്ഞ് വെയിലത്തിട്ട് ഉണക്കിയെടുത്ത്, വട്ടത്തിൽ ചുറ്റി വക്കും. പിന്നീട് ഇതെടുത്ത് നെയ്താണ് തഴപ്പായ നിർമ്മിച്ചിരുന്നത്. പുതിയതായി നെയ്ത പായയിൽ കിടക്കുമ്പോൾ ഉണങ്ങിയ തഴയുടെ മണമാണ്. രാവിടെ എഴുന്നേൽക്കുമ്പോൾ പായയുടെ നെയ്ത്തടയാളങ്ങൾ ശരീരത്തിൽ ചെറു ചതുരക്കളങ്ങൾ തീർത്തിട്ടുണ്ടാകും!
വെള്ളൂർ ഗ്രാമത്തെ അതിരിടുന്നത്, ഇത്തരത്തിൽ തോടിനോടൊപ്പം മലകളും കൂടിയായിരുന്നു. വെണ്ണിമല, ഊരമല, കുറിച്ച്യമല, ഐരുമല, കാട്ടാംകുന്ന്, പാമ്പൂരാൻപാറ…. ഇങ്ങനെ പോകുന്നു അത്!
പാമ്പൂരാൻ പാറയെ ചുറ്റിപ്പറ്റിയും ഐതിഹ്യമുണ്ട്; കൃഷ്ണപക്ഷത്തിലെ കൊടും ചൂടുള്ള ശിവരാത്രി നാളിൽ പാറ ഉരുകിക്കിടക്കുമത്രേ! പാമ്പുകൾ ആടിയിരുന്ന നാടായിരുന്നത്രേയിത്! അന്നൊരു ഭീമൻ നാഗം പതിവായി വെളളം കുടിച്ചിരുന്ന പാറമുകളിലെ നീരുറവിൽ നിന്നും ജലം തേടിയെത്തുകയും, ഉരുകിക്കിടന്ന പാറയിലൂടെയിഴഞ്ഞ് പാമ്പിന് പൊള്ളലേൽക്കുകയും, വറ്റിക്കിടന്ന നീരുറവിന് സമീപം പാറയിൽ തലയടിച്ച് പാമ്പ് ജീവൻ വെടിഞ്ഞെന്നും പഴമക്കാർ പറയുന്നു. അന്ന് പാമ്പിഴഞ്ഞ പാട് പാറയിൽ ഇന്നുമുണ്ട്. പാമ്പ് തലയിട്ടടിച്ച സ്ഥലത്ത് പാമ്പിന്റെ തലയുടെ ആകൃതിയിൽ ഒരു രൂപവും ഉണ്ട്! നാടിന്റെ പൈതൃകങ്ങളിലൊന്നായി ഈ കഥയും തലമുറ കൈമാറി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
ദേശത്തെ കാക്കുന്നത് മലകളിലെ ആരാധനാ മൂർത്തികളാണെന്ന് പഴമക്കാരോടൊപ്പം പുതുതലമുറയും അംഗീകരിച്ചു പോന്നു. ദേശത്തിന് ഐശ്വര്യവും കാവലും നൽകി മലകളിൽ വിളക്ക് തെളിഞ്ഞിരുന്നു!
എഞ്ചിനീയറിംഗ് കോളേജ് വന്നതോടെ മലയുടെ ഒരു ഭാഗം അരിഞ്ഞിറക്കി, കെട്ടിടങ്ങൾ രൂപപ്പെട്ടു. ഗ്രാമഭംഗി അൽപ്പം കുറഞ്ഞുവെന്ന് കരുതിയെങ്കിലും, നാടിനത് പുരോഗതിയായിരുന്നു! കാർഗിൽ യുദ്ധം അവസാനിച്ച സമയമായിരുന്നുവെങ്കിലും, യുദ്ധ സ്മാരകങ്ങളിലൂടെ എല്ലാവരുടെയും മനസിൽ യുദ്ധസ്മൃതി നിറഞ്ഞു നിന്നിരുന്ന കാലം കൂടി ആയിരുന്നു അത്.
രണ്ടായിരമെന്ന പുതു വർഷം പിറക്കുന്ന രാത്രിയിലേക്ക് വലിയ പദ്ധതികളൊക്കെയായിരുന്നു ഞങ്ങൾ കൂട്ടുകാർ എല്ലാവരും ചേർന്ന് നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നത്. രണ്ട് ദിവസത്തെ അവധിയപേക്ഷ നൽകി ഞാനും നേരത്തേ തന്നെ എത്തിയിരുന്നു. മോളുടെ പിറന്നാൾ ആഘോഷം കൂടി കഴിഞ്ഞിട്ട് വേണം തിരികെ പോകാൻ!
പുതുവർഷം പിറക്കുന്ന രാത്രി, കുന്നിൻ ചരിവിൽ ഞങ്ങൾ വല്ലപ്പോഴും ഒത്തുകൂടാറുള്ള സങ്കേതത്തിൽ ഒത്തുചേർന്ന് ചെറിയതായി മദ്യപിക്കാനും, ഭക്ഷണം ഉണ്ടാക്കാനും, പുലരും വരെ ആഘോഷങ്ങളും പാട്ടുമൊക്കെയായി കൂടാനുമാണ് പ്രധാന പദ്ധതി. ഒരുക്കങ്ങളെല്ലാം തന്നെ പൂർത്തിയായി.
രാത്രിയിൽ എല്ലായിടങ്ങളിലും നിറമുള്ള വെളിച്ചങ്ങൾ തെളിഞ്ഞിരുന്നു. അതിനാൽത്തന്നെ പനയോല കൊണ്ട് പന്തൽ വിരിച്ച ഞങ്ങളുടെ കൂടാരത്തിന്, രാത്രി പല നിറങ്ങൾ ചാർത്തിത്തന്നിരുന്നു.
ഏഴുമണിയായപ്പോഴേ എല്ലാവരും വന്നു ചേർന്നു. ഞാനും എന്റെ കൂട്ടുകാരനുമായിരുന്നു പാചകത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. തോലുരിയപ്പെട്ട പക്ഷിമൃഗാദികൾ മസാല പുരണ്ട് കനലിൽ വെന്തു തുടങ്ങി! വിദേശിയും സ്വദേശിയുമായ മദ്യമായിരുന്നു, ആഘോഷത്തിന് വേഗത പകർന്നത്!
പുതു വർഷം പിറക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കേ, എഞ്ചിനീയറിംഗ് കോളജിന്റെ ഭാഗത്ത് നിന്ന് ഒരു ആരവം കേട്ടു. മദ്യ ലഹരിയിലാണെങ്കിലും ഞങ്ങൾ എഴുന്നേറ്റ് താഴേക്ക് നോക്കി നിൽപ്പായി! ഒച്ചയും ബഹളവും കൂടി വന്നു. കാട് അനങ്ങുന്നു.
വളരെപ്പെട്ടെന്ന്, കുറച്ചേറെ കാക്കിധാരികൾ ഞങ്ങളുടെ കൂടാരത്തിന് മുൻപിൽ പ്രത്യക്ഷപ്പെട്ടു! ഞങ്ങളെല്ലാവരും പല വഴിക്ക് ചിതറിയോടി! ഇരുട്ടിൽ നിലവിളിയും അലർച്ചയും മുഴങ്ങി!
കണ്ണുകളിൽ ലഹരി മറവ് പടർത്തിയെങ്കിലും ആരോ പിന്തുടരുന്നുവെന്ന തോന്നൽ ഓടാൻ പ്രേരിപ്പിച്ചു. ഇഞ്ചമുള്ള് ശരീരമാകെ കോർത്തു വലിച്ചെങ്കിലും ഞാൻ നിർത്താതെയോടി; കുന്നിൻ മുകളിലേക്ക്, വീണ്ടും വീണ്ടും മുകളിലേക്ക്! എനിക്ക് മുൻപിലായിത്തന്നെ എന്റെ കൂട്ടുകാരനും ഓടുന്നുണ്ട്. അവന്റെ പിന്നാലെ ഇരുട്ടിലൂടെ കുന്ന് കയറി ഞങ്ങൾ ഓടി! ഒടുവിൽ മലയുടെ മുകളിൽ വേച്ചു വീണു പോയി!
ചോരയൊലിക്കുന്നുണ്ടാകും; ഇരുട്ടിൽ നനവും വേദനയുമറിയുന്നു. ഞങ്ങൾ രണ്ടാളും ഇരുളിൽ, പരസ്പ്പരമറിയാതെ കിടന്നു. ദഹിക്കാതെ കിടന്ന മാംസവും മദ്യവും ഉള്ളിൽ ക്കിടന്ന് തികട്ടിത്തുടങ്ങിയ നേരത്ത് തെല്ലൊരലർച്ചയോടെ ഞാൻ ഛർദ്ദിച്ചു!
അകലെയെവിടെയൊക്കെയോ, പുതുവർഷത്തിന്റെ വരവറിയിച്ചു കൊണ്ട് ആകാശത്തേക്കുയർന്ന് വർണ്ണങ്ങൾ പൊട്ടിച്ചിതറി!
ദേശത്തിന്റെ കാവലായ ആരാധനാമൂർത്തികളുടെ ഇരിപ്പിടങ്ങളിലാണ് മദ്യത്തിന്റെയും, മാംസത്തിന്റെയും, ദഹിക്കാത്ത കുഴമ്പ് ദ്രാവകം വിസ്സർജിച്ചതെന്ന് തിരിച്ചറിയാതെ, ഞാനും അവനും കിടന്നു! കാവൽവിളക്കിന്റെ മുനിഞ്ഞു കത്തിക്കൊണ്ടിരുന്ന തിരിനാളം കാണാതെ, ഇനിയെന്നും സ്വബോധമില്ലാത്ത അവസ്ഥയാണ് വരാൻ പോകുന്നതെന്ന് തിരിച്ചറിയാതെ ഞങ്ങൾ നിദ്രയിലേക്കൂർന്നിറങ്ങി വീണു!
കുറ്റബോധത്തിന്റെ ഉമിത്തീയിൽ വെന്തു തുടങ്ങിയതു മൂലമാണോ, ദൈവകോപമാണോയെന്നറിയില്ല; മൂന്നാംപക്കം ശരീരത്തിൽ പൊള്ളൽ പോലെ ഉയർന്നു തുടങ്ങി. തലക്കുള്ളിൽ മുരളൽ പോലെ, എനിക്ക് ചുറ്റും മല മുരണ്ട് തുടങ്ങി! ആരൊക്കെയോ ചുറ്റിനും നിന്ന് ചിരിക്കുന്നത് പോലെ! ചിലമ്പിന്റെ ശബ്ദം എന്നെ വട്ടമിട്ട് ചുറ്റി!
ഓർമ്മകളില്ലാത്ത രണ്ട് വർഷങ്ങൾ!മന്ദിരം കവലയിൽ നിന്നും അൽപ്പ ദൂരം മാറി സ്ഥിതി ചെയ്ത ആശുപത്രിയിൽ ഞാനൊറ്റക്കായിരുന്നില്ല. തിരിച്ചറിവ് നഷ്ടപ്പെട്ട പലരിലൊരാളായി ഞാനും മാറി! കട്ടിലിന്റെ ക്രാസിയിലേക്ക് എന്നെ ബന്ധിച്ചിരുന്ന കനമുള്ള കയർ എന്റെ കയ്യിലും കാലിലും മുറിവുകളുണ്ടാക്കിയപ്പോൾ, അധികം കനമില്ലാത്ത ചങ്ങലയുടെ ബന്ധനത്തിലേക്ക് എന്നെ മാറ്റി! അവിടെ കിടന്ന് കൊണ്ട് എന്റെ തലക്ക് ചുറ്റും മുരണ്ടവരോട്, അവർക്ക് മാത്രം മനസ്സിലാകുന്ന ഭാഷയിൽ ഞാൻ സംസാരിച്ചു, ചിലപ്പോൾ ഉറക്കെ ചിരിച്ചു, ഇടക്ക് കരഞ്ഞു!
ഇതിനിടയിൽ എന്നെ കാണാൻ ആരെങ്കിലും വന്നിരുന്നോയെന്ന് അറിയില്ല. തലക്കുള്ളിലെ മുരളൽ കുറഞ്ഞ് വന്ന ഒരു ദിവസം, എന്നെ പരിചരിച്ചു കൊണ്ട് നിന്ന അപരിചിതനിൽ നിന്നുമാണ് എന്റെ ഭാര്യ മകളെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയതും, അമ്മ മരിച്ചതും, എന്റെ കൂട്ടുകാരൻ നാട് വിട്ടു പോയതും ഞാനറിയുന്നത്!
മുടങ്ങാതെ മരുന്ന് കഴിക്കണമെന്ന നിർദ്ദേശങ്ങൾ പാലിച്ചു കൊള്ളാമെന്ന ഉറപ്പിലാണ് നഷ്ടപെട്ട രണ്ട് വർഷങ്ങൾക്ക് ശേഷം, പിന്നീട് നാളിതുവരെയുള്ള ഇരുപത്തിരണ്ട് വർഷങ്ങൾ എനിക്ക് തിരിച്ചു കിട്ടിയത്!
നാട് വിട്ട് പോയ കൂട്ടുകാരനെ തേടിയും, എന്റെ മകളെ ഒന്ന് കാണണമെന്ന ആഗ്രഹത്തിനുമായി അലഞ്ഞുതിരിഞ്ഞു നടന്ന ഇരുപത്തിരണ്ട് വർഷങ്ങൾ! മകൾ ഉപരിപഠനാർത്ഥം ഹൈദരാബാദിലാണെന്ന് ഞാനറിഞ്ഞു. സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം അവളെത്തേടിയെത്തിയതും ഞാനറിഞ്ഞിരുന്നു! എന്നെയൊന്ന് കാണണമെന്ന് അവൾക്ക് തോന്നാഞ്ഞതിൽ നിന്നും എനിക്കറിയാം; അവൾ എന്നെ കാണാൻ ആഗഹിക്കുന്നില്ലെന്ന്! ആ തിരിച്ചറിവാണ് ഇരുപത്തിരണ്ട് വർഷമായിട്ടും അവളെ കാണാനുളള അവസരങ്ങളുണ്ടായിട്ടും ഞാൻ വേണ്ടെന്ന് വച്ചത്!
അൻപത്തിയൊന്നാമത്തെ വയസിൽ, അലഞ്ഞു തിരിഞ്ഞു നടന്നവരെ പാർപ്പിച്ച ഈ പുനരധിവാസ കേന്ദ്രത്തിൽ ഇനിയുള്ള കാലം കഴിയണമെന്ന ചിന്തയിലിരിക്കേയാണ്, നാളെ വയോജനങ്ങൾക്കായി നടത്തുന്ന പ്രോഗ്രാമിന്റെ നോട്ടീസ് ഞാൻ കാണുന്നത്. ഉദ്ഘാടകയായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന പേര് എന്റെ മകളുടെ യാണ്!
കാൽ പാദത്തിലെ വൃണത്തിന് മുകളിലായി ചുറ്റിയ വെള്ള കോട്ടൺ തുണിയുടെ നിറം മഞ്ഞയായി മാറിയത് മാറ്റി പുതിയൊരെണ്ണം ചുറ്റി, രാവിലെ തന്നെ തയ്യാറാക്കി വച്ച തുണികളടങ്ങിയ പ്ലാസ്റ്റിക് കൂട് കയ്യിൽ തൂക്കി, ഗേറ്റ് കടന്ന് ഞാൻ പുറത്തേക്ക് നടന്നു!
പുതിയൊരു വാസസ്ഥലം തേടി ഇനിയെത്ര ദൂരം നടക്കണമെന്നറിയില്ലെങ്കിലും, മുറിവിലെ വേദന കാലിലേക്ക് നിറയെ അരിച്ചു കയറുന്നതിന് മുമ്പ് പരമാവധി ദൂരം താണ്ടാനുള്ള വ്യഗ്രതയിൽ ഞാൻ വേഗം നടന്ന് ആൾക്കൂട്ടത്തിലൊരാളായി മാറി…!
റെജി.എം.ജോസഫ്✍
(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)