വീട്ടിൽ കയറിച്ചെല്ലുമ്പോൾ അപ്പൻ
ഉമ്മറപ്പടിയിൽ ചാരുകസേരയിൽ
കാലുകൾ തിണ്ണയിൽ കയറ്റിവെച്ച്
ഉറങ്ങുന്നുണ്ട്.
മുറ്റത്ത് അങ്ങുമിങ്ങും മുറുക്കി തുപ്പിയ
പാടുകൾ.
പതിവു കാഴ്ചയായതുകൊണ്ട്
ഞാനത് ശ്രദ്ധിക്കാനേ പോയില്ല.
ഞാൻ അകത്തേക്കു നടന്നു.
അകത്ത് ഫാൻ ഇപ്പോ നിൽക്കും എന്ന
മട്ടിൽ തേങ്ങി തേങ്ങി കരകരാ ശബ്ദം
പുറപ്പെടുവിക്കുന്നു.
ഒന്നും നോക്കാതെ നേരെ
അടുക്കളയിലേക്ക്. അവിടെ മൂടി വെച്ച
കഞ്ഞിക്കലം തുറന്നു നോക്കി.
അത് ശൂന്യം..
കലത്തിൽ അഞ്ചാറു വറ്റുകൾ എന്നെ
നോക്കി മുഖം ചുളിക്കുന്നു.
വയറ് വിശപ്പിനാൽ മുറവിളി കൂട്ടുന്നു.
അടുക്കളയിൽ അനക്കം കേൾക്കാൻ
കാത്തു കിടക്കുന്ന പൂച്ചകൾ
കാലിൽ മുട്ടിയുരുമ്മി തീറ്റക്കായ്
സ്നേഹപ്രകടനം.
ദേഷ്യം പൂണ്ട് അപ്പനോട് കാര്യം
തിരക്കാൻ ഉമ്മറത്തേക്ക്.
കോലായിൽ ചാരു കസേരയിൽ നീണ്ടു
നിവർന്നു കിടക്കുന്ന അപ്പൻ.
ഒന്ന് കയർത്തു ചോദിച്ചു.
ഒന്നും കലത്തിലില്ല…കലി പൂണ്ട് ആ
ദേഷ്യം മനസ്സിൽ പറഞ്ഞു തീർത്തു.
അടുത്ത് നിന്ന് അപ്പനെ തട്ടി വിളിച്ചു.
പ്രത്യേകിച്ച് മറുപടിയൊന്നും കിട്ടിയില്ല.
ബീഡിക്കറ പുരണ്ട ചുണ്ടിൽ പതിവു
പോലെ കൂർക്കം വലിയുടെ പിടപ്പ്
കണ്ടില്ല.
തിണ്ണയിൽ പാതി കത്തിയമർന്ന
ബീഡി കുറ്റിയിൽ അവസാന പുകയും
ഉയർന്നു.