Friday, October 18, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

സ്നേഹ സന്ദേശം
💚💚💚💚💚💚

” വന്നെത്തി വീണ്ടുമാ
പൊൻപുലരി..
വരവേൽക്കാം
ഒരുമിച്ച് സ്നേഹമായി”

ശുഭദിനം..
🍀🍀🍀

” എല്ലാ ബന്ധങ്ങളും തുടക്കത്തിൽ മനോഹരമാണ്. എന്തെന്നാൽ തുടക്കത്തിൽ നിങ്ങൾ അഭിനയിക്കുന്നു. ഒരിക്കൽ ഈ ബന്ധമങ്ങ് സ്ഥിരപ്പെടുകയും
നിങ്ങൾ ആശ്വസിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ നിങ്ങളിലുള്ള കലഹമത്രയും നുരഞ്ഞു പൊന്താൻ തുടങ്ങുന്നു. അത് നിങ്ങളുടെ പരസ്പര ബന്ധങ്ങളിൽ പ്രതിഫലിക്കാൻ തുടങ്ങുന്നു. സംഘട്ടനം മനുഷ്യൻ്റെ ഉള്ളിലാണ്. അതവിടെ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ മറ്റൊരിടത്തും പരിഹരിക്കാനാവില്ല.”

– ഓഷോ..

ഊഷ്മളമായ ബന്ധങ്ങളിലേക്കും ഓർത്തുവെക്കേണ്ട ചിന്തകളിലേക്കും വിരൽ ചൂണ്ടുന്ന ഓഷോയുടെ പ്രശസ്തമായ ഉദ്ധരണി.

‘അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി’ എന്ന തൻ്റെ നോവലിൽ ബെന്യാമിൻ പറഞ്ഞു വെച്ച സത്യസന്ധമായ വാക്കുകൾ ചേർത്ത് വായിക്കാം..

🌿 “ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവു., അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്. ”

ഒരിക്കൽ കൂടെ ഈ വരികളിലേക്ക് ശ്രദ്ധാപൂർവ്വം ഇറങ്ങിച്ചെന്നാൽ;

🌿 ഒന്നുകിൽ ആ ചിലരിൽ നാമുണ്ടാവും..! അല്ലെങ്കിൽ അത്രയേറെ പ്രിയപ്പെട്ട ചിലരെ സ്വയം നഷ്ടപ്പെടുത്തി അരുടെ സാന്നിദ്ധ്യമില്ലാതാക്കിയവരുടെ ഇടയിൽ നമ്മെ കണ്ടെത്താനാവും..!

🌿 അസാന്നിദ്ധ്യത്തിൽ ചിലരുടെ വില മനസ്സിലാക്കാനാവുക എന്നത് ഒട്ടും ശുഭകരമല്ലാത്ത കാര്യം. വില മനസ്സിലാക്കുന്നതിന് മുമ്പെ തന്നെ അവരുടെ സാമിപ്യം നഷ്ടമായിട്ടുണ്ട് എന്നതു തന്നെ കാരണം.

ആദ്യം നഷ്ടം.. അതേ തുടർന്ന് വന്നു ചേരുന്ന തിരിച്ചറിവ്..

വൈകി ലഭിക്കുന്ന ബോദ്ധ്യം, പ്രയോജനമില്ലാത്ത തിരിച്ചറിവായി ഇവിടെ മാറുന്നു.

ഹൃദയത്തിൽ ശൂന്യത സൃഷ്ടിച്ച് പ്രിയമായിരുന്നവരായിരുന്നു എന്ന് ഒരിക്കൽ തിരിച്ചറിയപ്പെടുന്നവർ..

എന്നും ഒപ്പം നടന്നവർ അകന്ന് വഴിമാറിപ്പോകുന്നതിനു മുമ്പെ
പരിഹസിക്കപ്പെട്ടിരുന്നവരാവാം..

സംശയിക്കപ്പെട്ടിരുന്നവരാവാം..

അവഗണിക്കപ്പെട്ടിരുന്നവരാവാം..

🌿 ” When you have eyes,
you do not know the value
of the eye ”

“കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ല ”

നഷ്ടപ്പെടുത്തുന്ന ഹൃദയങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഓർക്കേണ്ട പഴമൊഴി..

കാഴ്ചയില്ലാതെയായാൽ ചുറ്റും ഇരുട്ട് മാത്രം.. വെളിച്ചമായിരുന്ന ചിലരും നമുക്ക് അതു പോലെ തന്നെ…

പ്രിയപ്പെട്ടവരെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്താതെ, വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും അപഹസിക്കാതെ, അവഗണനയുടെ നോവുകൾ പകർന്നു നൽകാതെ, വിലപ്പെട്ട മനസ്സുകളെ മനസ്സിലാക്കുവാനും ചേർത്ത് നിർത്തുവാനും നഷ്ടപ്പെടാതെ കരുതുവാനും കഴിയുക എന്നതാണ് പ്രധാനം..

തുടക്കം മനോഹരവും മുമ്പോട്ട് പോകുമ്പോൾ ആ മനോഹാരിത നിലനിർത്തുവാനും ബന്ധങ്ങളിൽ സാധിക്കുക എന്നതിന് ആത്മാർത്ഥവും നിസ്വാർത്ഥവുമായ ഒരു മനസ്സ് നമ്മിലുണ്ടാവേണ്ടിയിരിക്കുന്നു. സുന്ദരമായ സ്നേഹസാമിപ്യങ്ങളെ തിരിച്ചറിയുവാൻ കഴിയേണ്ടിയിരിക്കുന്നു. സങ്കുചിത ചിന്തകൾ വെടിഞ്ഞ് ആന്തരികമായ ഒരു പരിവർത്തനത്തിന് സന്നദ്ധമാകേണ്ടിയിരിക്കുന്നു.

എക്കാലവും നിലനിൽക്കുന്ന സുദൃഢബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിനും ജീവിതത്തെ സുന്ദരമാക്കുന്നതിനും പരിശ്രമിക്കാം..

ഇപ്പോൾ നമുക്കൊപ്പമുള്ളവർ എന്നും നന്മ മാത്രം ആഗ്രഹിച്ചിരുന്നവർ..
അവരെ നാം എങ്ങനെ കാണുന്നു.,
അവരോട് എങ്ങനെ പെരുമാറുന്നു.,
എന്ന് സ്വയം വിലയിരുത്തുവാനും തിരുത്തേണ്ടത് തിരുത്തുവാനും
ഇന്നത്തെ ചിന്തകൾ മുഖാന്തരമാവട്ടെ..

എല്ലാ സ്നേഹിതർക്കും
സ്നേഹപൂർവ്വം ശുഭ ദിനാശംസകൾ
💚🙏

ബൈജു തെക്കുംപുറത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments