ജീവിതദു:ഖങ്ങൾ
മനുഷ്യജന്മത്തിൻ്റെ പരമ ലക്ഷ്യമായ മുക്തി നേടുകയാണ് മനുഷ്യൻ്റെ ധർമ്മം. ഇത് ശങ്കരാചാര്യസ്വാമികൾ തൻ്റെ സുപ്രസിദ്ധമായ “ശിവാപരാധക്ഷമാപണസ്ത്രോത്രത്തിലൂടെ ” നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. മനുഷ്യ ശരീരം ലഭിക്കുന്നതു തന്നെ പുണ്യപരിപാകത്താലാണ്. എന്നാൻ ഒന്നും നേടാനാവാതെ നാം ആ ശരീരം കത്തിച്ചു ക ളയുന്നത് എത്ര പരിതാപകരം!
“സർവ്വം തു ദു:ഖം വിവേകിനാം ദു:ഖാലയ മശാശ്വതം ”
പ്രപഞ്ചസത്യത്തെപ്പറ്റി ഗീതയിൽ പറയുന്നത് അമിതമായ വിഷയാസക്തിയാണ് സുഖഫലത്തിലേയ്ക്കു നയിക്കുന്ന സൽക്കർമ്മങ്ങൾ ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ്. ഒട്ടകം മുൾച്ചെടിതിന്നുമ്പോൾ ചോര വരും. പക്ഷെ
അത് ഗൗനിക്കാനെ അത് വീണ്ടും അത് തിന്നുന്നു.അതു പോലെ ദു:ഖാനുഭവങ്ങൾ നമ്മെ ഒരു പ്രവർത്തിയിൽ നിന്നു മാറ്റി നിർത്തിയാലും ക്രമേണ നാം അത് മറക്കുകയും വീണ്ടും അത് ആവർത്തിക്കുകയും ചെയ്യുന്നു. ആചാര്യസ്വാമികൾ പറയുന്നത് ജനിക്കുന്നതിനുമുമ്പ് തന്നെ നാം ദുഃഖാനുഭവങ്ങൾ അനുഭവിക്കുന്നു എന്നാണ്.
ജീവിതത്തെ പ്രധാനമായി മൂന്ന് ഘട്ടങ്ങളായി തിരിക്കാം. ബാല്യം, യൗവ്വനം, വാർദ്ധ്യക്യം. ഇതിൽ ഏതു കാലത്തും ഏറിയ പങ്കും ദു:ഖം മാത്രമാണ് അനുഭവിക്കുന്നത്. അതിൽ ചെറിയ ഒരു ഇടവേളയിൽ മാത്രമാണ് നാം സുഖം അനുഭവിക്കുന്നത്.
ജനിക്കും മുമ്പേ ഗർഭാവസ്ഥയിലെ ദു:ഖത്തെപ്പറ്റി ശങ്കരാചാര്യ സ്വാമികൾ പറയുന്നത്: എന്തിനുവേണ്ടി നാം ജനിക്കുന്നു? നമ്മുടെ ജന്മം മുജ്ജന്മ കർമ്മഫലമായിട്ടുണ്ടായതാണ്. വിഷയാസക്തിയുടെ ഫലം അനുഭവിച്ചു തീരാതിരുന്നതിനാൽ ഒരു ശരീരമെടുത്തു. അങ്ങിനെ ജന്മം എടുക്കുന്നത് ഗർഭപാത്രത്തിൽ. ഗർഭപാത്രശയനം ഒരിക്കലും സുഖമാവാനിടയില്ല. നാം അവിടെ ചുരുണ്ടുകൂടിക്കിടക്കുകയാണ്. ഒന്ന് നിവർന്ന് നിൽക്കാനോ ഇരിക്കാനോ നമുക്ക് അവിടെ കഴിയുന്നില്ല. മാസങ്ങളോളം മലമൂത്രങ്ങൾ നിറഞ്ഞ സ്ഥലത്ത്
കിടക്കുകയാണ്. ശുദ്ധിയില്ലാത്തിടത്ത് അല്പനേരം ഇരിക്കേണ്ടിവന്നാലുള്ള ബുദ്ധിമുട്ട് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. മാത്രമല്ല അമ്മയുടെ ജഠരാഗ്നി ചുട്ടുപഴുപ്പിക്കും. ആരോടും പരാതി പറയാൻ കഴിയില്ല. അങ്ങനെ പിറന്നു വീഴും മുമ്പേ തുടങ്ങുന്നു നമ്മുടെ ദു:ഖവും കഷ്ടപ്പാടുകളും. ഇനി ജീവിതം കഴിഞ്ഞാലോ? വീണ്ടും അവിടെ കിടക്കേണ്ടിവരുന്നു. അതുകൊണ്ട് ജനനമരണ പ്രക്രിയയിൽ നിന്ന് മുക്തി നേടാൻ ഒരേ ഒരു മാർഗ്ഗം ഈശ്വര കാരുണ്യം നേടുക എന്നത് മാത്രമാണ്.
ഇനി ജനിച്ചു കഴിഞ്ഞാലോ? ശിശുരോഗങ്ങൾ , വീഴ്ചകൾ , വേദനകൾ. അന്യാശ്രയം കൊണ്ടു മാത്രംകഴിഞ്ഞുകൂടേണ്ട ദുര്യോഗമാണനുഭവം. അമ്മ കാണുംവരെ മലമൂത്രങ്ങളിൽ കിടക്കണം. ഗർഭപാത്രത്തിൽ കിടന്ന കാലത്ത് വിശപ്പില്ലായിരുന്നു. എന്നാൽ ഗർഭപാത്രത്തിൽ നിന്നും പുറത്തുവന്ന സമയം മുതൽ വിശപ്പിൻ്റെ ദു:ഖവും അനുഭവിക്കാൻ തുടങ്ങുന്നു.
ഇനി യൗവനത്തിലെത്തിയാൽ ദുഃഖങ്ങൾ വേറെയാണ്. ഭാര്യയുടെയും അമ്മയുടെയും പരാതികൾക്കിടയിൽപ്പെട്ടു വലയുകയായി. അത് ഒരു പക്ഷെ വിവാഹമോചനം വരെ എത്തിയേക്കാം. കഴുതയെപ്പോലെ രാപ്പകൽ കുടുംബത്തിനുവേണ്ടി അദ്ധ്വാനിച്ചാലും പഴിയും മുനവെച്ച വാക്കുകളും മാത്രമാണ് പ്രതിഫലം. അതുപോലെത്തന്നെ ആരോഗ്യമുള്ള യൗവ്വനം അഹങ്കാരിയാക്കുകയും ചെയ്യുന്നു. വിവേകം നശിക്കുന്നതോടെ വേണ്ടത് ചെയ്യുകയില്ലെന്ന് മാത്രമല്ല വേണ്ടാത്തത് ചെയ്യുകയും തന്മൂലം ദുഃഖം അനുഭവിക്കേണ്ടി വരുകയും ചെയ്യുന്നു.
ഇനി വാർദ്ധക്യകാലത്തെ അനുഭവങ്ങൾ പരമ ദയനീയമാണ്. ഏറ്റവും വലിയ ദു:ഖാനുഭവങ്ങളുടെയും പീഡനങ്ങളുടെയും കാലമാണ് വാർദ്ധ്യക്യം. ശിശുവിൻ്റെ ശാരീരിക ദൗർബല്യവും യുവാവിൻ്റെ മാനസിക പ്രശ്നങ്ങളും വാർദ്ധക്യത്തിൻ്റേതായ രോഗങ്ങളും ഓർമ്മക്കുറവും അന്യരിൽ നിന്നും വേണ്ടപ്പെട്ടവരിൽ നിന്നും ഒക്കെയുള്ള അവഗണനയും ഒന്നിച്ചനുഭവിക്കുന്ന കാലം.മനസ്സിന് നടക്കണമെന്നുണ്ട് . പക്ഷെ ശരീരം അനുവദിക്കുന്നില്ല -ചെവികേൾക്കുന്നില്ല -കണ്ണിന് കാഴ്ചയില്ല-രുചിയുള്ള സാധനങ്ങൾ കടിച്ചു തിന്നാൽ കഴിയുന്നില്ല – സാമ്പത്തിക പരാധീനതയും ഏകാന്തതയും സഹിക്കാൻ കഴിയുന്നില്ല.ഒരുകാലത്ത് തൻ്റെ വാക്കിന് എതിർവാക്കില്ലായിരുന്നു. എന്നാൽ വാർദ്ധക്യത്തിലെത്തിയതോടെ അവഗണ മാത്രമാ
ണ് ലഭിക്കുന്നത്. തന്നോട് ഒന്നും ആലോചിക്കുന്നില്ല. തന്നെ കാണാൻ ആരും വരുന്നില്ല. അഥവാ ആരേങ്കിലു വരുകയാണെങ്കിൽ അവരെ വീട്ടുകാർക്ക് ഇഷ്ടവുമില്ല. സത്യത്തിൽ ശാരീരിക വേദനകളെക്കാൾ കൂടുതൽ മനോവേദനകളായിരിക്കും. താൻ തോളിലേറ്റിക്കൊണ്ടു നടന്ന് കൊഞ്ചിച്ച മകൻ തന്നെ ധിക്കരിക്കുന്നു. മക്കളുമായി എന്തേങ്കിലും അഭിപ്രായ വിത്യാസമുണ്ടായാൽ ഭാര്യ എപ്പോഴും മക്കളുടെ പക്ഷംപിടിക്കും. അങ്ങിനെ കുടുംബത്തും നാം ഒറ്റപ്പെടുന്നു. തുടർന്ന് നാംകുടുംബത്തിന് ബാദ്ധ്യതയായിത്തീരുന്നു. തന്നെ ആർക്കും വേണ്ട എന്ന അവസ്ഥ
വന്നാൽ അതിലും വലിയ ദു:ഖം വേറെ എന്തുണ്ടാകാനാണ്!
മരണശേഷവും ദു:ഖാനുഭവങ്ങൾ അവിവേകിയെ വേട്ടയാടും. അപ്പോൾ നാം നമ്മോട് തന്നെ ചോദിക്കുക ” ഇങ്ങനെ സദാകാലവും നാം ദു:ഖം അനുഭവിക്കണോ? അതോ അതിൽ നിന്നും രക്ഷപ്രാപിക്കണോ? അതു കൊണ്ട് ഒന്ന് മനസ്സിലാക്കുക വിഷയസുഖാനുഭവം ചഞ്ചലമാണെന്ന് മനസ്സിലാക്കുക! സൽബുദ്ധി തരണേ എന്ന് പ്രാർത്ഥിക്കൂ! സമയം കിട്ടുമ്പോഴെല്ലാം ഈശ്വരനെ സ്മരിക്കുക.