Logo Below Image
Wednesday, August 13, 2025
Logo Below Image
Homeസ്പെഷ്യൽപലതരം പെണ്ണുങ്ങൾ: (ഫീച്ചർ - ഭാഗം 11) ✍ അനിത പൈക്കാട്ട്

പലതരം പെണ്ണുങ്ങൾ: (ഫീച്ചർ – ഭാഗം 11) ✍ അനിത പൈക്കാട്ട്

ജീവിക്കാൻ മറന്നവൾ ഇങ്ങനെ ഒരുപാട് പേരുണ്ടാകും നമ്മുടെ ചുറ്റിനും, ജീവിതം ആഘോഷമാക്കിയവരും കാണും. അവരാണ് ജീവിക്കാൻ പഠിച്ചവർ.

അതേ
നിങ്ങൾക്ക് ഇത് എന്തിൻ്റെ കേടാ,
നാണമില്ലേ? എന്ന് തൻ്റെ മോൻ അലർച്ചയോടെ പറയുമ്പോൾ തലയും താഴ്ത്തി നിറമിഴികൾ ഭൂമിയിലേക്ക് താഴ്ത്തിയ പോലെ സേതു ലക്ഷ്മി നിന്നു പോയി.
ഗൾഫിലേക്ക് തിരിച്ച് പോകും വരെ സേതുവിനോട് മകൻ മിണ്ടിയില്ല.

ആറ്റുനോറ്റു വളർത്തിയതാണവനെ. മുന്നാം വയസ്സിൽ അവൻ്റെ അച്ഛൻ മരിച്ഛതാണ്. പിന്നെ അവനെ വളർത്താൻ ഏറെ പാടുപെട്ടു. സഹോദരൻമാരുടെ ഭാര്യമാരുടെ കുത്തു വാക്കുകളും കേട്ട് സ്വന്തം വീട്ടിൽ കഴിഞ്ഞ നാളുകൾ.

സേതുവിൻ്റെ അച്ഛൻ നേരത്തെ മരിച്ചു പോയിരുന്നു. ആകെ ഒരാശ്വാസം അമ്മയായിരുന്നു. മകനെ വളർത്തുവാൻ വേണ്ടി സേതുവിന് ജോലിക്ക് പോകേണ്ടി വന്നു, അവർ അവന് മികച്ച വിദ്യാഭ്യാസം നൽകി. സഹോദരൻമാർ ഭാര്യമാർ പറയുന്നത് പോലെയല്ലാതെ മറ്റൊന്നും അന്വേഷിച്ചിരുന്നില്ല. താനും മകനും ആർക്കും ഒരു ഭാരമാകരുത് എന്ന് കരുതി സേതുവും മകനും ജീവിച്ചു പോന്നു.

ജോലി കഴിഞ്ഞു വന്നാൽ അവൾക്ക് വീട്ടുജോലിയും ചെയ്യണം, അവളുടെ സങ്കടങ്ങൾ കേൾക്കുവാൻ ആരുമുണ്ടായിരുന്നില്ല. ഇരുപത്തേഴ് വയസ്സിൽ ഭർത്താവ് നഷ്ടപെട്ടവൾ, തനിക്ക് ആരുണ്ടായാലും തൻ്റെ ഭർത്താവിനോളമാകില്ലന്ന് അവൾ മനസ്സിലാക്കി. രാത്രിയുടെ ഏതോ യാമത്തിൽ അവൾക്ക്  ഉറക്കം നഷ്ടപെട്ടിട്ടുണ്ട്, താനും ഭർത്താവും ജീവിച്ച നാളുകൾ. പെട്ടന്ന് ഒരു നാൾ തങ്ങളെ തനിച്ചാക്കി പോയതിൻ്റെ നെഞ്ചുരുക്കം.

ജീവിതത്തിൻ്റെ ഒരു വശം നോക്കുമ്പോൾ, തൻ്റെ മകനെ വളർത്തണം, അവനു വേണ്ടി ജിവിക്കണം. പക്ഷേ മറുവശത്തു തീർത്തും ഒറ്റപ്പെടൽ. തൻ്റെ സങ്കടങ്ങൾ കൊച്ചു കൊച്ചു സന്തോഷങ്ങൾ. പറയുവാനും കേൾക്കുവാനും ആരുമില്ലാത്ത അവസ്ഥ.

ചില നേരങ്ങളിൽ അവളിലെ സ്ത്രീ ഉണരും. പ്രണയവും കാമവും എല്ലാം അവളിലുണ്ടാകും. അപ്പോഴൊക്കെ ചിന്തകളിൽ നിന്നു പതിയെ അവൾ ഉണരും.
തൻ്റെ മകൻ, അവനെ ചേർത്തു പിടിച്ചു വീണ്ടും ഉറക്കത്തിലേക്ക് വീഴും.

ഒരു നല്ല ഡ്രസ്സ് ഇടുവാൻ, ഒന്ന് പുറത്തു പോകുവാൻ, ഇഷ്ടമുള്ള ആഹാരം കഴിക്കുവാൻ, എല്ലാത്തിനും കൊതിക്കുമായിരുന്നു അവൾ. അപ്പോഴൊക്കെ, എല്ലാ ആഗ്രഹങ്ങളും ഉള്ളിലൊതുക്കി മകൻ്റെ സന്തോഷത്തിനായി അവൾ ജീവിച്ചു.

പ്ലസ് 2 കഴിഞ്ഞ ശേഷം തുടർന്നു പഠിക്കാൻ മകൻ വേറെ സ്ഥലത്ത് പോയി. അപ്പോൾ അവൾ തീർത്തും തളർന്നു. സഹോദരൻമാർ ഓരോത്തരായി വേറെ വീട് വെച്ച് താമസമാക്കി. സേതുലക്ഷമിയും അമ്മയും മാത്രമായി പിന്നിട്.

അമ്മക്ക് അസുഖമായപ്പോൾ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കുവാൻ കൂട്ടുകാരിയും, അവളുടെ സഹോദരനും സഹായിച്ചു. അത് ഒരു ബന്ധത്തിന് തുടക്കമായി. ഒറ്റപ്പെടലിന് വലിയ ഒരാശ്വാസമായിരുന്നു ജഗനാഥ് എന്ന ജഗു. സേതു പ്രണയത്തോടെ അയാളെ വിളിക്കുന്ന പേരായിരുന്നു അത്.

വിവാഹം കഴിക്കാതെ പാർട്ടിക്കാര്യം നോക്കി നടക്കുന്ന ഒരു മനുഷ്യൻ. സേതുവിനെ കല്യാണം കഴിക്കുവാൻ അയാൾ അതിയായി ആഗ്രഹിച്ചു. പക്ഷേ കിടപ്പിലായ അമ്മ, എങ്ങും എത്താത്ത മകൻ, അവൾ എല്ലാം അവർക്കു വേണ്ടി മാറ്റിവെച്ചു.

പിന്നീട് മകന് ജോലി കിട്ടി, അവൻ ഗൾഫിൽ പോയി. മകൻ വളരെ ദൂരെ പോയതിൽ ഓർത്ത് അവൾ വല്ലാതെ സങ്കടപ്പെട്ടു . ആ സമയത്ത് അവൾക്ക് സുഖമില്ലാതായി.
ജഗനാഥായിരുന്നു അപ്പോഴും അവൾക്ക് താങ്ങായി കൂടെ ഉണ്ടായിരുന്നത്, ഒപ്പം
അവളുടെ കുട്ടുകാരിയും.

തനിക്ക് ഒരാൾ ഉണ്ട്, തൻ്റെ സങ്കടങ്ങളിലും, സന്തോഷങ്ങളിലും പങ്കു ചേരുവാൻ,
എൻ്റെത് എന്ന് പറയുവാൻ ഒരാൾ, അവളതിൽ വലിയ ആശ്വാസം കണ്ടെത്തി.
അവളുടെ ഏകാന്തതക്ക് ജഗനാഥൻ അവൾക്ക് ഒരു പൂക്കാലമായിരുന്നു.

മകൻ ഇടയ്ക്ക് നാട്ടിലേക്ക് വന്നു. അമ്മ തനിച്ചല്ലേ? അമ്മക്ക് ഒരു കൂട്ട് വേണ്ടേ? എന്ന ഒരു കുടുംബക്കാരൻ്റെ ചോദ്യം? അവനത് ഒട്ടും ഇഷ്ടമായില്ല.
അമ്മ പറയിപ്പിച്ചതാണോ?

അമ്മയുമായി ജഗനാഥിന് മുൻപ് എങ്ങുമില്ലാത്തൊരു അടുപ്പം, അതവനിൽ സംശയം ഉണ്ടാക്കി. അവൻ അമ്മയുമായി വഴക്കിട്ടു.
അമ്മയെ അവൻ മനസ്സിലാക്കിയില്ല.
തനിക്കു വേണ്ടി, തൻ്റെ നല്ല ഭാവിക്ക് വേണ്ടി, അമ്മയുടെ നല്ല പ്രായം ഹോമിച്ചവളാണെന്ന് അവൻ ഓർത്തതേയില്ല.

അവന് കല്യാണം വേണമെന്നു അവൻ തന്നെ തീരുമാനിച്ചു.
ചെറിയ പ്രായത്തിൽ തന്നെ അവൻ വിവാഹം ചെയ്തു.
ഭാര്യയുമായി അവൻ ഗൾഫിലേക്ക് പോയി.

സേതുലക്ഷ്മിയുടെ അമ്മ മരണപ്പെട്ടു. മകന് വരാൻ ലീവ് ഉണ്ടായിരുന്നില്ല.
ഒറ്റപ്പെടലിൻ്റെ തീവ്രതയിൽ നിന്നു ഒരു കൈതാങ്ങായി ജഗനാഥൻ ഉണ്ടായിരുന്നു. ഇല്ലായിരുന്നെങ്കിൽ അവൾ ഡ്രിപ്രഷനിലേക്ക് വീണു പോകുമായിരുന്നു.

മകന് ഒരു കുഞ്ഞു ഉണ്ടായി എന്നറിഞ്ഞപ്പോൾ അവൾക്കുണ്ടായ ആനന്ദം. ആ കുരുന്നു മുഖം കാണാൻ അവൾ വല്ലാതെ കൊതിച്ചു. ഗൾഫിലായ മകനെയും പേരകുട്ടിയെയും അവൾക്ക് കാണുവാൻ പറ്റിയില്ല.

പേരക്കുഞ്ഞിന് മൂന്നു വയസ്സായപ്പോൾ, അവനെയും കൂട്ടി മകൻ നാട്ടിൽ വന്നു. സേതുവിൻ്റെ മകൻ, അവനെ അമ്മയെ നോക്കാൻ ഏൽപ്പിച്ചു. അവൻ ഗൾഫിലേക്ക് തിരിച്ചു പോയി.

സേതുവിന് അത് വലിയ സന്തോഷമായിരുന്നു.
മകൻ അവളെ കുരുക്കിയതാണെന്ന് അവൾക്കറിയില്ലായിരുന്നു.
കാരണം, അവളുടെ സഹോദരൻമാർ അവളെ ജഗനാഥന് കല്യാണം കഴിച്ചു കൊടുക്കണമെന്ന് മകനോട് പറയുകയുണ്ടായി. അവൾ ഒറ്റയ്ക്ക് അങ്ങിനെ കഴിയുന്നതിൽ സഹോദരൻമാർക്ക് വലിയ വിഷമമായി തുടങ്ങിയിരുന്നു.
അതിനെ എതിർത്ത മകൻ, കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ചു ഗൾഫിലേക്ക് തിരിച്ചു പോകുകയായിരുന്നു.

തൻ്റെ മകന് വേണ്ടി തൻ്റെ യൗവനം നഷ്ടപ്പെടുത്തിയവൾ, ജീവിതത്തിൻ്റെ പകുതിയിലെങ്കിലും ഇഷ്ടപ്പെട്ട പുരുഷൻ്റെ കൂടെ കഴിയണമെന്ന് മോഹിച്ചു നടന്നവൾ,
ഇപ്പോൾ വീണ്ടും മകൻ്റെ കുഞ്ഞിന് വേണ്ടി ജീവിക്കുന്നു. അവളുടെ ജീവിതം ഹോമിക്കുന്നു. ആ കുട്ടി ഇന്ന് സ്കൂളിൽ പോകുന്നു.
അതിൻ്റെ അമ്മയായും, അച്ഛനായും, അച്ഛമ്മയുമായും, കൂട്ടുകാരിയുമായും
അവൾ പല വേഷങ്ങൾ ആടുന്നു.

അപ്പോഴും ഒരു കാതം അകലെ ഉള്ളിൽ സങ്കടങ്ങളുടെ വേലിയേറ്റമുണ്ടായിട്ടും ഒരു നിലാ പുഞ്ചിരിയുമായി ജഗന്നാഥൻ അവളെ കാത്തു നിൽക്കുന്നു. അവൾ
വരില്ലെന്നറിഞ്ഞിട്ടും, വെറുതെ അയാൾ മോഹിക്കുന്നു, അവളുടെ വരവിനായി.

തുടരും…

അനിത പൈക്കാട്ട്✍

RELATED ARTICLES

1 COMMENT

  1. ധാരാളം ഉണ്ടാവും സേതുലക്ഷ്മി മാർ
    നല്ല എഴുത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ