ഏകദേശം1,630 മീറ്റർ ആഴമുള്ള കിഴക്കൻ സൈബീരിയയിലെ തെക്കൻ പ്രദേശത്ത് കാണപ്പെടുന്ന ബേക്കൽ തടാകമാണ് ലോകത്തിലെ ഏറ്റവും ആഴമുള്ള തടാകം. ഇരുപത്തിയഞ്ച് ദശലക്ഷം പഴക്കമുള്ളതാണ് ഈ തടാകം.വളരെ തെളിമയുള്ള ജലമാണ് ഈ തടാകത്തിലുള്ളത്. 150 അടി വരെ ആഴത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും എന്നത് ഒരു പ്രത്യേകതയാണ്. ഏകദേശം മുന്നൂറോളം പുഴകളിൽ നിന്നാണ് ഇവിടെ വെള്ളം എത്തുന്നത്. ഈ തടാകത്തിൽ ഇരുപത്തേഴോളം ദ്വീപുകളുമുണ്ട്. ഇതിൽ പല ദ്വീപിലും മനുഷ്യവാസം ഇല്ല. ഈ തടാകത്തിൽ ആയിരത്തി എൺപത്തഞ്ചോളം വിവിധ ഇനത്തിൽപ്പെട്ട സസ്യങ്ങളും, ആയിരത്തി അഞ്ഞൂറ്റിഅൻപതോളം ജന്തു വർഗ്ഗങ്ങളുമുണ്ട് എന്ന് പഠനഗവേഷകർ വ്യക്തമാക്കുന്നു. ഇതിൽ പലതും ലോകത്തിൽ മറ്റൊരിടത്തും കാണാത്ത അപൂർവ്വ ഇനങ്ങളിൽ പെട്ടതാണത്രേ!!!!. ഇതിൽ 70% മാത്രമേ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളു. രണ്ടര കോടി വർഷത്തോളം പഴക്കമുള്ള ഈ തടാകത്തിന്റെ വിസ്തൃതി മുപ്പതിനായിരം ചതുരശ്രകിലോമീറ്ററാണ്.
ഒരു വലിയ “ചന്ദ്രകല” യുടെ ആകൃതിയാണ് ഈ തടാകത്തിന്. ബേക്കൽ തടാകം എന്ന പേരിന്റെ ഉത്ഭവം അഞ്ജാതമാണ്. “സൈബീരിയയുടെ നീലകണ്ണ് ” എന്ന പേരിലും ഈ തടാകം അറിയപ്പെടുന്നു. ബേക്കൽ തടാകം സ്ഥിതി ചെയ്യുന്ന പ്രദേശം ചെറിയ അളവിലുള്ള ഭൂകമ്പങ്ങൾ സാധാരണ ഉണ്ടാകുന്ന ഇടമാണ്. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായ ഒരു ഭൂകമ്പത്തിൽ ആകാം ഈ തടാകം സൃഷ്ടിക്കപ്പെട്ടത് എന്നും പറയപ്പെടുന്നു. നിരന്തരമായ ചെറുതും വലുതുമായ ഭൂകമ്പങ്ങൾ കാരണം തടാകത്തിന്റെ അടിഭാഗത്തെ ഭൂമിയുടെ ഘടന വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ശൈത്യകാലത്ത് ഇതിന്റെ താപനില -20 വരെ എത്താറുണ്ട്. തടാകജലം സുതാര്യമായ ഐസ്പാളികളാൽ ആവരണം ചെയ്യപ്പെട്ടിരിക്കും. വർഷത്തിൽ അഞ്ചു മാസത്തോളം ഐസ് പാളികളാൽ മൂടപ്പെട്ടായിരിക്കും തടാകം കാണപ്പെടുന്നത്. ചില പ്രത്യേക സന്ദർഭങ്ങളിൽ ഐസ്പാളികളിൽ വിള്ളലുകൾ രൂപപ്പെടുന്നു. വളരെ പെട്ടെന്ന് തന്നെ അത് അതിഭയങ്കര ശബ്ദത്തോടെ കൂടിച്ചേരുകയും ചെയ്യുന്നു.
പലപ്പോഴും അതിശക്തമായ കാറ്റ് ഈ തടാകത്തിന്മേൽ ആഞ്ഞടിക്കുന്നു. അതിനാൽ “അസ്വസ്ഥമായ തടാകം” എന്ന പേരിലും ഈ തടാകം അറിയപ്പെടുന്നു.ബേക്കൽ തടാകത്തിലെ ജന്തുജാലങ്ങളിൽ ഏകദേശം 56 ഇനം പ്രത്യേക മത്സ്യങ്ങളാണ്. അവയിൽ ഒരു പ്രത്യേക ഇനമാണ് മുട്ടയിടാത്ത “ഗോലോമിയങ്ക.” ഇത് ആഹാരം തേടി ആഴങ്ങളിൽ നിന്നും ആഴം കുറഞ്ഞ സ്ഥലത്തേക്ക് വരുന്നു. കാഠിന്യമേറിയ മഞ്ഞുകാലത്തുപോലും ബേക്കൽ നദിയുടെ അവിശ്വസനീയമായ സുതാര്യത ശ്രദ്ധേയമാണ് മഞ്ഞുപാളികളിലൂടെ നദിയുടെ ആഴം കാണാനാകും എന്നത് അത്ഭുതാവഹമാണ്. തടാകത്തിന്റെ പരിശുദ്ധിക്ക് കാരണം അതിസൂക്ഷ്മ ജീവികളുടെ സാന്നിധ്യമാണ്.
പൊതുവെ ശാന്തവും, രമണീയവുമാണ് ഈ തടാകവും ചുറ്റുപാടുകളും അതുകൊണ്ട് തന്നെ ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നും അനേകം വിനോദസഞ്ചാരികൾ ഈ തടാകം കാണാൻ വേണ്ടിയെത്തുന്നു. എപ്പോൾ, എങ്ങനെ ഉണ്ടായതെന്നറിയാതെ ആഴത്തിൽ ശുദ്ധജലത്തെ സംഭരിച്ചുകൊണ്ട് പ്രപഞ്ചം ഒളിപ്പിച്ച സത്യങ്ങളുമായ് നിൽക്കുന്ന ബേക്കൽ തടാകം 1996 ഡിസംബർ അഞ്ചിന് യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനം പിടിച്ചു.