Friday, November 22, 2024
Homeസ്പെഷ്യൽ"ബേസിയൻ മിമിക്രി" ✍ലിജി സജിത്ത് അവതരിപ്പിക്കുന്ന "ലോക ജാലകം"

“ബേസിയൻ മിമിക്രി” ✍ലിജി സജിത്ത് അവതരിപ്പിക്കുന്ന “ലോക ജാലകം”

ലിജി സജിത്ത്

സ്വയം രക്ഷയ്ക്ക് വേണ്ടി ഒന്ന് മറ്റൊന്നിന്റെ രൂപം അതേ പടി പകർത്തുന്നതിനെ ‘ബേസിയൻ മിമിക്രി’ എന്ന് പറയപ്പെടുന്നു. ഇതൊരു ജീവിയോ, സസ്യമോ ആകാം. ജീവശാസ്ത്രലോകത്ത് ഇതിനെ ശാസ്ത്രീയമായി പറയുന്ന പേരാണ് ബേസിയൻ മിമിക്രി. ഇത്തരത്തിൽ ബേസിയൻ മിമിക്രി നടത്തി സസ്യശാസ്ത്രജ്ഞരെ കുഴയ്ക്കുകയും, ഇന്നേവരെ ഇതിന്റെ രഹസ്യമെന്തെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതുമായ ഒരു സസ്യമാണ് “ബോക്വില ട്രൈഫോളിയോലേറ്റ”. തറയിൽ പടർന്നു വളരുന്ന ഒരു ചെടിയാണിത്. എന്നാൽ മരങ്ങളിലേക്ക് പടർന്നുകയറാനും ഇവയ്ക്ക് കഴിയും. ഇതിന് നിശ്ചിതമായ ഒരു ആകൃതി ഇല്ല. “മെമെറ്റിക്‌ പോളിമോർഫിസം” എന്ന പ്രതിഭാസത്തിന്റെ അടിസ്ഥാനത്തിൽ ഏത് വൃക്ഷത്തിലാണോ ഇത് പടർന്നുകയറുന്നത് ആ വൃക്ഷത്തിലെ ഇലകളുടെ രൂപം സ്വീകരിക്കുന്നു!!!!!ഈ വിചിത്രസ്വഭാവം ഉള്ളതുകൊണ്ടാണ് നാഷണൽ “ജ്യോഗ്രഫിക് മാസിക” ഈ ചെടിയെ “ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന ചെടിയെന്ന്” വിശേഷിപ്പിച്ചത്. “ചാരനെപ്പോലെ ഒളിച്ചിരിക്കാൻ കഴിവുള്ള ചെടിയെന്നും”, “ചെടികൾക്കിടയിലെ ഓന്തെന്നും” ഈ ചെടി അറിയപ്പെടുന്നു.

മിത ശീതോഷ്ണ മേഖലകളായ അർജെന്റിന, ചിലി എന്നിവിടങ്ങളിൽ കാണപ്പെടുന്ന മഴക്കാടുകളിലാണ് ഈ വള്ളിച്ചെടി കണ്ടുവരുന്നത്‌. “ലാർഡിസബാലേസി” കുടുംബത്തിലെ പൂച്ചെടികളിലെ ഏകവർഗ്ഗ ജനുസ്സാണ് ബോക്വില. ഭക്ഷ്യയോഗ്യമായ ഫലം നൽകുന്ന ഈ ചെടി ഏത് മരത്തിലാണോ ചുറ്റിപ്പടരുന്നത് ആ മരത്തിന്റെ ഇലകളുടെ നിറം, ആകൃതി, ഇലയിലെ പാറ്റേണുകൾ ഇവയെല്ലാം സ്വന്തമാക്കുന്നു. പടർന്നു വളരുന്ന ഈ ചെടിയെ വൻതോതിൽ പുഴുക്കൾ തിന്ന് നശിപ്പിക്കുന്നു. സസ്യശാസ്ത്രജ്ഞരുടെ പഠനത്തിൽ, പുഴുക്കളുടെയും, പ്രാണികളുടെയും ശല്യത്തിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടിയാണത്രെ ഇവ ഇപ്രകാരം അനുകരണം നടത്തുന്നത്.

എന്നാൽ വൃക്ഷങ്ങളിലേക്ക് പടർന്നുകയറാതെ അവയ്ക്കടുത്തുകൂടെ പോയാൽ പോലും ആ വൃക്ഷങ്ങളുടെ ഇലകളുടെ രൂപമാകാൻ ഇവയ്ക്ക് കഴിയുമത്രേ!!!! മാത്രമല്ല പുഴുക്കൾ ഭക്ഷണമാക്കാത്ത വിഷലിപ്തമായ ഇലകളുടെ ആകൃതി സ്വീകരിച്ചാലും ഈ സസ്യത്തിന്റെ ഇലയ്ക്ക് കേടുപാടൊന്നും സംഭവിക്കില്ല. ചില പ്രത്യേക തരം ഓർക്കിഡ് ചെടികൾക്ക് ഇപ്രകാരം രൂപം മാറാൻ കഴിവുണ്ട്. എന്നാൽ രണ്ടോ മൂന്നോ ചെടികളുടെ രൂപം മാത്രമേ ഇവയ്ക്ക് സ്വീകരിക്കാൻ കഴിയൂ. എന്നാൽ ട്രൈഫോളിയോലേറ്റ ചെടിക്ക് ഏകദേശം പത്തോളം വൃക്ഷങ്ങളെ അനുകരിക്കാൻ കഴിയും എന്നത് ഏറെ അത്ഭുതകരമാണ്. ഈ പ്രതിഭാസത്തിന്റെ രഹസ്യമെന്തെന്ന് ഇന്നേവരെ ആരും കണ്ടുപിടിച്ചിട്ടില്ല. ചില രാസവസ്‌തുക്കളുടെ പ്രവർത്തനം മൂലമായിരിക്കാം ഇങ്ങനെ അത്ഭുതവ്യതിയാനം സംഭവിക്കുന്നത് എന്ന നിഗമനത്തിലാണ് ശാസ്ത്രഞ്ജർ എങ്കിലും സത്യമെന്തെന്ന് ആർക്കും വെളിപ്പെടുത്താതെ ഇന്നും ഒരു പ്രപഞ്ച രഹസ്യമായ് മഴക്കാടുകളിൽ “മറ്റൊരുവന്റെ” രൂപവും വഹിച്ച് ബോക്വിലോ ട്രൈഫോളിയോലേറ്റ വളരുന്നു.

ലിജി സജിത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments