“മാഷേ, വളരെ കഷ്ടമായിപോയി ”
“എന്താ ലേഖേ , എന്താ കാര്യം ?”
“എന്താ കാര്യമെന്നോ ? മാഷ് ഈ നാട്ടിൽത്തന്നെയല്ലെ ജീവിക്കുന്നത് ? എന്നിട്ടും ഒന്നുമറിയില്ലെന്ന് നടിച്ചാൽ ഞാനെന്ത് പറയാനാ ?”
“എന്താടോ ? ലേഖേ , താൻ കാര്യം പറയ് അല്ലാതെങ്ങനെയാ അറിയുന്നത്. ”
“എൻ്റെ പൊന്നു മാഷേ, ഇന്നേയ്ക്ക് എട്ടു ദിവസമായി മണ്ണിടിച്ചിലിൽപ്പെട്ട് കുറച്ചു മനുഷ്യരെ കാണാതായിട്ട്. വാത്തകളിലെല്ലാം രാവും പകലും ഇതുതന്നെയാണ് ചർച്ചാവിഷയം, എന്നിട്ടും മാഷിന് മാത്രം ഒന്നുമറിയില്ല. ”
“ലേഖ പറഞ്ഞു തുടങ്ങിയപ്പോഴെ ഞാൻ ഊഹിച്ചു. ഇതു തന്നെയാവും സംഭവമെന്ന് എന്നാലും അതിനൊരു വ്യക്തത വരുത്താനാണ് തന്നോട് തന്നെ കാര്യം പറയാൻ പറഞ്ഞത്. ”
” ഇപ്പോ മാഷിൻ്റെ സംശയം മാറിയോ ?”
“മാറി.
ലേഖേ സംഭവിച്ചിരിക്കുന്നത് ഒരു ചെറിയ ദുരന്തമല്ല. അതിൽപ്പെട്ട് ഒട്ടനവധി പേരെ കാണാതായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ പറയുന്നത്. ”
” അത് ശരിതന്നെ. മാഷേ , എന്നാലും വാർത്തയിലെ ചിത്രങ്ങളും ദൃശ്യങ്ങളും കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു വേദനയാണ് മാഷേ ”
” വിഷമം എനിക്കുമുണ്ട് ലേഖേ, അശാസ്ത്രിയമായ നിർമാണ പ്രവർത്തനങ്ങളുടെ അവസാനത്തെ ഇരകളാണ് ഇപ്പോഴുണ്ടായ ദുരന്തത്തിൽ പെട്ടെതെന്ന് പറയുവാനോ ഇനിമേൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുകയില്ലെന്ന് ഉറപ്പ് പറയുവാനോ നാടിൻ്റെ വികസനമെന്ന പേരും പറഞ്ഞ് പ്രകൃതിയുടെ ഘടനയ്ക്ക് തന്നെ മാറ്റം വരുത്തിയവരാരും മുന്നോട്ടു വരില്ല. കാരണം നഷ്ടങ്ങളെന്നും ആദ്യം തേടിയെത്തുന്നത് നിരപരാധികളെയായിരിക്കും. ”
” കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്തുവാൻ നമുക്ക് പ്രാർത്ഥിക്കാം മാഷേ , അതല്ലെ നമുക്ക് കഴിയൂ ?”
“ലേഖേ , കർമ്മഫലം പ്രാർത്ഥനകൾകൊണ്ട് മാറുമായിരുന്നെങ്കിൽ, എത്രയോ നന്നായിരുന്നു. ”