“പെൻഷനോ കൃത്യമായി കിട്ടുന്നില്ല. ആകെയുള്ള സ്ഥിരവരുമാനമെന്നത് വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന വാടകയാണ്. പുതിയ നിയമങ്ങൾ പ്രബല്യത്തിലായാൽ അതിനും ഒരു തീരുമാനമാകുമെന്നാണ് തോന്നുന്നത് അങ്ങനെ വന്നാൽ ഇവിടെയുള്ള വീടും പറമ്പും വിറ്റേച്ച് മകൻ്റെയൊപ്പം വിദേശത്തുതന്നെ താമസിക്കുന്നതാവും നല്ലത്.”
“എന്താ മാഷേ, ഒറ്റയ്ക്കിരുന്ന് പിറുപിറുക്കുന്നത് ?”
“ഒന്നും പറയണ്ടടോ ലേഖേ, നമ്മുടെ നാടിൻ്റെ പുരോഗതി ഈ രീതിയിലാണെങ്കിൽ അധികം വൈകാതെ തന്നെ കേരളം അടഞ്ഞുകിടക്കുന്ന വീടുകളുടെ ശവപ്പറമ്പായി മാറും. അതിൽ സംശയം വേണ്ട.”
“അതെന്താ മാഷേ, ”
“നമ്മുടെ സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാസ്തവം തന്നെ. പക്ഷെ, അതിലേറെ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരാണ് ഇവിടെയുള്ള സാധാരണ ജനങ്ങൾ. ”
” അതിലെന്താ സംശയം. അത് 100% ശരിയല്ലേ മാഷേ.”
” ആങ്ങ്ഹാ , അത് കേരളത്തിലെ കൊച്ചുകുട്ടികൾക്കുപോലും അറിയാൻ പറ്റുന്ന കാര്യമായിരിക്കും. പക്ഷെ, അതറിയാത്തത് നമ്മൾ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനപ്രതിനിധികൾക്കാണ്.”
“മാഷ് പറയുന്നതിൽ കുറച്ചൊക്കെ സത്യമുണ്ട്. എന്നാലും, ഇപ്പോ മാഷിത് പറയുന്നതിൻ്റെ കാര്യംമാത്രം മനസിലായില്ല. ”
“ലേഖേ, സർക്കാർ ചെലവുകൾക്കുള്ള പണം കണ്ടെത്തുന്നതിൻ്റെ ഭാഗമായി നികുതി വർദ്ധിപ്പിക്കുകയും സെസ് ഏർപ്പെടുത്തുകയും ചെയ്യുന്നത് ഇപ്പോൾ തുടർക്കഥയായിരിക്കുന്നു. ഇവ വർദ്ധിപ്പിക്കുന്നതല്ലാതെ കുറയ്ക്കുവാനുള്ള യാതൊരു മാർഗ്ഗവും അധികാരപ്പെട്ടവർക്കറിയില്ല അതുകൊണ്ടുതന്നെ സാധാരണക്കാരായ ജനങ്ങൾ മുണ്ട് മുറുക്കിയുടുത്ത് വിശപ്പടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ചുരുക്കിപ്പറഞ്ഞാൽ വരുമാനത്തിനേക്കാൾ കൂടുതൽ ചെലവുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ”
” അത് ശരിയാ, കഴിഞ്ഞ ദിവസം 500/- രൂപയുമായി കടയിൽ പോയി സാധനങ്ങൾ വാങ്ങിയിട്ട് ബാക്കിയുണ്ടായിരുന്നത് 10 രൂപയാണ് ഈ പൊരിവെയിലത്ത് ഒരു നാരങ്ങ വെള്ളം കുടിക്കാൻ പോലും അത് തികയില്ല. സാധനങ്ങൾക്കെല്ലാം തീപിടച്ച വിലയാണ് മാഷേ. ”
” കുറച്ചു നാൾ മുൻപുവരെ വിദേശത്ത് ജോലിക്കുപോയി അവിടെത്തനെ സ്ഥിരതാമസം തുടങ്ങുന്ന യുവതി യുവാക്കളുടെ നിലപാടിനെ ഞാൻ വിമർശിച്ചിരുന്നു. പക്ഷെ, ഇപ്പോഴെനിക്കത് മാറ്റിപ്പറയേണ്ടിവന്നിരിക്കുന്നു. ”
“അതെന്താ മാഷെ ?”
“അത് വേറൊന്നുമല്ലടോ. കേരളത്തിൽ പണിയെടുത്ത് കിട്ടുന്നതുകയിൽ നിന്നും 50% ബാങ്കുകാരും 30% സർക്കാരും കൊണ്ടുപോകും മിച്ചമുള്ള 20% ഒരു സാധാരക്കാരന് അരിവാങ്ങാൻ പോലും തികയില്ല. അങ്ങനെയുള്ളപ്പോൾ കൂടുതൽ വേതനവും സുഖസൗകര്യങ്ങളും ലഭിക്കുന്ന മറ്റു രാജ്യങ്ങളിലേക്ക് ഇന്നത്തെ തലമുറ കുടിയേറുന്നതിനെ തെറ്റുപറയാനാവുമോ ? ”
” ഇന്നെല്ലാവരും വിദേശത്ത് ജോലി കിട്ടിയാൽ അവിടെത്തനെ താമസിക്കാനാണ് ശ്രമിക്കുന്നത്. നാട്ടിലുള്ള ബന്ധുക്കളെ പോലും കാണാൻ വരുന്നത് വർഷങ്ങൾ കഴിഞ്ഞാണ് അതും മരണാവശ്യം പോലുള്ള എന്തെങ്കിലും അത്യാവശ്യങ്ങളിൽ മാത്രം. ”
” ലേഖേ , അതാണ് ഞാൻ പറഞ്ഞത് കേരളം അധികം വൈകാതെ തന്നെ അടഞ്ഞുകിടക്കുന്ന വീടുകൾ നിറഞ്ഞ സംസ്ഥാനമായി മാറുമെന്ന്. ”
“മാഷേ ഉള്ളത് പറയാല്ലോ പഠിത്തം കഴിഞ്ഞ് വിദേശത്ത് നല്ലൊരു ജോലി കിട്ടിയാൽ ഞാനും അവിടെത്തന്നെ സെറ്റിൽ ചെയ്യും. എപ്പോൾ വേണമെങ്കിലും അച്ഛനും അമ്മയ്ക്കും എൻ്റെയടുക്കൽ വന്ന് നിൽക്കാലോ. ഞാൻ ലിവെടുത്ത് ഇവിടേയ്ക്ക് വരുന്നതിലും നല്ലത് അതെല്ലെ ?”
“ലേഖ പറഞ്ഞതുതന്നെയാണ് പുതിയ തലമുറയുടെ ദീർഘവീക്ഷണം. കാരണം മനുഷ്യരും മത്സ്യങ്ങളെ പോലെ ഒഴുക്കിനെതിരെ നീന്താൻ പഠിച്ചുതുടങ്ങിയിരിക്കുന്നു. അല്ലാതെന്തു ചെയ്യാൻ ?
ഇനി വരുന്ന തലമുറയ്ക്കും ഭുമിയിൽ ജിവിക്കണ്ടെ ?”