Tuesday, September 24, 2024
Homeസ്പെഷ്യൽകതിരും പതിരും: പംക്തി (52) "കൗൺസിലിംഗിൻ്റെ സഞ്ചാര പഥങ്ങളിലേക്ക്..." ✍ജസിയ ഷാജഹാൻ.

കതിരും പതിരും: പംക്തി (52) “കൗൺസിലിംഗിൻ്റെ സഞ്ചാര പഥങ്ങളിലേക്ക്…” ✍ജസിയ ഷാജഹാൻ.

ജസിയ ഷാജഹാൻ.

കൗൺസിലിംഗിൻ്റെ സഞ്ചാര പഥങ്ങളിലേക്ക്

ആർക്കൊക്കെയാണ് കൗൺസിലിംഗിൻ്റെ ആവശ്യം?.. എപ്പോഴൊക്കെയാണ് ഒരു വ്യക്തിക്ക് കൗൺസിലിംഗ് ആവശ്യമായി വരുന്നത്? എന്താണ് കൗൺസിലിംഗ്?
ഇന്നു നമ്മൾ കൈകാര്യം ചെയ്യുന്നത് ഈ വിഷയത്തെക്കുറിച്ചാണ്.

ഒരു വ്യക്തിയുടെ മാനസിക വൈകാരിക സംഘർഷാവസ്ഥകളിലേക്ക് , അയാൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളിലേക്ക് ഒരു തുറന്ന സമീപനത്തോടെ ഇറങ്ങിച്ചെന്ന് അവയെ ആഴത്തിൽ ഗ്രഹിച്ചെടുത്ത് സ്വന്തം പ്രശ്നങ്ങൾ സമ ചിത്തതയോടെ സ്വയം പരിഹരിക്കാൻ ആ വ്യക്തിയെ മാനസികമായി തയ്യാറാക്കി എടുക്കുക. ഈയൊരു പ്രക്രിയയാണ് കൗൺസിലിംഗ് .

നല്ല നിരീക്ഷണ പാടവവും, വ്യക്തി ബോധവും, സഹഭാവത്തോടെയുള്ള പ്രതികരണങ്ങളും, തികച്ചും അവർ കടന്നു പോകുന്ന അവസ്ഥകളെ തൻ്റേതും കൂടിയാക്കി, ചേർത്ത് പിടിച്ചുകൊണ്ടുള്ള സമീപനവും, സ്വന്തം അനുഭവങ്ങളുടെ വെളിച്ചം കാട്ടലുമൊക്കെ ഒരു മികച്ച കൗൺസിലറുടെ മഹിമകളായി തന്നെ കണക്കാക്കാം. മതിയായ പരിശീലനം സിദ്ധിച്ച ഒരാൾക്ക് മാത്രമേ സംഘർഷം അനുഭവിക്കുന്ന വ്യക്തിയുടെ ശാരീരിക, മാനസിക, വൈകാരിക തലങ്ങളെ ശരിക്കും സ്പർശിച്ചു കൊണ്ട് അയാളിലൂടെ കടന്നു പോകാൻ കഴിയൂ. കാരണം ആ ഒരു വ്യക്തിയും കൗൺസിലറും തമ്മിലുള്ള പരസ്പര പങ്കുവയ്ക്കലിലൂടെ പ്രശ്നപരിഹാരം കാണുന്ന ഒരു വികസന പ്രക്രിയയാണ് ഇവിടെ നടക്കുന്നത് എന്നത് തന്നെ.

ഇവിടെ ചോദ്യോത്തരങ്ങൾ, ഉപദേശങ്ങൾ എന്നതിലുപരി വളരെ സൗഹൃദപരമായും അനുഭാവത്തോടെയും , നയപരമായും, സ്നേഹപൂർവ്വ ഇടപെടലുകൾ കൊണ്ടും സംഘർഷം അനുഭവിക്കുന്ന വ്യക്തിയോട് അതിന്റെ തുടക്കം, ആഴം ,സാഹചര്യം ഇവയൊക്കെ ചോദിച്ചു മനസ്സിലാക്കി ആ വ്യക്തിയുടെ അപ്പോഴത്തെ മനോവ്യാപാരങ്ങളും മാനസിക നിലയും, ചിന്തകളും, പ്രശ്നങ്ങളോടുള്ള സമീപന രീതിയും വൈകാരികതയും എല്ലാം തൻ്റെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി ആഴത്തിൽ അളന്ന് വിലയിരുത്തി വേണം പ്രശ്നപരിഹാരങ്ങളിലേക്ക് ഒരു കൗൺസിലർ കടന്നുചെല്ലാൻ! അതിനുവേണ്ടി ആ വ്യക്തിയെ സ്വയം പര്യാപ്തനാക്കി മുന്നോട്ടു കൊണ്ടു വരാൻ.

കൗൺസിലിംഗിന് പൊതുവേ യോഗ്യതയുള്ള പ്രൊഫഷണലുകൾ ആയി
കണക്കാക്കിയിരിക്കുന്നത് സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് നഴ്സ്, സൈക്കോ തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സോഷ്യൽ വർക്കർ എന്നിങ്ങനെയുള്ള ആരോഗ്യ മേഖലയിലെ വിദഗ്ധരെയാണ് .

പരസ്പരം വിഭിന്നരും അവരവരുടേതായ കാഴ്ച്ചപ്പാടുകളും , മൂല്യങ്ങളും ,വ്യക്തിരിക്തതയും ഉള്ള ഒരു സമൂഹജീവിയാണ് മനുഷ്യൻ എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അതേപോലെ സംഘർഷത്തിലാണ്ട വ്യക്തി പ്രകടിപ്പിക്കുന്ന മാനസിക വികാരങ്ങളെ അതേ അളവിൽ ഉൾക്കൊള്ളാൻ ഒരു കൗൺസിലർക്ക് കഴിയണം എന്നതും വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്.അയാളുടെ വേദനാജനകമായ അനുഭവങ്ങളെ വിശകലനം ചെയ്ത് സ്വതന്ത്രമായി ചിന്തിച്ച് വേണ്ട പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ച് ,അവ നടപ്പിലാക്കാൻ വേണ്ട ആർജ്ജവം കൈവരിക്കത്തക്ക ആത്മവിശ്വാസവും ആത്മ ബലവും, കരുത്തും,ശക്തിയും പകർന്നു നൽകുക. ഇതൊന്നും അത്ര നിസ്സാര കാര്യങ്ങളല്ല. അതു മനസ്സിലാക്കി പെരുമാറുക എന്നത് തന്നെയാണ് ഒരു യഥാർത്ഥ കൗൺസിലറുടെ വിജയം.

തന്റെ സംഭാഷണങ്ങളിലൂടെയും സമീപനങ്ങളിലൂടെയും, ചേർത്തുനിർത്തലിലൂടെയും, പങ്കിടലുകളിലൂടെയും തൻ്റെ മുന്നിൽ ഇരിക്കുന്ന സംഘർഷഭരിതമായ ആ മനസ്സിൽ ഉണ്ടാകുന്ന മാറ്റങ്ങളേയും , അതിന്റെ വ്യതിയാന ദിശകളേയും,പുകഞ്ഞു കൊണ്ടിരിക്കുന്ന ചിന്തകളിൽ ഉണ്ടാകുന്ന നേരിയ കുളിർമയേയും , ഹൃദയത്തിൽ വീശുന്ന ഇളം കാറ്റിനെയും ആശ്വാസത്തിന്റെ നിശ്വാസങ്ങളെയും എളുപ്പ ത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞാൽ തൻ്റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ഏത് രീതിയിലാണ് അയാളിലെ കോളിളക്കങ്ങളെ ശാന്തമാക്കാൻ കഴിയുക എന്ന് ,അതിന് അയാളെ പ്രാപ്തനാക്കാൻ കഴിയുക എന്ന് ഒട്ടും വൈകാതെ തന്നെ ഒരു തീരുമാനത്തിലെത്താൻ കൗൺസിലർക്ക് കഴിയും.

ശരിയായ മാനസികാരോഗ്യം നേടുക, പുനർചിന്തനത്തിന് വേണ്ട ആർജ്ജവം നേടുക, ജീവിത വിജയത്തിന്റെ അടിസ്ഥാന തത്വങ്ങളെ സാഹചര്യങ്ങൾക്ക് അനുസൃതമായ മാറ്റങ്ങളിലൂടെ, ചിന്തകളുടെ വ്യതിചലനങ്ങളിലൂടെ മുറുകെ പിടിക്കുക, സ്വയം മുന്നോട്ടു വരിക, പ്രാപ്തി നേടുക, ഇവയൊക്കെയാണ് കൗൺസിലിംഗിൻ്റെ നേട്ടങ്ങൾ.

തുടരെത്തുടരെയുള്ള കൗൺസിലിംഗിലൂടെ ചില വ്യക്തികളുടെ മനസ്സിന്റെ
ഉള്ളറകളിൽ അടിച്ചമർത്തപ്പെട്ടു കിടന്നിരുന്ന അവർ പറയാൻ ആഗ്രഹിക്കാത്ത ചില
അപൂർവ്വ സംഭവങ്ങളെയും, ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമായേക്കാവുന്ന ചില ഓർമ്മകളുടെ ചില്ലവശിഷ്ടങ്ങളെയും, ദുരിത പൂർണ്ണമായ മറ്റ് അനുഭവങ്ങളെയും ഒക്കെ സമർത്ഥന്മാരായ കൗൺസിലർമാർ വായിച്ചെടുക്കാറുണ്ട്. ഈയൊരു കാറ്റഗറിയിൽ പെട്ടവർക്ക് മനശാസ്ത്രപരമായ സമീപനവും നല്ല രീതിയിൽ ആവശ്യമായി വന്നേക്കാം.

ഉപദേശവും അടിച്ചേൽപ്പിക്കലും അല്ല കൗൺസിലിംഗ് ?… നിരന്തരമായ പരസ്പര പങ്കുവയ്ക്കലിലൂടെ കൗൺസിലർമാരുടെ വിദഗ്ധ പ്രയത്നത്തിൽ ഒരു സംഘർഷഭരിത വ്യക്തിയെ പൂർണ്ണമായും അവൻ്റെ പ്രശ്ന പരിഹാരത്തിനായി സ്വയം പര്യാപ്തത നേടാൻ പ്രാപ്തനാക്കുക എന്നുള്ളതാണ്. അപ്പോൾ …. ആവശ്യമെന്ന് കണ്ടാൽ ആരും ഒരു കൗൺസിലിംഗിന് വിധേയമാകാൻ മടിക്കേണ്ട. ആ സഹായം സ്വീകരിക്കാൻ വൈകിക്കേണ്ട.

“മനസ്സ് ഒരു മാന്ത്രികക്കൂട്
മായകൾ തൻ കളി വീട്” എന്ന ഗാനം ഓർമ്മപ്പെടുത്തിക്കൊണ്ട്..

അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം. നന്ദി, സ്നേഹം.

✍ജസിയ ഷാജഹാൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments