അച്ചൂൻ്റെ പുസ്തകം ”ഫ്രിഡ്ജോർമകൾ’ വായിച്ചപ്പോഴാ എൻ്റെയും ” ഗന്ധ” ർവ്വലോകത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയത്.
ഗന്ധർവ്വ രാജാങ്കണത്തിൽ…
ഞാനറിയാതെന്റെ മാനസജാലക
വാതില്‍ തുറക്കുന്നു നിങ്ങള്‍…( വയലാർ, ദക്ഷിണാമൂർത്തി സ്വാമി,)
എൻ്റെ “ഗന്ധ”ർവ്വന്മാരിൽ ഓർമ്മയിൽ ആദ്യം വരുന്നത് വാകത്താനത്തെ തറവാട്ടു വീട്ടിൻ്റെ തെക്കുവശത്ത് നന്ത്യാർവട്ടപ്പൂവിൻ്റെയാണ്. ചൂടുകാലത്ത് പീള കെട്ടി, തുറക്കാൻ പറ്റാത്ത കണ്ണിനുളള നാട്ടു മരുന്നായിരുന്നു, തലേന്ന് ഈപൂവ് ഇട്ടുവെച്ച വെള്ളത്തിലുള്ള മുഖം കഴുകൽ. മണത്ത് നോക്കി തൃപ്തിപ്പെട്ടിട്ടായിരുന്നു അത് പൊട്ടിച്ചെടുക്കൽ. കുട്ടിക്കാലത്തെ ഹോബികളിൽ ഒന്നായിരുന്നു നല്ല മണമുള്ള സോപ്പു കവർ സൂക്ഷിക്കൽ. കുട്ടൻ കൊച്ചച്ചൻ (അച്ഛൻ്റെ അനിയൻ ) ഭൂട്ടാനിൽ നിന്നും വരുമ്പോൾ കൊണ്ടു തന്നിരുന്ന കാമേ സോപ്പിൻ്റെ കവറുകളായിരുന്നു പ്രധാനം. എന്തൊരിഷ്ടമായിരുന്നു അതിനോട്! എത്രയോ കാലം ഞാൻ ആ സോപ്പു കവറുകൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
കുഞ്ഞുങ്ങൾക്കുള്ള ജോൺസൺ ബേബി സോപ്പിനോടും പൗഡറിനോടും ഇഷ്ടം തോന്നിയത് ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. അമ്മയുടെ അനിയത്തിമാർക്ക് കുട്ടികൾ ഉണ്ടായ സമയം. അവരോടുള്ള ഇഷ്ടം ജോൺസൺ മണവും പങ്കിട്ടു…
ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ ആണ് ചെൽപാർക്ക് മഷീടെ മണം തലയ്ക്ക് പിടിച്ചത്. മൗണ്ട് കാർമൽ സ്കൂളിലെ മേരിക്കുട്ടി teacher കുട്ടികളുടെ കയ്യക്ഷരം നന്നാക്കുന്നതിൽ വളരെ ശ്രദ്ധാലു ആയിരുന്നു. മഷി പേനകൾ ഉപയോഗിച്ച് എഴുതിയാൽ കയ്യക്ഷരം മികച്ചതാക്കാമെന്നത് ടീച്ചറിൻ്റെ ഉപദേശം ആയിരുന്നു.അത് പിന്നീട് സർട്ടിഫിക്കറ്റ് എഴുത്ത് എന്ന വല്ല്യ ഉത്തരവാദിത്തം എനിക്ക് കൊണ്ടുവന്നു തന്നു. (നല്ല കൈയക്ഷരം എന്ന് ആരേലും പറഞ്ഞാൽ നെഗളിക്കരുത് ന്ന്)
.
മഷി പേനകൾ… പല തരം ഹീറോ പേനകൾ ജീവിതത്തിൻ്റെ തന്നെ ഭാഗമായിരുന്നു അക്കാലത്ത്. കൂടെ ചെൽപാർക്കും… കുട്ടിക്കാലത്ത് ആസ്വദിച്ചിരുന്ന ഒരു ഗന്ധം അക്കാലത്ത് കിട്ടിയിരുന്ന റബർ എന്ന് ഞങ്ങൾ നാട്ടുമ്പുറത്തുകാർ പറഞ്ഞിരുന്ന നല്ല മണമുള്ള eraser ആയിരുന്നു. നല്ല വാസനയുള്ള ചതുര റബർ കഷണങ്ങൾ പ്രധാനമായും ഗൾഫുകാരുടെ മക്കളുടെ കൈയിലായിരുന്നു കണ്ടിരുന്നത്. അത്രയേറെ മണമില്ലെങ്കിലും വാസന റബർ ഞങ്ങൾ നാടൻ കുട്ടികളുടെ കൈയിലും ഉണ്ടായിരുന്നു . ഇപ്പോൾ അത് കാണാനേ ഇല്ല. ലിറിൽ സോപ്പിൻ്റെ ഒരു പുളിഗന്ധം (നാരങ്ങാ ) ആകർഷിച്ചത് കോളേജ് കാലത്താണെന്ന് തോന്നുന്നു ( ദൂരദർശൻ പരസ്യം effect) ഇപ്പോഴും ഇഷ്ടമാണ് അത്. കോളേജ് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് അപ്പുറത്തേയും ഇപ്പുറത്തേയും ബാത്റൂമിലെ സോപ്പിൻ്റെ മണം പിടിച്ച് അവിടെ ആരാണ് കുളിക്കുന്നതെന്ന് മനസിലാക്കി ധൃതി കൂട്ടി അവിടെ അല്ലറ ചില്ലറ അലമ്പാക്കി ദിവസം തുടങ്ങിയിരുന്നത്. ആഹാ അതൊക്കൊ ഓർക്കുമ്പോ എന്തൊരു ആത്മനിർഭർ…
മൈസൂർ സാൻഡൽ സോപ്പിൻ്റെയും ആരാധികയായിരുന്നു ഞാനപ്പോൾ.
നാവിനും വയറിനും ആശ്വാസം പകരുന്ന ചില മണങ്ങൾ, പാൽപൊടിയുടെ മണം, നല്ല മത്തി വറുക്കുന്ന മണം, ബിരിയാണീടെ മണം, പരിപ്പുവട , അതൊക്കെ അച്ചൂൻ്റെ style ൽ പറഞ്ഞാ ആഹാ ഹരാല്ലേ…
ചെറുപ്പത്തിലെ പേടിപ്പെടുത്തുന്ന മണം ആയിരുന്നു കാപ്പി പൂവിൻ്റേത്. മത്ത് പിടിപ്പിക്കുന്ന മണം. വീട്ടിൽ കാപ്പിക്കുരു പുഴുങ്ങി ഉണക്കിപൊടിച്ചെടുക്കുന്ന ഓർമ്മ എനിക്കത്ര സുഖമുള്ളതല്ല. കാരണം കാപ്പിക്കുരു പുഴുങ്ങുന്ന ആ മണം സഹിക്കാൻ പറ്റാതെ ച്ഛർദ്ദിക്കും. അത് എൻ്റെ ഒരു പേടിസ്വപ്നം തന്നെ ആയിരുന്നു. ഇതൊക്കെ ആണെങ്കിലും കട്ടൻകാപ്പി യുടെ മണം എൻ്റെ പ്രിയ ഗന്ധങ്ങളിലൊന്നാണ്. ഇൻഡ്യൻ കോഫീ ഹൗസിലെ കാപ്പിപ്പൊടി വെറുതെയെങ്കിലും ഒന്ന് എടുത്ത് മണത്തുനോക്കും ഇപ്പോഴും
: മുല്ലപ്പൂ മണം. രണ്ട് തരം തോന്നലുകളായിരുന്നു തരാറ്
: പണ്ട് നാട്ടിലെ വള്ളിമുല്ലപ്പൂ പറിച്ച് മാല കോർത്ത ബാല്യം,
: പിന്നെ പട്ടുസാരിയും സെറ്റുമുണ്ടും ധരിക്കുമ്പോൾ തലയിൽ ചൂടാൻ ഇഷ്ടമുള്ള കുടമുല്ലപ്പൂവിൻ്റെ മണവും.
: പക്ഷേ ഈ മുല്ലപ്പൂ മണം മനസിലെത്തുമ്പോഴൊക്കെ പണ്ടെങ്ങോ സിനിമയിലോ ചിത്രങ്ങളിലോ അതോ സ്വപ്നത്തിലോ കണ്ട അഗ്രഹാര തെരുവുകളും മനസിൽ വരാറുണ്ട്. കാണാൻ ഏറെ ആഗ്രഹിച്ച കൽപ്പാത്തി ഗ്രാമം എത്രയോ വർഷങ്ങൾക്ക് ശേഷം ഈയിടെ സന്ദർശിച്ചെങ്കിലും തെരുവുകൾക്ക് മുല്ലപ്പൂവിൻ്റെയും പനിനീരിൻ്റെയും സാ മ്പ്രാണിയുടെയും മണമില്ലായിരുന്നു.
അപൂർവ്വമായി മാത്രം കിട്ടിരുന്നുള്ളൂ എങ്കിലും Dove സോപ്പിൻ്റെയും cream ൻ്റെയും മണവും ചെറുപ്പത്തിലെ എൻ്റെ “ഗന്ധ”ർവ്വ രാജാങ്കണത്തിലുണ്ടായിരുന്നു.
Dove cream ൻ്റെ മണമായിരുന്നു അമ്മൂമ്മയ്ക്ക്. Dove സോപ്പും cream ഉം ഒക്കെ നിർലോഭം ഉപയോഗിക്കുന്ന അമ്മൂമ്മ ഒരു അടിപൊളി അമ്മൂമ്മ ആയിരുന്നു. ക്രീം ഒക്കെ എടുക്കുന്നതു കാണുമ്പോ തമാശക്കാരിയായ കാന്തി ചിറ്റ അമ്മൂമ്മയോട് ചോദിക്കുന്നത് കേട്ടിട്ടുണ്ട്. എൻ്റെ അമ്മാ… ഇത് ഒരു ഇഡലിക്കുള്ള മാവൊ ണ്ടല്ലോന്ന്. അമ്മുമ്മ ഇന്നില്ല. ആശ മോനേന്നുള്ള വിളിയും…
ഇഷ്ടമുള്ളതെന്തിനും ഒരു പ്രത്യേക സുഗന്ധമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രിയ ഗാനങ്ങളിൽ ചിലതൊക്കെ ചന്ദനത്തിൽ തുടങ്ങുന്നതാണ്. ചന്ദന ലേപ സുഗന്ധവും ആ പാട്ടിനൊപ്പം തഴുകി തലോടാറുണ്ട്. പാതി ചാരിയിട്ട ചന്ദന മണിവാതിലിനിടയിലൂടെ കാറ്റ് കുളിർ കൊണ്ടുവന്ന് തരുന്നുമുണ്ട്. ഡാഡിക്കിഷ്ടമുള്ള ഇലഞ്ഞിപ്പൂവിനോട് എനിക്കും ഒരു ഇഷ്ടകൂടുതൽ ഉണ്ട്. എൻ്റെ ആത്മാവിൻ നഷ്ടസുഗന്ധം എന്നത് ‘ പാട്ടിലെ വരികളാണെങ്കിലും ഡാഡിയെക്കുറിച്ചോർക്കുമ്പോഴാണ് ആ വരികളിലെ ഫീൽ മുഴുവനായും മനസിൽ തട്ടുന്നത്. എൻ്റെ ആത്മാവിൻ നഷ്ടസുഗന്ധം…
മനോഹരം ഈ ഓർമ്മകൾ
ഓർമ്മകൾക്ക് കാപ്പിപ്പൂവിന്റെ മണം ആണോ ചെൽപാർക്കിന്റെ മണമാണോ
എന്ന് കൺഫ്യൂഷൻ ആയല്ലോ,.നല്ല അനുസ്മരണ കുറിപ്പ്
മനോഹരമായ്
ഓർമ്മകൾ….
ഓർമ്മകൾക്കെന്തു സുഗന്ധം
ഉണ്ണിയാശയുടെ ഈ എഴുത്ത് ഒരു സുഗന്ധ-യാത്രയാണ്. ഓർമ്മകളുടെയും ഭാവങ്ങളുടെയും ലോകത്തിലേക്ക് മണത്തിന്റെ മാത്രയിൽ തുറന്നുകാട്ടുന്ന ഈ രചന, അച്ചൂന്റെ “ഫ്രിഡ്ജോർമകൾ” വായനയിൽ നിന്ന് തുടങ്ങി വ്യക്തിപരമായ ഓർമ്മകളിലൂടെ ഒഴുകുന്നു. ഗന്ധങ്ങളുടെ സാന്നിധ്യം ജീവിതത്തിന്റെ ചെറുതും വലിയതുമായ ഘട്ടങ്ങളുമായി എങ്ങനെ ബന്ധിപ്പിക്കപ്പെടുന്നു എന്നതിന്റെ സൂക്ഷ്മമായ ചിത്രീകരണമാണിത്.
Balyakala ,’Gandha’ smaranakal valare nannayittundu….
ഈ ഓർമ്മ കുറിപ്പിൽ വരികൾക്ക് സുഗന്ധവും പരിമളളവും നിറഞ്ഞു നിൽക്കുന്ന വസന്തകാലം ഓർമ്മ പെടുത്തുന്നു
ഓർമ്മകളുടെ സുഗന്ധ യാത്രയിലേക്ക് ഞങ്ങളെ കൂടെ കൊണ്ട് പോയതിൽ സന്തോഷം ടീച്ചറെ… നന്നായിട്ടുണ്ട്

