2015 മാർച്ച് 28 ഒരു ഓശാന ഞായറാഴ്ച. ആ നിറഞ്ഞ പുഞ്ചിരി എന്നെന്നേക്കുമായി മാഞ്ഞു പോയ ദിവസം. നോമ്പ് കാലം കഴിഞ്ഞു വരുന്ന ഈസ്റ്റർ എല്ലാവരും ആഘോഷിക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം എന്റെ സ്വന്തം അമ്മ നഷ്ടപ്പെട്ട ആ ദിവസങ്ങളുടെ ഓർമ്മകളാണ് എന്നെ വേട്ടയാടാറുള്ളത്.ഇളയമകൻ ആയതുകൊണ്ട് തന്നെ അമ്മയുടെ ഏറ്റവുമധികം സ്നേഹവും വാത്സല്യവും വേണ്ടുവോളം അനുഭവിക്കാൻ യോഗം ഉണ്ടായ ഒരു മകനായിരുന്നു ഞാൻ എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പിച്ചു പറയാം.
എൻറെ ചെറുപ്രായത്തിൽതന്നെ എല്ലാവർഷവും കൃഷിയുടെയും ബിസിനസിന്റെയും തിരക്കുകളിൽ നിന്ന് ഒരു റിലാക്സേഷൻ എന്ന നിലയിൽ കുടുംബാംഗങ്ങൾ എല്ലാവരും കൂടി ടൂർ പോകുന്ന പരിപാടിയുണ്ടായിരുന്നു.
‘മിഥുനം’ സിനിമയിലെ മോഹൻലാൽ- ഉർവശി ഹണിമൂൺ ട്രിപ്പ് പോലെയാണ് അന്നത്തെ ഞങ്ങളുടെ ടൂറുകൾ. 😜
അപ്പനും അമ്മയും 9 മക്കളും അവരുടെ മക്കളും അടുത്ത് വിവാഹിതരായ സഹോദരനോ സഹോദരിയോ അങ്ങനെ ചുരുങ്ങിയത് 10-25 പേരായിട്ടാണ് യാത്ര പുറപ്പെടുക. ഒരിക്കൽ 1970 കാലഘട്ടത്തിൽ ഊട്ടി കൊടൈക്കനാലിലേക്ക് 1950 മോഡൽ ഷവർലെ കാറിൽ യാത്രപുറപ്പെട്ടു. മൂത്ത ചേട്ടൻമാരാണ് കാർ മാറിമാറി ഡ്രൈവ് ചെയ്യുക.മുതിർന്നവർക്ക് ആണ് സീറ്റിൽ ഇരിക്കാനുള്ള ഭാഗ്യമുണ്ടാവുക.
ഭീമാകാരമായ ഈ കാറിൽ കുട്ടികളായ ഞങ്ങളൊക്കെ പലരുടെയും മടിയിൽ ഒക്കെയാണ് ഇരിക്കുക.പാട്ടും കളിയുമായി ഏതാണ്ട് ഊട്ടി അടുക്കാറായി.ഇടയ്ക്ക് അമ്പലത്തിനടുത്ത് നല്ല തണൽ ഉള്ള ഒരു സ്ഥലത്ത് വണ്ടി പാർക്ക് ചെയ്ത് ചേട്ടന്മാരൊക്കെ സോഡയോ ചായ കുടിക്കാനും നടു നിവർക്കാനും ഇറങ്ങി. സ്ത്രീകളൊക്കെ ഡോർ തുറന്ന് പുറത്തിറങ്ങി കുറച്ചുനേരം പരിസരം ഒക്കെ വീക്ഷിച്ചു നിൽക്കുകയാണ്.കൊച്ചു കുട്ടി ആയ എന്നോട് അമ്മ പറഞ്ഞു അടുത്ത അമ്പലത്തിൽ നിന്നു വരുന്ന ആ സ്ത്രീയെ ഞാൻ വിളിക്കുന്നു എന്ന് പോയി പറയാൻ. എട്ടുവയസ്സുകാരനായ ഞാൻ ഓടിച്ചെന്ന് നിങ്ങളെ എൻറെ അമ്മ വിളിക്കുന്നു എന്ന് അറിയിച്ചതിനെ തുടർന്ന് ആ സ്ത്രീ കാറിന് അരികിലേക്ക് വന്നു.
അമ്മ അവരോട് കുശലാന്വേഷണങ്ങൾ ഒക്കെ അറിയാവുന്ന തമിഴിൽ ചോദിച്ചു. അവർ മറുപടിയും പറയുന്നുണ്ട്.അന്നാണ് എനിക്ക് മനസ്സിലായത് ആശയവിനിമയത്തിന് ഭാഷ ഒരു തടസ്സമേയല്ല എന്ന്. കാരണം ആ സ്ത്രീ പറയുന്ന തമിഴ് അമ്മയ്ക്കും മനസ്സിലായി, അമ്മ പറയുന്നതൊക്കെ ആ സ്ത്രീക്കും മനസ്സിലായി. 🥰
കാറുകൾ തന്നെ വളരെ ദുർലഭമായ കാലത്ത് ഈ ഭീമാകാരമായ വണ്ടിയിൽ സഞ്ചരിക്കുന്ന ആൾക്കാരെ കാണാനുള്ള കൗതുകം കൊണ്ട് കുറച്ചു പേരും കൂടി വണ്ടിക്കു ചുറ്റും കൂടി.എല്ലാവരോടും ആരെയും നിരാശപ്പെടുത്താതെ അമ്മ കാറിനകത്ത് ഇരുന്ന് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ചേട്ടന്മാരും അപ്പനും തിരികെ വന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഞാൻ മനസ്സിലാക്കുന്നത്.അതിൽ ഒരു സ്ത്രീയോട് സംസാരിച്ച് അവരെ തൃശ്ശൂർക്ക് വീട്ടിൽ ജോലിക്ക് കൊണ്ടുപോകാനായി അമ്മ ക്യാൻവാസ് ചെയ്തതായിരുന്നു. ആ സ്ത്രീ വീട്ടിൽ അനുവാദം വാങ്ങി തുണിയും എടുത്തു കൊണ്ടു വരാം എന്ന് പറഞ്ഞു പോയിരിക്കുകയാണ്. തൊട്ടടുത്തുനിന്ന് “അവൾ റമ്പ മോശക്കാരിയാണ് അമ്മ, ഞാൻ ഉങ്ക ഊരുക്കു വരാമെന്ന്” പറഞ്ഞു മറ്റു രണ്ടുപേരും കൂടി കാറിൽ കയറാൻ തയ്യാറായി നിൽക്കുകയാണ്. അപ്പോൾ അമ്മ പറയുകയാണ്. “കുഴപ്പമില്ല നിങ്ങളിൽ ഒരാൾ കൂടി കാറിൽ കയറിക്കോ,നിന്നെ ഞാൻ എൻറെ മൂത്ത മകളുടെ അവിടെ ആനത്തോട് കൊണ്ടാക്കാം എന്ന്. “
ഈ വണ്ടിയിൽ അവർ രണ്ടുപേരും കൂടി ഇനി എവിടെ കയറും എന്ന് ചോദിച്ച് അപ്പനും ചേട്ടന്മാരും വഴക്കു തുടങ്ങി. ഊരും കുടിയും അറിയാത്ത ഇവരെ എങ്ങനെ തൃശൂർക്ക് കൊണ്ടുപോകും?ഇവരെ ആരാണ് ഇങ്ങോട്ട് ക്ഷണിച്ചു കൊണ്ടു വന്നത് എന്ന് ചോദിച്ചു ചേട്ടൻമാർ കണ്ണുരുട്ടിയപ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ അകലങ്ങളിലേക്ക് നോക്കി ഞാൻ ഇരുന്നു. 😀 അവർ രണ്ടുപേരും കാറിൻറെ ഡോറിലൂടെ അമ്മയുടെ കൈപിടിച്ച് മുമ്പോട്ട് എടുത്ത കാറിൻറെ കൂടെ കുറച്ചു ദൂരം നടന്നു.കണ്ടാൽ തന്നെ നല്ല ആൾക്കാർ ആണെന്ന് അമ്മയ്‌ക്ക് മനസ്സിലായെന്നും അവരെ കൂടി ഊട്ടി കാണിച്ചു തൃശൂർക്ക് കൊണ്ടുപോകാമായിരുന്നു എന്ന് ആത്മഗതം പറഞ്ഞു കൊണ്ടിരുന്നു അമ്മ.🥰
ഇപ്പോഴാണെങ്കിൽ കല്യാണം ആലോചിക്കാൻ,വീട് വാടകയ്ക്ക് എടുക്കാൻ, കൊടുക്കാൻ,വീട് വാങ്ങാൻ, വിൽക്കാൻ,പലതരത്തിലുള്ള വീട്ടുജോലിക്കാരെ കിട്ടാൻ അങ്ങനെ നൂറായിരം ആപ്പുകൾ ആണുള്ളത്. പണ്ട് തൃശ്ശൂർകാരെ സംബന്ധിച്ചെടുത്തോളം ഒറ്റ ആപ്പ്. അതായിരുന്നു എൻറെ അമ്മയുടെ ലാൻഡ് ഫോൺ നമ്പർ ആയ 20845. ഏതു പ്രശ്നത്തിനും ഒറ്റമൂലി നിർദ്ദേശിക്കുന്ന സഹായ മാതാവ് മേരി അമ്മച്ചി. 🥰
സാധാരണ അമ്മമാരെ പോലെ എല്ലാ ദിവസവും പള്ളിയിൽ പോകുന്ന പതിവില്ലെങ്കിലും ഇതുപോലുള്ള കൊച്ചുകൊച്ചു സഹായങ്ങൾ മുഖപരിചയം പോലും നോക്കാതെ തന്നെ തേടിയെത്തുന്നവർക്ക് ചെയ്തുകൊടുക്കുക. അതിനു വേണ്ടിവരുന്ന പണച്ചെലവോ സമയമോ ഒന്നും അമ്മയ്ക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു. മറ്റുള്ളവരെ സഹായിക്കുക, അതുവഴി ദൈവാനുഗ്രഹം നേടുക ഇതായിരുന്നു എൻറെ അമ്മയുടെ നയം .ചെറിയ ചെറിയ കാരുണ്യപ്രവർത്തികൾ നമ്മെ ഒരുപാട് മുമ്പോട്ടു കൊണ്ടു പോകും. “ഇത് ചെയ്യുന്നത് കൊണ്ട് എനിക്ക് എന്ത് നേട്ടമുണ്ടാകുമെന്ന്” ഒരിക്കൽപോലും ചിന്തിക്കാതെയുള്ള സഹായം. അതായിരുന്നു എൻറെ അമ്മയുടെ രീതി. അതു തന്നെയാണ് ഞാൻ ജീവിതത്തിൽ എന്നും പിന്തുടരാൻ ആഗ്രഹിക്കുന്നതും.
പറയത്തക്ക ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാതെ 91 വയസ്സ് വരെ വിജയകരമായ ജീവിതത്തിൻറെ ഓട്ടം പൂർത്തിയാക്കിയ എൻറെ അമ്മയുടെ സ്മരണയ്ക്കു മുൻപിൽ മിഴിനീർപ്പൂക്കൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു.🙏
അമ്മയുടെ മരണാനന്തര ചടങ്ങിലെ ജനപങ്കാളിത്തം കണ്ട് അക്ഷരാർത്ഥത്തിൽ ഞങ്ങൾ മക്കൾ എല്ലാവരും അമ്പരന്നുപോയി. അമ്മയ്ക്ക് യാത്രാമൊഴി നൽകാൻ എത്തിയത് സമൂഹത്തിലെ താഴെക്കിടയിൽ ഉള്ള ആൾക്കാർ തൊട്ടു അതിസമ്പന്നർ വരെ.
സ്വപ്നത്തേക്കാൾ മനോഹരമായ ഈ ഓർമ്മകൾ എന്നും എപ്പോഴും എൻറെ ഹൃദയത്തോട് ചേർത്തു വച്ചു കൊണ്ട്……