Wednesday, December 25, 2024
Homeസ്പെഷ്യൽ'ഈ ഗാനം മറക്കുമോ' (ഭാഗം - 31) 'ഭാർഗ്ഗവീനിലയം' എന്ന ചിത്രത്തിലെ " പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 31) ‘ഭാർഗ്ഗവീനിലയം’ എന്ന ചിത്രത്തിലെ ” പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു ..” എന്ന ഗാനം.

നിർമ്മല അമ്പാട്ട് 

കൂട്ടുകാരെ ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് സ്വാഗതം🙏

ഇന്ന് നമ്മൾ കേൾക്കുന്നത് ഭാർഗ്ഗവീനിലയം എന്ന ചിത്രത്തിലെ “പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു പട്ട്നൂലൂഞ്ഞാല് കെട്ടി ഞാൻ” എന്ന ഗാനമാണ്. പി ഭാസ്കരന്റെ വരികൾക്ക് ബാബുരാജ് സംഗീതം നൽകിയ  ഈ ഗാനം പാടിയത് എസ് ജാനകിയാണ്.

ഇതൊരു പ്രേതഗാനമാണ്. അതുകൊണ്ടുതന്നെ അതിമനോഹരമായ ഓർകിസ്ട്രയില്ല. ഭീകരമായ ശബ്ദപശ്ചാത്തലമാണ് കൊടുത്തിരിക്കുന്നത്. എന്നാലും വരികൾക്ക് ഏറെ ചന്തമുണ്ട്. മോഹഭംഗങ്ങളുടെ ഒരു കണ്ണീർക്കടല് തന്നെയാണീ വരികൾ. “കാലക്കടലിന്റെ അക്കരെയക്കരെ മരണത്തിൻ മൂകമാം താഴ്‌വരയിൽ “…ഭഗ്നമോഹങ്ങളുടെ കെട്ടഴിഞ്ഞു വീണ വരികൾ.
“ആകാശതാരത്തിൻ നീലവെളിച്ചത്തിൽ ആത്മാധിനാഥനെ കാത്തിരുന്നു…” മരണത്തിന്റെ നിറം നീലയണോ ?..അറിയില്ലല്ലോ. പരേതരുടെ ലോകം ആകാശങ്ങളിലോ അതോ അതിനപ്പുറത്തോ?
കിനാവ് പൊട്ടിത്തകർന്നതാണെങ്കിലും അതുകൊണ്ടൊരു പട്ട്നൂലൂഞ്ഞാല് കെട്ടി അതിൽ ആടിയുലഞ്ഞുകൊണ്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

നമുക്ക് വരികളിലേക്ക് വരാം :-

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ
(പൊട്ടിത്തകർന്ന… )
കാലക്കടലിന്റെ അക്കരെയക്കരെ
മരണത്തിൻ മൂകമാം താഴ്‌വരയിൽ (2)
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ട മാവിന്റെ കൊമ്പത്ത്‌
കൽക്കണ്ട മാവിന്റെ കൊമ്പത്ത്‌
(പൊട്ടിത്തകർന്ന… )
ആകാശ താരത്തിൻ നീലവെളിച്ചത്തിൽ
ആത്മാധിനാഥനെ കാത്തിരുന്നു (2)
സമയത്തിൻ ചിറകടി കേൾക്കാതെ
ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു
അകലത്തെ ദേവനെ കാത്തിരുന്നൂ…
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ

കല്പനാ കാകളികൾ കണ്ണീരിൽകുതിർന്നതാണെങ്കിലും അതിനും എന്തൊരു ചാരുത! ആത്മഹത്യ ചെയ്തവരുടെ പ്രേതങ്ങൾ അലഞ്ഞുനടക്കും, പാടിനടക്കും എന്നൊക്കെ അക്കാലങ്ങളിൽ പലരും വിശ്വസിച്ചിരുന്നു. പ്രണയനൈരാശ്യം കൊണ്ട് കിണറ്റിൽ ചാടി മരിച്ച ഒരുകൂട്ടുകാരിയുണ്ടായിരുന്നു. ഈ പാട്ട് കേട്ട് അവളെ ഓർത്തു ഉറങ്ങാതിരുന്ന രാവുകൾ എത്ര?

നമുക്ക് ഈ ഗാനംകൂടി ഒന്ന് കേൾക്കാം .

പ്രിയമുള്ളവരേ, ഗാനം കേട്ടുവല്ലോ. നിങ്ങൾക്ക് ഇഷ്ടമായില്ല? നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച വീണ്ടും വരാം .

സസ്‌നേഹം ,

നിർമ്മല അമ്പാട്ട് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments